Main Home | Feedback | Contact Mangalam
Ads by Google

കലഹമില്ലാതെ കണ്ണന്‍ കാത്തു; കണ്ണൂരിന്‌ ആശ്വാസം

mangalam malayalam online newspaper

കണ്ണൂര്‍ : ഭയന്നതൊന്നും സംഭവിച്ചില്ല. ശ്രീകൃഷ്‌ണജയന്തിദിനത്തില്‍ നഗരവീഥികള്‍ക്കു പുളകം ചാര്‍ത്തി സംഘപരിവാറിന്റെ ബാലഗോകുലം ശോഭായാത്രയും മതേതരമുദ്രാവാക്യങ്ങളുയര്‍ത്തി സി.പി.എമ്മിന്റെ ബാലസംഘം ഘോഷയാത്രയും ശാന്തമായി കടന്നുപോയി. കണ്ണുചിമ്മാതെ കനത്തസുരക്ഷയൊരുക്കിയ പോലീസിനും അഭിമാനിക്കാം.
രാഷ്‌ട്രീയസംഘര്‍ഷം നിലനില്‍ക്കുന്ന കണ്ണൂരില്‍ സംഘപരിവാറിന്റെ ശ്രീകൃഷ്‌ണജയന്തി ശോഭായാത്രകള്‍ക്കു ബദലായി സി.പി.എം. നേതൃത്വത്തിലുള്ള ബാലസംഘം ഓണാഘോഷയാത്രകളും പ്രഖ്യാപിച്ചതോടെ പോലീസ്‌ കനത്ത ജാഗ്രതയിലായിരുന്നു. സംഘര്‍ഷം ഭയന്ന്‌ ഘോഷയാത്രകളില്‍ അണിനിരന്നവരുടെയും കാണികളുടെയും എണ്ണത്തില്‍ കാര്യമായ കുറവുണ്ടായി.
ജില്ലയിലെ 134 കേന്ദ്രങ്ങളിലാണു സി.പിഎമ്മിന്റെ നേതൃത്വത്തില്‍ ഘോഷയാത്ര നടത്തിയത്‌. സംഘപരിവാര്‍ ബാലഗോകുലങ്ങളുടെ ആഭിമുഖ്യത്തില്‍ 300 ശോഭായാത്രകളും നടത്തി. ഇരുവിഭാഗത്തിന്റെയും ഘോഷയാത്രകള്‍ സന്ധിക്കുന്നത്‌ ഒഴിവാക്കാന്‍ പോലീസ്‌ ക്രമീകരണമേര്‍പ്പെടുത്തിയതിനാലാണു സംഘര്‍ഷമൊഴിഞ്ഞത്‌.
അക്രമമുണ്ടായാല്‍ സംഘാടകര്‍ക്കും പങ്കെടുത്തവര്‍ക്കുമെതിരേ നിയമനടപടി സ്വീകരിക്കുമെന്നും ഘോഷയാത്രയിലെ വാഹനങ്ങള്‍ പിടിച്ചെടുക്കുമെന്നും ജില്ലാ പോലീസ്‌ മേധാവി പി.എന്‍. ഉണ്ണിരാജ മുന്നറിയിപ്പു നല്‍കിയിയിരുന്നു. പതിവുപോലെ ഉണ്ണിക്കണ്ണന്‍മാരും പുരാണകഥാപാത്രങ്ങളും നിശ്‌ചലദൃശ്യങ്ങളും അണിനിരന്നതായിരുന്നു ബാലഗോകുലം ശോഭായാത്രകള്‍. ജൈവപച്ചക്കറി പ്രചാരണവും മതേതരമുദ്രാവാക്യവുമുയര്‍ത്തിയുള്ള ബാലസംഘം ഘോഷയാത്രകളില്‍ ചങ്ങമ്പുഴയുടെ വാഴക്കുലയുടെയും രക്‌തസാക്ഷി പോരാട്ടങ്ങളുടെയും നിശ്‌ചലദൃശ്യങ്ങള്‍ നിരന്നു. എ.കെ.ജി, ശ്രീനാരായണഗുരു തുടങ്ങിയവരുടെ ചിത്രമടങ്ങിയ പ്ലക്കാഡുകളും ഉയര്‍ന്നുകണ്ടു. സി.പി.എമ്മിന്റെ ശ്രീകൃഷ്‌ണജയന്തി ആഘോഷത്തിനെതിരേ സാമൂഹികമാധ്യമങ്ങളിലടക്കം വ്യാപകപരിഹാസമുയര്‍ന്ന സാഹചര്യത്തില്‍ മാവേലി വേഷത്തിനായിരുന്നു ഘോഷയാത്രകളില്‍ പ്രാമുഖ്യം. കാര്യമായ മുന്നൊരുക്കത്തിനു സമയം ലഭിക്കാത്തതിനാല്‍ ബാലഗോകുലം ശോഭായാത്രയ്‌ക്കൊപ്പമെത്താന്‍ ബാലസംഘം ഘോഷയാത്രയ്‌ക്കായില്ല. വരുംവര്‍ഷങ്ങളില്‍ കൂടുതല്‍ നിറപ്പകിട്ടോടെ ആഘോഷം സംഘടിപ്പിക്കാനാണു സി.പി.എം. തീരുമാനം.
ശ്രീകൃഷ്‌ണജയന്തി ആഘോഷങ്ങള്‍ക്കിടെ വ്യാപക അക്രമത്തിനു സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ്‌ റിപ്പോര്‍ട്ടിനേത്തുടര്‍ന്ന്‌ കണ്ണൂര്‍, കാസര്‍ഗോഡ്‌ ജില്ലകളില്‍ പോലീസ്‌ കനത്തജാഗ്രത പാലിച്ചു. പ്രശ്‌നബാധിതമേഖലകളില്‍ ചെറിയ വാക്കുതര്‍ക്കമുണ്ടായതല്ലാതെ കാര്യമായ പ്രശ്‌നങ്ങളുണ്ടായില്ല. ചില കേന്ദ്രങ്ങളില്‍ ജവഹര്‍ ബാലജന വേദിയുടെ ആഭിമുഖ്യത്തില്‍ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരും ശ്രീകൃഷ്‌ണജയന്തി ആഘോഷത്തില്‍ പങ്കാളികളായി.
ശ്രീകൃഷ്‌ണക്ഷേത്രങ്ങളിലെ പരിപാടികളുമായി സഹകരിക്കാന്‍ പ്രവര്‍ത്തകര്‍ക്കു സി.പി.എം. നിര്‍ദേശം നല്‍കിയിരുന്നു. ഹൈന്ദവാചാരങ്ങളും ആഘോഷങ്ങളും സംഘപരിവാര്‍ ഹൈജാക്‌ ചെയ്യുന്നതു പ്രതിരോധിക്കാനായിരുന്നു ഈ നീക്കം.
ജന്മാഷ്‌ടമി പോലുള്ള ഹൈന്ദവാചാരങ്ങള്‍ നാടിന്റെ സംസ്‌കാരത്തിന്റെ ഭാഗമായി കണ്ട്‌ എല്ലാവിഭാഗം ജനങ്ങളെയും അണിനിരത്താനായിരുന്നു ലോക്കല്‍ കമ്മറ്റികള്‍ക്കുള്ള നിര്‍ദേശം. ബാലഗോകുലം ശോഭായാത്രകളില്‍ സി.പി.എം. പ്രവര്‍ത്തകരും ബന്ധുക്കളും പങ്കെടുക്കുന്നതു പാര്‍ട്ടി വേദികളില്‍ വിവാദമായ സാഹചര്യത്തിലാണു സ്വന്തമായി ആഘോഷപരിപാടികളുമായി മുന്നോട്ടുപോകാന്‍ നേതൃത്വം തീരുമാനിച്ചത്‌.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top