Last Updated 1 year 15 weeks ago
Ads by Google
23
Saturday
September 2017

സിംബാബ്‌വേയെ മറികടന്ന അഫ്‌ഗാന്‍ പത്തിലെത്തി

mangalam malayalam online newspaper

നാഗ്‌പുര്‍: സിംബാബ്‌വേയെ 59 റണ്ണിന്‌ അട്ടിമറിച്ച്‌ അഫ്‌ഗാനിസ്‌ഥാന്‍ ട്വന്റി20 ക്രിക്കറ്റ്‌ ലോകകപ്പിലെ സൂപ്പര്‍ പത്തില്‍ കടന്നു. ബി ഗ്രൂപ്പിലെ നിര്‍ണായകമായ അവസാന മത്സരത്തില്‍ ആദ്യം ബാറ്റ്‌ ചെയ്‌ത അഫ്‌ഗാനിസ്‌ഥാന്‍ ആറ്‌ വിക്കറ്റിന്‌ 186 റണ്ണെടുത്തു. 187 റണ്ണിന്റെ കൂറ്റന്‍ ലക്ഷ്യവുമായി ഇറങ്ങിയ സിംബാബ്‌വേ 127 റണ്ണിന്‌ ഓള്‍ഔട്ടായി. രാജ്യാന്തര ട്വന്റി20 യില്‍ അഫ്‌ഗാന്റെ ഏറ്റവും മികച്ച ജയമാണിത്‌.
ബി ഗ്രൂപ്പിലെ മൂന്ന്‌ കളികളും ജയിച്ച അഫ്‌ഗാന്‍ ആറ്‌ പോയിന്റ്‌ സ്വന്തമാക്കി. സിംബാബ്‌വേ ഗ്രൂപ്പിലെ രണ്ട്‌ മത്സരങ്ങള്‍ ജയിച്ചിരുന്നു. സിംബാബ്‌വേയെ കൂടാതെ സ്‌കോട്ട്‌ലന്‍ഡും ഹോങ്കോങ്ങും സൂപ്പര്‍ പത്ത്‌ കാണാതെ നാട്ടിലേക്കു മടങ്ങി. മുഹമ്മദ്‌ നബി (32 പന്തില്‍ രണ്ട്‌ സിക്‌സറും നാല്‌ ഫോറുമടക്കം 52), സമിയുള്ള ഷെന്‍വാരി (37 പന്തില്‍ ഒരു സിക്‌സറും നാല്‌ ഫോറുമടക്കം 43), ഓപ്പണറും വിക്കറ്റ്‌ കീപ്പറുമായ മുഹമ്മദ്‌ ഷഹ്‌സാദ്‌ (23 പന്തില്‍ ഒരു സിക്‌സറും ഏഴ്‌ ഫോറുമടക്കം 40) എന്നിവരാണ്‌ അഫ്‌ഗാന്റെ ജയത്തിനു ചുക്കാന്‍ പിടിച്ചത്‌. ധാരാളികളായ സിംബാബ്‌വേ ബൗളര്‍മാര്‍ 25 അധിക റണ്ണും അഫ്‌ഗാന്‌ സംഭാവന ചെയ്‌തിരുന്നു. ഇതില്‍ 17 വൈഡുകള്‍ ഉള്‍പ്പെടുന്നു.
മിതത്വം പ്രകടിപ്പിച്ച അഫ്‌ഗാന്‍ ബൗളര്‍മാര്‍ സിംബാബ്‌വേ ബാറ്റ്‌സ്മാന്‍മാരെ അടിച്ചു തകര്‍ക്കാന്‍ വിടില്ലെന്ന നിലപാടിലായിരുന്നു. 12 പന്തില്‍ 17 റണ്ണെടുത്ത വാലറ്റക്കാരന്‍ തിനാഷെ പന്യങ്കാരയാണ്‌ സിംബാബ്‌വേയുടെ ടോപ്‌ സ്‌കോറര്‍. കഴിഞ്ഞ ജനുവരിയില്‍ ഷാര്‍ജയില്‍ നടന്ന മത്സരത്തിലും അഫ്‌ഗാനിസ്‌ഥാന്‍ സിംബാബ്‌വേയ്‌ക്കെതിരേ 186 റണ്ണെടുത്തിരുന്നു. അന്നു പക്ഷേ മാല്‍കം വാളറിന്റെ മികവില്‍ സിംബാബ്‌വേ ജയമറിഞ്ഞു. ഇത്തവണ മാല്‍കം വാളറിന്‌ 10 പന്തില്‍ ഏഴ്‌ റണ്ണുമായി മടങ്ങാനായിരുന്നു വിധി. 187 റണ്‍ പിന്തുടര്‍ന്ന സിംബാബ്‌വേയ്‌ക്ക് ഒരിക്കലും റണ്‍റേറ്റ്‌ നിലനിര്‍ത്താനായില്ല.
ഓപ്പണര്‍മാരായ വുസി സിബാന്‍ഡ (21 പന്തില്‍ 13), നായകന്‍ ഹാമില്‍ട്ടന്‍ മസകാഡ്‌സ (ഏഴ്‌ പന്തില്‍ 11) എന്നിവര്‍ മെല്ലെപ്പോയതോടെ ലക്ഷ്യവും അകന്നു. മൂന്നാമനായി ഇറങ്ങിയ റിച്‌മണ്ട്‌ മുതുംബാമി (12 പന്തില്‍ 10), സീന്‍ വില്യംസ്‌ (16 പന്തില്‍ 13), സികന്ദര്‍ റാസ (17 പന്തില്‍ 15), വെല്ലിങ്‌ടണ്‍ മസകാഡ്‌സ (ഏഴ്‌ പന്തില്‍ ആറ്‌) എന്നിവരും മെല്ലെപ്പോയി.
അഫ്‌ഗാന്‌ വേണ്ടി സ്‌പിന്നര്‍ റാഷിദ്‌ ഖാന്‍ 11 റണ്‍ വഴങ്ങി മൂന്നു വിക്കറ്റെടുത്തു. ഹാമിദ്‌ ഹസന്‍ രണ്ട്‌ വിക്കറ്റും ദവാലത്‌ സാദ്രാന്‍, സമിയുള്ള ഷെന്‍വാരി, മുഹമ്മദ്‌ നബി, അസ്‌ഗര്‍ സ്‌റ്റാനിക്‌സായ്‌ എന്നിവര്‍ ഒരു വിക്കറ്റ്‌ വീതവുമെടുത്തു. കരിയറിലെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്ത മുഹമ്മദ്‌ നബിയാണു മത്സരത്തിലെ താരം.
സ്‌കോര്‍ബോര്‍ഡ്‌:

അഫ്‌ഗാനിസ്‌ഥാന്‍- മുഹമ്മദ്‌ ഷെഹ്‌സാദ്‌ സി ഹാമില്‍ട്ടണ്‍ മസകാഡ്‌സ ബി സീന്‍ വില്യംസ്‌ 40, നൂര്‍ അലി സാദ്രാന്‍ സി സികന്ദര്‍ റാസ ബി പന്യങ്കാര 10, അസ്‌ഗര്‍ സ്‌റ്റാനിക്‌സായ്‌ സി സികന്ദര്‍ റാസ ബി പന്യങ്കാര 0, ഗുല്‍ബാദിന്‍ നായിബ്‌ ബി പന്യങ്കാര 7, സമിയുള്ള ഷെന്‍വാരി സി സിബാന്‍ഡ ചി ടിരിപാനോ 43, മുഹമ്മദ്‌ നബി റണ്ണൗട്ട്‌ 52, ഷഫിയുള്ള നോട്ടൗട്ട്‌ 9, ദൗലത്‌ സാദ്രാന്‍ നോട്ടൗട്ട്‌ 0. എക്‌സ്ട്രാസ്‌: 25. ആകെ (20 ഓവറില്‍ ആറിന്‌) 186. വിക്കറ്റ്‌ വീഴ്‌ച- 1-49, 2-50, 3-60, 4-63, 5-161, 6-184. ബൗളിങ്‌: വെല്ലിങ്‌ടണ്‍ മസകാഡ്‌സ 4-1-31-0, തെന്‍ഡെ ചാതാര 3-0-34-0, ഡൊണാള്‍ഡ്‌ ടിരിപാനോ 3-0-41-1, സീന്‍ വില്യംസ്‌ 4-0-25-1, തിനാഷെ പന്യങ്കാര 4-0-32-3, സികന്ദര്‍ റാസ 2-0-15-0.
സിംബാബ്‌വേ- വുസി സിബാന്‍ഡ സി ഹാമിദ്‌ ഹസന്‍ ബി റാഷിദ്‌ ഖാന്‍ 13, ഹാമില്‍ട്ടന്‍ മസകാഡ്‌സ ബി ഹാമിദ്‌ ഹസന്‍ 11, മുതുംബാമി സി നജീബുള്ള സാദ്രാന്‍ ബി മുഹമ്മദ്‌ നബി 10, സീന്‍ വില്യംസ്‌ സ്‌റ്റമ്പ്‌ഡ് മുഹമ്മദ്‌ ഷഹ്‌സാദ്‌ ബി റാഷിദ്‌ ഖാന്‍ 13, മാല്‍കം വാളര്‍ ബി സമിയുള്ള ഷെന്‍വാരി 7, സികന്ദര്‍ റാസ ബി ഹാമിദ്‌ ഹസന്‍ 15, എള്‍ട്ടന്‍ ചിഗുംബര സി ഷഫിയുള്ള ബി റാഷിദ്‌ ഖാന്‍ 10, വെല്ലിങ്‌ടണ്‍ മസകാഡ്‌സ ബി ദൗലത്‌ സാദ്രാന്‍ 6, ടിരിപാനോ റണ്ണൗട്ട്‌ 2, പന്യങ്കാര നോട്ടൗട്ട്‌ 17, തെന്‍ഡെ ചാതാര സി ഷഫിയുള്ള ബി അസ്‌ഗര്‍ സ്‌റ്റാനിക്‌സായ്‌ 8. എക്‌സ്ട്രാസ്‌: 15. ആകെ (19.4 ഓവറില്‍) 127 ന്‌ ഓള്‍ഔട്ട്‌. വിക്കറ്റ്‌വീഴ്‌ച: 1-26, 2-43, 3-47, 4-59, 5-65, 6-90, 7-95, 8-98, 9-118, 10-127. ബൗളിങ്‌: ദൗലത്‌ സാദ്രാന്‍ 4-0-30-1, ഹാമിദ്‌ ഹസന്‍ 3-0-11-2, സമിയുള്ള ഷെന്‍വാരി 4-0-31-1, മുഹമ്മദ്‌ നബി 3-0-14-1, റാഷിദ്‌ ഖാന്‍ 4-0-11-3, ഗുല്‍ബാദിന്‍ നായിബ്‌ 1-0-15-0, അസ്‌ഗര്‍ സ്‌റ്റാനിക്‌സായ്‌ 0.4-0-4-1.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top