Main Home | Feedback | Contact Mangalam
Ads by Google

എസ്‌.എന്‍.ഡി.പി.-ബി.ജെ.പി. സഖ്യത്തിന്റെ വിജയശതമാനം കുറയ്‌ക്കാന്‍ സി.പി.എമ്മിന്‌ രഹസ്യ അജന്‍ഡ

ആലപ്പുഴ : തദ്ദേശ തെരഞ്ഞെടുപ്പില്‍ എസ്‌.എന്‍.ഡി.പി-ബി.ജെ.പി സഖ്യത്തിന്റെ വിജയശതമാനം കുറയ്‌ക്കാന്‍ സി.പി.എമ്മിന്‌ രഹസ്യ അജന്‍ഡ. പുതിയ കൂട്ടുകെട്ടില്‍ സ്‌ഥാനാര്‍ഥികളെ നിര്‍ത്തിയിട്ടുള്ള സീറ്റുകളിലെ വിജയസാധ്യത സംബന്ധിച്ച്‌ വിവിധ ജില്ലാ കമ്മിറ്റികള്‍ കീഴ്‌ഘടകങ്ങളോട്‌ വിശദമായ വിവരങ്ങള്‍ ആരാഞ്ഞിട്ടുണ്ട്‌. നിലവില്‍ പത്ത്‌ ശതമാനം സീറ്റുകളില്‍ മാത്രമാണ്‌ കൂട്ടുകെട്ട്‌ നിലവിലുള്ളതെന്നാണ്‌ സി.പി.എം വിലയിരുത്തല്‍.
സ്വാധീനമുള്ള ജില്ലകളില്‍ 40 ശതമാനത്തിലേറെ സീറ്റുകളിലെങ്കിലും മത്സരിക്കാനാണ്‌ ആദ്യം എസ്‌.എന്‍.ഡി.പി യോഗം നീക്കം നടത്തിയതെങ്കിലും പുതിയ പാര്‍ട്ടി രൂപീകരണത്തിന്റെ ആദ്യ പരീക്ഷണ വേദി എന്ന നിലയില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ ഏറ്റവും ശക്‌തിയുള്ള സീറ്റുകളില്‍ മാത്രം മത്സരിച്ചാല്‍ മതിയെന്ന നിലപാടിലേക്ക്‌ അവര്‍ പിന്മാറുകയായിരുന്നു. ആലപ്പുഴ, കൊല്ലം, കോട്ടയം, പത്തനംതിട്ട തുടങ്ങിയ ജില്ലകളില്‍ എസ്‌.എന്‍.ഡി.പിക്കായി കുടുതല്‍ സീറ്റുകള്‍ ഒഴിച്ചിട്ട്‌ കാത്തിരുന്ന ബി.ജെ.പിക്ക്‌ ഒടുവില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം അടുത്തതോടെ തിടുക്കത്തില്‍ സ്വന്തം സ്‌ഥാനാര്‍ഥികളെ നിര്‍ത്തേണ്ടി വന്നു.
മത്സരിച്ച സീറ്റുകളുടെ അടിസ്‌ഥാനത്തില്‍ വിജയശതമാനം കണക്കാക്കി സമത്വ മുന്നേറ്റയാത്രയില്‍ അത്‌ ഉയര്‍ത്തിക്കാട്ടുകയാണ്‌ എസ്‌.എന്‍.ഡി.പി നേതൃത്വം ലക്ഷ്യമിടുന്നത്‌. ഈ നീക്കം മുന്നില്‍ കണ്ടാണ്‌ എസ്‌.എന്‍.ഡി.പി-ബി.ജെ.പി സ്‌ഥാനാര്‍ഥികള്‍ മത്സരിക്കുന്ന സീറ്റുകളില്‍ ശ്രദ്ധകേന്ദ്രീകരിക്കാന്‍ സി.പി.എം കീഴ്‌ഘടകങ്ങളോട്‌ നിര്‍ദ്ദേശിച്ചിരിക്കുന്നത്‌. ഇത്തരം കേന്ദ്രങ്ങളില്‍ തെരഞ്ഞെടുപ്പ്‌ കണ്‍വന്‍ഷനുകളില്‍ മുതിര്‍ന്ന നേതാക്കളെ പങ്കെടുപ്പിക്കാനും എസ്‌.എന്‍.ഡി.പി നേതൃത്വത്തെയും ബി.ജെ.പിയെയും കടന്നാക്രമിക്കുവാനുമാണ്‌ പദ്ധതി. എസ്‌.എന്‍.ഡി.പി- ബി.ജെ.പി സഖ്യത്തെ പ്രതിരോധിക്കാന്‍ പ്രാദേശികമായ മറ്റു നീക്കുപോക്കുകളുടെ സാധ്യതയും ആരായുന്നുണ്ട്‌. ന്യൂനപക്ഷങ്ങളുടെ പിന്തുണ നേടാനുള്ള ശ്രമങ്ങളും നടത്തും.
ആത്യന്തികമായി എതിരാളികളുടെ വിജയം തടയുക എന്നതായിരിക്കും തന്ത്രമെന്നാണ്‌ സൂചന. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ജില്ല എന്ന നിലയില്‍ ആലപ്പുഴയില്‍ രണ്ടു ദിവസമാണ്‌ പ്രതിപക്ഷ നേതാവ്‌ വി.എസ്‌ അച്യുതാനന്ദന്‍ പ്രചരണത്തിനായി നീക്കി വച്ചിരിക്കുന്നത്‌. പോളിറ്റ്‌ ബ്യൂറോ അംഗങ്ങളായ പിണറായി വിജയന്‍, എം.എ. ബേബി, എസ്‌. രാമചന്ദ്രന്‍ പിള്ള, സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ തുടങ്ങിയവരും ആലപ്പുഴയില്‍ തെരഞ്ഞെടുപ്പ്‌ പ്രചരണത്തില്‍ സജീവമാകും.

ജി.ഹരികൃഷ്‌ണന്‍

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top