Main Home | Feedback | Contact Mangalam
Ads by Google

വനിതാ സ്‌ഥാനാര്‍ഥിയുടെ മുടി മുറിച്ചത്‌ കെട്ടുകഥ : പോലീസ്‌ റിപ്പോര്‍ട്ട്‌ കോണ്‍ഗ്രസിനു നാണക്കേടായി

തിരുവനന്തപുരം: സി.പി.എമ്മിനെതിരേ മത്സരിച്ച കോണ്‍ഗ്രസ്‌ വനിതാസ്‌ഥാനാര്‍ഥിയെ തടഞ്ഞുനിര്‍ത്തി മുടിമുറിച്ച സംഭവം കെട്ടുകഥയെന്നു പോലീസിന്റെ രഹസ്യ റിപ്പോര്‍ട്ട്‌. തിരുവനന്തപുരം ജില്ലയിലെ പെരുങ്കടവിള ബ്ലോക്‌ പഞ്ചായത്ത്‌ കൊല്ലയില്‍ ഡിവിഷനില്‍ മത്സരിച്ച എല്‍. സതികുമാരിയുടെ മുടി എതിരാളികള്‍ മുറിച്ചെന്നായിരുന്നു പരാതി.
തദ്ദേശതെരഞ്ഞെടുപ്പിനു പിന്നാലെയുയര്‍ന്ന ആരോപണം സംസ്‌ഥാനതലത്തില്‍ ചര്‍ച്ചയായിരുന്നു. എന്നാല്‍, ഇങ്ങനെയൊരു സംഭവമുണ്ടായിട്ടില്ലെന്നാണു വിശദമായ അന്വേഷണം നടത്തിയ പോലീസ്‌ കണ്ടെത്തിയത്‌. സ്‌ഥാനാര്‍ഥിയുടെ പരാതി കളവാണെന്നു തിരുവനന്തപുരം റൂറല്‍ എസ്‌.പി: ഷഫീന്‍ അഹമ്മദിനു സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ അന്വേഷണസംഘം വ്യക്‌തമാക്കി. തെരഞ്ഞെടുപ്പില്‍ 614 വോട്ടിനു പരാജയപ്പെട്ട സതികുമാരി ജാള്യം മറച്ചുവയ്‌ക്കാനാണു കെട്ടുകഥയുണ്ടാക്കിയതെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍, ഭരണകക്ഷിക്കു നാണക്കേടുണ്ടാക്കുന്ന അന്വേഷണ റിപ്പോര്‍ട്ട്‌ മൂടിവയ്‌ക്കാനാണ്‌ ഉന്നതതലനിര്‍ദേശം.
കഴിഞ്ഞ 12-നു വൈകിട്ട്‌ 6.45-ന്‌ അമരവിള നീറകത്തല ക്ഷേത്രത്തിനു സമീപമുള്ള ഇടറോഡില്‍ രണ്ടുപേര്‍ തടഞ്ഞുനിര്‍ത്തി മുടിമുറിച്ചെന്നാണു സതികുമാരി പോലീസിനു നല്‍കിയ പരാതി. കഴുത്തിനും തലയ്‌ക്കും ഇടിയേറ്റെന്നും ഇവര്‍ മൊഴിനല്‍കി. എന്നാല്‍, കള്ളപ്പരാതി നല്‍കാനായി സ്വന്തം മുടി സതികുമാരിതന്നെ മുറിച്ചതാണെന്നു പോലീസ്‌ കണ്ടെത്തി. സ്വാമി എന്നു വിളിക്കുന്നയാള്‍ അക്രമിസംഘത്തിലുണ്ടായിരുന്നെന്നും സതികുമാരി മൊഴി നല്‍കി. ഇതേത്തുടര്‍ന്ന്‌ ഈ പേരിലറിയപ്പെടുന്ന ഇരുപതോളം പേരെ പോലീസ്‌ ചോദ്യം ചെയ്‌തു.
ആരോപണവിധേയനായ, സ്വാമി എന്നറിയപ്പെടുന്ന സി.പി.എം. പ്രവര്‍ത്തകന്‍ അരുണ്‍ അന്നു തിരുവനന്തപുരത്തായിരുന്നെന്നും പോലീസ്‌ കണ്ടെത്തി. സതികുമാരിയെ പരിശോധിച്ച പാറശാല സര്‍ക്കാര്‍ ആശുപത്രി ഡോക്‌ടറുടെ റിപ്പോര്‍ട്ടും പ്രതികൂലമായിരുന്നു. ഇവര്‍ക്കു കാര്യമായ പരുക്കൊന്നുമില്ലെന്നു ഡോക്‌ടര്‍ വ്യക്‌തമാക്കിയതോടെ പോലീസിനു സത്യാവസ്‌ഥ ബോധ്യപ്പെട്ടു. ഇതോടെ സംഭവത്തില്‍ പ്രതിഷേധിക്കുകയും സി.പി.എമ്മിനെതിരേ ആരോപണമുന്നയിക്കുകയും ചെയ്‌ത യു.ഡി.എഫ്‌. നേതൃത്വം വെട്ടിലായി.
സി.പി.എം. ഇതുസംബന്ധിച്ച്‌ അന്വേഷണം നടത്തണമെന്നു കെ.പി.സി.സി. അധ്യക്ഷന്‍ വി.എം. സുധീരന്‍ ആവശ്യപ്പെട്ടിരുന്നു. കവയത്രി സുഗതകുമാരിയും അന്നു സംഭവത്തെ അപലപിച്ചു. മുടി മുറിച്ച സംഭവം ആരുടെയെങ്കിലും തലയില്‍ കെട്ടിവയ്‌ക്കാന്‍ അന്വേഷണസംഘം സന്നദ്ധത പ്രകടിപ്പിച്ചെങ്കിലും എസ്‌.പി. വഴങ്ങിയില്ല. ഇതേത്തുടര്‍ന്ന്‌ ഭരണകക്ഷിയുടെ മാനക്കേട്‌ ഒഴിവാക്കാനായി അന്വേഷണം ക്രൈംബ്രാഞ്ചിനു വിടാനുള്ള ആലോചനയാണു പോലീസ്‌ ഉന്നതര്‍.

എസ്‌. നാരായണന്‍

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top