Main Home | Feedback | Contact Mangalam
Ads by Google

കലാഭവന്‍ മണിയുടെ ശരീരത്തില്‍ വിഷമദ്യത്തിന്റെ അംശം കണ്ടെത്തി

തൃശൂര്‍: ദുരൂഹ സാഹചര്യത്തില്‍ മരിച്ച നടന്‍ കലാഭവന്‍ മണിയുടെ ശരീരത്തില്‍ വിഷമദ്യത്തിന്റെ അംശം കണ്ടെത്തി. ഹൈദരാബാദിലെ ഫോറന്‍സിക്‌ ലാബില്‍ നടത്തിയ പരിശോധനയിലാണ്‌ മീഥേയ്‌ല്‍ ആല്‍ക്കഹോള്‍ അഥവാ മെഥനോളിന്റെസാന്നിധ്യം സ്‌ഥിരീകരിച്ചത്‌.
എന്നാല്‍ ഇത്‌ മരണകാരണമാകുന്നില്ലെന്നാണ്‌ ലാബ്‌ റിപ്പോര്‍ട്ടില്‍ പറയുന്നത്‌. എന്നാല്‍ മണിയുടെ ആന്തരികാവയവങ്ങളുടെ പരിശോധനയില്‍ കീടനാശിനിയായ ക്ലോര്‍പൈറിഫോസിന്റെ അംശം ഇല്ലെന്നാണ്‌ സ്‌ഥിരീകരണം.
കാക്കനാട്‌ ലാബിലും ഹൈദരാബാദ്‌ ലാബിലും നടന്ന പരിശോധനയുടെ റിപ്പോര്‍ട്ടുകളില്‍ മെഥനോളിന്റെ അളവ്‌ രേഖപ്പെടുത്തിയിരിക്കുന്നതില്‍ വന്ന വലിയ വ്യത്യാസം അന്വേഷണ ഉദ്യോഗസ്‌ഥരില്‍ ആശയക്കുഴപ്പം സൃഷ്‌ടിച്ചിട്ടുണ്ട്‌.
അളവ്‌ നിര്‍ണയിച്ചതില്‍ വന്ന പിഴവാകാമെന്നാണ്‌ പോലീസ്‌ പറയുന്നത്‌. ഇതേ കുറിച്ചു ഹൈദരാബാദ്‌ ലാബ്‌ അധികൃതരുമായി വീണ്ടും ചര്‍ച്ച നടത്തുമെന്ന്‌ പോലീസ്‌ അറിയിച്ചു. ഇതേക്കുറിച്ചുള്ള റിപ്പോര്‍ട്ട്‌ സംസ്‌ഥാന പോലിസിന്‌ കൈമാറി.
മണി അവശനാകുന്നതിന്‌ തലേദിവസം വിശ്രമവസതിയായ പാടിയില്‍ നടന്ന മദ്യസല്‍ക്കാരത്തില്‍ മണി ടിന്‍ ബിയര്‍ കഴിച്ചതായി പോലീസ്‌ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
ബിയറില്‍ കുറഞ്ഞഅളവില്‍ മെഥനോളിന്റെ സാന്നിധ്യമുണ്ടാകാറുണ്ടെങ്കിലും അതു വിഷമായി പരിണമിക്കാറില്ല. വ്യാജചാരായത്തില്‍ കണ്ടുവരുന്ന മെഥനോള്‍ ചാരായം കഴിക്കാത്ത മണിയുടെ ശരീരത്തില്‍ ഇതെങ്ങനെ എത്തി എന്ന അന്വേഷണമായിരിക്കും ഇനി നടക്കുന്നത്‌.
പാടിയില്‍ മദ്യമെത്തിച്ചവരേയും സല്‍ക്കാരത്തില്‍ പങ്കെടുത്തവരേയും വീണ്ടും ചോദ്യം ചെയ്യുമെന്നും സൂചനയുണ്ട്‌. അന്വേഷണ സംഘത്തിലെ പ്രധാനികളെ നേരത്തേ സ്‌ഥലം മാറ്റിയിരുന്നു.
സ്‌ഥലം മാറ്റം അന്വേഷണത്തെ ബാധിക്കില്ലെന്നറിയിച്ച്‌ രാസപരിശോധന ഫലം ഉടന്‍ നല്‍കാന്‍ പോലീസ്‌ ആവശ്യപ്പെട്ടതിന്‌ പിന്നാലെയാണ്‌ ഹൈദരാബാദ്‌ ലാബില്‍ നിന്നുള്ള റിപ്പോര്‍ട്ടു പുറത്ത്‌ വന്നത്‌.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top