Main Home | Feedback | Contact Mangalam
Ads by Google

ശാരീരിക വെല്ലുവിളികളെ കീഴടക്കി 10,000 വര്‍ഷത്തെ കലണ്ടര്‍ മനഃപാഠം: പ്രശാന്ത്‌ ദേശീയ റെക്കോഡിനുടമ

mangalam malayalam online newspaper

തിരുവനന്തപുരം: കാഴ്‌ചയിലും കേള്‍വിയിലും സംസാരശേഷിയിലും വെല്ലുവിളി നേരിടുന്ന യുവാവ്‌ സംഗീതത്തില്‍ പ്രാവീണ്യം നേടുന്നതുതന്നെ അത്ഭുതം. പോരായ്‌മകളെന്നു ലോകം കരുതുന്നതൊക്കെ കരമന തളിയില്‍ സ്‌ട്രീറ്റില്‍ പ്രശാന്തത്തില്‍ ചന്ദ്രന്‍-സുഹിത ദമ്പതികളുടെ മകന്‍ സി. പ്രശാന്തി(19)ന്‌ കീഴടക്കാനുള്ള കേവലം വെല്ലുവിളികള്‍ മാത്രം. 10,000 വര്‍ഷത്തെ കലണ്ടര്‍, തീയതിയും ദിവസവും തെറ്റാതെ മനഃപാഠമാക്കിയ പ്രശാന്തിനെ ലോകത്തെ അത്യപൂര്‍വപ്രതിഭാസമെന്നു മുന്‍മുഖ്യമന്ത്രി വി.എസ്‌. അച്യുതാന്ദന്‍ വിശേഷിപ്പിച്ചതും അതുകൊണ്ടുതന്നെ.
പ്രശാന്തിന്റെ വിസ്‌മയപ്രതിഭയളക്കാന്‍ തലസ്‌ഥാനത്തെ പഞ്ചനക്ഷത്ര ഹോട്ടലില്‍ ഇന്ത്യ ബുക്‌ ഓഫ്‌ റെക്കോഡ്‌സ്‌ സംഘടിപ്പിച്ച ചടങ്ങായിരുന്നു വേദി. അവര്‍ക്കു മുന്നില്‍ കഴിവു തെളിയിച്ച്‌ ദേശീയ റെക്കോഡിനുടമയായ പ്രശാന്തിന്‌ ഇനി ഗിന്നസ്‌ ലോക റെക്കോഡ്‌ എത്തിപ്പിടിക്കാന്‍ ഏറെ ദൂരമില്ല.
0001 ജനുവരി ഒന്നുമുതല്‍ 10000 ജനുവരി ഒന്നുവരെയുള്ള 36,50,000 ദിവസങ്ങള്‍ മനഃപാഠമാക്കിയ പ്രശാന്തിനു മുന്നില്‍ കാലം കീഴടങ്ങുന്നതു കാണാന്‍ കേരളരാഷ്‌ട്രീയത്തിലെ തലമുതിര്‍ന്ന നേതാവ്‌ വി.എസ്‌. അച്യുതാനന്ദന്‍ ഉള്‍പ്പെടെയുള്ള പൗരപ്രമുഖരെത്തിയിരുന്നു. ചടങ്ങിന്റെ ഉദ്‌ഘാടനം നിര്‍വഹിച്ചതും വി.എസാണ്‌. ഇന്ത്യ ബുക്‌ ഓഫ്‌ റെക്കോഡ്‌സ്‌ പ്രതിനിധിയായി മന്‍മോഹന്‍സിങ്‌ റാവത്ത്‌ ചടങ്ങില്‍ പങ്കെടുത്തു. 1567 മേയ്‌ 30 ഏതു ദിവസമാണെന്നായിരുന്നു പ്രശാന്തിനോടുള്ള ആദ്യചോദ്യം. ചോദ്യം തീരും മുമ്പേ ബോര്‍ഡില്‍ പ്രശാന്തെഴുതി-ചൊവ്വ. സദസില്‍ പലരും ലാപ്‌ടോപ്പും നോട്ട്‌പാഡുമൊക്കെ തുറന്നുവച്ച്‌ ഉത്തരം ശരിയാണോയെന്നു പരതി. എല്ലാവര്‍ക്കും ഉത്തരം ബോധ്യപ്പെട്ടപ്പോഴേക്ക്‌ അടുത്ത ചോദ്യം. 4578 ഓഗസ്‌റ്റ്‌ 15 ഏതു ദിവസമാകും? ശനിയെന്നു പ്രശാന്ത്‌ ഉത്തരമെഴുതി. ചോദിച്ച 10 ചോദ്യത്തിനും ഉത്തരം ശരിയെന്നു റാവത്ത്‌ പ്രഖ്യാപിച്ചതോടെ സദസ്‌ ഹര്‍ഷാരവത്തോടെ എഴുന്നേറ്റു. വി.എസ്‌. ഉള്‍പ്പെടെയുള്ളവര്‍ അഭിനന്ദനം കൊണ്ടു പ്രശാന്തിനെ മൂടി.
ശാരീരിക വെല്ലുവിളികളുമായി പിറന്ന പ്രശാന്ത്‌ പിച്ചവച്ചതത്രയും അതിജീവനത്തിന്റെ പാതകളിലൂടെ. തലച്ചോര്‍-ഹൃദയസംബന്ധമായ നിരവധി അസുഖങ്ങള്‍ തടസം നിന്നപ്പോഴും പ്രശാന്തിന്റെ നിശ്‌ചയദാര്‍ഢ്യത്തെ തൊടാനായില്ല. സാധാരണ മനുഷ്യബുദ്ധിയെ വെല്ലുന്ന പ്രകടനവുമായി, അസാധ്യമായതൊന്നുമില്ലെന്നു പ്രശാന്ത്‌ തെളിയിച്ചു. ആദ്യം സംഗീതലോകത്തേക്ക്‌. കീബോര്‍ഡില്‍ അഗ്രഗണ്യനാകാന്‍ ഏറെനാള്‍ വേണ്ടിവന്നില്ല. മലയാളം, ഹിന്ദി, തമിഴ്‌ ചലച്ചിത്രഗാനങ്ങള്‍ ആ വിരല്‍ത്തുമ്പില്‍ അനര്‍ഗളമൊഴുകി.
പിന്നീടു കമ്പ്യൂട്ടറായി ഹരം. സഹോദരി പ്രിയങ്കയുടെ മൊബൈല്‍ ഫോണില്‍ 150 വര്‍ഷത്തെ കലണ്ടര്‍ കണ്ടതോടെ തീയതികളെ കീഴടക്കാനുള്ള ശ്രമമായി. അങ്ങനെയാണു 10,000 വര്‍ഷത്തെ കലണ്ടര്‍ ഡൗണ്‍ലോഡ്‌ ചെയ്‌ത്‌ മാതാപിതാക്കള്‍ പ്രശാന്തിനു കൈമാറിയത്‌. അതു മനഃപാഠമാക്കാന്‍ ഒട്ടും വൈകിയില്ല. ആദ്യം മാതാപിതാക്കളെ അതിശയിപ്പിച്ച ആ നേട്ടം ഇന്നലെ ഇന്ത്യാ ബുക്‌ ഓഫ്‌ റെക്കോഡ്‌സിന്റെ നെറുകയിലെത്തി. അന്തരീക്ഷത്തിലെ താപനിലയും യന്ത്രസഹായമില്ലാതെ പറയുന്ന പ്രശാന്തിന്റെ ജീവചരിത്രം വേള്‍ഡ്‌ വിഷന്‍ ലൈഫ്‌ സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. വെല്ലുവിളികളില്‍ ജീവിതം നഷ്‌ടപ്പെട്ടു പോകുന്നില്ലെന്നാണു പ്രശാന്ത്‌ നമ്മെ പഠിപ്പിക്കുന്നതെന്നു ചടങ്ങ്‌ ഉദ്‌ഘാടനം ചെയ്‌ത വി.എസ്‌. പറഞ്ഞു. ബുദ്ധിയുടെ ഉത്തംഗസോപാനത്തില്‍ വിരാജിക്കുന്നവര്‍ക്കുപോലും ഈ മിടുക്കന്‍ പ്രചോദനമാണ്‌. മലയാളികളുടെ അഭിമാനമായി മാറാന്‍ പ്രശാന്തിനാകട്ടെയെന്നും അദ്ദേഹം ആശംസിച്ചു. സ്‌റ്റേറ്റ്‌ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ മെന്റലി ചലഞ്ച്‌ഡ്‌ (എസ്‌.ഐ.എം.സി) ഡയറക്‌ടര്‍ ഡോ. ജയരാജ്‌ അധ്യക്ഷത വഹിച്ചു. പ്രശാന്ത്‌ കീബോര്‍ഡില്‍ വായിച്ച, രഘുപതി രാഘവ രാജാറാം ഗാനത്തോടെ ആരംഭിച്ച ചടങ്ങ്‌ അദ്ദേഹംതന്നെ ദേശീയഗാനം വായിച്ചാണ്‌ അവസാനിപ്പിച്ചത്‌.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top