Main Home | Feedback | Contact Mangalam
Ads by Google

അനുമോളുടെ ഓട്ടം പാഴാകില്ല; സ്വന്തം മണ്ണില്‍ വീടുയരും

mangalam malayalam online newspaper

അടിമാലി : കോഴിക്കോട്‌ നടക്കുന്ന ദേശീയ കായികമേളയില്‍ കേരളത്തിന്‌ റെക്കോഡ്‌ നേട്ടത്തില്‍ ആദ്യസ്വര്‍ണം നേടിത്തന്ന അനുമോള്‍ തമ്പിക്ക്‌ ഇരട്ടി മധുരമായി സ്വന്തമായോരു വീട്‌ എന്ന സ്വപ്‌നം യാഥാര്‍ഥ്യമാകുന്നു. ട്രാക്കില്‍ കുതിച്ച്‌ പുതിയ റെക്കോഡുകള്‍ സൃഷ്‌ടിക്കുമ്പോഴും തലചായ്‌ക്കാന്‍ താരത്തിനു സ്വന്തമായി വീടില്ലെന്നു മംഗളം കഴിഞ്ഞ മാസം റിപ്പോര്‍ട്ട്‌ ചെയ്‌തിരുന്നു. ഇതേത്തുടര്‍ന്ന്‌ അനുമോളും കുടുംബവും ഇപ്പോള്‍ വാടകയ്‌ക്കു താമസിക്കുന്ന കുടിലില്‍ ഇന്നലെ റോഷി അഗസ്‌റ്റിന്‍ എം.എല്‍.എയും സംഘവും സന്ദര്‍ശനം നടത്തിയിരുന്നു. സ്‌ഥിതിഗതികള്‍ നേരില്‍ മനസിലാക്കിയതിനെ തുടര്‍ന്നാണ്‌ വീട്‌ അടിയന്തരമായി നിര്‍മിച്ചു നല്‍കാന്‍ തീരുമാനമായത്‌.
കോഴിക്കോട്ടു നിന്നു തിരിച്ചെത്തുന്ന അനുമോള്‍ക്ക്‌ പാറത്തോട്ടില്‍ ഉജ്വല വരവേല്‍പ്പ്‌ നല്‍കും. പുല്ലുകണ്ടത്ത്‌ വാങ്ങിയിട്ടുള്ള സ്‌ഥലത്ത്‌ പിറ്റേന്നു തന്നെ അനുമോള്‍ക്ക്‌ മനോഹരമായ വീട്‌ നിര്‍മിക്കാനാരംഭിക്കുമെന്ന്‌ റോഷി പറഞ്ഞു. ഏകദേശം പത്തുലക്ഷം രൂപ ചെലവു പ്രതീക്ഷിക്കുന്ന വീട്‌ നിര്‍മിക്കാനാണ്‌ പദ്ധതി. ഇതിനായി മുഖ്യമന്ത്രിയുമായി സംസാരിച്ചിട്ടുണ്ട്‌. കൂടാതെ സ്‌പോര്‍ട്‌സ്‌ കൗണ്‍സിലുമായി ബന്ധപ്പെട്ട്‌ തിരുവഞ്ചൂര്‍ രാധാകൃഷ്‌ണനുമായും സംസാരിച്ചു. സര്‍ക്കാര്‍ പദ്ധതികള്‍ക്ക്‌ താമസം നേരിട്ടാല്‍ പോലും നിര്‍മാണം തടസപ്പെടില്ല. ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെ ജനകീയ കമ്മിറ്റി രൂപീകരിച്ച്‌ പണം കണ്ടെത്തും. പാറത്തോട്‌ സെന്റ്‌ ജോര്‍ജ്‌ സ്‌കൂള്‍ അധികൃതര്‍ ഉള്‍പ്പടെ നിരവധി സംഘടനകള്‍ ഇതിനോടകം സഹകരണം വാഗ്‌ദാനം ചെയ്‌തിട്ടുണ്ട്‌. എം.എല്‍.എയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ പ്രാദേശിക നേതൃത്വങ്ങളുടെ സഹകരണത്തോടെയാണ്‌ പദ്ധതി നടപ്പാക്കുക. വെള്ളിയാഴ്‌ച നടന്ന ജൂനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്റര്‍ ഓട്ട മത്സരത്തില്‍ 2008-ലെ റെക്കോഡ്‌ ഭേദിച്ചാണ്‌ അനുമോള്‍ സ്വര്‍ണം നേടിയത്‌. കഴിഞ്ഞ മാസം കോഴിക്കോട്‌ സമാപിച്ച സംസ്‌ഥാന സ്‌കൂള്‍ കായികമേളയില്‍ 3000 മീറ്ററിലും 1500 മീറ്ററിലും നിലവിലുണ്ടായിരുന്ന റെക്കോഡുകള്‍ തിരുത്തിയാണ്‌ അനുമേള്‍ സ്വര്‍ണം നേടിയത്‌. കൂടാതെ 800 മീറ്ററില്‍ വെള്ളിയണിഞ്ഞ്‌ സ്വന്തം സ്‌കൂളായ കോതമംഗലം മോര്‍ ബേസിലിനെ ഒന്നാമതെത്തിക്കാനും അനുമോള്‍ക്കു കഴിഞ്ഞിരുന്നു. കഴിഞ്ഞ മേയില്‍ ഖത്തറിലെ ദോഹയില്‍ നടന്ന പ്രഥമ ഏഷ്യന്‍ യൂത്ത്‌ അത്‌ലറ്റിക്‌ ചാമ്പ്യന്‍ഷിപ്പില്‍ പെണ്‍കുട്ടികളുടെ മൂവായിരം മീറ്റര്‍ ഓട്ടമത്സരത്തില്‍ വെങ്കലം അണിഞ്ഞ്‌ ഭാരതത്തിന്റെ അഭിമാനം കാത്തിരുന്നു. കഴിഞ്ഞ ജനുവരിയില്‍ റാഞ്ചിയില്‍ നടന്ന ദേശീയ സ്‌കൂള്‍ മീറ്റില്‍ ജൂനിയര്‍ പെകുട്ടികളുടെ 3000 മീറ്റര്‍ ഓട്ടത്തില്‍ രണ്ടാം സ്‌ഥാനത്തോടെ വെള്ളിമെഡല്‍ നേടിയാണ്‌ ദോഹയിലെത്തിയത്‌.
കായിക കേരളത്തിന്‌ അഭിമാനമായി മാറിയ അനുമേളുടെ കുടുംബം പാറത്തോട്‌ കണ്ണാടിപ്പാറയിലെ കുന്നിന്‍മുകളിലെ പട്ടയം ഇല്ലാത്ത പത്തുസെന്റിലെ കുടിലിലാണ്‌ കഴിഞ്ഞിരുന്നത്‌. പാറത്തോട്‌ സെന്റ്‌ ജോര്‍ജ്‌ എല്‍.പി. സ്‌കൂളിലെ പാചകത്തൊഴിലാളിയായ അമ്മ ഷൈനിയും ഇടക്കുവച്ച്‌ പഠനം നിലച്ചുപോയതിനാല്‍ കൂലിപ്പണിക്കു പോകുന്ന സഹോദരനും ഒപ്പമുണ്ട്‌. ഈ വീട്‌ വിറ്റ്‌ പലരുടെയും സഹായത്തോടെ പാറത്തോട്‌ കെ.എം. ബീനാമോള്‍ സ്‌റ്റേഡിയത്തിനു സമീപം പത്തുസെന്റ്‌ സ്‌ഥലം വാങ്ങിയത്‌.

ബിജു ലോട്ടസ്‌

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top