Main Home | Feedback | Contact Mangalam
Ads by Google

കാമ്പസിലെ ലഹരിവിളയാട്ടം അനുവദിക്കരുത്‌

mangalam malayalam online newspaper

അതിരുവിടുന്ന ആഘോഷത്തിനു ലഹരിയുടെ കൂടി അകമ്പടിയുണ്ടെങ്കില്‍ അതിന്റെ പര്യവസാനം എങ്ങനെയെന്നു പ്രവചനാതീതം. ചിലപ്പോള്‍ മരണംപോലും സംഭവിക്കാം. തിരുവനന്തപുരം കോളജ്‌ ഓഫ്‌ എന്‍ജിനീയറിങ്ങില്‍ (സി.ഇ.ടി.) തെസ്‌നി ബഷീര്‍ എന്ന പെണ്‍കുട്ടിക്കു സംഭവിച്ച ദുരന്തം ആഘോഷം മരണക്കളിയിലേക്കു മാറിയതിന്റെ ഫലമായിരുന്നു.

വിടരും മുമ്പേ അടര്‍ത്തിയെറിയപ്പെട്ടത്‌ ഒരു കുടുംബത്തിന്റെ പ്രതീക്ഷകളപ്പാടെയാണ്‌. അപരിഹാര്യമായ ആ നഷ്‌ടം എന്നുമൊരു തീരാവേദനയായി ബന്ധുമിത്രാദികളെ ചൂഴ്‌ന്നു നില്‍ക്കും. വാഹനങ്ങള്‍ക്കു വിലക്കു കല്‍പിച്ചിരുന്ന ക്യാമ്പസിനുള്ളിലേക്കു ലോറിയും ജീപ്പും നൂറോളം ബൈക്കുകളും കടന്നുവന്നു എന്നതു തന്നെ വന്‍ വീഴ്‌ചയായി. ഓണാഘോഷത്തിനായിട്ടാണ്‌ ഇത്രയധികം വാഹനങ്ങളും വിദ്യാര്‍ഥികളും പുറത്തുനിന്നുള്ളവരും ഇവിടെ എത്തിച്ചേര്‍ന്നത്‌. കുടിച്ചു കൂത്താടി നടന്ന ഈ പേക്കൂത്തിനെ ഓണാഘോഷമെന്നു വിളിക്കുന്നത്‌ തന്നെ കടന്നകൈയാണ്‌. കോളജ്‌ കാമ്പസുകള്‍ സമൂഹത്തിന്റെ യുവത്വത്തെയാണ്‌ പ്രതിനിധാനം ചെയ്ുന്നത്‌യ. സാംസ്‌കാരിക, രാഷ്‌ട്രീയ, സാമൂഹിക മണ്ഡലങ്ങളില്‍ നടക്കുന്ന എന്തുമേതും ക്യാമ്പസുകളിലാണ്‌ ആദ്യം പ്രതിഫലിക്കുക. സമൂഹത്തിലെ നന്മകളും തിന്മകളും ഒരുപോലെ അതില്‍ ഇഴചേര്‍ന്നിരിക്കുന്നു. സി.ഇ.ടിയില്‍ കണ്ടത്‌ തിന്മകളുടെ ആഘോഷത്തിമര്‍പ്പായിരുന്നു എന്നു വ്യാഖ്യാനിച്ചാലും കുറ്റം പറയാന്‍ കഴിയില്ല.
2002-ല്‍ ഇതേ കാമ്പസില്‍ അമിതവേഗത്തില്‍ പാഞ്ഞുവന്ന ബൈക്കിടിച്ച്‌ അമിത ശങ്കര്‍ എന്ന പെണ്‍കുട്ടിക്കു ദാരുണമരണം സംഭവിച്ചിരുന്നു. അതേത്തുടര്‍ന്നായിരുന്നു വാഹനങ്ങളെ ക്യാമ്പസില്‍ വിലക്കിയത്‌. പതിനഞ്ചുവര്‍ഷം പിന്നിടുമ്പോള്‍ വീണ്ടും അതേ അപകടത്തിന്റെ വേദനിപ്പിക്കുന്ന തനിയാവര്‍ത്തനം കണ്ടു. ഒരു ദുരനുഭവത്തിന്റെ പാഠങ്ങള്‍ പഠിക്കാത്തതുകൊണ്ടും നിയമങ്ങള്‍ പാലിക്കപ്പെടാത്തതുകൊണ്ടും വിലപ്പെട്ട ഒരു ജീവന്‍ തന്നെ നഷ്‌ടപ്പെടുത്തേണ്ടിവന്നിരിക്കുന്നു.
അപകടങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കുറച്ചു നാള്‍ കാട്ടിയ ശ്രദ്ധ പിന്നീട്‌ കോളജ്‌ അധികാരികളില്‍ നിന്ന്‌ ഉണ്ടാകാത്തതും അപരാധമാണ്‌. മാത്രവുമല്ല, തെസ്‌നി ബഷീറിന്‌ അപകടം പിണഞ്ഞതിനുശേഷം മണിക്കൂറുകള്‍ക്കുശേഷമാണ്‌ വിദഗ്‌ധ ചികിത്സ ലഭ്യമാക്കിയതെന്നും ആരോപിക്കപ്പെടുന്നു.

കാമ്പസുകളില്‍ ലോറിയും തുറന്ന ജീപ്പും ബൈക്കുകളും കൊണ്ട്‌ പ്രചണ്ഡമായ ഉത്സവാന്തരീക്ഷം സൃഷ്‌ടിക്കുന്നത്‌ എന്തിന്റെ പേരിലായാലും അനുവദിക്കപ്പെടരുതായിരുന്നു. മുതിര്‍ന്നവര്‍ തെരുവുകളില്‍ നടത്തുന്ന തെരഞ്ഞെടുപ്പു പ്രചാരണ കൊട്ടിക്കലാശമെന്ന ആഭാസത്തിന്റെ നേര്‍പ്പതിപ്പായിരുന്നു സി.ഇ.ടിയില്‍ നടന്നത്‌. ലഹരി വസ്‌തുക്കളുടെ ഉപയോഗം ക്യാമ്പസുകളില്‍ വീണ്ടും മടങ്ങിയെത്തിയെന്നും ഈ സംഭവം അടിവരയിടുന്നു. മദ്യലഹരിയിലാണ്‌ അപകടം സൃഷ്‌ടിച്ച വാഹനത്തിലുണ്ടായിരുന്നവരൊക്കെത്തന്നെയെന്നു പോലീസ്‌ വ്യക്‌തമാക്കുന്നു. സ്‌കൂള്‍, കോളജ്‌ വിദ്യാര്‍ഥികളെ വലയിലാക്കി വ്യാപാരംകൊഴുപ്പിക്കാന്‍ ലഹരിമാഫിയ നടത്തുന്ന ശ്രമങ്ങള്‍ സമീപകാലത്ത്‌ കൂടുതല്‍ വ്യാപകമായിട്ടുണ്ട്‌. ബാറുകള്‍ പൂട്ടി മദ്യലഭ്യത കുറഞ്ഞത്‌ ലഹരിയുടെ മറ്റു വഴികളിലേക്ക്‌ തിരിയാന്‍ യുവതയെ പ്രേരിപ്പിച്ചിരിക്കുന്നു എന്നു വേണം കരുതാന്‍. ഗേറ്റില്‍ സുരക്ഷാഭടനെ തള്ളിനീക്കി മരണദൂതുമായി കാമ്പസിനുള്ളിലേക്ക്‌ ഉന്മാദാവസ്‌ഥയില്‍ ഇരമ്പിയാര്‍ത്തുവരികയായിരുന്നു സംഘം. സംഭവത്തിനുത്തരവാദികളെന്നു കരുതുന്ന 12 പേരെ കോളജില്‍നിന്ന്‌ സസ്‌പെന്‍ഡ്‌ ചെയ്‌തിരിക്കുകയാണ്‌. ഇവര്‍ക്കെതിരേ പോലീസ്‌ മനപ്പൂര്‍വമല്ലാത്ത നരഹത്യയ്‌ക്കാണ്‌ കേസെടുത്തിരിക്കുന്നത്‌.

അച്ചടക്കം, സാമൂഹികാവബോധം എന്നിവയുടെ കുറവും പൊതുമൂല്യങ്ങളുടെ ശോഷണവും വിദ്യാര്‍ഥികളെ ബാധിച്ചിരിക്കുന്നു. നന്മയുടെ പാഠങ്ങളാണ്‌ കുട്ടിമനസുകളില്‍ നിന്ന്‌ മായുന്നത്‌. അതിന്റെ വീണ്ടെടുപ്പിനായി പ്രകാശംപരത്തുന്നവരായി മുതിര്‍ന്നവര്‍ സ്വയംമാറേണ്ടിയിരിക്കുന്നു. ഇരകളുടെ പട്ടികയില്‍ ഇനിയാരും ഇടംപിടിക്കാതിരിക്കാന്‍ അതേ മാര്‍ഗമുള്ളൂ.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top