Main Home | Feedback | Contact Mangalam
Ads by Google

ക്വട്ടേഷന്‍ സംഘം പ്രവാസിയെ തട്ടിക്കൊണ്ടുപോയി പിന്നീട്‌ വിട്ടയച്ചു; ഒരാള്‍ അറസ്‌റ്റില്‍

mangalam malayalam online newspaper

തിരൂര്‍: നാട്ടിലെത്തിയ പ്രവാസിയെ കുഴല്‍പണ സംഘത്തിന്റെ നിര്‍ദേശപ്രകാരം ക്വട്ടേഷന്‍ സംഘം തട്ടിക്കൊണ്ടുപോയി. പിന്നീട്‌ താമരശേരി ബസ്‌റ്റാന്റ്‌ പരിസരത്ത്‌ ഉപേക്ഷിച്ചു. സംഭവത്തില്‍ ക്വട്ടേഷന്‍ സംഘത്തിലെ ഒരാളെ തിരൂര്‍ പോലീസ്‌ അറസ്‌റ്റു ചെയ്‌തു. കോഴിക്കോട്‌ മടവൂര്‍ പഞ്ചായത്തിലെ പാറന്നൂരില്‍ പൂല്ലാളൂര്‍ അരോത്ത്‌ താഴംവീട്ടില്‍ അബ്‌ദുള്‍ ബാഫിദ്‌ (മാനു 22) ആണു അറസ്‌റ്റിലായത്‌. തിരൂര്‍ വെട്ടം സ്വദേശി കാവതിയാട്‌ സുബ്രഹ്‌മണ്യന്‍ (48) എന്നയാളെ തട്ടിക്കൊണ്ടു പോയ സംഭവത്തിലാണ്‌ അറസ്‌റ്റ്. സുബ്രഹ്‌മണ്യന്‍ സൗദി അറേബ്യയില്‍ സ്വന്തമായി ബിസിനസ്‌ നടത്തിവരികയായിരുന്നു. ബിസിനസ്‌ തകര്‍ന്നതോടെ സാമ്പത്തികമായ ബുദ്ധിമുട്ടുണ്ടായി. ഗള്‍ഫില്‍ കുഴല്‍പ്പണം ഇടപാടും പലിശയ്‌ക്ക്‌ പണം കടം കൊടുക്കുന്നയാളുമായ കോഴിക്കോട്‌ സ്വദേശി അനിലിന്റെ പക്കല്‍ നിന്നും ഇയാള്‍ പണം കടം വാങ്ങി. 300 റിയാല്‍ വെച്ച്‌ തിരിച്ചടച്ചുകൊണ്ടിരുന്നെങ്കിലും കൊടുത്ത പണം മുതലിലേക്കു തന്നെ കാര്യമായി ചെന്നില്ല. കൂടുതല്‍ ദുരിതത്തിലായ സുബ്രഹ്‌മണ്യന്‍ ഒരു വര്‍ഷം മുമ്പാണ്‌ നാട്ടില്‍ തിരിച്ചെത്തിയത്‌. ബാബു എന്നൊരാള്‍ മുഖേന നാട്ടില്‍ പണം അടയ്‌ക്കാനായിരുന്നു അനിലിന്റെ നിര്‍ദേശം. അതനുസരിച്ച്‌ ഒരു ലക്ഷം രൂപ മലപ്പുറത്ത്‌ എത്തിച്ചുകൊടുത്തു. വീണ്ടും ഒമ്പതു ലക്ഷം രൂപ കുടിശിഖയുണ്ടെന്നു പറഞ്ഞതോടെ സുബ്രഹ്‌മണ്യന്‍ വീണ്ടും വിഷമത്തിലായി. അതിനിടെ ഇക്കഴിഞ്ഞ മൂന്നിന്‌ റാഷിദ്‌, ജംഷീര്‍ എന്നു പേരുള്ള രണ്ടു പേര്‍ സുബ്രഹ്‌മണ്യന്റെ വീട്ടില്‍ കാറുമായെത്തി ടൗണിലേക്കാണെന്നു പറഞ്ഞ്‌ കൊണ്ടുപോവുകയായിരുന്നു. വഴിയില്‍ വെച്ച്‌ രണ്ടു പേര്‍ കുടി കയറി. സുബ്രഹ്‌മണ്യനെ നരിക്കുനിക്കു സമീപമുള്ള ഒരു വീട്ടില്‍ തടവിലാക്കി. സുബ്രഹ്‌മണ്യന്‍ തിരിച്ചു വരാതായതോടെ സംശയം തോന്നിയ സഹോദരന്‍ അശോകന്‍ സുബ്രഹ്‌മണ്യനെ തട്ടിക്കൊണ്ടുപോയതായി കാണിച്ച്‌ തിരൂര്‍ പോലീസില്‍ പരാതി നല്‍കി. തിരൂര്‍ ഡി.വൈ.എസ്‌.പിയുടെ പ്രത്യേക നിര്‍ദേശ പ്രകാരം ഊര്‍ജിത അനേ്വഷണം നടത്തി. ബാബുവിന്റേതാണെന്നു പറയപ്പെടുന്ന മൊബൈല്‍ ഫോണിലെ ടവര്‍ കേന്ദ്രീകരിച്ചു നടത്തിയ അനേ്വഷണത്തില്‍ ചേവായൂരില്‍ നിന്നും വിളി വന്നത്‌ തിരിച്ചറിഞ്ഞു. ചേവായൂര്‍ പോലീസ്‌ സ്‌റ്റേഷനില്‍ സമാന സ്വഭാവമുള്ള കേസുണ്ടായിരുന്നതിനാല്‍ അതിലെ പരാതിക്കാരനെ കണ്ടെത്തി. ഇയാളെ തട്ടിക്കൊണ്ടു പോയ കാറിന്റെ നമ്പരും പ്രതികളില്‍ ഒരാളുടെ പടവും തിരിച്ചറിഞ്ഞു. ബാബു ഉപയോഗിച്ചിരുന്നത്‌ വ്യാജ സിം കാര്‍ഡുപയോഗിച്ചതാണെന്നും വ്യക്‌തമായി. പ്രതികളില്‍ നാലു പേരെ തിരിച്ചറിഞ്ഞതോടെ സംഘത്തിനും ഈ വിവരം മനസ്സിലായി. പിടിക്കപ്പെടുമെന്ന്‌ ഉറപ്പായതോടെ സുബ്രഹ്‌മണ്യനെ കാറില്‍ കയറ്റി താമരശേരി ബസ്‌റ്റാന്റില്‍ ഉപേക്ഷിച്ചു മുങ്ങുകയായിരുന്നു. ഉടന്‍ സുബ്രഹ്‌മണ്യന്‍ വീട്ടിലേക്കു വിളിച്ചു. ഇതിന്റെ അടിസ്‌ഥാനത്തില്‍ പ്രതികള്‍ക്കായി വിരിച്ച വലയില്‍ അബ്‌്ദുള്‍ ബാഫിദ്‌ കുടുങ്ങുകയായിരുന്നു. കേസിലെ മറ്റു പ്രതികളെ ഉടന്‍ കണ്ടെത്താനാകുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌. മഞ്ചേരി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റു കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റു ചെയ്‌തു. തട്ടിക്കൊണ്ടുപോയ കാറിന്റെ ആര്‍.സി ഓണറെ കണ്ടെത്താനും പോലീസിനു കഴിഞ്ഞു. ഈ കാര്‍ തന്റെ കൈവശമില്ലെന്നാണ്‌ ഇയാള്‍ പറഞ്ഞത്‌. സ്‌പെഷ്യല്‍ ഇന്‍വെസ്‌റ്റിഗേഷന്‍ ടീമംഗങ്ങളായ പി. രാജേഷ്‌, പ്രമോദ്‌, എസ്‌.ഐ വത്സന്‍, ഹെഡ്‌ കോണ്‍സ്‌റ്റബിള്‍ പ്രവീണ്‍, രാഗേഷ്‌ എന്നിവര്‍ അനേ്വഷണത്തിനും അറസ്‌റ്റിനും നേതൃത്വം നല്‍കി.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top