Last Updated 1 year 14 weeks ago
Ads by Google
20
Wednesday
September 2017

മണ്ടയ്ക്കാട് ദേവീക്ഷേത്രത്തില്‍ 'കൊട ഉത്സവ'ത്തിന് കൊടികയറി

mangalam malayalam online newspaper

മണ്ടക്കാട്(തമിഴ്‌നാട്):പതിനായിരക്കണക്കിന് ഭക്തജനങ്ങളുടെ സാന്നിധ്യത്തില്‍ ദക്ഷിണേന്ത്യയിലെ പ്രസിദ്ധമായ മണ്ടയ്ക്കാട് ഭഗവതി ക്ഷേത്രത്തില്‍ കൊട ഉത്സവത്തിന് ഞായറാഴ്ച കൊടികയറി. മാര്‍ച്ച് എട്ടിനാണ് തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും തെക്കന്‍ കേരളത്തില്‍ നിന്നുമുള്ള ലക്ഷക്കണക്കിന് ഭക്തജനങ്ങള്‍ പങ്കെടുക്കുന്ന പ്രശസ്തമായ കൊട ഉത്സവം. രാവിലെ ഏഴരയോടെ ക്ഷേത്ര തന്ത്രി എടക്കോട് എസ് മഹാദേവ അയ്യരുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ കൊടിയേറ്റ് ചടങ്ങിനു ശേഷം തിരുവിളക്കു പൂജയും നടന്നു. ചടങ്ങുകള്‍ക്കു ക്ഷേത്രം മേല്‍ശാന്തിമാരായ ചട്ടനാദ ഗുരുക്കള്‍, പരമേശ്വരന്‍ ഗുരുക്കള്‍, വിനീഷ് ഗുരുക്കള്‍ എന്നിവര്‍ നേതൃത്വം നല്‍കി. കേന്ദ്രമന്ത്രി പൊന്‍രാധാകൃഷ്ണന്‍, കെ ടി പച്ചമാല്‍ എം എല്‍ എ തുടങ്ങിയവരും ചടങ്ങുകള്‍ക്ക് സാക്ഷ്യം വഹിച്ചു.

പഴയ തിരുവിതാംകൂറിന്റെ ഭാഗമായ കുളച്ചലിന് സമീപം കടലോരത്താണ് മണ്ടയ്ക്കാട് ദേവീ ക്ഷേത്രം. ക്ഷേത്രത്തിലെ ഏറ്റവും പ്രധാന ഉത്സവമാണ് കൊട മഹോത്സവം. പരശുരാമന്‍ പ്രതിഷ്ഠിച്ച ക്ഷേത്രങ്ങളിലൊന്നാണ് ഇതെന്നാണ് ഐതിഹ്യം. ക്ഷേത്രം സ്ഥിതി ചെയ്യുന്നത് തമിഴ്‌നാട്ടിലാണെങ്കിലും കേരളീയ താന്ത്രികവിധി പ്രകാരമാണ് പൂജയും ഉത്സവ ചടങ്ങുകളും നടക്കുന്നത്. 1803ല്‍ തിരുവിതാംകൂര്‍ മഹാരാജാവ് ക്ഷേത്രം ഏറ്റെടുത്തതിനെത്തുടര്‍ന്നാണ് ക്ഷേത്രത്തില്‍ കേരളീയ പൂജാക്രമങ്ങള്‍ ആരംഭിച്ചത്. കുംഭമാസത്തില്‍ നടക്കുന്ന പത്തുദിവസത്തെ ഉത്സവം കൊട മഹോത്സവത്തോടെയാണ് സമാപിക്കുന്നത്.

മാര്‍ച്ച് 4 ന് വെള്ളിയാഴ്ച വലിയപടുക്ക(മഹാപൂജ) നടക്കും. ആറിന് വലിയചക്ര തീവട്ടി അലങ്കാര എഴുന്നള്ളിപ്പ് നടക്കും. എട്ടിന് ചൊവ്വാഴ്ച രാത്രി 12 ന് ആരംഭിക്കുന്ന കൊടയോടും ഒടുക്കു പൂജയോടും ഉത്സവം സമാപിക്കും. ദിവസവും പൊങ്കാല വഴിപാട് നടക്കുന്ന ക്ഷേത്രമാണിത്. ഉത്സവദിവസങ്ങളില്‍ പതിനായിരക്കണക്കിന് ഭക്തരാണ് പൊങ്കാല അര്‍പ്പിക്കുന്നത്. കേരളത്തിന്റെ തെക്കന്‍ജില്ലകളില്‍ നിന്ന് പതിനായിരങ്ങളാണ് മണ്ടയ്ക്കാട്ടെത്തുന്നത്. സമുദ്രതീരത്തോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തിലെത്തുന്ന ഭക്തര്‍ സമുദ്രദര്‍ശനം നടത്തുന്ന പതിവുമുണ്ട്. ഉത്സവനാളുകളില്‍ നാലുലക്ഷത്തില്‍പ്പരം ഭക്തര്‍ പ്രതിദിനം എത്തുന്നതായാണ് കണക്ക്. തിരക്കു നേരിടാന്‍് തമിഴ്‌നാട് സര്‍ക്കാര്‍ വിപുലമായ ഒരുക്കങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സുരക്ഷക്ക് തമിഴ്‌നാട് പോലീസ് പ്രത്യക പോലീസ് സേനയേയും വിന്യസിച്ചിട്ടുണ്ട്. മണ്ടയ്ക്കാട്ടേക്ക് തിരുവനന്തപുരത്തുനിന്ന് ഉത്സവകാലത്ത് കെ എസ് ആര്‍ ടി സി പ്രത്യേക സര്‍വ്വീസ് നടത്തുന്നുണ്ട്.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top