Last Updated 1 year 18 weeks ago
Ads by Google
18
Wednesday
October 2017

അവനാണ്‌ ഭാഗ്യവാന്‍

mangalam malayalam online newspaper

വിമാനയാത്രക്കാരുടെ ഉള്ളില്‍ ഭയം സൃഷ്‌ടിക്കുന്ന ഒരു പദമാണ്‌ 'റ്റര്‍ബുലന്‍സ്‌'. വിമാനം മോശമായ കാലാവസ്‌ഥയിലൂടെ കടന്നുപോകുമ്പോള്‍ കോക്ക്‌പിറ്റില്‍നിന്നു പൈലറ്റിന്റെ ശബ്‌ദം മുഴങ്ങും.
''ഡിയര്‍ പാസഞ്ചേഴ്‌സ്‌, വി ആര്‍ എന്ററിങ്‌ ഇന്റു എ റ്റര്‍ബുലന്‍സ്‌ സോണ്‍. പ്ലീസ്‌ ഫാസ്‌റ്റന്‍ ദി സീറ്റ്‌ ബെല്‍റ്റ്‌സ്‌.''
സീറ്റ്‌ ബെല്‍റ്റ്‌ അണിയാതിരുന്നു മയങ്ങുന്ന യാത്രക്കാരുടെ അരികിലേക്ക്‌ എയര്‍ഹോസ്‌റ്റസുകള്‍ ഓടിയെത്തും.
''യുവര്‍ സീറ്റ്‌ ബെല്‍റ്റ്‌സ്‌ പ്ലീസ്‌.''
മദ്യം വിളമ്പുന്നത്‌ തല്‍ക്കാലത്തേക്ക്‌ നിര്‍ത്തിവയ്‌ക്കും. എല്ലാവരുടെയും മനസ്സില്‍ ജിജ്‌ഞാസ കട്ടപിടിക്കും. ചിലര്‍ മൂകമായി പ്രാര്‍ത്‌ഥിക്കും. സാധാരണരീതിയില്‍ അതൊന്നും അത്ര പ്രശ്‌നമാവില്ല. അല്‌പം കഴിയുമ്പോള്‍ പൈലറ്റിന്റെ ശബ്‌ദം വീണ്ടും കേള്‍ക്കാം.
''വി ആര്‍ ഔട്ട്‌ ഓഫ്‌ റ്റര്‍ബുലന്‍സ്‌.''
അതോടെ ജിജ്‌ഞാസയുടെ പടവുകളില്‍നിന്ന്‌ യാത്രക്കാര്‍ താഴെയിറങ്ങും. വീണ്ടും പരസ്‌പരം ശ്രദ്ധിച്ു തുചടങ്ങും.
ഒരു വിമാനയാത്രയില്‍ റ്റര്‍ബുലന്‍സ്‌ അറിയിപ്പ്‌ വന്നു.
പക്ഷേ അത്‌ സാധാരണ ഒരു 'റ്റര്‍ബുലന്‍സ്‌' ആയിരുന്നില്ല. വിമാനം ശരിക്കും ഇളകിമറിയുന്ന ഒരു റ്റര്‍ബുലന്‍സ്‌. മേഘങ്ങള്‍ തമ്മില്‍ കൂട്ടിമുട്ടുന്ന ഇടിനാദം വിമാനത്തിന്റെ ശബ്‌ദത്തെ തോല്‍പ്പിച്ചുകൊണ്ട്‌ യാത്രക്കാരുടെ ചെവികളില്‍ മുഴങ്ങി. ഒരു കൊടുങ്കാട്ടില്‍പ്പെട്ട്‌ വിമാനം താഴേക്കും മുകളിലേക്കും ഒരു പന്തുപോലെ പൊങ്ങി. യാത്രക്കാരില്‍ ചിലര്‍ ഏങ്ങലടിച്ചു കരഞ്ഞുപോയി. ധൈര്യം സംഭരിച്ചിരുന്നിരുന്നവരുടെയും മുഖത്ത്‌ സംഭ്രമത്തിന്റെ കരിനിഴല്‍ കാണാമായിരുന്നു. എയര്‍ഹോസ്‌റ്റസ്സുകള്‍ അവരുടെ സംഭ്രമം ഉള്ളില്‍ ഒതുക്കാന്‍ വൃഥാ പാടുപെട്ടു. ആകെ പരിഭ്രമവും ഭയവും.
ഈശ്വരവിശ്വാസികള്‍ അവരുടെ വിശ്വാസങ്ങളില്‍ മുറുകെ പിടിച്ചു പ്രാര്‍ത്‌ഥിച്ചു. എന്നാല്‍ യാത്രക്കാരുടെ കൂട്ടത്തില്‍ ഇതില്‍നിന്നൊക്കെ വിഭിന്നയായ ഒരാള്‍ ഉണ്ടായിരുന്നു. തന്റെ ചുറ്റും നടക്കുന്ന ഒന്നിനെക്കുറിച്ചും ഒരു ബോധവുമില്ലാതെ പുസ്‌തകം വായിച്ചിരിക്കുന്ന ഒരു കൊച്ചുപെണ്‍കുട്ടി. അവള്‍, വായനയ്‌ക്കിടയില്‍ ഇടയ്‌ക്കിടെ കണ്ണടച്ചിരിക്കും. പിന്നെ കണ്ണുതുറന്ന്‌ പുസ്‌തകവായന തുടങ്ങും. പരിഭ്രമത്തിന്റെ ഒരു നിഴലാട്ടംപോലും ആ മുഖത്തുണ്ടായിരുന്നില്ല, ഈ പെണ്‍കുട്ടിയുടെ ധൈര്യം മറ്റുള്ളവരില്‍ ആശ്‌ചര്യവും ലജ്‌ജയുമുണ്ടാക്കി.
ഒടുവില്‍ വിമാനം റ്റര്‍ബുലന്‍സ്‌ സോണില്‍നിന്ന്‌ പുറത്തുവന്നു. എല്ലാവരുടെയും ഉള്ളില്‍ സമാധാനവും സന്തോഷവും നിറഞ്ഞു. പരസ്‌പരം അവര്‍ ഉള്ളറിഞ്ഞ്‌ പുഞ്ചിരിക്കുകയും ഹസ്‌തദാനം നല്‍കുകയും ചെയ്‌തു. ചിലരുടെ കണ്ണുകള്‍ ഈശ്വരഭക്‌തിയാല്‍ നിറഞ്ഞുകവിഞ്ഞു. യാത്രക്കാരില്‍ ചിലര്‍ ആ പെണ്‍കുട്ടിയുടെ അവസ്‌ഥയില്‍ അങ്ങേയറ്റം അത്‌ഭുതപ്പെട്ടിരുന്നു. നടന്നതൊന്നും താനറിഞ്ഞില്ലായെന്ന മട്ടില്‍ അവള്‍ അപ്പോഴും വായനയില്‍ത്തന്നെ. യാത്രക്കാരില്‍ ഒരാള്‍ ആ പെണ്‍കുട്ടിയെ സമീപിച്ച്‌ ചോദിച്ചു.
''കുട്ടി എങ്ങനെയാ ഇത്ര ധൈര്യത്തോടുകൂടി ഇരുന്നത്‌?'' വിമാനം കൊടുങ്കാറ്റില്‍പ്പെട്ടതൊന്നും അറിഞ്ഞിലേ്ല?''
''അറിഞ്ഞു.'' ആ കുട്ടി ചിരിച്ചുകൊണ്ട്‌ പറഞ്ഞു.
''പേടി തോന്നിയിലേ്ല?''
''ഇല്ല.''
''അതെന്താ?''
''എന്റെ അച്‌ഛന്‍ സുരക്ഷിതമായി എന്നെ നാട്ടിലെത്തിക്കും. എന്തു വന്നാലും അതെനിക്കുറപ്പാണ്‌.''
''അച്‌ഛനോ? കുട്ടിയുടെ അച്‌ഛന്‍ ആരാ?''
''അറിയിലേ്ല? ഈ വിമാനത്തിന്റെ പൈലറ്റ്‌ എന്റെ അച്‌ഛനാ! എനിക്കുറപ്പുണ്ട്‌, അച്‌ഛനെന്നെ നോക്കിക്കൊള്ളും.'' യാത്രക്കാര്‍ അന്തംവിട്ട്‌ പരസ്‌പരം നോക്കി.
നമ്മള്‍ ജീവിതമാകുന്ന വിമാനയാത്രയിലാണ്‌. യാത്രയ്‌ക്കിടയില്‍ ചിലപ്പോള്‍ 'റ്റര്‍ബുലന്‍സ്‌ സോണു'കളില്‍ നമ്മുടെ ആത്‌മാവ്‌ എന്ന വിമാനം ചെന്ന്‌ പതിക്കും. ചിലപ്പോള്‍ ചെറിയ റ്റര്‍ബുലന്‍സുകളില്‍ നാം പെടും. മറ്റു ചിലപ്പോള്‍ ശരിക്കും കടുത്ത റ്റര്‍ബുലന്‍സുകളില്‍. നമ്മുടെ ഹൃദയം പൊട്ടിപ്പോകുന്നതരത്തില്‍. ഒരു പ്രിയപ്പെട്ടവന്റെ വേര്‍പാട്‌ സൃഷ്‌ടിക്കുന്ന വേദന. അല്ലെങ്കില്‍ ധനനഷ്‌ടം. മഹാവ്യാധി, മാനഹാനി. കടം കാരണം പൊറുതിയില്ലായ്‌മ. എന്തെല്ലാം പ്രശ്‌നങ്ങളാണ്‌ നമ്മുടെ ജീവിതവിമാനം പെട്ടുപോകുന്നത്‌.
എല്ലാം തകര്‍ന്നടിഞ്ഞുവെന്ന്‌ നമുക്ക്‌ തോന്നാം. ആത്‌മഹത്യയല്ലാതെ മറ്റു മാര്‍ഗ്ഗമില്ലെന്ന്‌ തോന്നിയേക്കാം. ഈ ലോകത്ത്‌ തന്നെ രക്ഷിക്കാനാരുമില്ലെന്ന്‌ പറഞ്ഞ്‌ ഉറക്കെ വിലപിക്കാന്‍ തോന്നിയേക്കാം. അങ്ങനെ തോന്നുമ്പോള്‍ ആ വിമാനയാത്രക്കാരിയായ പെണ്‍കുട്ടിയെ ഓര്‍ക്കുക. പൈലറ്റായ തന്റെ അച്‌ഛന്‍ ഏതു റ്റര്‍ബുലന്‍സില്‍നിന്നും തന്നെ രക്ഷിച്ചുകൊള്ളുമെന്ന്‌ നൂറുശതമാനം തീര്‍ച്ചയുണ്ടായിരുന്ന ആ കിളിന്നു കുഞ്ഞിനെ. എന്റെ ജീവിതത്തില്‍ എനിക്കെന്തു ദു:ഖം വന്നാലും അതില്‍ നിന്നെ രക്ഷിക്കാന്‍ എന്റെ ഈശ്വരന്‍ എന്റെ കൂടെയുണ്ടെന്ന വിശ്വാസത്തെ മുറുകെ പിടിക്കുക.
ഈശ്വരന്‍ ഒന്നുകില്‍ നിങ്ങളെ ആ ദുരന്തത്തില്‍നിന്ന്‌ ഒരു പോറല്‍പോലു മേല്‍ക്കാതെ രക്ഷിക്കും. അല്ലെങ്കില്‍ ഏല്‌ക്കുന്ന മുറിവുകളെ സഹിക്കാനുള്ള ചങ്കൂറ്റവും, കഴിവും നല്‌കും. എന്തായാലും നമ്മെക്കാള്‍ നമ്മുടെ കാര്യത്തില്‍ ഉത്തരവാദിത്വം ഈശ്വരനുണ്ട്‌. ഈ സത്യമറിയുന്നവര്‍ ഭാഗ്യവാന്മാര്‍. കാരണം ഭൂമിയില്‍ സന്തോഷകരമായ ജീവിതം അവനുള്ളതാണ്‌.

സ്വാമി അശ്വതിതിരുനാള്‍

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top