Main Home | Feedback | Contact Mangalam
Ads by Google

'ലക്ഷദ്വീപില്‍ നിയമസഭ വേണം' ലോക്‌സഭാ സ്‌പീക്കര്‍ക്ക്‌ എം.പിമാരുടെ നിവേദനം

കൊച്ചി: കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപില്‍ നിയമസഭ സ്‌ഥാപിക്കണമെന്ന ദ്വീപ്‌ നിവാസികളുടെ സ്വപ്‌നത്തിന്‌ ചിറകുമുളയ്‌ക്കുന്നു. നിലവിലുള്ള ഭരണസംവിധാനം മാറ്റി നിയമസഭാ സമ്പ്രദായം കൊണ്ടുവരണമെന്നാവശ്യപ്പെട്ട്‌ ബി.ജെ.പിയുടേതടക്കം 45 എം.പിമാര്‍ ഒപ്പിട്ട നിവേദനം ലക്ഷദ്വീപ്‌ എം.പി. മുഹമ്മദ്‌ ഫൈസല്‍ നാളെ ലോക്‌സഭാ സ്‌പീക്കര്‍ക്കു കൈമാറും.
ഭരണമാറ്റത്തിനു സഹായം തേടി വിവിധ രാഷ്‌ട്രീയ പാര്‍ട്ടികളുടെ മുതിര്‍ന്ന നേതാക്കളുമായി മുഹമ്മദ്‌ ഫൈസല്‍ ചര്‍ച്ച നടത്തിയിരുന്നു. എല്ലാ പാര്‍ട്ടികളും അനുകൂലമാണെന്നും കേന്ദ്രഭരണം മൂലം ലക്ഷദ്വീപ്‌ നിവാസികള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളുടെ പട്ടിക നിവേദനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര ഭരണത്തില്‍ ലക്ഷദ്വീപിലെ ജനം വിവരണാതീതമായ പ്രയാസങ്ങളാണ്‌ നേരിടുന്നതെന്ന്‌ നിവേദനത്തില്‍ പറയുന്നു. ലക്ഷദ്വീപ്‌ വികസനത്തിനായി കേന്ദ്ര സര്‍ക്കാര്‍ അനുവദിക്കുന്ന പണം ഉദ്യോഗസ്‌ഥര്‍ അട്ടിമറിക്കുകയാണ്‌. ദ്വീപിലെ ഭരണം പൂര്‍ണമായും നിയന്ത്രിക്കുന്നതു ചുരുങ്ങിയ കാലത്തേക്കു ചുമതല നിര്‍വഹിക്കാനെത്തുന്ന ഉദ്യോഗസ്‌ഥരാണ്‌. ജനങ്ങളുടെ പ്രാഥമിക ആവശ്യങ്ങള്‍ക്കു പരിഹാരം കാണാന്‍ പോലും ഇവര്‍ തയാറാകുന്നില്ല. അഡ്‌മിനിസ്‌ട്രേറ്റീവ്‌ ഭരണത്തില്‍ പരിമിതമായ ജനാധിപത്യം പോലും ഇവിടെയില്ല.
ഗതാഗത മേഖലയില്‍ ദ്വീപ്‌ നിവാസികളുടെ ദുരിതത്തിന്‌ വര്‍ഷങ്ങളുടെ പഴക്കമുണ്ട്‌. സ്‌ത്രീകളും വയോധികരുമടക്കമുള്ളവര്‍ നാട്ടിലേക്കു തിരികെപ്പോകാന്‍ രാത്രിയും പകലും കേരളത്തിലെ ടിക്കറ്റ്‌ കൗണ്ടറുകളില്‍ കാത്തുകിടക്കേണ്ട അവസ്‌ഥ. ദ്വീപില്‍ സര്‍ക്കാര്‍ ജോലിയുള്ളവര്‍ 10 ശതമാനം മാത്രമാണ്‌. ഇത്‌ മാറ്റി സഹകരണ മേഖലയിലും പൊതുസ്വകാര്യ സംയുക്‌ത മേഖലയിലും തൊഴില്‍ സാധ്യതകള്‍ സൃഷ്‌ടിക്കാന്‍ സാധിക്കണം.
ലക്ഷദ്വീപ്‌ വികസന കോര്‍പറേഷന്റെ ആസ്‌ഥാനം കൊച്ചിയില്‍ നിന്ന്‌ ലക്ഷദ്വീപിലേക്കു മാറ്റുക. മീന്‍പിടിത്തം മുഖ്യ ഉപജീവന മാര്‍ഗമാക്കിയവര്‍ക്ക്‌ മീന്‍ സൂക്ഷിച്ചുവയ്‌ക്കാന്‍ സംവിധാനമില്ലാത്തതിനാല്‍ മെച്ചപ്പെട്ട ബിസിനസോ ജീവിതമോ കിട്ടുന്നില്ലെന്നും നിവേദനത്തില്‍ വ്യക്‌തമാക്കുന്നു.

മിഥുന്‍ പുല്ലുവഴി

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top