Main Home | Feedback | Contact Mangalam
Ads by Google

ചെക്ക്‌പോസ്‌റ്റുകള്‍ വഴി പെയിന്റ്‌ കള്ളക്കടത്ത്‌; പ്രതിവര്‍ഷം നഷ്‌ടം 300 കോടി

തിരുവനന്തപുരം: സ്‌ഥാനത്തിന്റെ നികുതിവരവ്‌ കുത്തനെ കുറയുമ്പോഴും ചെക്ക്‌പോസ്‌റ്റുകള്‍ വഴി നികുതി വെട്ടിച്ചുള്ള കള്ളക്കടത്ത്‌ കൂടുന്നു. നേരത്തേ ഇറച്ചിക്കോഴിയും മറ്റുമാണു കടത്തിയിരുന്നതെങ്കില്‍ ഇപ്പോള്‍ പെയിന്റിനോടാണു നികുതിവെട്ടിപ്പുകാര്‍ക്കു പ്രിയം. സംസ്‌ഥാനത്ത്‌ ആവശ്യമുള്ള പെയിന്റില്‍ സിംഹഭാഗവും കള്ളക്കടത്തിലൂടെയാണ്‌ എത്തുന്നത്‌. ഇതിലൂടെ പ്രതിവര്‍ഷം 300 കോടി രൂപയുടെ നികുതിനഷ്‌ടം ഉണ്ടാകുന്നു എന്നാണു പ്രാഥമിക വിലയിരുത്തല്‍. ചെക്ക്‌പോസ്‌റ്റുകള്‍ വഴി കള്ളക്കടത്ത്‌ വര്‍ധിക്കുന്നതായി സംസ്‌ഥാന പൊതുചെലവ്‌ അവലോകന കമ്മിറ്റി പല റിപ്പോര്‍ട്ടുകളിലും ചൂണ്ടിക്കാട്ടിയിരുന്നു.

തമിഴ്‌നാട്ടിലെയും കേരളത്തിലെയും നികുതിയിലുള്ള വ്യത്യാസമാണു കള്ളക്കടത്തിനു വഴിവയ്‌ക്കുന്നത്‌. തമിഴ്‌നാട്ടില്‍ പെയിന്റിന്‌ അഞ്ചു ശതമാനമാണു നികുതി. എന്നാല്‍ കേരളത്തില്‍ അത്‌ 14.5 ശതമാനമാണ്‌. ഇതോടെയാണു അതിര്‍ത്തി ചെക്ക്‌പോസ്‌റ്റുകള്‍ വഴി പെയിന്റ്‌ വ്യാപകമായി കടത്തുന്നത്‌.

ചരക്കുവാഹനങ്ങളിലാണ്‌ പെയിന്റ്‌ ഒളിപ്പിച്ചു കടത്തുന്നത്‌. വാഴക്കുലയുമായി തമിഴ്‌നാട്ടില്‍ നിന്നു വരുന്ന വാഹനങ്ങളാണ്‌ ഇതില്‍ മുന്നില്‍. ഇതിനു പുറമേ കാറുകളില്‍ ഒളിപ്പിച്ചു കൊണ്ടുവരുന്ന പെയിന്റുകള്‍ കേരളത്തിലെ അതിര്‍ത്തി പ്രദേശത്തെ പെയിന്റ്‌ കടകളുടെ ഗോഡൗണുകളില്‍ ഇറക്കുകയാണ്‌. ഒരു ദിവസം പലതവണയാണ്‌ ഇത്തരം വാഹനങ്ങള്‍ ചെക്ക്‌പോസ്‌റ്റുകള്‍ വഴി അങ്ങോട്ടും ഇങ്ങോട്ടും കടക്കുന്നത്‌. കേരളത്തിലേക്ക്‌ പെയിന്റ്‌ നിര്‍ബാധം കടത്തുന്നതിനായി തമിഴ്‌നാടിന്റെ അതിര്‍ത്തിയില്‍ പുതിയ ഗോഡൗണുകളും കടകളും പ്രവര്‍ത്തിക്കുന്നുണ്ട്‌. അമരവിള, വാളയാര്‍, ആര്യങ്കാവ്‌, ഇടുക്കിയിലെ ചെക്ക്‌പോസ്‌റ്റുകള്‍ എന്നിവ വഴിയാണ്‌ ഇവ കടത്തുന്നത്‌.

കേരളത്തിലുള്ള പല കടകളിലും ഇപ്പോള്‍ തമിഴ്‌നാടിന്റെ മുദ്രയുള്ള പാക്കറ്റുകളില്‍ പെയിന്റ്‌ ലഭ്യമാണ്‌. പ്രതിമാസം 100 മുതല്‍ 150 കോടി രൂപയുടെ വരെ പെയിന്റ്‌ ബിസിനസാണ്‌ കേരളത്തില്‍ നടക്കുന്നത്‌. ഒരു ജില്ലയില്‍ ശരാശരി പത്തു കോടിയുടെ കച്ചവടം. അടുത്തിടെയായി ഇതില്‍ മൂന്നു കോടിയുടെ വരെ കുറവുണ്ടായിട്ടുണ്ടെന്നാണു കണക്ക്‌.

പ്രധാനപ്പെട്ട കമ്പനികളുടെ വില്‍പനയില്‍ പ്രതിമാസം 15 മുതല്‍ 25 ലക്ഷം രൂപയുടെ കുറവാണു സംസ്‌ഥാനത്തെ കച്ചവടത്തിലുള്ളതെന്നും കണക്കാക്കുന്നു. എല്ലാ കമ്പനികളും കൂടി കൂട്ടുമ്പോള്‍ ഇത്‌ മൂന്നു കോടിയോളം വരും. ഈ കണക്കനുസരിച്ച്‌ പ്രതിമാസം 20 മുതല്‍ 25 കോടി രൂപയുടെ കുറവ്‌ നികുതിയിലുണ്ടാകുന്നുണ്ട്‌.

പ്രതിവര്‍ഷം അത്‌ 300 കോടിക്കടുത്തു വരുമെന്നാണു വിലയിരുത്തല്‍. സംസ്‌ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്നതിനിടെയാണ്‌ കള്ളക്കടത്ത്‌ വ്യാപകമാകുന്നത്‌. ചെക്ക്‌പോസ്‌റ്റുകളില്‍ ഇവര്‍ക്ക്‌ അനുകൂലമായ നിലപാടാണ്‌ പല ഉദ്യോഗസ്‌ഥരും സ്വീകരിക്കുന്നതെന്ന്‌ ആരോപണമുണ്ട്‌.

ആര്‍. സുരേഷ്‌

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top