Main Home | Feedback | Contact Mangalam
Ads by Google

മാര്‍ഗി സതി അരങ്ങൊഴിഞ്ഞു

mangalam malayalam online newspaper

തിരുവനന്തപുരം: കൂടിയാട്ടത്തിന്റെയും നങ്ങ്യാര്‍കൂത്തിന്റെയും സ്‌ത്രീമുഖമായിരുന്ന മാര്‍ഗി സതിയെന്ന പി.എസ്‌. സതീദേവി (50) അന്തരിച്ചു. അര്‍ബുദം ബാധിച്ച്‌ തിരുവനന്തപുരം ആര്‍.സി.സിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയോടെയായിരുന്നു അന്ത്യം.
മൃതദേഹം കരമന ബാലസുബ്രഹ്‌മണ്യക്ഷേത്രത്തിനു സമീപത്തെ രംഗശ്രീയെന്ന വസതിയിലെത്തിച്ചു. സംസ്‌കാരച്ചടങ്ങുകള്‍ ഇന്നു നടക്കും. ഇടയ്‌ക്ക വിദ്വാന്‍ പരേതനായ സുബ്രഹ്‌മണ്യന്‍ പോറ്റിയാണു ഭര്‍ത്താവ്‌. 2005-ല്‍ മാര്‍ഗി സതി അഭിനയിച്ച നോട്ടം എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടെ കൂത്തരങ്ങില്‍ വച്ചു ഷോക്കേറ്റായിരുന്നു അദ്ദേഹത്തിന്റെ മരണം. മക്കള്‍: രംഗശ്രീരേവതി, ദേവനാരായണന്‍.
നങ്ങ്യാര്‍കൂത്തിനെ ജനകീയകലയായി നവീകരിച്ച കലാകാരിയാണു മാര്‍ഗി സതി. ശ്രീരാമചരിതം ആട്ടപ്രകാരം, കണ്ണകീ ചരിതം എന്നിവ മാര്‍ഗി സതിയുടെ പരീക്ഷണങ്ങളായിരുന്നു. ഭക്‌തമീര, സീതായനം തുടങ്ങിയവയും അരങ്ങില്‍ അവതരിപ്പിച്ചു. കൂടിയാട്ടത്തെ ലോക പൈതൃക കലാരൂപമായി പ്രഖ്യാപിക്കുന്ന വേളയില്‍ യുെനസ്‌കോ ആസ്‌ഥാനത്ത്‌
തെരഞ്ഞെടുക്കപ്പെട്ട 500 വിശിഷ്‌ടാതിഥികളുടെ മുമ്പാകെ കൂടിയാട്ടം അവതരിപ്പിക്കാന്‍ നിയുക്‌തയായത്‌ മാര്‍ഗി സതിയായിരുന്നു. 2002-ല്‍ കേരള സംഗീത നാടക അക്കാദമി അവാര്‍ഡ്‌ 2002 ല്‍ ലഭിച്ചു. 2008 ല്‍ കലാദര്‍പ്പണം അവാര്‍ഡ്‌, നാട്യരത്‌ന പുരസ്‌കാരം എന്നിവ ലഭിച്ചു. നങ്ങ്യാര്‍കൂത്തിനെക്കുറിച്ചുള്ള ഗവേഷണത്തിന്‌ കേന്ദ്ര സാംസ്‌കാരിക മന്ത്രാലയത്തിന്റെ ജൂനിയര്‍ ഫെലോഷിപ്പ്‌ നേടിയിട്ടുണ്ട്‌.
1965-ല്‍ പുത്തില്ലത്ത്‌ സുബ്രഹ്‌മണ്യന്‍ എമ്പ്രാന്തിരിയുടെയും പാര്‍വതി അന്തര്‍ജനത്തിന്റെയും മകളായി തൃശൂര്‍ ജില്ലയിലെ ചെറുതുരുത്തിയിലാണ്‌ സതീദേവി ജനിച്ചത്‌. കേരള കലാമണ്ഡലത്തില്‍ പൈങ്കുളം രാമചാക്യാരുടെ കീഴില്‍ കൂടിയാട്ടപഠനം തുടങ്ങിയ സതി അമ്മന്നൂര്‍ മാധവ ചാക്യാരുടെയും മാണിമാധവ ചാക്യാരുടെയും പി.കെ. നാരായണന്‍ നമ്പ്യാരുടെയും കലാമണ്ഡലം ശിവന്‍ നമ്പൂതിരിയുടെയും കലാമണ്ഡലം രാമ ചാക്യാരുടെയും ശിക്ഷണത്തില്‍ നാലു വര്‍ഷത്തെ കോഴ്‌സും രണ്ടു വര്‍ഷത്തെ ഉപരിപഠനവും നടത്തി. കേന്ദ്ര സ്‌കോളര്‍ഷിപ്പോടെ തുടര്‍പഠനവും നടത്തി.
കൂടിയാട്ടത്തിനും നങ്ങ്യാരമ്മക്കൂത്തിനും അരങ്ങുകള്‍ ദുര്‍ലഭമായിരുന്ന കാലത്ത്‌, 1988ല്‍ തിരുവനന്തപുരം മാര്‍ഗിയില്‍ ചേര്‍ന്നത്‌ കലാജീവിതത്തില്‍ വഴിത്തിരിവായി. 11 വര്‍ഷം കേരള കലാമണ്ഡലത്തില്‍ അധ്യാപികയായി സേവനമനുഷ്‌ഠിച്ചു. എം.പി. സുകുമാരന്‍ നായര്‍ സംവിധാനം ചെയ്‌ത ദൃഷ്‌ടാന്തം എന്ന സിനിമയിലും അഭിനയിച്ചിട്ടുണ്ട്‌. ഈ സിനിമയിലെ നാലു പാട്ടുകള്‍ പാടുകയും ചെയ്‌തു. പതിനൊന്നാം വയസില്‍ മുഖത്തു ചായമിട്ടു തുടങ്ങിയ മാര്‍ഗി സതി ആയിരത്തിലധികം അരങ്ങുകളിലായി നൂറോളം കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്‌.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top