Main Home | Feedback | Contact Mangalam
Ads by Google

ഹരിപ്പാട്‌ മെഡിക്കല്‍ കോളജ്‌ : പൊതുപണം ഇഷ്‌ടക്കാര്‍ക്കു കൈമാറുന്ന വിദ്യയെന്നു മന്ത്രി തോമസ്‌ ഐസക്ക്‌

mangalam malayalam online newspaper

ആലപ്പുഴ: ഹരിപ്പാട്ടെ നിര്‍ദിഷ്‌ട മെഡിക്കല്‍ കോളജ്‌ പൊതു-സ്വകാര്യ പങ്കാളിത്ത പദ്ധതിയായതിനാലല്ല എതിര്‍ക്കുന്നതെന്നും ഈ പൊതു-സ്വകാര്യ സംരംഭത്തിന്റെ നിബന്ധനകളോടാണ്‌ എതിര്‍പ്പെന്നും ധനമന്ത്രി ഡോ. ടി.എം. തോമസ്‌ ഐസക്ക്‌. സംയുക്‌ത സംരംഭത്തിന്റെ മറവില്‍ പൊതുവിഭവം സ്വകാര്യമേഖലയ്‌ക്കു കൈമാറുന്ന ബിസിനസ്‌ മോഡലാണ്‌ ഹരിപ്പാട്‌ മെഡിക്കല്‍ കോളജിന്റേതെന്ന്‌ അദ്ദേഹം വിശദീകരിച്ചു.
താന്‍ ഫയല്‍ പഠിക്കാതെയാണു വിമര്‍ശനം ഉന്നയിച്ചതെന്ന പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തലയുടെ പരാമര്‍ശത്തിനു മറുപടി പറയുകയായിരുന്നു അദ്ദേഹം. ധനമന്ത്രി എന്ന നിലയിലാണു വിമര്‍ശനമെന്നും ഡോ. തോമസ്‌ ഐസക്‌ വ്യക്‌തമാക്കി.
നടപ്പു വാര്‍ഷികപദ്ധതിയില്‍ ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജ്‌ ആശുപത്രിക്കു രണ്ട്‌ ചെലവു ശീര്‍ഷകങ്ങളിലായി 13 കോടി രൂപ മാത്രമാണ്‌ മാറ്റിവച്ചിരിക്കുന്നത്‌. അതേസമയം, ഹരിപ്പാട്‌ മെഡിക്കല്‍ കോളജിനു ഭൂമി ഏറ്റെടുക്കാന്‍ കൈമാറിയത്‌ 15 കോടി രൂപ. നബാര്‍ഡില്‍ നിന്നു വായ്‌പയെടുത്ത്‌ ആശുപത്രി പണിതുകൊടുക്കാനും പോകുന്നു. ഇതിന്റെ പാതി പണവും പാതി ശ്രദ്ധയും ഉണ്ടായിരുന്നെങ്കില്‍ ആലപ്പുഴ മെഡിക്കല്‍ കോളജ്‌ ഇന്ത്യയിലെ മികച്ച പൊതുആരോഗ്യകേന്ദ്രമായി മാറുമായിരുന്നു.
അതിന്റെ വളര്‍ച്ച മുരടിപ്പിച്ചുകൊണ്ട്‌ പൊതുപണം സ്വകാര്യ മെഡിക്കല്‍ കോളജിനു വഴിവിട്ടു കൈമാറുന്ന വിദ്യയാണ്‌ ഹരിപ്പാട്‌ നടക്കുന്നതെന്ന്‌ മന്ത്രി ഫെയ്‌സ്‌ബുക്ക്‌ കുറിപ്പില്‍ അഭിപ്രായപ്പെട്ടു.
കേരള മെഡിക്കല്‍ ഇന്‍ഫ്രാസ്‌ട്രക്‌ചര്‍ ഡെവലപ്‌മെന്റ്‌ കമ്പനി (ഇന്‍ഫ്രാമെഡ്‌), കേരള ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഫോര്‍ മെഡിക്കല്‍ എഡ്യുക്കേഷന്‍ ആന്‍ഡ്‌ റിസര്‍ച്ച്‌ (കൈമെഡ്‌) എന്നീ ഏജന്‍സികളാണ്‌ ഹരിപ്പാട്‌ മെഡിക്കല്‍ കോളജ്‌ നടത്തിപ്പുമായി ബന്ധപ്പെടുന്നത്‌.
കമ്പനി നിയമ പ്രകാരം രജിസ്‌റ്റര്‍ ചെയ്‌തു പ്രവര്‍ത്തിക്കുന്ന സ്‌ഥാപനമാണ്‌ ഇന്‍ഫ്രാമെഡ്‌. ഇതിന്റെ ഓഹരി മൂലധനം 80 കോടി രൂപയാണ്‌. 26 ശതമാനമായിരിക്കും സര്‍ക്കാര്‍ ഓഹരി. സര്‍ക്കാര്‍ ഏറ്റെടുത്തു നല്‍കുന്ന ഭൂമിയുടെ വിലയായിരിക്കും ഈ ഓഹരി. സര്‍ക്കാര്‍ ഭൂമി ഏറ്റെടുത്ത്‌ ഇന്‍ഫ്രാമെഡിനു കൈമാറും. അതോടെ ഭൂമി കമ്പനിയുടെതാകും.
ഇന്‍ഫ്രാമെഡ്‌ മെഡിക്കല്‍ കോളജിനു വേണ്ട കെട്ടിടങ്ങളും മറ്റു പശ്‌ചാത്തല സൗകര്യങ്ങളും നിര്‍മിച്ച്‌ ഭൂമിയടക്കം 99 വര്‍ഷത്തെ പാട്ടത്തിന്‌ കൈമെഡിനു നല്‍കും.
സ്വകാര്യ ഓഹരികളും വായ്‌പയും ഉപയോഗിച്ചാകും നിര്‍മാണം.
ചാരിറ്റബിള്‍ സൊസൈറ്റീസ്‌ ആക്‌ട്‌ പ്രകാരം രജിസ്‌റ്റര്‍ ചെയ്‌ത കൈമെഡ്‌ എന്ന സ്‌ഥാപനമാകും മെഡിക്കല്‍ കോളജ്‌ നടത്തുക. അവര്‍ സ്വതന്ത്രമായി മെഡിക്കല്‍ കോളജ്‌ നടത്തുകയും ഫീസ്‌ പിരിക്കുകയും ചെയ്യും.
ചെലവു കഴിച്ച്‌ ലാഭം ഉണ്ടെങ്കില്‍ ഇന്‍ഫ്രാമെഡ്‌ കമ്പനിക്കു നല്‍കും എന്നാണു വ്യവസ്‌ഥ.
ഒരു വര്‍ഷം 100 കുട്ടികളെ പ്രവേശിപ്പിക്കുന്ന മെഡിക്കല്‍ കോളജ്‌ നടത്തണമെങ്കില്‍ എല്ലാ സൗകര്യങ്ങളോടും കൂടിയ 500 കിടക്കകളുള്ള ആശുപത്രി വേണം. നബാര്‍ഡില്‍ നിന്നു വായ്‌പയെടുത്ത്‌ ആശുപത്രി ഉണ്ടാക്കുമെന്നും വായ്‌പ സര്‍ക്കാര്‍ തിരിച്ചടയ്‌ക്കുമെന്നുമാണ്‌ വ്യവസ്‌ഥ. മെഡിക്കല്‍ കോളജ്‌ നിര്‍മാണചെലവിന്റെ ഗണ്യമായ പങ്ക്‌ സര്‍ക്കാരിന്റെ ചുമതലയായിരിക്കും.
സ്വകാര്യ മേഖലയിലെ മെഡിക്കല്‍ കോളജിനു സര്‍ക്കാര്‍ എന്തിനാണ്‌ ഭൂമി ഏറ്റെടുത്തു നല്‍കി, ഓഹരിയെടുക്കുന്നത്‌? പോരാഞ്ഞിട്ട്‌ ചെലവിന്റെ മുക്കാലും വരുന്ന ആശുപത്രി കെട്ടിടം ഉണ്ടാക്കിക്കൊടുക്കുകയും ചെയ്യുന്നു.
കേരളത്തില്‍ ഏതെങ്കിലും സ്വകാര്യ മെഡിക്കല്‍ കോളജ്‌ ഇത്തരത്തില്‍ വന്നിട്ടുണ്ടോ. സ്വകാര്യ സംരംഭകരെന്നു പറയുന്ന കുറച്ച്‌ ഇഷ്‌ടക്കാര്‍ക്ക്‌ പൊതുപണം വഴിവിട്ട രീതിയില്‍ കൈമാറിക്കൊടുക്കുന്ന ഏര്‍പ്പാടാണ്‌ ഇതെന്നും മന്ത്രി കുറ്റപ്പെടുത്തുന്നു.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top