Main Home | Feedback | Contact Mangalam
Ads by Google

വികസന പദ്ധതി കള്‍ക്കായി ക്യഷിഭൂമിയും ഏറ്റെടുക്കാം

mangalam malayalam online newspaper

തിരുവനന്തപുരം : പുതിയ വികസന പദ്ധതികള്‍ക്കു വേണ്ടി ഭൂമി ഏറ്റെടുക്കുമ്പോള്‍ കൃഷിഭൂമിയും ഏറ്റെടുക്കാമെന്നു സംസ്‌ഥാന സര്‍ക്കാര്‍. വിളവെടുക്കുന്ന ആകെ ഭൂമിയുടെ രണ്ട്‌ ശതമാനം ജില്ലയിലും ആകെ കൃഷിഭൂമിയുടെ അഞ്ചു ശതമാനം സംസ്‌ഥാനത്തും പദ്ധതികള്‍ക്കായി ഏറ്റെടുക്കാമെന്നും ഭൂമി ഏറ്റെടുക്കുമ്പോള്‍ നഷ്‌ടപരിഹാരവും പുനരധിവാസവും ഉറപ്പാക്കുന്ന നിയമത്തിന്റെ ചട്ടങ്ങളില്‍ സര്‍ക്കാര്‍ വ്യക്‌തമാക്കുന്നു.

ഭൂമി ഏറ്റെടുക്കുന്നതിനു മുന്‍പ്‌ നടത്തുന്ന സാമൂഹിക ആഘാത പഠനത്തിന്റെ ഫലം എന്തായാലും ഭൂമി ഏറ്റെടുക്കുന്നതില്‍ സര്‍ക്കാരിന്‌ അന്തിമമായി തീരുമാനമെടുക്കാമെന്നും വിജ്‌ഞാപനം ചെയ്‌ത ചട്ടങ്ങളില്‍ പറയുന്നു. പുതിയ പദ്ധതികള്‍ക്കായി ഭൂമി ഏറ്റെടുക്കുമ്പോള്‍ മുന്‍പ്‌ കൃഷിഭൂമി ഒഴിവാക്കിയിരുന്നു. ഇനി മുതല്‍ പദ്ധതി പൊതുതാല്‍പ്പര്യത്തിന്‌ ആവശ്യമാണെന്നു സര്‍ക്കാര്‍ വിലയിരുത്തുന്നപക്ഷം കൃഷിഭൂമിയും ഏറ്റെടുക്കാം. ജില്ലയില്‍ കൃഷിഭൂമിയുടെ രണ്ടു ശതമാനത്തില്‍ താഴെയും സംസ്‌ഥാനത്ത്‌ അഞ്ചു ശതമാനത്തില്‍ താഴെയും എന്നതാണ്‌ ഏക നിയന്ത്രണം. ആവശ്യമാണെങ്കില്‍ ഇതില്‍ മാറ്റം വരുത്താനും പരിധി വര്‍ധിപ്പിക്കാനും സര്‍ക്കാരിന്‌ അധികാരമുണ്ടെന്നും വിജ്‌ഞാപനത്തില്‍ വ്യക്‌തമാക്കുന്നു.

ജില്ലകളില്‍ കൃഷിഭൂമിയുടെ രണ്ടു ശതമാനം എന്നതുതന്നെ ഏക്കറുകള്‍ വരും. പ്രകൃതിസൗഹൃദ പദ്ധതികളാണെങ്കില്‍ ഈ പരിധി ബാധകമല്ല. എത്ര ഏക്കര്‍ കൃഷിഭൂമി വേണമെങ്കിലും ഇതിനായി ഉപയോഗിക്കാന്‍ കഴിയും. വിജ്‌ഞാപനം വന്നതോടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക്‌ കൃഷിഭൂമി ഏെറ്റടുക്കാനുള്ള തടസങ്ങള്‍ മാറി. പദ്ധതികള്‍ക്കായി ഭുമി ഏറ്റെടുക്കുമ്പോള്‍ ആവശ്യമെങ്കില്‍ സാമൂഹിക ആഘാത പഠനം നടത്തുമെന്ന്‌ സര്‍ക്കാര്‍ വ്യക്‌തമാക്കുന്നു.

ഇതിനായി സാമൂഹിക ആഘാത പഠന യൂണിറ്റുകളെ നിയോഗിക്കും. ഏറ്റെടുക്കുന്ന ഭൂമിയുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഈ യൂണിറ്റിനു കൈമാറണം. ജനങ്ങളില്‍ നിന്നും സാമൂഹിക, പരിസ്‌ഥിതി പ്രവര്‍ത്തകരില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ച്‌ കരട്‌ റിപ്പോര്‍ട്ട്‌ നല്‍കണം. പദ്ധതി സാധ്യമായ മറ്റു പ്രദേശങ്ങള്‍ പരിശോധിക്കുയും സാധ്യതാപഠനം നടത്തുകയും ചെയ്‌തിട്ടാകണം റിപ്പോര്‍ട്ട്‌ നല്‍കേണ്ടത്‌.

പഠന യൂണിറ്റുകളുടെയും വിദഗ്‌ധരുടെയും റിപ്പോര്‍ട്ട്‌ എന്തുതന്നെയായാലും തീരുമാനം സര്‍ക്കാരിന്റേതായിരിക്കും. ഭൂമി ഏറ്റെടുക്കുന്നത്‌ ആ പ്രദേശത്തെ ജനങ്ങള്‍ക്ക്‌ ബുദ്ധിമുട്ടാകുമെന്നാണു വിദഗ്‌ധ റിപ്പോര്‍ട്ടെങ്കിലും ഭൂമി ഏറ്റെടുക്കാന്‍ സര്‍ക്കാരിന്‌ അനുമതി നല്‍കാം. ഭൂമി വിട്ടുകൊടുക്കുന്നതിനു സന്നദ്ധത അറിയിച്ച്‌ ഭൂവുടമ നല്‍കുന്ന അനുമതി പിന്നീട്‌ റദ്ദാക്കാന്‍ കഴിയില്ല. ഭൂമി ഏറ്റെടുക്കാന്‍ നല്‍കിയ അനുമതി വ്യാജമാണെന്നു തെളിഞ്ഞാല്‍ ആഅനുമതി റദ്ദാക്കാന്‍ ജില്ലാ കലക്‌ടര്‍ക്ക്‌ അധികാരമുണ്ടായിരിക്കും.

തദ്ദേശസ്വയംഭരണ സ്‌ഥാപനങ്ങളുടെ പക്കലുള്ള ഭൂമി ഏറ്റെടുക്കുമ്പോള്‍ ഒരിക്കല്‍ നല്‍കിയ അനുമതി പിന്നീട്‌ റദ്ദാക്കാനാകില്ല. പദ്ധതിക്കായി ഏറ്റെടുക്കുന്ന ഭൂമി ഉള്‍പ്പെടുന്ന തദ്ദേശഭരണ സ്‌ഥാപനങ്ങള്‍ പ്രത്യേക യോഗം ചേര്‍ന്ന്‌ വിഷയം ചര്‍ച്ച ചെയ്യുകയും തീരുമാനമെടുക്കുകയും വേണം.

പുതിയ വിജ്‌ഞാപനത്തിലെ വ്യവസ്‌ഥകള്‍ വികസന പദ്ധതികളുടെ പേരില്‍ കൃഷിഭൂമി ഏറ്റെടുക്കുന്നതിനും റിയല്‍ എസ്‌റ്റേറ്റ്‌ വ്യാപാരം നടത്തുന്നതിനുമുള്ള സാഹചര്യം ഒരുക്കുമെന്ന്‌ ആക്ഷേപമുണ്ട്‌. ഓരോ വര്‍ഷവും സംസ്‌ഥാനത്തെ കൃഷിഭൂമിയുടെ വിസ്‌തൃതി കുറയുകയാണ്‌. വികസന പദ്ധതികള്‍ക്കായി ഉപയോഗിക്കാന്‍ അനുമതി നല്‍കുന്നതോടെ കൃഷിഭൂമി ഇല്ലാതാകുമെന്നാണ്‌ ആക്ഷേപം.

വി.എ. ഗിരീഷ്‌

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top