Last Updated 50 weeks 3 days ago
Ads by Google
28
Sunday
May 2017

ആചാര ലംഘനം: പമ്പയില്‍ കര്‍ശന പരിശോധന

mangalam malayalam online newspaper

ശബരിമല: ആചാരം ലംഘിച്ച്‌ സ്‌ത്രീകള്‍ ദര്‍ശനത്തിനെത്തുന്നത്‌ വര്‍ധിച്ചതോടെ പമ്പയില്‍ പരിശോധന ശക്‌തമാക്കി.
സംശയം തോന്നുന്ന സ്‌ത്രീകളെ കര്‍ശന പരിശോധനക്ക്‌ ശേഷമാണ്‌ സന്നിധാനത്തേക്ക്‌ കടത്തിവിടുന്നത്‌. തിരിച്ചറിയല്‍ കാര്‍ഡോ വയസ്‌ തെളിയിക്കുന്ന മറ്റ്‌ രേഖകളോ ഹാജരാക്കണം. സംശയം തോന്നിയാല്‍ വൈദ്യപരിശോധനക്കും നിര്‍ദേശിക്കും.കഴിഞ്ഞ ദിവസം ആചാരം ലംഘിച്ച്‌ ഭര്‍ത്താവിനൊപ്പം സന്നിധാനത്ത്‌ ദര്‍ശനത്തിനെത്തിയ യുവതിയെ വലിയനടപ്പന്തലില്‍ വച്ച്‌ പിടികൂടിയതിനെ തുടര്‍ന്നാണ്‌ പമ്പയില്‍ സുരക്ഷ ശക്‌തമാക്കിയത്‌.
ഇത്തവണ തീര്‍ഥാടനകാലത്തിനു മുന്‍പ്‌ സ്‌ത്രീകള്‍ സന്നിധാനത്തെത്തിയതും ഏറെ വിവാദം ഉണ്ടാക്കിയിരുന്നു. മഹാരാഷ്‌ട്ര മുംബൈ സ്വദേശി കവിതയാണ്‌ കഴിഞ്ഞ ദിവസം പോലീസിന്റെ സുരക്ഷാ സംവിധാനങ്ങള്‍ ലംഘിച്ച്‌ സന്നിധാനത്ത്‌ എത്തിയത്‌. വിഷയം പോലീസിന്റെ ശ്രദ്ധയില്‍ പെട്ടതോടെ വൈദ്യപരിശോധനക്ക്‌ ഹാജരാക്കി.

തീര്‍ഥാടകരെ കൊടും വനത്തില്‍ നിന്ന്‌ രക്ഷപ്പെടുത്തി

ശബരിമല: കൊടുംവനത്തില്‍ അകപ്പെട്ട രണ്ട്‌ തീര്‍ഥാടകരെ വനംവകുപ്പ്‌ ഉദ്യേഗസ്‌ഥര്‍ സന്നിധാനത്ത്‌ എത്തിച്ചു. സത്രം ഉപ്പുപാറ പുല്ലുമേട്‌ വഴി സന്നിധാനത്തേക്ക്‌ തിരിച്ച തീര്‍ഥാടക സംഘത്തില്‍ പെട്ട ചെന്നൈ അണ്ണാനഗര്‍ സ്വദേശി ചക്രപാണി (57), മകന്‍ കാര്‍ത്തിക്‌ (30) എന്നിവരെയാണ്‌ വനം വകുപ്പ്‌ ഉദ്യേഗസ്‌ഥര്‍ സന്നിധാനത്ത്‌ എത്തിച്ചത്‌. പതിനഞ്ച്‌ പേര്‍ അടങ്ങുന്ന തീര്‍ഥാടക സംഘത്തോടൊപ്പമാണ്‌ ഇവര്‍ സന്നിധാനത്തേക്ക്‌ യാത്ര തിരിച്ചത്‌.
യാത്രാ മധ്യേ നടക്കാന്‍ കഴിയാതെ രണ്ടു പേര്‍ പോടന്‍ പ്ലാവ്‌ എത്തിയപ്പോള്‍ അവിടെ വിശ്രമിക്കുകയായിരുന്നു. മറ്റുള്ളവര്‍ സന്നിധാനത്ത്‌ എത്തിയപ്പോഴാണ്‌ ഒപ്പമുണ്ടായിരുന്ന രണ്ടു പേരെ കാണാതായ വിവരം അറിയുന്നത്‌. ഈ വിവരം ഇവര്‍ പോലീസ്‌ കണ്‍ട്രാള്‍ റൂമില്‍ അറിയിച്ചു. ഇവിടെ നിന്നുള്ള അറിയിപ്പ്‌ അനുസരിച്ച്‌ വനംവകുപ്പ്‌ ഡെപ്യൂട്ടി റെയ്‌ഞ്ച്‌ ഓഫീസര്‍ കെ.ശിവകുമാറിന്റെ നേതൃത്വത്തിലുള്ള എട്ടുപേര്‍ അടങ്ങുന്ന സംഘം പുല്ലുമേട്‌ ഭാഗത്തേക്ക്‌ രാത്രിയില്‍ യാത്ര തിരിച്ചു. കാട്ടാന ഉള്‍പ്പെടെ വന്യമൃഗങ്ങളുടെ ശല്യമുള്ള പാതയിലുടെ നീങ്ങിയ വനപാലക സംഘം വ്യാഴം രാത്രി വൈകി സന്നിധാനത്ത്‌ നിന്നും രണ്ടു കിലോമീറ്റര്‍ അകലെയുള്ള പോടം പ്ലാവിന്‌ സമീപത്തുവെച്ചാണ്‌ ഇവരെ കണ്ടെത്തിയത്‌.
ഒരടിപോലും നടക്കാന്‍ കഴിയാതെ പോടം പ്ലാവിന്റെ ചുവട്ടിലിരുന്ന ഇവരെ അയ്യപ്പസേവാസംഘം പ്രവര്‍ത്തകരെ വിളിച്ച്‌ വരുത്തി ചുമന്ന്‌ സന്നിധാനം സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഉച്ചക്കുശേഷം സത്രത്തില്‍ നിന്ന്‌ യാത്രതിരിക്കുന്നവര്‍ സന്ധ്യയോടെയാണ്‌ സന്നിധാനത്ത്‌ എത്തുന്നത്‌. കാട്ടുമൃഗങ്ങളുടെ ശല്യം ഏറെയുള്ള ഈ പാതവഴി രാത്രികാല സഞ്ചാരം അപകടമാണ്‌.

ശബരീശ ദര്‍ശനത്തിന്‌ വന്‍ തിരക്ക്‌

ശബരിമല: പുതുവര്‍ഷപ്പുലരിയില്‍ ശബരീശദര്‍ശനത്തിന്‌ വന്‍ ഭക്‌തജനതിരക്ക്‌ അനുഭവപ്പെട്ടു. നിര്‍മാല്യ ദര്‍ശനത്തിന്‌ ഇന്നലെ പുലര്‍ച്ചെ മൂന്നിന്‌ നട തുറന്നപ്പോള്‍ ദര്‍ശനത്തിനായുളള നിര ശരംകുത്തി വരെ എത്തിയിരുന്നു.
മണിനാദവും ശരണഘോഷങ്ങളും ഇഴുകിച്ചേര്‍ന്ന പൊന്‍പുലരിയില്‍ സന്നിധാനവും പൊന്നമ്പലവും കര്‍പ്പൂരദീപ പ്രഭയില്‍ ജ്വലിച്ചു നിന്നു. നെയ്യഭിഷേകത്തിനും വന്‍ തിരക്കായിരുന്നു. ബംഗളൂരു സ്വദേശി ഗൗതം ശര്‍മയുടെ വഴിപാടായി ക്ഷേത്രവും പരിസരവും ആറുലക്ഷം രൂപ ചെലവിട്ട്‌ പുഷ്‌പാലംകൃതമാക്കിയിരുന്നു. എരുമേലിയില്‍ നിന്ന്‌ കരിമല വഴിയും വണ്ടിപ്പെരിയാറില്‍ നിന്ന്‌ സത്രം, പുല്ലുമേട്‌, പാണ്ടിത്താവളം പരമ്പരാഗത പാതയിലൂടെയും എത്തുന്ന തീര്‍ഥാടകരുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ട്‌.
മഴ മാറിയതോടെ തമിഴ്‌നാട്ടില്‍ നിന്നുളള തീര്‍ഥാടകരുടെ വരവിലും വന്‍വര്‍ധനവാണുളളത്‌. പുലര്‍ച്ചെ ദര്‍ശനവും നെയ്യഭിഷേകവും നടത്തി മലയിറങ്ങത്തക്ക വിധമാണ്‌ തീര്‍ഥാടകര്‍ സാധാരണയായി എത്തുന്നത്‌.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top