Main Home | Feedback | Contact Mangalam
Ads by Google

കള്ളിന്‌ വീര്യം കൂട്ടാന്‍ ക്ലോറോഫോം: അന്തംവിട്ട്‌ എക്‌സൈസ്‌

മിഥുന്‍ പുല്ലുവഴി

mangalam malayalam online newspaper

കൊച്ചി : ഓണത്തിനു കള്ളിനു വീര്യംകൂട്ടാന്‍ അയല്‍ സംസ്‌ഥാനങ്ങളില്‍ നിന്നും ക്ലോറോഫോം ഒഴുകുന്നു. ക്ലോറല്‍ ഹൈഡ്രേറ്റിന്‌ വിലകൂടിയതോടെയാണു ക്ലോറോഫോം വെള്ളത്തില്‍ കലര്‍ത്തി നേര്‍പ്പിച്ച്‌ കള്ളില്‍ ചേര്‍ക്കുന്നതെന്നു മുതിര്‍ന്ന എക്‌സൈസ്‌ ഉദ്യോഗസ്‌ഥന്‍ മംഗളത്തോട്‌ പറഞ്ഞു. ആനമയക്കി എന്നറിയപ്പെടുന്ന ക്ലോറോഹൈഡ്രേറ്റ്‌ എക്‌സൈസിന്റെ നോട്ടപ്പുള്ളിയായതോടെയാണുക്ലോറോഫോം ഉപയോഗം കൂടിയത്‌.

അടിയന്തര ചികില്‍സയ്‌ക്കാവശ്യമുള്ള ക്ലോറോഫോം കൊണ്ടുപോകുന്ന സ്വകാര്യ കമ്പനികളുടെ മെഡിക്കല്‍ വാഹനങ്ങള്‍ പരിശോധിക്കാറില്ല. ഇതിന്റെ മറവിലാണു കടത്ത്‌. എക്‌സൈസ്‌ വകുപ്പിന്റെ മൊബൈല്‍ ലാബ്‌, കള്ളില്‍ ക്ലോറോഹൈഡ്രേറ്റിന്റെ സാന്നിധ്യം പലകുറി റിപ്പോര്‍ട്ട്‌ ചെയ്‌തെങ്കിലും കെമിക്കല്‍ ലാബുകളിലെത്തുമ്പോള്‍ പരിശോധനഫലം വിപരീതമാകുകയാണ്‌. സംസ്‌ഥാനത്തെ കെമിക്കല്‍ ലാബുകളിലെ തിരിമറികളാണിതിനു കാരണമെന്ന്‌ എക്‌സൈസ്‌ ഉദ്യോഗസ്‌ഥര്‍ പറഞ്ഞു. മീഥൈല്‍ ആല്‍ക്കഹോളും ക്ലോറല്‍ ഹൈഡ്രേറ്റും മറ്റു ചില രാസവസ്‌തുക്കളും കൂട്ടിച്ചേര്‍ത്ത്‌ കൊക്കെയ്‌നേക്കാള്‍ ശക്‌തിയേറിയ മയക്കുമരുന്നു നിര്‍മിക്കുന്ന സംഘവും സംസ്‌ഥാനത്തു പ്രവര്‍ത്തിക്കുന്നുണ്ട്‌.

ഇത്തരം രാസവസ്‌തുക്കള്‍ വാങ്ങുന്നതും വില്‍ക്കുന്നതും ലൈസന്‍സുള്ളവരാകണമെന്നും ഇവ പ്രത്യേക അലമാരയില്‍ സൂക്ഷിക്കണമെന്നും എസ്‌.എസ്‌.എല്‍.സി. പാസായ വ്യക്‌തി ഇതിന്റെ സ്‌റ്റോര്‍ കീപ്പറായിരിക്കണമെന്നും ഇവയുടെ വില്‍പനയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പ്രത്യേക രജിസ്‌റ്ററില്‍ ചേര്‍ക്കണമെന്നുമൊക്കെ വ്യവസ്‌ഥയുണ്ട്‌. എന്നാല്‍, സംസ്‌ഥാനത്ത്‌ ലൈസന്‍സുള്ള എത്ര സ്‌ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നെന്നുപോലും അറിയില്ലെന്നാണു ഡ്രഗ്‌ കണ്‍ട്രോള്‍ അധികൃതരില്‍നിന്നു ലഭിക്കുന്ന വിവരം.

1996 ല്‍ ചാരായ നിരോധനത്തെത്തുടര്‍ന്ന്‌ ആനമയക്കി വ്യാപകമായെങ്കിലും കൂടുതല്‍ ബാറുകള്‍ അനുവദിച്ചതോടെ കുറഞ്ഞിരുന്നു. മദ്യത്തേക്കാള്‍ ആസക്‌തി കൂടിയ ലഹരിയാണ്‌ ക്ലോറല്‍ ഹൈഡ്രേറ്റിന്റേത്‌. ഷാപ്പില്‍ മറ്റു ലഹരിപാനീയങ്ങള്‍ പിടികൂടിയാല്‍ ലൈസന്‍സ്‌ ലംഘനമായാണു പരിഗണിക്കുന്നത്‌. ലൈസന്‍സികള്‍ക്കെതിരേ 25,000 രൂപവരെ പിഴയീടാക്കാന്‍ വ്യവസ്‌ഥയുണ്ട്‌. ഈ നിയമങ്ങളെല്ലാം കാറ്റില്‍പറത്തിയാണ്‌ ആനമയക്കിയുടെ പരസ്യമായ വിപണനം.

കടല്‍മാര്‍ഗമുള്ള മദ്യക്കടത്തും സജീവമാണെന്നു വിവരം ലഭിച്ചതിനെ തുടര്‍ന്നു സംസ്‌ഥാനത്തെ തീരദേശ മേഖലകളില്‍ ഇന്നലെ എക്‌സൈസ്‌ വകുപ്പ്‌ പരിശോധന തുടങ്ങി. തമിഴ്‌നാട്‌, കര്‍ണാടക, മംഗലാപുരം, ഗോവ, മാഹി, പോണ്ടിച്ചേരി എന്നിവിടങ്ങളില്‍നിന്നു തൂത്തുക്കുടി തുറമുഖം വഴി കേരളത്തിലേക്കു വ്യാജ മദ്യം കടത്തുന്നെന്നാണു വിവരം. മത്സ്യബന്ധന ബോട്ടുകളിലെത്തിക്കുന്ന സ്‌പിരിറ്റ്‌ ചെറു വള്ളങ്ങളിലാണ്‌ കരയിലെത്തിക്കുന്നത്‌.

കോസ്‌റ്റ്‌ ഗാര്‍ഡിന്റെ നിരീക്ഷണം ഇല്ലാത്ത മേഖലകള്‍ നോക്കിയാണ്‌ ബോട്ടുകള്‍ അടുപ്പിക്കുന്നത്‌. എക്‌സൈസ്‌ വകുപ്പിന്റെ ഓണം സ്‌പെഷല്‍ ഡ്രൈവ്‌ തുടങ്ങിയതോടെ റോഡ്‌ മാര്‍ഗം സ്‌പിരിറ്റ്‌ കടത്തുന്നത്‌ പ്രയാസമായതോടെയാണു കടല്‍മാര്‍ഗം മദ്യം കടത്തുന്നത്‌. ഹാര്‍ബറുകളിലും തീരദേശങ്ങളിലും പരിശോധനകള്‍ ഇല്ലാത്തതാണിതിനു പ്രധാന കാരണം. കേരളത്തിലെ നാലു പ്രധാന ചെക്‌പോസ്‌റ്റുകളില്‍ക്കൂടിയാണ്‌ നേരത്തെ സ്‌പിരിറ്റ്‌ എത്തിച്ചിരുന്നത്‌.

കോട്ടയം, ആലപ്പുഴ, തൃശൂര്‍, കോഴിക്കോട്‌, മംഗലാപുരം എന്നിവിടങ്ങളില്‍ നിന്നാണ്‌ ഇപ്പോള്‍ കേരളത്തിലെ മറ്റ്‌ ജില്ലകളിലേക്ക്‌ സ്‌പിരിറ്റ്‌ എത്തിക്കുന്നതെന്ന്‌ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്‌. സംസ്‌ഥാനത്തിനുള്ളില്‍ പ്രധാനമായും കായല്‍, കടല്‍ മാര്‍ഗം ഉപയോഗിച്ച്‌ സ്‌പിരിറ്റ്‌ കടത്തുന്നത്‌ കോട്ടയം, ആലപ്പുഴ, കൊല്ലം, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ക്കൂടിയാണ്‌. ഇവിടങ്ങളില്‍ നിന്ന്‌ ഹൈവേ മാര്‍ഗം മറ്റ്‌ ജില്ലകളിലേക്ക്‌ വാഹനങ്ങളില്‍ എത്തിക്കുകയാണ്‌ പതിവ്‌. സംസ്‌ഥാനത്ത്‌ പോലീസ്‌ നിരീക്ഷണം ശക്‌തമായിട്ടുള്ള ജില്ലകളായ കൊല്ലം, എറണാകുളം, കോട്ടയം എന്നിവിടങ്ങളില്‍ വാഹനങ്ങള്‍ ഉപയോഗിക്കാതെയാണു കടത്ത്‌. ഇത്‌ ഏതു രീതിയിലാണെന്ന്‌ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടില്ല.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top