Main Home | Feedback | Contact Mangalam
Ads by Google

നിഷാമിന്‌ ആഡംബര ഹോട്ടലില്‍ ബന്ധുക്കള്‍ക്കൊപ്പം ഉച്ചഭക്ഷണം

mangalam malayalam online newspaper

തൃശൂര്‍ : ചന്ദ്രബോസ്‌ വധക്കേസിലെ പ്രതി മുഹമ്മദ്‌ നിഷാമിനു ബന്ധുക്കള്‍ക്കൊപ്പം ഉച്ചഭക്ഷണം കഴിക്കാന്‍ പോലീസ്‌ സൗകര്യമൊരുക്കി. ഇന്നലെ തൃശൂര്‍ ഒന്നാം അഡീഷണല്‍ സെഷന്‍സ്‌ കോടതിയില്‍ നിഷാമിനെ ഹാജരാക്കാന്‍ കൊണ്ടുവന്ന കണ്ണൂരിലെ പോലീസാണ്‌ വിവാദത്തിനു വഴിവച്ചത്‌. ചന്ദ്രബോസിന്റെ മരണം കൊലപാതകമല്ലെന്നാരോപിച്ച്‌ പ്രതിഭാഗം നല്‍കിയ വിടുതല്‍ ഹര്‍ജിയില്‍ വാദം പൂര്‍ത്തിയാക്കുന്ന ദിവസമായ ഇന്നലെ നിഷാമിനെ രാവിലെ തന്നെ കോടതിയിലെത്തിച്ചിരുന്നു. എന്നാല്‍ പബ്ലിക്‌ പ്രോസിക്യൂട്ടര്‍ക്ക്‌ ഹാജരാകാന്‍ സാധിക്കാതിരുന്നതിനെ തുടര്‍ന്നു കോടതി വാദം ഉച്ചതിരിഞ്ഞ്‌ 2.30നു നിശ്‌ചയിക്കുകയായിരുന്നു. തുടര്‍ന്നു പ്രതിയെ വെസ്‌റ്റ്‌ പോലീസ്‌ സ്‌റ്റേഷനില്‍ കൊണ്ടുപോകണമെന്നായിരുന്നു നിര്‍ദേശം. എന്നാല്‍ പോലീസ്‌ നിഷാമിനെ ഹോട്ടലിലേക്കു കൊണ്ടുപോവുകയായിരുന്നു.

ഇതിനിടെയാണു സഹോദരനടക്കമുള്ള ഏതാനും ബന്ധുക്കളുമൊത്ത്‌ അയ്യന്തോളിലെ സ്വകാര്യ ആഡംബര ഹോട്ടലില്‍ നിഷാം ഭക്ഷണം കഴിച്ചത്‌. ഹോട്ടലിലെ ഒന്നാംനിലയിലെ പ്രത്യേക മുറിയിലായിരുന്നു ഇവര്‍ ഭക്ഷണം കഴിച്ചത്‌. ഹോട്ടലിലെ സി.സി.ടി.വി. ക്യാമറകള്‍ ഓഫാക്കിയാണ്‌ വിരുന്നൊരുക്കിയതെന്നും പറയുന്നു. ഭക്ഷണം കഴിക്കുന്നതിനായി കോടതിക്കു പുറത്ത്‌ പ്രതിയുടെ വിലങ്ങുകള്‍ അഴിച്ചതായും ആരോപണമുണ്ട്‌. ഒരു മണിക്കൂറോളം സമയം ബന്ധുക്കളുമായി ചെലവഴിക്കാന്‍ നിഷാമിനു കഴിഞ്ഞു. ബന്ധുക്കള്‍ പലരും നിഷാമിനോട്‌ സൗഹൃദസംഭാഷണവും നടത്തി. ചാനല്‍ സംഘം വിവരമറിഞ്ഞ്‌ എത്തുന്നതു മനസിലാക്കിയ പോലീസുകാര്‍ നിഷാമിനെ ഹോട്ടലില്‍നിന്നു പുറത്തിറക്കിയെന്നും പറയുന്നുണ്ട്‌. ഈ സമയം ബന്ധുക്കള്‍ ഹോട്ടലില്‍ തന്നെയായിരുന്നു.

കണ്ണൂരില്‍നിന്നുള്ള പോലീസിന്റെ ഗുരുതരമായ വീഴ്‌ചയായിട്ടാണ്‌ ഈ നടപടി കണക്കാക്കുന്നത്‌. ഇത്‌ നിയമവിരുദ്ധമായ നടപടിയാണെന്ന്‌ സ്‌പെഷ്യല്‍ പബ്ലിക്‌ പ്രോസിക്യൂട്ടര്‍ അഡ്വ. സി.പി. ഉദയഭാനു പറഞ്ഞു. ഇക്കാര്യം ഡി.ജി.പിയെ അറിയിച്ചതായി പ്രോസിക്യൂട്ടര്‍ പറഞ്ഞു. തന്റെ കൂടെ വരുന്ന പോലീസുകാര്‍ പ്രോസിക്യൂഷനെ സഹായിക്കാന്‍ ചുമതലപ്പെട്ടവര്‍ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. ചന്ദ്രബോസിന്റെ ബന്ധുക്കളും ഡി.ജി.പിയെ ഫോണില്‍ ബന്ധപ്പെട്ടു. ഇതേതുടര്‍ന്ന്‌ അന്വേഷണം നടത്താന്‍ ഡി.ജി.പി. സിറ്റി പോലീസ്‌ കമ്മിഷണര്‍ കെ.ജി. സൈമണ്‌ നിര്‍ദേശം നല്‍കി. കമ്മിഷണറുടെ നിര്‍ദേശത്തെ തുടര്‍ന്ന്‌ ചന്ദ്രബോസ്‌ വധക്കേസ്‌ അന്വേഷണോദ്യോഗസ്‌ഥന്‍ പേരാമംഗലം സി.ഐ. പി.സി. ബിജുകുമാര്‍ ഹോട്ടലില്‍ പരിശോധന നടത്തി. സംഭവത്തെപ്പറ്റി ഡി.ജി.പിക്ക്‌ റിപ്പോര്‍ട്ട്‌ ചെയ്‌തതായി കമ്മിഷണര്‍ പറഞ്ഞു. നിഷാമിന്‌ സഹായം ചെയ്‌ത പോലീസുകാര്‍ക്കെതിരേ നടപടിയുണ്ടാവുമെന്നുറപ്പായിട്ടുണ്ട്‌. തൃശൂര്‍ സിറ്റി കമ്മിഷണറുടെ റിപ്പോര്‍ട്ട്‌ ലഭിച്ചതിനുശേഷമായിരിക്കും നടപടിയെന്ന്‌ കണ്ണൂര്‍ എസ്‌.പി. പി.എന്‍. ഉണ്ണിരാജ പറഞ്ഞു.

ഇ.പി. കാര്‍ത്തികേയന്‍

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top