Main Home | Feedback | Contact Mangalam
Ads by Google

ഗീലാനിയുടെ വരവ്‌: രഹസ്യാന്വേഷണ ഏജന്‍സികള്‍ അനിശ്‌ചിതത്വത്തില്‍

കൊച്ചി: അറസ്‌റ്റിലായ പ്രവര്‍ത്തകരുടെ മോചനമാവശ്യപ്പെട്ട്‌ മാവോയിസ്‌റ്റ്‌ അനുകൂല സംഘടനകള്‍ നാളെ കൊച്ചിയില്‍ സംഘടിപ്പിക്കുന്ന യോഗത്തില്‍ പ്രഫ. എസ്‌.എ.ആര്‍. ഗീലാനി പങ്കെടുക്കുമോ എന്ന കാര്യത്തില്‍ വ്യക്‌തതയില്ലാതെ രഹസ്യാന്വേഷണ ഏജന്‍സികള്‍.
ഇതുസംബന്ധിച്ച്‌ ഡല്‍ഹിയില്‍നിന്ന്‌ അറിയിപ്പൊന്നും കിട്ടിയിട്ടില്ലെന്നാണു കേന്ദ്ര-സംസ്‌ഥാന രഹസ്യാന്വേഷണ ഏജന്‍സികള്‍ നല്‍കുന്ന സൂചന. പാര്‍ലമെന്റ്‌ ആക്രമണ കേസില്‍ കുറ്റവിമുക്‌തനാക്കപ്പെട്ടശേഷം മനുഷ്യാവകാശ പ്രവര്‍ത്തകനായി മാറിയ ഗീലാനി മാവോയിസ്‌റ്റ്‌ പരിപാടിയില്‍ പങ്കെടുക്കുന്നത്‌ അപകടകരമാണെന്ന്‌ ചൂണ്ടിക്കാട്ടി കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം ആഭ്യന്തര മന്ത്രാലയത്തിന്‌ റിപ്പോര്‍ട്ട്‌ നല്‍കിയെന്നാണു വിവരം. ഗീലാനി പരിപാടിയില്‍ പങ്കെടുത്താല്‍ സംഘപരിവാര്‍ സംഘടനകള്‍ പ്രതിഷേധമുയര്‍ത്തിയേക്കാമെന്നു സംസ്‌ഥാന രഹസ്യാന്വേഷണ വിഭാഗവും റിപ്പോര്‍ട്ട്‌ നല്‍കിയിട്ടുണ്ട്‌.
ഗീലാനിയുടെ സന്ദര്‍ശനം സംബന്ധിച്ച്‌ വ്യക്‌തമായ വിവരം ലഭിക്കാത്ത സാഹചര്യത്തില്‍ കനത്ത ജാഗ്രത പാലിക്കാനാണ്‌ പോലീസിനു ലഭിച്ചിരിക്കുന്ന നിര്‍ദേശം. എറണാകുളം കെ.എസ്‌.ഇ.ബി. ഹാളില്‍ സംഘടിപ്പിച്ചിരിക്കുന്ന പരിപാടിയില്‍ സംസ്‌ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 50 മുതല്‍ 60 പേര്‍ വരെ പങ്കെടുക്കുമെന്നാണ്‌ രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിഗമനം.
മാവോയിസ്‌റ്റ്‌ പ്രവര്‍ത്തനത്തിന്റെ പേരില്‍ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു ജയിലിലടച്ച ജയ്‌സണ്‍ സി. കൂപ്പര്‍, അഡ്വ. തുഷാര്‍ നിര്‍മ്മല്‍ സാരഥി എന്നിവരെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ടാണ്‌ യോഗം. നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമം (യു.എ.പി.എ) റദ്ദാക്കണമെന്ന മുദ്രവാക്യമുയര്‍ത്തി ഹൈക്കോടതി ജംഗ്‌ഷനില്‍ നാളെ പൊതുസമ്മേളനവും സംഘടിപ്പിക്കുമെന്നാണ്‌ സംഘാടകര്‍ അറിയിച്ചിരിക്കുന്നത്‌. അതേസമയം, യു.എ.പി.എ. ചുമത്തി പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌ത ജയ്‌സണ്‍, അഡ്വ. തുഷാര്‍ എന്നിവരുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത്‌ ഹൈക്കോടതി 16 ലേക്കു മാറ്റി. ഇവരുടെ ജാമ്യാപേക്ഷ നേരത്തെ സിംഗിള്‍ ബെഞ്ച്‌ തള്ളിയിരുന്നു.

കെ.കെ. സുനില്‍

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top