Main Home | Feedback | Contact Mangalam
Ads by Google

ഹോംനഴ്‌സിങ്‌ ഏജന്‍സികള്‍ക്ക്‌ ലൈസന്‍സ്‌; സര്‍ക്കാര്‍ ഇടപെടുമെന്നു തൊഴില്‍മന്ത്രി

mangalam malayalam online newspaper

മലപ്പുറം : ഹോംനഴ്‌സിങ്‌ ഏജന്‍സികള്‍ക്ക്‌ ലൈസന്‍സ്‌ നല്‍കുന്ന വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടുമെന്നും ഉടന്‍ തീരുമാനമുണ്ടാകുമെന്നും തൊഴില്‍മന്ത്രി ഷിബു ബേബി ജോണ്‍. ഹോം നഴ്‌സിങ്‌ ഏജന്‍സികളുടെ മറവില്‍ നടക്കുന്ന തട്ടിപ്പുകളുടേയും അനാശാസ്യത്തിന്റെയും അടിസ്‌ഥാനത്തില്‍ ഏജന്‍സികള്‍ക്ക്‌ ലൈസന്‍സ്‌ ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ടു കഴിഞ്ഞ 19നു മംഗളം വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു.
ഇതു ശ്രദ്ധയില്‍പ്പെട്ട തൊഴില്‍മന്ത്രി, വിഷയത്തില്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ചചെയ്‌തു തീരുമാനമെടുക്കുമെന്നും അറിയിച്ചു. മേഖലയെ സംബന്ധിച്ച്‌ സാമ്പത്തികസ്‌ഥിതി വിവരണകണക്ക്‌ വകുപ്പിന്റെ നേതൃത്വത്തില്‍ അടുത്ത മാസം മുതല്‍ സര്‍വെ നടക്കാനിരിക്കുകയാണ്‌. ഹോംനഴ്‌സിങ്‌ മേഖലയില്‍ ഏതൊരാള്‍ക്കും ഏജന്‍സി നടത്താനും റിക്രൂട്ട്‌മെന്റിനും സാധിക്കുന്ന സ്‌ഥിതിയാണ്‌.
നിരവധി ആക്ഷേപങ്ങള്‍ ഉയര്‍ന്നിട്ടും സര്‍ക്കാര്‍ മൗനം അവലംബിക്കുകയായിരുന്നു. പ്ലേസ്‌മെന്റ്‌ സെക്യൂരിറ്റി ആന്‍ഡ്‌ ഹോംനഴ്‌സിങ്‌ സര്‍വീസസ്‌ ഓണേഴ്‌സ്‌ വെല്‍ഫെയര്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ഇതേക്കുറിച്ച്‌ മുഖ്യമന്ത്രിയടക്കമുള്ളവര്‍ക്ക്‌ നിവേദനം നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്നു ഭാരവാഹികള്‍ ആരോപിക്കുന്നു.
ഹോംനഴ്‌സിങ്‌ ഏജന്‍സികള്‍ ഏതുവകുപ്പിനു കീഴിലാണെന്നു പോലും ആര്‍ക്കും തിട്ടമില്ലായിരുന്നത്രെ. സാമൂഹ്യനീതി വകുപ്പിനുകീഴിലാണെന്ന വിവരത്തിന്റെ അടിസ്‌ഥാനത്തില്‍ സംഘടന മന്ത്രി എം.കെ മുനീറിനെ ചെന്നുകണ്ടെങ്കിലും തന്റെ വകുപ്പല്ലെന്നു പറഞ്ഞു അദ്ദേഹം കൈമലര്‍ത്തി. തുടര്‍ന്നു മേഖലയുമായി ബന്ധപ്പെട്ടു മംഗളം നടത്തിയ അന്വേഷണങ്ങളും നിരന്തരമായ ഇടപെടലുകളുമാണു വിഷയത്തിന്റെ ഗൗരവം പുറത്തു കൊണ്ടുവന്നത്‌.
തുടര്‍ന്നാണു തൊഴില്‍ മന്ത്രിയുടെ ഇടപെടല്‍. ഹോംനഴ്‌സിങ്‌ ഏജന്‍സികളുടെ മറിവില്‍ നടന്ന മോഷണവും അനാശാസ്യവുമുള്‍പ്പടെ അനവധി പരാതികളാണു ഒരുവര്‍ഷത്തിനിടെ റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുള്ളത്‌. രജിസ്‌റ്റര്‍ചെയ്‌തു പ്രവര്‍ത്തിക്കാന്‍ മാനദണ്ഡങ്ങളില്ലാത്തതാണു തട്ടിപ്പുകാര്‍ക്കു സൗകര്യമൊരുക്കുന്നു. തൊഴിലാളികളുടെ വേതനവും തോന്നും പടിയാണ്‌. വീട്ടുജോലിക്കൊപ്പം അനാശാസ്യത്തിനും സജ്‌ജമാണെങ്കില്‍ കൂടുതല്‍ ശമ്പളവും പ്രത്യേക അലവന്‍സും നല്‍കുന്ന ഏജന്‍സികള്‍ അനവധിയാണ്‌.
ലൈസന്‍സ്‌ സമ്പ്രദായം നിലവില്‍ വന്നാല്‍ ഇത്തരം കള്ളനാണയങ്ങളെ ഒറ്റപ്പെടുത്താനാകുമെന്ന്‌ ഏവരും സാക്ഷ്യപ്പെടുത്തുന്നു. നേരത്തെ ഹോംനഴ്‌സിങ്‌ തട്ടിപ്പുകേസ്‌ പരിഗണിച്ചപ്പോള്‍ നല്ലരീതിയില്‍ പ്രവര്‍ത്തിക്കുന്ന സ്‌ഥാപനങ്ങളെ സംരക്ഷിക്കാന്‍ നടപടിയെടുക്കണമെന്നു ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന അസോസിയേഷനുകള്‍ക്കു കീഴിലെ സ്‌ഥാപനങ്ങള്‍ ജോലിക്കാര്‍ക്ക്‌ തിരിച്ചറിയല്‍കാര്‍ഡുണ്ട്‌. രജിസ്‌റ്റര്‍ചെയ്‌തു പ്രവര്‍ത്തിക്കുന്ന സ്‌ഥാപനങ്ങളെ കുറിച്ചു പരാതിപ്പെടാന്‍ ഓഫീസില്‍ അസോ. ഭാരവാഹികളുടെ ഫോണ്‍നമ്പര്‍ പരസ്യമായി പതിക്കണമെന്നാണു നിര്‍ദ്ദേശം.

വി.പി നിസാര്‍

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top