Main Home | Feedback | Contact Mangalam
Ads by Google

അതിവേഗ റെയിലിനു സാധ്യതാ പഠനം പൂര്‍ത്തിയായി : തിരുവനന്തപുരം-കണ്ണൂര്‍ യാത്രക്ക്‌ രണ്ടര മണിക്കൂര്‍

mangalam malayalam online newspaper

പത്തനംതിട്ട: തിരുവനന്തപുരം-കണ്ണൂര്‍ 430 കിലോമീറ്റര്‍ അതിവേഗ റെയില്‍ ഇടനാഴിയുടെ സാധ്യതാ പഠനം ഡെല്‍ഹി മെട്ര? റെയില്‍ കോപ്പറേഷന്റെ (ഡി.എം.ആര്‍.സി)നേതൃത്വത്തില്‍ പൂര്‍ത്തിയായി. വിശദമായ പദ്ധതിരേഖ ജനുവരി 5 ന്‌ കേന്ദ്ര സര്‍ക്കാരിനു സമര്‍പ്പിക്കുമെന്നു സൂചന.
നരേന്ദ്രമോഡി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം വിവിധ നഗരങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന റെയില്‍ ഇടനാഴി പദ്ധതികള്‍ പ്രഖ്യാപിച്ചെങ്കിലും സര്‍വേയും പഠനവും പൂര്‍ത്തിയാക്കിയ ആദ്യ പദ്ധതിയാണ്‌ ഇത്‌. ജനവാസം കുറഞ്ഞമേഖലകളിലൂടെയാണു പാത കടന്നുപോകുന്നത്‌. സ്വാഭാവിക ആവാസവ്യവസ്‌ഥയ്‌ക്കു കോട്ടം വരാത്ത വിധമാണ്‌ ഇ. ശ്രീധരന്റെ നേതൃത്വത്തില്‍ റെയില്‍വെ ലൈന്‍ വിഭാവന ചെയ്‌തിട്ടുള്ളത്‌.തിരുവനന്തപുരം, കൊല്ലം, കൊച്ചി, തൃശൂര്‍, കോഴിക്കോട്‌, കണ്ണൂര്‍ എന്നീ നഗരങ്ങളിലൂടെയാണ്‌ റെയില്‍പാത കടന്നുപോകുന്നത്‌. പ്രാഥമിക നിഗമനം അനുസരിച്ച്‌ 65,000 കോടി രൂപയാണ്‌ ചെലവു കണക്കാക്കുന്നത്‌. സാധാരണയില്‍നിന്നും വ്യത്യസ്‌തമായി സ്‌റ്റാന്‍ഡേര്‍ഡ്‌ ഗേജായിരിക്കും പാളങ്ങള്‍ക്കുള്ളത്‌. ഭൂഗര്‍ഭ തുരങ്കത്തിലൂടെയും ഉയര്‍ന്നുനില്‍ക്കുന്ന തൂണുകള്‍ക്ക്‌ മുകളിലൂടെയുമാണ്‌ ട്രെയിന്‍ കടന്നുപോകുന്നത്‌. വേഗത മണികൂറില്‍ 350 കി.മീറ്റര്‍. പദ്ധതിക്ക്‌ ആവശ്യമായി വരുന്നത്‌ ആകെ 600 ഹെക്‌ടര്‍ സ്‌ഥലംമാത്രം. ഇതില്‍ 540 ഹെക്‌ടര്‍ വ്യക്‌തികളില്‍ നിന്നും കണ്ടെത്തണം. ബാക്കി 60 ഹെക്‌ടര്‍ സര്‍ക്കാര്‍ ഉടമസ്‌ഥതയില്‍ ഉള്ളതാണ്‌. റെയില്‍ പാത കടന്നുപോകുന്ന പ്രദേശങ്ങളിലുള്ള 3863 കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റേണ്ടിവരും. 36,923 വൃക്ഷങ്ങള്‍ വെട്ടിമാറ്റണം. മരങ്ങള്‍ നൂതന സാങ്കേതികവിദ്യ ഉപയോഗിച്ച്‌ പിഴുതുമാറ്റി മറ്റൊരിടത്ത്‌ നടാനാണു ലക്ഷ്യം. വെട്ടിമാറ്റേണ്ടിവരുന്നവയ്‌ക്ക്‌ പകരം മരത്തൈകള്‍ നട്ടുവളര്‍ത്തും.
ദേശീയപാതാ വികസനത്തിനു സ്‌ഥലം ഏറ്റെടുക്കുമ്പോള്‍ നല്‍കിവരുന്ന പരിഷ്‌ക്കരിച്ച പാക്കേജ്‌ അനുസരിച്ചുള്ള തുകയാണ്‌ അതിവേഗ റെയില്‍വെയ്‌ക്ക്‌ ഏറ്റെടുക്കുന്ന സ്‌ഥലത്തിനും നല്‍കുന്നത്‌. സ്‌ഥലത്തിന്റെ നഷ്‌ടപരിഹാരത്തിനുപുറമേ പുനരധിവാസത്തിനുള്ള ഭൂമിയും നല്‍കും.
സര്‍ക്കാര്‍ നയം അനുസരിച്ചു ഭൂമി വിട്ടുകൊടുക്കുന്നവര്‍ക്ക്‌ നൂറുശതമാനം പുനരധിവാസം ഉറപ്പാക്കുമെന്ന്‌ ഡി.എം.ആര്‍.സി. എന്‍ജിനീയര്‍ രാധാകൃഷ്‌ണന്‍ നായര്‍ മംഗളത്തോടു പറഞ്ഞു. സ്‌റ്റേഷനുകള്‍ കഴിഞ്ഞാല്‍ തൂണുകള്‍ നിര്‍മിക്കാന്‍ ആവശ്യമായ സ്‌ഥലം മാത്രമെ ഏറ്റെടുക്കേണ്ടിവരികയുള്ളൂ.അതിവേഗ ട്രെയിനിന്‌ എട്ടു കോച്ചുകള്‍ വീതമാണ്‌ വിഭാവനം ചെയ്‌തിരിക്കുന്നത്‌. 3.4 മീറ്റര്‍ വീതിയില്‍ ശീതീകരണ സംവിധാനത്തോടെയുള്ള കോച്ചുകള്‍ ഫസ്‌റ്റ്‌ ക്ലാസ്‌, ബിസിനസ്‌ ക്ലാസ്‌ എന്നിങ്ങനെ രണ്ടായി തരംതിരിക്കും. ഒരു ട്രെയിനില്‍ 817 യാത്രക്കാര്‍ക്ക്‌
സഞ്ചരിക്കാന്‍ പറ്റും. െവെദ്യുതി ഉപയോഗിച്ച്‌ ഓടുന്ന ട്രെയിന്‍ തിരുവനന്തപുരത്തുനിന്നും കണ്ണൂരില്‍ എത്തുന്നതിന്‌ 145 മിനിറ്റ്‌ മതിയാകും. നാല്‍പ്പതുമിനിറ്റുകൊണ്ട്‌ ട്രെയിന്‍ തിരുവനന്തപുരത്തുനിന്നും കൊച്ചിയില്‍ എത്തും.
മൊത്തം പാതയുടെ 190 കി.മീറ്റര്‍ ദൂരമാണ്‌ തൂണുകളിലൂടെ ട്രെയിന്‍ സഞ്ചരിക്കുന്നത്‌. 110 കി.മീറ്റര്‍ ദൂരം ടണലിലൂടെയാകും സഞ്ചാരം. ബാക്കിയുള്ള 21 കി.മീറ്റര്‍ ദൂരം ഉയര്‍ന്ന പ്രദേശങ്ങള്‍ ഇടിച്ച്‌ നിരപ്പാക്കിയും 61 കി.മീറ്റര്‍ മേഖല കട്ട്‌ ആന്റ്‌ ബാങ്ക്‌ പ്രകാരവും ( ഒരുെസെഡ്‌ മാത്രം വെട്ടി നിരത്തി വശങ്ങള്‍ കോണ്‍ക്രീറ്റ്‌ ചെയ്യുന്ന രീതി ) 36 കി.മീറ്റര്‍ കട്ട്‌ ആന്റ്‌ കവര്‍ പ്രകാരവുമാണ്‌ (ഉയര്‍ന്ന മേഖല വെട്ടി വി ആകൃതിയിലാക്കി മുകള്‍ഭാഗം കവര്‍ ചെയ്യുന്ന രീതി) റെയില്‍ പാത സ്‌ഥാപിക്കുന്നത്‌.ഏറ്റവും നൂതനമായ സാങ്കേതിക വിദ്യ ഉപയോഗിച്ച്‌ നിര്‍മിക്കുന്ന ടണലുകള്‍ ഭൂകമ്പത്തെപ്പോലും പ്രതിരോധിക്കുന്ന വിധമാണ്‌ രൂപകല്‍പ്പന ചെയ്‌തിട്ടുള്ളത്‌. ട്രെയിന്‍ ഭൂഗര്‍ഭപാതയിലൂടെ കടന്നുപോകുമ്പോള്‍ അതിന്റെ പ്രകമ്പനം പുറത്ത്‌ അനുഭവപ്പെടുകയില്ല. കനമുള്ള ഭിത്തിയായതിനാല്‍ യാത്ര പൂര്‍ണമായും സുരക്ഷിതമായിരിക്കും.
തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെ ആകെ ഒമ്പത്‌ സ്‌റ്റേഷനുകള്‍ ഉണ്ടാകും. അടുത്ത വര്‍ഷം പണി ആരംഭിച്ചാല്‍ 2022 ന്‌ സര്‍വീസ്‌ ആരംഭിക്കാന്‍ കഴിയുമെന്നാണ്‌ ഡി.എം.ആര്‍.സിയുടെ പ്രതീക്ഷ. എന്‍.ഡി.എ സര്‍ക്കാര്‍ അധികാരത്തില്‍വന്നശേഷം പ്രഖ്യാപിച്ച ഡയമണ്ട്‌ കോറിഡോര്‍ പദ്ധതിയില്‍ ഉള്‍പ്പെടുന്ന സംരംഭമാണിത്‌. നേരത്തെ കാസര്‍ഗോഡുമുതല്‍ തിരുവനന്തപുരം വരെയാണ്‌ പദ്ധതി വിഭാവനചെയ്‌തിരുന്നതെങ്കിലും 2012-ല്‍ രൂക്ഷമായ എതിര്‍പ്പ്‌ ഉയര്‍ന്ന സാഹചര്യത്തില്‍ പദ്ധതി ഉപേക്ഷിക്കാന്‍ സംസ്‌ഥാന സര്‍ക്കാര്‍ ഒരുങ്ങിയതാണ്‌. എന്നാല്‍ രാജ്യത്ത്‌ ബുള്ളറ്റ്‌ ട്രെയിന്‍ പദ്ധതികള്‍ വ്യാപകമായി നടപ്പാക്കാന്‍ പോകുന്ന സാഹചര്യത്തില്‍ അതില്‍ നിന്നും മാറി നില്‍ക്കാന്‍ കേരളത്തിന്‌ കഴിയില്ലെന്ന്‌ വ്യക്‌തമായതിനാലാണ്‌ പരമാവധി ജനവാസം കുറഞ്ഞ മേഖലയിലുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന്‌ പുതിയ പദ്ധതി രേഖ തയ്യാറാക്കിയിരിക്കുന്നത്‌.

സജിത്ത്‌ പരമേശ്വരന്‍

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top