Last Updated 1 year 14 weeks ago
Ads by Google
20
Wednesday
September 2017

കേരള ബ്ലാസ്‌റ്റേഴ്‌സ് - മുംബൈ സിറ്റി എഫ്‌.സി. മത്സരം സമനിലയില്‍

mangalam malayalam online newspaper

കൊച്ചി : രണ്ടാം സീസണില്‍ രണ്ടാം ജയം തേടി ഇറങ്ങിയ ബ്ലാസ്‌റ്റേഴ്‌സിന്‌ തിരിച്ചടി. മുംബൈ സിറ്റി എഫ്‌.സി. കേരള ബ്ലാസ്‌റ്റേഴ്‌സ്‌ മത്സരം ഗോള്‍രഹിത സമനിലയില്‍ കലാശിച്ചു. പന്ത്‌ കൈവശം വയ്‌ക്കുന്നതിലും അവസരങ്ങള്‍ സൃഷ്‌ടിക്കുന്നതിലും ബ്ലാസ്‌റ്റേഴ്‌സിനേക്കാള്‍ മികച്ചുനിന്ന മുംബൈക്ക്‌ നിര്‍ഭാഗ്യം കൊണ്ടാണ്‌ സമനില പാലിക്കേണ്ടിവന്നത്‌. ബ്ലാസ്‌റ്റേഴ്‌സ്‌ ഗോളി ബൈവാട്ടറുടെ മിന്നുന്ന പ്രകടനത്തിനൊപ്പം ഒരിക്കല്‍ പോസ്‌റ്റും രക്ഷകനായപ്പോള്‍ പിറന്നത്‌ ഈ സീസണിലെ ആദ്യ ഗോള്‍രഹിത സമനിലയാണ്‌.
കഴിഞ്ഞ ദിവസം നോര്‍ത്ത്‌ ഈസ്‌റ്റ്‌ യുണൈറ്റഡിനെതിരേ കളത്തിലിറക്കിയ ടീമില്‍നിന്ന്‌ ചില മാറ്റങ്ങളുമായാണ്‌ കേരള ബ്ലാസ്‌റ്റേഴ്‌സ്‌ ഇന്നലെ കലൂര്‍ ജവാഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ പോരാട്ടത്തിനിറങ്ങിയത്‌. റാഫിയെയും ജോസെ കുരായിസിനെയും പരുക്കിന്റെ പിടിയിലായ പീറ്റര്‍ കാര്‍വാലോയെയും പുറത്തിരുത്തിയതോടെ ബ്ലാസ്‌റ്റേഴ്‌സിന്റെ ആക്രമണങ്ങള്‍ക്ക്‌ മൂര്‍ച്ച കുറഞ്ഞു. ഇടതുവിങ്ങല്‍ വിനീത്‌ മികച്ച പ്രകടനം നടത്തിയെങ്കിലും വിക്‌ടര്‍ ഹെരേര ഉള്‍പ്പെടെയുള്ള മറ്റ്‌ താരങ്ങള്‍ അവസരത്തിനൊത്തുയരാതിരുന്നതും ബ്ലാസ്‌റ്റേഴ്‌സിന്‌ തിരിച്ചടിയായി. മറുവശത്ത്‌ മുംബൈ സിറ്റിയുടെ ആക്രമണങ്ങള്‍ക്ക്‌ ചുക്കാന്‍ പിടിച്ചത്‌ ഹെയ്‌തി ദേശീയ താരം സോണി നോര്‍ദെയുടെ കാലുകളായിരുന്നു.
മുംബൈയുടെ മുന്നേറ്റങ്ങള്‍ക്ക്‌ തടയിടാന്‍ പ്രതിരോധം ശക്‌തമാക്കിയാണ്‌ ബ്ലാസ്‌റ്റേഴ്‌സ്‌ ഇന്നലെ കളിക്കിറങ്ങിയത്‌. കോച്ച്‌ പീറ്റര്‍ ടെയ്‌ലര്‍ 5-3-2 ശൈലിയാണ്‌ ബ്ലാസ്‌റ്റേഴ്‌സിനെ കളത്തിലിറക്കിയത്‌. കഴിഞ്ഞ മത്സരത്തില്‍ ഗോള്‍ നേടിയ മലയാളി സ്‌ട്രൈക്കര്‍ മുഹമ്മദ്‌ റാഫിക്ക്‌ പകരം മന്‍ദീപ്‌ സിംഗിനെയും പരിക്കേറ്റ മധ്യനിരതാരം പീറ്റര്‍ കാര്‍വാലോ, ജോസെ കുരായിസ്‌ എന്നിവര്‍ക്കുപകരം സ്‌പാനിഷ്‌ താരം വിക്‌ടര്‍ ഹെരേരയും ഇന്ത്യന്‍ താരം ഗുര്‍വിന്ദര്‍ സിംഗ്‌ എന്നിവരും കളത്തിലെത്തി. ബ്ലാസ്‌റ്റേഴ്‌സ്‌ ക്രിസ്‌ ഡഗ്‌നലിനൊപ്പം മന്‍ദീപ്‌ സിംഗിനെ കളത്തിലിറക്കിയപ്പോള്‍ മധ്യനിരയില്‍ കളിമെനയാനുള്ള ഉത്തരവാദിത്തം വിക്‌ടര്‍ ഹെരോരേക്കായിരുന്നു.
അതേസമയം മുംബൈ സിറ്റി എഫ്‌.സി ഇറങ്ങിയത്‌ പ്രതിരോധത്തിനും മധ്യനിരക്കും പ്രാധാന്യം നല്‍കി 4-4-2 ശൈലിയിലും. മൂന്ന്‌ മാറ്റങ്ങളുമായാണ്‌ മുംബൈ സിറ്റി കളത്തിലിറങ്ങിയത്‌. ഗോമസ്‌ ഒ ഡിയയ്‌ക്ക്‌ പകരം ദേബ്‌ജിത്ത്‌ മജുംദാറും കഴിഞ്ഞ മത്സരത്തില്‍ ഗോളടിച്ച ഫ്രെഡ്രിക്‌ പിക്വിയോണെക്ക്‌ പകരം മെഹ്‌ത സുഭാഷ്‌ സിംഗും ആന്ദ്രെ മോറിറ്റ്‌സിന്‌ പകരം സരണ്‍ സിംഗും കളത്തിലിറങ്ങി.
ആദ്യ പകുതിയില്‍ സുഭാഷ്‌ സിംഗും സോണി നോര്‍ദയും മികച്ച മുന്നേറ്റങ്ങളുമായി ബ്ലാസ്‌റ്റേഴ്‌സിനെ വട്ടംകറക്കി. മിന്നല്‍ വേഗത്തിലായിരുന്നു ഇരുവരുടേയും മുന്നേറ്റം. മധ്യനിര താരമായ സോണി നോര്‍ദയെ മുന്നേറ്റചുമതല ഏല്‍പിക്കാന്‍ മുംബൈ എഫ്‌.സി കോച്ച്‌ അനല്‍ക എടുത്ത തീരുമാനം ശരിവയ്‌ക്കും വിധമായിരുന്നു ഹെയ്‌തി താരത്തിന്റെ പ്രകടനം. കളിയുടെ ആദ്യ മിനിറ്റില്‍ തന്നെ അവസരം ലഭിച്ചത്‌ മുംബൈ സിറ്റിക്ക്‌. എന്നാല്‍ ബ്ലാസ്‌റ്റേഴ്‌സ്‌ നായകന്‍ പീറ്റര്‍ റാമേജിന്റെ അവസരോചിതമായ ഇടപെടല്‍ അപകടം ഒഴിവാക്കി. ആദ്യ പകുതിയില്‍ ബ്ലാസ്‌റ്റേഴ്‌സ്‌ ഗോളി ബൈവാട്ടറിന്റെ ഉശിരന്‍ പ്രകടനമാണ്‌ മുംബൈയുടെ ഗോള്‍ ശ്രമങ്ങള്‍ പരാജയപ്പെടുത്തിയത്‌. സുഭാഷ്‌ സിംഗും സോണി നോര്‍ദയും നടത്തിയ ആറു ഗോള്‍ ശ്രമങ്ങളാണ്‌ ബൈവാട്ടര്‍ തടഞ്ഞത്‌. മുംബൈ ഗോളി ദേബ്‌ജിത്‌ ബ്ലാസ്‌റ്റേഴ്‌സിന്റെ ഗോളെന്നുറപ്പിച്ച രണ്ടു ഷോട്ടുകളാണ്‌ തടഞ്ഞത്‌. പീറ്റര്‍ കാര്‍വാലോ, ജോസെ കുരായിസ്‌, മുഹമ്മദ്‌ റാഫി എന്നിവരുടെ അസാന്നിധ്യമാണ്‌ ബ്ലാസ്‌റ്റേഴ്‌സിന്‌ ആദ്യ പകുതിയില്‍ വിനയായത്‌. കഴിഞ്ഞ മത്സരത്തില്‍ ഗോളടിച്ച ഫ്രെഡ്രിക്‌ പിക്വിയോണെ ആന്ദ്രെ മോറിറ്റ്‌സ്‌, ഗോമസ്‌ ഒ ഡിയ എന്നിവരെ പുറത്തിരുത്തിയതാണ്‌ മുംബൈക്ക്‌ തിരിച്ചടിയായത്‌.
രണ്ടാം പകുതിയുടെ തുടക്കത്തിലും മുംബൈ സിറ്റി എഫ്‌.സിയുടെ ആധിപത്യമായിരുന്നു മൈതാനത്ത്‌. 61-ാം മിനിറ്റില്‍ മുംബൈ സിറ്റി ഐറ്റര്‍ ഫെര്‍ണാണ്ടസിന്‌ പകരം അശുതോഷ്‌ മെഹ്‌തയെയും തൊട്ടുപിന്നാലെ സരണ്‍ സിങിന്‌ പകരം സെലിം ബെനാക്കറിനെയും കളത്തിലിറക്കി. ഗോളടിക്കാനാളില്ലാതെ ഇരു ടീമുകളും വിരസമായി കളിച്ചതോടെ ഗാലറി നിശബ്‌ദമാവുകയായിരുന്നു. പിന്നീട്‌ 71-ാം മിനിറ്റില്‍ പീറ്റര്‍ ടെയ്‌ലര്‍ തന്റെ വജ്രായുധം പുറത്തെടുത്തു. ക്രിസ്‌ ഡഗ്നലിനെ പിന്‍വലിച്ച്‌ സാഞ്ചസ്‌ വാട്ടിനെ കളിക്കിറക്കിയതോടെ ഗാലറി ഇളകിമറിയുകയായിരുന്നു. മൂന്നു മിനിറ്റിനുള്ളില്‍ പുള്‍ഗക്കു പകരം ജോ കോയ്‌മ്പറ കൂടി ഇറങ്ങിയതോടെ ബ്ലാസ്‌റ്റേഴ്‌സ്‌ ആരാധകര്‍ കൂടുതല്‍ ആവേശത്തിലായി. ആരാധകരുടെ ആവേശത്തിന്‌ ചിറകു മുളപ്പിച്ച്‌ ഇരുവരും മികച്ച മുന്നേറ്റങ്ങളാണ്‌ മുംബൈ ഗോള്‍ മുഖത്ത്‌ അഴിച്ചുവിട്ടത്‌.
81-ാം മിനിറ്റില്‍ മുംബൈ ടീം ഡാരന്‍ ഡിയയെ പിന്‍വലിച്ച്‌ പിക്വിയോണെയെ കളത്തിലിറക്കി ആക്രമണത്തിന്‌ മൂര്‍ച്ചകൂട്ടി. 84-ാം മിനിറ്റില്‍ ബ്ലാസ്‌റ്റേഴ്‌സ്‌ ഗോള്‍ വഴങ്ങുന്നതില്‍ നിന്ന്‌ രക്ഷപ്പെട്ടു. ഇടതുവിംഗില്‍ക്കൂടി രണ്ട്‌ ബ്ലാസ്‌റ്റേഴ്‌സ്‌ താരങ്ങളെ കബളിപ്പിച്ചശേഷം നല്‍കിയ പാസ്‌ പിക്വിയോണെ വലയിലേക്ക്‌ തിരിച്ചുവിട്ടെങ്കിലും പന്ത്‌ പോസ്‌റ്റില്‍ത്തട്ടി മടങ്ങി. 88-ാം മിനിറ്റില്‍ നോര്‍ദെക്ക്‌ ലഭിച്ച മറ്റൊരു അവസരവും ലക്ഷ്യത്തിലെത്തിക്കാന്‍ കഴിയാതിരുന്നതോടെ മത്സരം സമനിലയില്‍ കലാശിക്കുകയായിരുന്നു.

മിഥുന്‍ പുല്ലുവഴി

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top