Last Updated 1 year 14 weeks ago
Ads by Google
21
Thursday
September 2017

മഹാ ശിവരാത്രിയും ശിവാരാധനയുടെ അദ്ധ്യാത്മിക രഹസ്യവും

mangalam malayalam online newspaper

ഭാരതമെങ്ങും ഒരുപോലെ ആഘോഷിക്കുന്ന മഹത്വമേറിയ ഒരു പുണ്യോത്സവമാണ് മഹാശിവരാത്രി. ആചാരങ്ങളുടെ വ്യത്യസ്തതയാലും ഭക്തിഭാവത്തിന്റെ ഉല്‍കൃഷ്ടതയാലും ഈ ഉത്സൃവം മറ്റെല്ലാ വിശേഷ ദിനങ്ങളേക്കാള്‍ അതിശ്രേഷ്ഠ സ്ഥാനമലങ്കരിക്കുന്നു. ശിവഭഗവാന്റെ മഹിമയെ സൂചിപ്പിക്കുന്നു.

ശിവരാത്രിയിലെ 'രാത്രി' സൂചിപ്പിക്കുന്നത് 'അജ്ഞാന അന്ധകാര'ത്തെയാണ്. ദിവസം മുഴുവനും സര്‍വ്വേശ്വരനായ ശ്രീ പരമേശ്വരന്റെ സ്മരണയില്‍ വ്രതമനുഷ്ഠിക്കുകയും രാത്രി മുഴുവനും ഉറങ്ങാതെ ഈശ്വര സ്മരണയില്‍ മുഴുകയും ചെയ്യുന്ന ഈ അനുഷ്ഠാനത്താല്‍ പാപങ്ങള്‍ നശിച്ച് പുണ്യലോകപ്രാപ്തി ലഭിക്കുമെന്ന് വിശ്വസിച്ചുപോരുന്നു.

'ശിവന്‍' എന്നു സ്മരിക്കുമ്പോള്‍ നമ്മുടെ മനസ്സില്‍ തെളിയുന്നത് ജടാധാരിയായി, ഭസ്മമണിഞ്ഞ് ത്രിശൂലമേന്തി തപസ്സു ചെയ്യുന്നരൂപമായിരിക്കും. ഈ അടയാളങ്ങള്‍ ഓരോന്നും ചില ആദ്ധ്യാത്മിക തത്വങ്ങള്‍ പ്രതീകാത്മകമായി ചിത്രീകരിക്കപ്പെട്ടവയാണെന്ന് നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു. ബുദ്ധിപരമായും പ്രതീകാത്മകമായും ഉയരാത്ത സാധാരണ ഭക്തര്‍ക്കായി ആദ്ധ്യാത്മികരഹസ്യങ്ങള്‍ സരളമായി ചിത്രീകരിച്ചത് കാലക്രമേണ ശങ്കരന്റെ സ്ഥൂല അടയാളങ്ങളും അലങ്കാരങ്ങളുമായി മാറി. ഇതിന്റെ രഹസ്യം ശിവഭക്തര്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ടതാണ്. അവ ഓരോന്നായി വിവരിച്ചുകൊള്ളുന്നു.

ശിവന്‍ മംഗളകാരിയായ ഭഗവാന്‍

'ശിവന്‍' എന്ന പദത്തിന്റെ അര്‍ത്ഥം 'മംഗളകാരി' അഥവാ നന്മ ചെയ്യുന്നവന്‍ എന്നാണ്. ശിവരാത്രിയുടെ ഐതിഹ്യകഥയില്‍ ദേവാസുരന്മാര്‍ പാലാഴി കടഞ്ഞപ്പോള്‍ 'വാസുകി'യുടെ കാളകൂടവിഷം ലോകക്ഷേമാര്‍ത്ഥം ശ്രീപരമേശ്വരന്‍ പാനം ചെയ്തുവെന്ന കഥ ഏവരും കേട്ടിരിക്കും. ഈ ലോകത്തിലെ കാമ, ക്രോധ, ലോഭാദി ദുര്‍വികാരങ്ങളാകുന്ന വിഷത്തെ തന്നിലേക്ക് ഉള്‍ക്കൊണ്ട് ശാന്തി-സുഖ-പവിത്രത പൂര്‍ണ്ണമാക്കുക എന്നതാണ് മംഗളകാരിയായ ശിവഭഗവാന്റെ ദിവ്യകര്‍ത്തവ്യം. അതുവഴി, ഓരോ മനുഷ്യനും ദിവ്യജ്ഞാനമെന്ന 'സോമരസം' ജീവാത്മാവിന് നല്‍കുന്നു. അങ്ങനെ ആത്മാക്കളെ പാവനമാക്കി മാറ്റുകയും ചെയ്യുന്നു.

അലങ്കാരം

ശങ്കരനില്‍ കാണിച്ചിരിക്കുന്ന അലങ്കാരങ്ങള്‍ പരമാത്മാ ശിവന്റെ ഗുണങ്ങളെ സൂചിപ്പിക്കുന്നവയാണ്. ശിവഭഗവാന്റെ അടയാളമായ ശിവലിംഗത്തില്‍ സാകാര അവയവങ്ങള്‍ ഇല്ലാത്തതിനാല്‍ ഈ ഗുണഗണങ്ങളെ അണ്ഡാകൃതിയിലുള്ള ശിവലിംഗത്തിലൂടെ പ്രകടമാക്കാന്‍ കഴിയാത്തതു കാരണം ശിവന് ഒരു ശാരീരിക രൂപം കല്‍പ്പിക്കുകയും അതിലൂടെ ശിവന്റെ ഗുണങ്ങള്‍ പ്രകടമാക്കുകയുമാണ് ചെയ്യുന്നത്.

ദിഗംബരന്‍

ശിവനെ ദിഗംബരന്‍ എന്നു വിളിക്കുന്നു. ദിഗംബരന്‍ എന്നാല്‍ ദിക്കുകളെ വസ്ത്രമാക്കിയവന്‍ എന്നാണ്. ആദ്ധ്യാത്മിക ഭാഷയില്‍ ആത്മാവിന്റെ വസ്ത്രമായ സ്ഥൂലമോ, സൂക്ഷ്മമോ ആയ ശരീരം ശിവനില്ല. ഇതിലൂടെ നിരാകാരനായ ശിവന്‍ സദാ ആത്മബോധത്തിലാണെന്ന് കാണിക്കുകയാണ്.

ദേഹമാസകലം ഭസ്മം

ഭസ്മം ഫലേച്ഛ കൂടാതെയുള്ള കര്‍മ്മത്തെ സൂചിപ്പിക്കുന്നു. നിഷ്‌കാമ കര്‍മ്മം ചെയ്യുന്ന ശിവന് എല്ലാം ചാരസമാനമാണ്. അതായത് യാതൊരുവിധ ആകര്‍ഷണവുമില്ല. ആത്മബോധത്തിലിരിക്കുകയാണെന്ന യാഥാര്‍ത്ഥ്യം ശരിയായ രീതിയില്‍ മനസ്സിലാക്കാതെ പല സന്യാസിമാരും ഇന്ന് ദിഗംബരന്മാരായി ഭസ്മവും പൂശിയിരിക്കുന്നു.

സര്‍പ്പം

ചുരുണ്ടു കിടക്കുന്ന സര്‍പ്പം കാലത്തിന്റെയോ, സമയത്തിന്റെയോ തുടര്‍ച്ചയുടെ സൂചകമാണ്. അതിന്റെ വാലും തലയും വിനാശത്തെയും പുനഃസൃഷ്ടിയേയും സൂചിപ്പിക്കുന്നു. ഇത് അര്‍ത്ഥമാക്കുന്നത് ഭഗവാന്‍ സമയത്താലോ, കാലത്താലോ ബന്ധിക്കപ്പെട്ടിട്ടില്ല എന്നും മറിച്ച് സമയം ശിവനുമുമ്പില്‍ ഒരു അലങ്കാരമായി സമര്‍പ്പിതമായിരിക്കുന്നുവെന്നുമാണ്.

ജടയും ഗംഗയും

ഭഗവാന്റെ തലമുടി ജടയായും അതില്‍നിന്ന് ഗംഗ ഒഴുകുന്നതായും കാണിച്ചിരിക്കുന്നു. സാധാരണ മൂന്നു മുടിക്കെട്ടുകളാണ് കാണിക്കുന്നത്. ഇവ ഈശ്വരീയ ജ്ഞാനം, രാജയോഗം, ദിവ്യഗുണങ്ങള്‍ എന്നിവയെ പ്രതിനിധാനം ചെയ്യുന്നു. ഇവയില്‍നിന്ന് പുറത്തേക്ക് ഒഴുകുന്ന ഗംഗ സൂചിപ്പിക്കുന്നത് ആത്മാക്കളുടെ ശുദ്ധീകരണത്തിനും മുക്തിക്കുംവേണ്ടി ഈ മൂന്നു കാര്യങ്ങളും പ്രദാനം ചെയ്യുന്നതിനെയാണ്. എന്നാല്‍ ഈ ആദ്ധ്യാത്മിക അര്‍ത്ഥങ്ങളുടെ അജ്ഞത കാരണം ചില സന്യാസിമാര്‍ ജട വളര്‍ത്തുന്നു. ഗംഗാസ്‌നാനം പാപ ശുദ്ധീകരണത്തിനുള്ള മാര്‍ഗ്ഗമാണെന്ന് ഒരു വലിയ വിഭാഗം ജനങ്ങള്‍ കരുതുകയും ചെയ്യുന്നു.

നാലു കൈകളും സുന്ദരമുഖവും

നാലു കൈകളില്‍ രണ്ടെണ്ണം മുന്നിലും രണ്ടെണ്ണം പിന്നിലുമായി കാണിച്ചിരിക്കുന്നത് ഭഗവാന് എവിടെയും എത്തിച്ചരാന്‍ കഴിയുമെന്നും, ഏതുസ്ഥാനത്തുള്ളവരേയും ആശിര്‍വദിക്കാനും സംരക്ഷിക്കാനും കഴിയുമെന്നുമാണ്. പ്രശാന്തസുന്ദരമായ മുഖം അനാദിയായ ആത്മീയ സൗന്ദര്യവും ശാന്തിയും ആനന്ദവും സൂചിപ്പിക്കുന്നു.

ത്രിശൂലം

വലതുകൈയില്‍ കാണിച്ചിരിക്കുന്ന ത്രിശൂലം അര്‍ത്ഥമാക്കുന്നത് ഭഗവാന് മൂന്നു പ്രകാരത്തിലുള്ള ദുഃഖങ്ങളെ- അതായത് ഭൗതികം, മാനസികം, ആദ്ധ്യാത്മികം തടയുവാന്‍ കഴിയുമെന്നാണ്. അഥവാ വികാരങ്ങളില്‍നിന്ന് ഉടലെടുക്കുന്ന ശാരീരികരോഗങ്ങള്‍ പ്രകൃതിക്ഷോഭങ്ങള്‍, ആത്മീയ വ്യഥകള്‍ എന്നിവയെ പ്രതിരോധിക്കാനും നിയന്ത്രിക്കാനും കഴിയുമെന്നാണ്. അതിനാല്‍ ശിവന് 'ത്രിതാപഹര'നെന്നും മൂന്നു പ്രകാരമുള്ള ദുഃഖങ്ങള്‍ മാറ്റുന്നവന്‍ 'ശൂലപാണി'യെന്നും (പീഡകളെ തന്റെ നിയന്ത്രണത്തിന്‍ കീഴില്‍ നിര്‍ത്തുന്നവന്‍) നാമങ്ങളുണ്ട്. ശിവന്‍ ത്രിതാപങ്ങള്‍ക്കും, ത്രിഗുണങ്ങള്‍ക്കും (സത്വ, രജസ്, തമോ ഗുണങ്ങള്‍) അതീതനാകയാല്‍ ത്രിഗുണാതീതനെന്നും വിളിക്കപ്പെടുന്നു. കൂടാതെ പവിത്രത, ശാന്തി, സമൃദ്ധി ഇവയുടെ അഭാവം മൂലമുണ്ടാകുന്ന ത്രിതാപത്തെ ഉന്മൂലനം ചെയ്യുവാന്‍ ശിവന് മാത്രമേ കഴിയൂ എന്നതും സൂചിപ്പിക്കുന്നു.

തത്വമുദ്രയും വരമുദ്രയും

ഒരു ഹസ്തം വരദാനം ചൊരിയുന്ന രൂപത്തിലും മറ്റൊന്ന് ഗഹനമായ ഏതെങ്കിലും കാര്യം വിശദീകരിക്കുമ്പോള്‍ എടുക്കുന്ന ഭാവത്തിന്റെ രൂപത്തിലും കാണിച്ചിരിക്കുന്നു. ശിവന്‍ ദിവ്യ ബുദ്ധി നല്‍കി ആത്മാക്കളില്‍ പവിത്രത, ശാന്തി, സമൃദ്ധി എന്നീ മൂന്നു കാര്യങ്ങളുടെ വരദാനം ചൊരിയുന്നുവെന്ന് അര്‍ത്ഥമാക്കുന്നവയാണ് ഇവ രണ്ടും. ശിവന്‍ തത്വമുദ്രയില്‍ ചൂണ്ടുവിരലും തള്ളവിരലും യോജിപ്പിച്ച് വൃത്താകൃതി രൂപപ്പെട്ടിരിക്കുകയും മറ്റു മൂന്നു വിരലുകള്‍ അകന്നിരിക്കയും ചെയ്യുന്നു. ഇതിന്നര്‍ത്ഥം ആത്മാവ്, പരമാത്മാവ്, പ്രകൃതി എന്നീ മൂന്നു കാര്യങ്ങള്‍ക്കൊപ്പം സൃഷ്ടി ചക്രത്തിന്റേയും ജ്ഞാനം നല്‍കുന്നു. അതിലൂടെ ആത്മാവ്, പരമാത്മാവ്, പ്രകൃതി എന്നിവ വിഭിന്നമാണെന്നും വ്യക്തമാക്കുന്നു.

ജപമാല

50 മുത്തുകളുള്ള ജപമാല (രുദ്രാക്ഷം) ഒരു കൈയില്‍ കാണിച്ചിരിക്കുന്നു. രുദ്രാക്ഷം എന്ന വാക്ക് രുദ്രമെന്നും, അക്ഷമെന്നുമുള്ള രണ്ടു വാക്കുകള്‍ കൂടി ചേര്‍ന്നതാണ്. രുദ്രമെന്നാല്‍ കര്‍ക്കശമെന്നോ, ബലവത്തായതോ എന്നര്‍ത്ഥം. അക്ഷമെന്നാല്‍ നേത്രം. അതിനാല്‍ രുദ്രാക്ഷമെന്നാല്‍ ജാഗരൂകമായ നേത്രമുള്ളവന്‍ അഥവാ കര്‍ക്കശമായ അച്ചടക്കമുള്ളവന്‍ എന്നര്‍ത്ഥം. ദേവനാഗരി ലിപിയില്‍ 50 അക്ഷരങ്ങളാണുള്ളത്. അതിനാലാണ് ജപമാലയ്ക്കും 50 മുത്തുകളുണ്ടായത്. ജപമാല ധ്യാനത്തിന്റെ സൂചകമാണ്.
108 മുത്തുകളുടെ രുദ്രാക്ഷമായ ജ്ഞാനത്തിന്റെ സൂക്ഷ്മനേത്രവും വിവേകവും പ്രാപ്തമാക്കി. വികാരങ്ങളില്‍ നിന്ന് മുക്തവും ശിവന് പ്രിയങ്കരവുമായി തീര്‍ന്ന 108 ആത്മാക്കളുണ്ട് എന്നതിനെ സൂചിപ്പിക്കുന്നു.

കമണ്ഡലു

കൈയിലെ കമണ്ഡലു ഉണങ്ങിയ മത്തങ്ങ (ചെരക്ക)യാല്‍ ഉണ്ടാക്കപ്പെട്ടതും അമൃത് നിറഞ്ഞിരിക്കുന്നതുമാണ് എന്നാണ് വിശ്വാസം. വളരെ മൂല്യമേറിയ അമൃത് എടുക്കാനായി മത്തങ്ങയുടെ തോട് എടുക്കാന്‍ കാരണം- ഭാവാര്‍ത്ഥം-മത്തങ്ങ ഉണങ്ങിയാല്‍ പോലും സ്വയമേ അടരാത്ത ഒന്നാണ്. അതുകൊണ്ട് മുറിച്ചെടുക്കേണ്ടിവരുന്നു. അകത്തുള്ളവയെല്ലാം മാറ്റി പുറന്തോട് മാത്രം അവശേഷിക്കുംവിധം പൊള്ളയാക്കുന്നു. ഇത് സൂചിപ്പിക്കുന്നത് ഒരു ആത്മീയാന്വേഷകന് തന്റെ ശാരീരികവും മാനസികവുമായ സങ്കല്പങ്ങളെയെല്ലാം മാറ്റിവയ്‌ക്കേണ്ടിയിരിക്കുന്നുവെന്നാണ്. ആ സ്ഥാനത്ത് ശിവന്‍ ദിവ്യാമൃതം നിറയ്ക്കും.

ത്രിനേത്രം

ശിവനെ ത്രിനേത്രനായി-മുക്കണ്ണനായി കാണിച്ചിരിക്കുന്നു. രണ്ട് അര്‍ദ്ധനീലിമ നേത്രങ്ങള്‍ സൂചിപ്പിക്കുന്നത് ആത്മബോധത്തില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും ആന്തരിക സത്യത്തിലേക്ക് അന്തര്‍മുഖനായിരിക്കുന്നുവെന്നുമാണ്. മൂന്നാമത്തെ നേത്രത്തെ ജ്ഞാനനേത്രമെന്നോ, അഗ്നി നേത്രമെന്നോ പറയുന്നു. ഈ നേത്രം തുറന്ന് കാമദേവനെ ഭസ്മമാക്കിയ കഥയും പ്രശസ്തമാണല്ലോ? കാമ വികാരങ്ങള്‍ക്ക് ശിവനെ മലീമസമാക്കാന്‍ കഴിയില്ല എന്ന അര്‍ത്ഥവും ഇതിനുണ്ട്. കൂടാതെ ശിവന്‍ ത്രികാലജ്ഞാനിയാണെന്നും ഗുഹ്യവും സൂക്ഷ്മവും അദൃശ്യവുമായ കാര്യങ്ങളുടെയും അറിവിനെയും സൂചിപ്പിക്കുന്നു.

ചന്ദ്രക്കല

ഭാരതത്തില്‍ കാലം (സമയം) നിര്‍ണ്ണയിക്കുന്ന സമ്പ്രദായങ്ങളില്‍ ഒന്ന് 30 ദിവസമുള്ള ചന്ദ്രമാസം കൊണ്ടായിരുന്നു. ഇത് ചന്ദ്രന്റെ വൃദ്ധിയും ക്ഷയവുമായി ബന്ധപ്പെട്ടിരിക്കുന്നു. കാരണം കൃഷ്ണപക്ഷത്തില്‍ കലകള്‍ കുറയുന്നതായും ശു€പക്ഷത്തില്‍ കലകള്‍ വര്‍ദ്ധിക്കുന്നതായും കാണാന്‍ കഴിയുന്നു. ഈ സൃഷ്ടിയില്‍ എല്ലാറ്റിനും തുടക്കം മുതല്‍ നാശംവരെ വൃദ്ധിയും ക്ഷയവും സംഭവിക്കുന്നതിന്റെ ജ്ഞാനമാണ് ശിവഭഗവാന്. ഒരു അലങ്കാരമായി ചന്ദ്രകലയെ കാണിച്ചിരിക്കുന്നത് ചന്ദ്രനെ മുടിയും ഗംഗയുമായി ബന്ധപ്പെടുത്തിയിരിക്കുന്നത് സമയചക്രത്തിന്റെ ജ്ഞാനം (4 യുഗങ്ങ ള്‍) സമ്പൂര്‍ണ്ണ ജ്ഞാനി അറിഞ്ഞിരിക്കേണ്ട ഘടകമാണ്.
ചന്ദ്രന്‍ എന്നതും ശാന്തിയും സോമരസവും (അമൃത്) ആയി ബന്ധപ്പെട്ടിരിക്കയാണ്. അതിനാലാണ് ചന്ദ്രന് സോമന്‍ എന്ന പേര്‍ വന്നത്. ശാന്തിയും ആനന്ദവും പ്രദാനം ചെയ്യുന്ന ജ്ഞാനാമൃതത്താല്‍ ശിവന്‍ ആശീര്‍വദിക്കുന്നുവെന്ന് ഇത് സൂചിപ്പിക്കുന്നു.

കുണ്ഡലം

'അലക്ഷ്യ', 'നിരജ്ഞന' എന്നീ രണ്ടു കുണ്ഡലങ്ങള്‍ കാതില്‍ അണിഞ്ഞിരിക്കുന്നതായി കാണിച്ചിരിക്കുന്നു. 'അലക്ഷ്യ' എന്നാല്‍ സൂക്ഷ്മം, ദിവ്യം അഥവാ നിരാകാരമായതുമായ കാരണം ഗോചരമല്ലാത്തത് എന്നര്‍ത്ഥം. നിരജ്ഞന എന്നാല്‍ പവിത്രവും ദിവ്യവുമായത്. ഇവ രണ്ടും സൂചിപ്പിക്കുന്നത് ഭഗവാന്‍ നിരാകാരനാണ്എന്നാണ്. ശിവപരമാത്മാവ് എല്ലാ ആത്മാക്കളുടേയും പിതാവാണ്. ഈശ്വരന്‍ ഒന്നേയുള്ളൂ; വ്യത്യസ്ത ഭാഷകളില്‍ അനേകം നാമങ്ങളുണ്ടെങ്കിലും അതെല്ലാം ഒരേ പരമാത്മാവിന്റെ തന്നെ ഗുണങ്ങളുടേയും കര്‍ത്തവ്യത്തിന്റേയും ആധാരത്തിലുള്ളവയാണ്.

ആശയം: പ്രജാപിതാബ്രഹ്മകുമാരീസ്

കെ.വി. ശ്രീനിവാസന്‍
(ജ്യോതിഷാചാര്യ +രത്‌നം)
(റിട്ട: എഞ്ചിനീയര്‍ ഐ.എസ്.ആര്‍.ഒ)
മൊ: 9447343273

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top