Main Home | Feedback | Contact Mangalam
Ads by Google

ചലനശേഷി നഷ്‌ടപ്പെട്ട്‌ തങ്കച്ചനും ആകാശും; വിധിക്കു മുന്നില്‍ പകച്ച്‌ നിര്‍ധന കുടുംബം

mangalam malayalam online newspaper

വണ്ണപ്പുറം : പരാധീനതകളില്‍ ജീവിതത്തോടു പൊരുതുകയാണ്‌ ഈ നിര്‍ധന കുടുംബം. മാറാ ദീനവും പട്ടിണിയും ഈ കുടുംബത്തെ പരീക്ഷിക്കുമ്പോള്‍ ഇവരോട്‌ കനിവ്‌ കാട്ടാന്‍ അധികൃതര്‍ പോലും തയാറാകുന്നില്ല. എഴുപതേക്കര്‍ സ്വദേശി പൂത്തിരിയില്‍ തങ്കച്ച (59)നും സഹോദരിയുടെ മകന്‍ ആകാശും(9) ആണ്‌ ജന്മനാ ചലനശേഷി നഷ്‌ടപ്പെട്ട്‌ ചികിത്സയില്‍ കഴിയുന്നത്‌. പരസഹായം കൂടാതെ എഴുന്നേറ്റ്‌ നടക്കാന്‍ പോലും കഴിയാത്ത സ്‌ഥിതിയിലാണ്‌ തങ്കച്ചന്‍.
എന്നാല്‍ മൂന്നുവര്‍ഷം മുമ്പ്‌ രക്‌തസമ്മര്‍ദം കൂടിയത്‌ വീണ്ടും ഇദ്ദേഹത്തിന്റെ ജീവിതത്തെ ഇരുട്ടിലാഴ്‌ത്തി. ഇതോടെ ഇടതുകൈയുള്‍പ്പെടെ തളര്‍ന്നതോടെ ആഹാരം പോലും കഴിക്കണമെങ്കില്‍ പരസഹായം വേണ്ട സ്‌ഥിതിയിലാണ്‌. അതിനാല്‍ സ്വന്തം സഹോദരിയുടെ കൂടെയാണ്‌ ഇപ്പോള്‍ താമസം. എന്നാല്‍ സഹോദരിയുടെ ഇളയമകന്‍ ആകാശിനേയും ശാപം പോലെ ഈ ദുര്‍വിധി പിന്തുടരുകയാണ്‌. കാലുകള്‍ക്ക്‌ ജന്മനാ ചലനശേഷി നഷ്‌ടപ്പെട്ട നിലയിലാണ്‌. ഈ കുടുംബത്തിന്റെ ഏക ആശ്രയം കൂലിപ്പണിക്കാരനായ സഹോദരി ഭര്‍ത്താവ്‌ ജോയിയാണ്‌. ഇദ്ദേഹത്തിന്‌ പണിയില്ലാത്ത സാഹചര്യത്തില്‍ പലപ്പോഴും ഈ കുടുംബം പട്ടിണിയിലാണ്‌.

എല്ലാ മാസവും സര്‍ക്കാര്‍ പെന്‍ഷന്‍ 700 രൂപ വീതം അനുവദിച്ചതാണെങ്കിലും കൃത്യമായി ലഭിക്കുന്നില്ല എന്നതാണ്‌ വാസ്‌തവം. കിട്ടിയാല്‍കൂടി റേഷനരിക്ക്‌ മാത്രമേ തികയുകയുള്ളൂ. തങ്കച്ചന്റെയും സഹോദരിയുടെ കുട്ടിയുടെയും ചികിത്സക്കുപോലും മാസം ചിലവാകുന്ന തുക ഈ കുടുംബത്തിന്‌ താങ്ങാവുന്നതിനപ്പുറമാണ്‌. ബ്ലോക്ക്‌ പഞ്ചായത്തില്‍ നിന്ന്‌ മുമ്പ്‌ ഇവര്‍ക്ക്‌ വീടുപണിത്‌ നല്‍കിയതിനാല്‍ ഇന്നിവര്‍ക്ക്‌ തലചായ്‌ക്കാന്‍ ഒരിടമുണ്ട്‌. ഇവര്‍ താമസിക്കുന്നിടം മണ്ണിടിച്ചിലിനും ഉരുള്‍പൊട്ടലിനും സാധ്യതയേറെയുള്ളതിനാല്‍ അതിന്റെ ഭീതി വേറെയും. ഇവരുടെ വീട്ടിലേക്ക്‌ നടപ്പുവഴിപോലും ഇല്ലാത്ത സ്‌ഥിതിയിലാണ്‌. തങ്കച്ചനെയും ആകാശിനെയും ആശുപത്രിയില്‍ കൊണ്ടുപോകണമെങ്കില്‍ കസേരയില്‍ കയറ്റി കുന്നിറങ്ങിയാലേ റോഡിലെത്താന്‍ സാധിക്കൂ.

മരുന്നിനുപോലും പണം കണ്ടെത്താന്‍ വിഷമിക്കുന്ന സമയത്താണ്‌ അടുത്തിടെ കരം അടയ്‌ക്കാനുള്ള നോട്ടീസും ഇവര്‍ക്ക്‌ നല്‍കിയത്‌. വേനല്‍ക്കാലത്ത്‌ കുടിവെള്ളക്ഷാമം അനുഭവപ്പെടുന്ന ഇവിടെ പലപ്പോഴും കുടിവെള്ളം പോലും ലഭിക്കാത്ത സ്‌ഥിതിയാണ്‌. കിലോമീറ്റര്‍ ദൂരത്തിലുള്ള കുഴിയില്‍ നിന്ന്‌ ഓസിട്ടാണ്‌ ഇപ്പോള്‍ ഇവര്‍ വെള്ളം ഉപയോഗിക്കുന്നത്‌. അതും അപൂര്‍വം സമയങ്ങളിലേ ലഭ്യമാകൂ. തെരഞ്ഞെടുപ്പ്‌ സമയത്ത്‌ വാഗ്‌ദാനങ്ങളുമായെത്തുന്ന സ്‌ഥാനാര്‍ഥികളും പിന്നീട്‌ ഇവരേക്കുറിച്ച്‌ മറക്കും. ജീവിതത്തിന്റെ നിസഹായതയില്‍ പകച്ചുനില്‍ക്കുന്ന ഇവര്‍ക്ക്‌ സ്വപ്‌നങ്ങള്‍ മാത്രമാണ്‌ മിച്ചം.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top