Main Home | Feedback | Contact Mangalam
Ads by Google

മന്ത്രി ജയലക്ഷ്‌മിക്കും ബിന്ദു കൃഷ്‌ണയ്‌ക്കും നേരേ തൊഴിലാളികളുടെ പ്രതിഷേധം

mangalam malayalam online newspaper

മൂന്നാര്‍: ബോണസ്‌ വര്‍ധന ആവശ്യപ്പെട്ട്‌ തേയിലത്തോട്ടം തൊഴിലാളികള്‍ നടത്തിയ സമരത്തിന്റെ നേതൃത്വം ഏറ്റെടുക്കാനെത്തിയ നേതാക്കള്‍ അപഹാസ്യരായി. പൊള്ളയായ വാഗ്‌ദാനങ്ങളും പ്രഖ്യാപനങ്ങളും ചൊരിഞ്ഞ്‌ വാര്‍ത്തകളില്‍ താരമാകാന്‍ എത്തിയ ആരെയും സമരവേദിയിലെത്താന്‍ തൊഴിലാളികള്‍ അനുവദിച്ചില്ല.

സംഘശക്‌തിയുടെ ബലം ആദ്യം അറിഞ്ഞത്‌ സ്‌ഥലം എം.എല്‍.എ. കൂടിയായ എസ്‌. രാജേന്ദ്രനായിരുന്നു. ചെരുപ്പൂരിയാണ്‌ എം.എല്‍.എയെ സമരക്കാര്‍ നേരിട്ടത്‌. മാനേജ്‌മെന്റിനോട്‌ അനുകൂല നിലപാടാണ്‌ രാജേന്ദ്രന്‍ പുലര്‍ത്തുന്നതെന്ന്‌ ആരോപിച്ചായിരുന്നു പ്രതിഷേധം. ഇതോടെ സമരം വാര്‍ത്തകളില്‍ നിറഞ്ഞു. പിന്നീടും രാഷ്‌ട്രീയത്തിളക്കം ലക്ഷ്യമിട്ട്‌ എത്തിയവര്‍ തിരിച്ചടികള്‍ ഏറ്റുവാങ്ങി. സി.പി.എം. നേതാക്കളായ പി.കെ. ശ്രീമതി, എം.സി. ജോസഫൈന്‍, കെ.കെ. ലതിക എന്നിവരാണ്‌ പിന്നീട്‌ സമരത്തിന്റെ തീക്ഷ്‌ണത അറിഞ്ഞത്‌. സമരക്കാര്‍ക്കൊപ്പം ഇരിക്കാന്‍ ശ്രമിച്ച മൂവരെയും സമരക്കാര്‍ എണീല്‍പ്പിച്ചു വിട്ടു. സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്റെ നേരേയും സമരക്കാര്‍ മുഖം തിരിച്ചു. പി.കെ. ശ്രീമതി പ്രസംഗിക്കുമ്പോള്‍ കൈയടിക്കാന്‍ പുറകില്‍ നിന്ന്‌ ആംഗ്യം കാട്ടേണ്ട അവസ്‌ഥപോലുമുണ്ടായി. മഹിളാ കോണ്‍ഗ്രസ്‌ സംസ്‌ഥാന അധ്യക്ഷ ബിന്ദു കൃഷ്‌ണയാണ്‌ പിന്നീട്‌ സമരത്തിന്റെ ചൂടറിഞ്ഞത്‌.

ജില്ലാനേതാക്കളൊടൊപ്പമെത്തിയ ബിന്ദു കൃഷ്‌ണയെ തള്ളിപ്പുറത്താക്കാന്‍ പോലും തൊഴിലാളികള്‍ മുതിര്‍ന്നു. ആര്‍.എം.പി. നേതാവ്‌ കെ.കെ. രമയെ ആദ്യം തൊഴിലാളികള്‍ പുറത്താക്കിയെങ്കിലും പിന്നീട്‌ ഒപ്പമിരിക്കാന്‍ അനുവദിച്ചു. മന്ത്രി പി.കെ. ജയലക്ഷ്‌മിയും ആദ്യം സമരമുഖത്ത്‌ എത്തിയപ്പോഴും എതിര്‍പ്പുകള്‍ നേരിട്ടു.ഇവരോടെല്ലാം എതിര്‍പ്പ്‌ പ്രകടിപ്പിച്ചപ്പോഴും പ്രതിപക്ഷനേതാവ്‌ വി.എസ്‌. അച്യുതാനന്ദനെകൈയടികളോടെയാണ്‌ തൊഴിലാളികള്‍ സ്വീകരിച്ചത്‌. വി.എസിനെ സമരസ്‌ഥലത്തേക്ക്‌ മാലയിട്ട്‌ സ്വീകരിക്കുകയും അദ്ദേഹത്തോട്‌ പരാതികള്‍ പറയാന്‍ തയാറാകുകയും ചെയ്‌തു. ഇ.എസ്‌. ബിജിമോള്‍ എം.എല്‍.എയെയും ജോയ്‌സ്‌ ജോര്‍ജ്‌ എം.പിയെയും സമരക്കാര്‍ ഒപ്പമിരിക്കാന്‍ അനുവദിച്ചിരുന്നു

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top