Main Home | Feedback | Contact Mangalam
Ads by Google

ബാബു ചുവരെഴുതി, പോസ്‌റ്ററില്‍ രാജീവ്‌, പൊട്ടിത്തെറിച്ച്‌ ബി.ജെ.പി

കൊച്ചി:ബാര്‍ കോഴ ആരോപണം നേരിടുന്ന മന്ത്രി കെ. ബാബു സ്‌ഥാനാര്‍ഥിത്വം ഉറപ്പിച്ചു പ്രചാരണം ആരംഭിച്ചുകഴിഞ്ഞ തൃപ്പൂണിത്തുറയില്‍ എതിരാളിയെ നിശ്‌ചയിക്കാന്‍ കഴിയാതെ സി.പി.എമ്മും ബി.ജെ.പിയും കുഴയുന്നു. കേരളം ഉറ്റുനോക്കുന്ന യു.ഡി.എഫിന്റെ പ്രസ്‌റ്റീജ്‌ മണ്ഡലത്തില്‍ ഇത്തവണ കെ.ബാബുവിന്‌ അനുകൂലമായി യാതൊരു അടിയൊഴുക്കും അനുവദിക്കില്ലെന്ന നിലപാടിലാണ്‌ ഇരുമുന്നണിയുടേയും അണികള്‍. സംസ്‌ഥാന നേതൃത്വം കെട്ടിയിറക്കുന്ന സ്‌ഥാനാര്‍ഥിയെ സ്വീകരിക്കാന്‍ അണികള്‍ മടിച്ചതോടെ തൃപ്പൂണിത്തുറയിലെ സ്‌ഥാനാര്‍ഥി നിര്‍ണയം ആവേശകരമായി.
സ്‌ഥാനാര്‍ഥിയെ നിശ്‌ചയിക്കുന്നതില്‍ ആര്‍.എസ്‌.എസ്‌. നേതൃത്വവുമായുള്ള ഭിന്നതയില്‍ പ്രതിഷേധിച്ച്‌ ബി.ജെ.പി. മണ്ഡലം കമ്മിറ്റി അപ്പാടെ കഴിഞ്ഞദിവസം രാജിവച്ചു. ബി.ജെ.പി ജില്ലാ നേതൃത്വത്തിലെ പ്രമുഖന്‍ കെ. ബാബുവുമായി രഹസ്യധാരണയുണ്ടാക്കി എന്നാണ്‌ ആരോപണം. സംസ്‌ഥാന സെക്രട്ടറി എ.എന്‍. രാധാകൃഷ്‌ണന്‍, സംവിധായകന്‍ മേജര്‍ രവി തുടങ്ങിയവരുടെ പേരുകളാണ്‌ തുടക്കത്തില്‍ സ്‌ഥാനാര്‍ഥികളായി പറഞ്ഞുകേട്ടത്‌. പിന്നീട്‌ എ.എന്‍. രാധാകൃഷ്‌ണന്റെ സഹോദരന്‍ ഇ.ഇന്‍. നന്ദകുമാറിനെ പരിഗണിക്കണമെന്നും അഭിപ്രായം ഉയര്‍ന്നു.
എന്നാല്‍ മുനിസിപ്പല്‍ പ്രതിപക്ഷനേതാവ്‌ വി.ആര്‍. വിജയകുമാര്‍, സംസ്‌ഥാന കമ്മിറ്റിയംഗം കെ.പി. സുബ്രഹ്‌മണ്യന്‍ എന്നിവരില്‍ ആരെയെങ്കിലും പരിഗണിക്കണമെന്നായിരുന്നു മണ്ഡലം കമ്മിറ്റി നിര്‍ദേശം. ബി.ജെ.പിയുടെ സഖ്യകക്ഷിയായ ബി.ഡി.ജെ.എസിന്റെ നിലപാട്‌ പലപ്പോഴും കെ.ബാബു വിന്‌ അനുകൂലമാണെന്നതും മണ്ഡലം കമ്മിറ്റിയുടെ പ്രതിഷേധത്തിന്‌ ഇടയാക്കി. യു. മധുസൂദനനാണ്‌ പുതുതായി രൂപീകരിച്ച മണ്ഡലം കമ്മിറ്റിയുടെ പ്രസിഡന്റ്‌. ഒത്തുതീര്‍പ്പ്‌ എന്നനിലയില്‍ പ്രഫ. തുറവൂര്‍ വിശ്വംഭരനെ സ്‌ഥാനാര്‍ഥിയാക്കാനാണു നീക്കം.
കഴിഞ്ഞ അഞ്ചുതവണയും ബി.ജെ.പിക്കും സി.പി.എമ്മിനും കിട്ടേണ്ട ചില വോട്ടുകള്‍ കെ. ബാബുവിനു മറിഞ്ഞതു മത്സരഫലം യു.ഡി.എഫിനു അനുകൂലമാക്കിയെന്ന വിലയിരുത്തല്‍ ഇരുമുന്നണിയുടേയും അണികള്‍ക്കുണ്ട്‌. കഴിഞ്ഞതവണ ബി.ജെ.പി സ്‌ഥാനാര്‍ഥി സാബു വര്‍ഗീസിന്‌ 4942 വോട്ടുകളാണ്‌ ഇവിടെ ലഭിച്ചത്‌. തുടര്‍ന്നു ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തൃപ്പൂണിത്തുറ മണ്ഡലത്തില്‍ പതിനെണ്ണായിരത്തോളം വോട്ടുകള്‍ നേടാന്‍ ബി.ജെ.പിക്കു കഴിഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പിലാവട്ടെ മുനിസിപ്പാലിറ്റിയില്‍ എല്‍.ഡി.എഫിനും ബി.ജെ.പിക്കും പിന്നിലാണ്‌ യു.ഡി.എഫ്‌. ഈയൊരു അനുകൂലാവസ്‌ഥ മുതലാക്കാന്‍ കഴിയാതെപോകുമെന്ന പേടി എല്‍.ഡി.എഫിനേയും ബി.ജെ.പിയേയും ബാധിച്ചുതുടങ്ങി.
ജില്ലാ സെക്രട്ടറി പി. രാജീവ്‌ സി.പി.എം. സ്‌ഥാനാര്‍ഥിയാകുമെന്ന്‌ ഉറപ്പിച്ച ഘട്ടത്തിലാണ്‌ സംസ്‌ഥാന നേതൃത്വം ചുവപ്പുകൊടി വീശിയത്‌. പിന്നീട്‌ ഉയര്‍ന്ന പേരുകള്‍ അണികള്‍ക്കു ഉള്‍ക്കൊള്ളാനായിട്ടില്ല. തുടര്‍ന്നാണ്‌ പി. രാജീവിന്‌ അനുകൂലമായി മണ്ഡലത്തില്‍ പോസ്‌റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്‌. തെരഞ്ഞെടുപ്പു പ്രചാരണം നിയന്ത്രിക്കുന്ന ഇവന്റ്‌ മാനേജ്‌മെന്റ്‌ ഗ്രൂപ്പിന്റെ തന്ത്രമാകാം രാജീവിന്റെ കാര്യത്തിലുള്ള ഒളിച്ചുകളിയെന്നു വിശ്വസിക്കുന്ന അണികളുമുണ്ട്‌. ആഗ്രഹിക്കുന്ന സ്‌ഥാനാര്‍ഥിയെ അവസാനനിമിഷം കളത്തിലിറക്കി ആവേശം ഉയര്‍ത്താനുള്ള നീക്കമാണ്‌ അവര്‍ ഇതില്‍ കാണുന്നത്‌. ഏതായാലും മൂന്നു മുന്നണിയും പ്രതീക്ഷ പുലര്‍ത്തുന്ന തൃപ്പൂണിത്തുറയില്‍ സ്‌ഥാനാര്‍ഥി നിര്‍ണയം ആവേശകരമായതോടെ പോരാട്ടം തീപാറുമെന്ന്‌ ഉറപ്പിക്കാം.

രാജേഷ്‌ മുളക്കുളം

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top