Main Home | Feedback | Contact Mangalam
Ads by Google

വിളനാശത്തിനുള്ള ഇന്‍ഷുറന്‍സ്‌ പദ്ധതി പാതിവഴിയില്‍; കര്‍ഷകര്‍ ഞെരുങ്ങുന്നു

തൃശൂര്‍: കാലാവസ്‌ഥാവ്യതിയാനം മൂലമുണ്ടാകുന്ന വിളനാശത്തിനു കര്‍ഷകര്‍ക്കു പെട്ടെന്നു സാമ്പത്തികസഹായം നല്‍കാന്‍ രൂപീകരിച്ച കാലാവസ്‌ഥാധിഷ്‌ഠിത ഇന്‍ഷുറന്‍സ്‌ പദ്ധതി പാളംതെറ്റി. രണ്ടുവര്‍ഷം മുമ്പ്‌ ആരംഭിച്ച പദ്ധതി മുഴുവന്‍ കര്‍ഷകരിലേക്കും എത്തിക്കാന്‍ കഴിഞ്ഞില്ല. മഴ, ഇടിമിന്നല്‍ ഉള്‍പ്പെടെ പെട്ടെന്നുണ്ടാകുന്ന പ്രശ്‌നങ്ങള്‍ക്ക്‌ ഉടന്‍ പരിഹാരമെന്ന നിലയിലാണു പദ്ധതിക്കു രൂപം നല്‍കിയത്‌. ചുരുക്കം കര്‍ഷകര്‍ക്കു മാത്രമാണു പദ്ധതിയില്‍ ചേരാനായത്‌. കഴിഞ്ഞദിവസങ്ങളില്‍ മഴയും ഇടിമിന്നലും മൂലം സംസ്‌ഥാനത്തു വന്‍തോതിലുണ്ടായ കൃഷിനാശത്തിന്റെ പശ്‌ചാത്തലത്തില്‍ ചെറുകിട കര്‍ഷകര്‍ അപേക്ഷയുമായി കൃഷിഭവനുകള്‍ കയറിയിറങ്ങേണ്ട ദുരവസ്‌ഥയാണ്‌. പലിയടത്തും കൃഷിഭവനുകള്‍ നോക്കുകുത്തിയായതിനിടെയാണു പദ്ധതിനടത്തിപ്പും ഉഴപ്പിയത്‌.
കേന്ദ്രസര്‍ക്കാരിന്റെ കൂടി സഹായത്തോടെയാണ്‌ രണ്ടുവര്‍ഷം മുമ്പ്‌ പദ്ധതിക്കു രൂപംനല്‍കിയത്‌. പ്രാദേശിക കൃഷിഭവനുകള്‍ കേന്ദ്രീകരിച്ച്‌ കര്‍ഷകരുടെ രജിസ്‌ട്രേഷനും നടത്തി. 2013- ല്‍ പരീക്ഷണാടിസ്‌ഥാനത്തില്‍ ഓരോ ജില്ലയിലും എട്ടു മുതല്‍ 10 വരെ കേന്ദ്രങ്ങളിലാണു പദ്ധതിക്കു രൂപം നല്‍കിയത്‌. വിളനാശത്തിനുള്ള ധനസഹായം മാനദണ്ഡമനുസരിച്ച്‌ ബാങ്ക്‌ അക്കൗണ്ടിലൂടെ നല്‍കുമെന്നായിരുന്നു പ്രഖ്യാപനം. ഇങ്ങനെ കാത്തിരുന്ന പലര്‍ക്കും നിരാശയായിരുന്നു ഫലം. ഇതോടെ കര്‍ഷകര്‍ വീണ്ടും ഓഫീസുകളില്‍ കയറിയിറങ്ങേണ്ട അവസ്‌ഥയാണ്‌. നെല്ല്‌, തെങ്ങ്‌, വാഴ, അടയ്‌ക്ക തുടങ്ങിയ ഉല്‍പ്പന്നങ്ങള്‍ക്ക്‌ ഏക്കറിനു പരമാവധി 14,000 രൂപ വരെയാണു നല്‍കുക. ഇതിന്റ പരിധി കൂട്ടുമെന്നും കേട്ടിരുന്നു. ജില്ലകളില്‍ ചുരുങ്ങിയത്‌ 5000 ഏക്കറിലെങ്കിലുംപദ്ധതി നടപ്പാക്കുമെന്നായിരുന്നു പ്രഖ്യാപനം. ഒരുവര്‍ഷത്തിനകം ഘട്ടംഘട്ടമായി വിപുലീകരിക്കുമെന്നും പറഞ്ഞിരുന്നു. രണ്ടും നടന്നില്ല. ഏക്കര്‍കണക്കിലാണു പ്രീമിയം തുക കര്‍ഷകര്‍ അടയ്‌ക്കേണ്ടത്‌. നെല്ല്‌ 350, തെങ്ങ്‌ 840, വാഴ 2400, കവുങ്ങ്‌ 180 രൂപ എന്നീ തോതിലാണു തുക ഈടാക്കിയത്‌. അതേസമയം പദ്ധതി പ്രാവര്‍ത്തികമാക്കാനുള്ള വീഴ്‌ച മൂലം കൃഷിനാശമുണ്ടായ കര്‍ഷകര്‍ക്കു പരമാവധി 4000 രൂപ വരെയാണു നല്‍കിയിട്ടുള്ളതെന്നു കര്‍ഷകസംഘടനകള്‍ പറയുന്നു. 800 രൂപയാണു പ്രീമിയമായി അടയ്‌ക്കുന്നതെങ്കില്‍ സര്‍ക്കാര്‍ 600 രൂപ നല്‍കും. കര്‍ഷകര്‍ 200 രൂപ സ്വന്തം നിലയില്‍ നല്‍കണമെന്നാണു വ്യവസ്‌ഥ. കര്‍ഷകരില്‍നിന്നു പിരിച്ച പ്രീമിയം തുകയ്‌ക്ക്‌ അനുസൃതമായി പലയിടത്തും സഹായം നല്‍കിയിട്ടില്ല.

കെ. കൃഷ്‌ണകുമാര്‍

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top