Last Updated 45 weeks 5 days ago
Ads by Google
26
Wednesday
April 2017

'ഓര്‍ക്കണം, മുന്നിലെത്തുന്നത്‌ ഫയലുകളല്ല; ജീവിതങ്ങള്‍'

mangalam malayalam online newspaper

മുഖ്യമന്ത്രി പിണറായി വിജയന്‍ സെക്രട്ടേറിയറ്റ്‌ ജീവനക്കാരെ അഭിസംബോധനചെയ്‌തു നടത്തിയ പ്രസംഗത്തിന്റെ പൂര്‍ണരൂപം.

സംസ്‌ഥാനത്തുണ്ടായ അധികാരമാറ്റത്തേത്തുടര്‍ന്നുള്ളതാണ്‌ ഈ യോഗമെന്നു നിങ്ങള്‍ക്കറിയാം. പുതിയ മന്ത്രിസഭ അധികാരമേറ്റതിനേത്തുടര്‍ന്ന്‌ ഇങ്ങനെയൊരു യോഗം വേണ്ടതുണ്ടോയെന്നു ചിന്തിക്കുന്നവരുണ്ടാകാം. രാഷ്‌ട്രീയ ഭരണാധികാരികള്‍ വന്നും പോയുമിരിക്കുമെന്നും സെക്രട്ടേറിയറ്റും അതിന്റെ ഭരണസംവിധാനവും മാറ്റമില്ലാതെ തുടരുമെന്നും കരുതുന്നവരാകും അവര്‍. ആ ചിന്ത ഒരുപരിധിവരെ ശരിയാണുതാനും. സെക്രട്ടേറിയറ്റിന്റെ നടത്തിപ്പില്‍ രാഷ്‌ട്രീയം കലരേണ്ടതില്ല. ഫയലുകളിലെ തീര്‍പ്പിലും രാഷ്‌ട്രീയം കലരേണ്ടതില്ല.
അതേസമയം മറ്റൊന്നുണ്ട്‌. പാര്‍ലമെന്ററി ജനാധിപത്യവ്യവസ്‌ഥയാണു രാജ്യത്തു നിലനില്‍ക്കുന്നത്‌. ആ ജനാധിപത്യക്രമപ്രകാരമാണു പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നത്‌. അതൊരു രാഷ്‌ട്രീയമാറ്റമാണ്‌. രാഷ്‌ട്രീയമാറ്റങ്ങള്‍ ജനാഭിലാഷത്തിലെ മാറ്റങ്ങള്‍ക്കനുസരിച്ചാണു വരുകയെന്ന്‌ എടുത്തുപറയേണ്ടതില്ല. മാറുന്ന ജനാഭിലാഷങ്ങള്‍ ഭരണത്തില്‍ പ്രതിഫലിക്കേണ്ടതു നയങ്ങളായാണ്‌. ആ നയങ്ങളുടെ നടപ്പാക്കല്‍ ജനവിധിപ്രകാരമാണെന്നര്‍ത്ഥം. അവയുടെ നിര്‍വഹണത്തിനു മുഴുവന്‍ സെക്രട്ടേറിയറ്റ്‌ ജീവനക്കാരുടെയും സഹകരണമുണ്ടാകണമെന്ന്‌ ആമുഖമായിത്തന്നെ അഭ്യര്‍ഥിക്കട്ടെ.
ഭരണം എന്നതു തുടര്‍ച്ചയാണ്‌, അതില്‍ രാഷ്‌ട്രീയമില്ല. രാഷ്‌ട്രീയ ഭരണാധികാരികള്‍ മാറിവരുമ്പോഴും ഭരണം അതിന്റേതായ രീതിയില്‍ പോകണം. എന്നാല്‍ അതെങ്ങനെ വേഗത്തിലാക്കാം, എങ്ങനെ കാര്യക്ഷമമാക്കാം, എങ്ങനെ ജനത്തിനു പ്രയോജനപ്പെടുന്ന വിധത്തിലാക്കാം, എങ്ങനെ പുരോഗമനോന്മുഖമാക്കാം എന്നൊക്കെയുള്ള കാര്യങ്ങളില്‍ ഈ പുതിയ സര്‍ക്കാരിന്‌ ഒരു കാഴ്‌ചപ്പാടുണ്ട്‌. അതു നടപ്പാകണം. അതിനു മുഴുവന്‍ സെക്രട്ടേറിയറ്റ്‌ ജീവനക്കാരും ഒറ്റമനസായി പ്രവര്‍ത്തിക്കണം.സത്യത്തില്‍, ഒരേ മേല്‍ക്കൂരയ്‌ക്കു കീഴില്‍ കഴിയുന്നവരാണു നമ്മളെല്ലാം. അതിന്റേതായ ഒരുമയുണ്ടാകണം. നമുക്കിടയില്‍ വേര്‍തിരിവുകളുള്ളതു തസ്‌തികകളുടെ കാര്യത്തില്‍ മാത്രമാണ്‌. മനസുകളുടെ കാര്യത്തില്‍ ഒരു വേര്‍തിരിവുമില്ല. ഈ ബോധത്തോടെ നമുക്കു മുന്നോട്ടുപോകാന്‍ കഴിയണം. ഉദ്യോഗസ്‌ഥരായി നീണ്ടകാലം കഴിയുന്നവര്‍ക്കു ജനങ്ങളുടെ പ്രശ്‌നങ്ങളുടെ തീവ്രത പൂര്‍ണമായി മനസിലാക്കാന്‍ കഴിയണമെന്നില്ല. അതവരുടെ കുറ്റമല്ല. എന്നാല്‍ മുന്നിലെത്തുന്ന പല ഫയലിലും പാവപ്പെട്ടവരില്‍ പാവപ്പെട്ടവരുടെ ജീവിതമാണുള്ളതെന്ന്‌ ഓര്‍മിക്കണം. ആ ഫയലുകളില്‍ നിങ്ങളെഴുതുന്ന കുറിപ്പാകും ഒരുപക്ഷേ അവരില്‍ അപൂര്‍വം ചിലരെങ്കിലും തുടര്‍ന്നു ജീവിക്കണോ മരിക്കണോയെന്നുപോലും നിശ്‌ചയിക്കുന്നത്‌. ഫയലില്‍ പ്രതികൂലപരാമര്‍ശം വന്ന്‌ എല്ലാം തകര്‍ന്നനിലയില്‍, പ്രതീക്ഷ നഷ്‌ടപ്പെട്ട്‌ ആത്മഹത്യചെയ്‌ത ഹിമാചലിലെ ഒരു വൃദ്ധയുടെ കാര്യം പത്രത്തില്‍ വന്നത്‌ എന്റെ ഓര്‍മയിലുണ്ട്‌. എല്ലാ ഫയലിലും അനുകൂലമായി എഴുതാന്‍ കഴിയണമെന്നില്ല. എന്നാല്‍ ഫയലിലുള്ളതു ജീവിതമാണെന്നും കഴിയുന്നത്ര കരുതലോടെ അതു കൈകാര്യം ചെയ്യണമെന്നുമുള്ള ബോധമാകണം നിങ്ങളെ നയിക്കേണ്ടത്‌.
ബ്രിട്ടീഷുകാരുടെ കാലത്തെ ഫയല്‍ നോട്ടരീതിയാണ്‌ ഇന്നും നിലനില്‍ക്കുന്നത്‌. ജനങ്ങളുടെ അവശ്യത്തെ എങ്ങനെയൊക്കെ തടയാം, അവരുടെ അവകാശത്തെ എങ്ങനെയൊക്കെ നിയന്ത്രിക്കാം എന്ന മട്ടിലുള്ള ഒരു നെഗറ്റീവ്‌ ഫയല്‍ നോട്ടസമ്പ്രദായമാണ്‌ അന്നുണ്ടായിരുന്നത്‌. അതിന്നും തുടരുന്നു. അതിനെ എങ്ങനെയൊക്കെ ജനങ്ങളെ സഹായിക്കാം എന്ന മട്ടിലുള്ള ഒരു പോസിറ്റീവ്‌ ഫയല്‍ നോട്ടസമ്പ്രദായം കൊണ്ടു പകരം വയ്‌ക്കണം.സര്‍ക്കാര്‍ സര്‍വീസിലുള്ളവര്‍ ഭാവിയില്‍ വിരമിച്ച്‌ സാധാരണ ആള്‍ക്കാരാകും. അപ്പോള്‍ തങ്ങളുടെ ഫയലുകള്‍ തങ്ങളുടെ പഴയ കസേരയില്‍ ഇരിക്കുന്ന പുതിയ ആള്‍ക്കാര്‍ വൈകിപ്പിക്കുന്നതു കാണുമ്പോള്‍ ഒരു വിഷമമുണ്ടാകില്ലേ? ആ വിഷമം ഇപ്പോഴേ മനസിലാക്കണം. നാളെ തങ്ങള്‍ക്കും ആവശ്യങ്ങളുമായി ആവര്‍ത്തിച്ച്‌ ഓഫീസ്‌ കയറിയിറങ്ങേണ്ടിവരുമെന്ന ചിന്തയോടെ ഫയല്‍ കൈകാര്യം ചെയ്‌താല്‍ മതി; കാര്യക്ഷമത താനേ ഉണ്ടായിക്കൊള്ളും.
സര്‍ക്കാര്‍ സംവിധാനം ഉദ്യോഗസ്‌ഥര്‍ക്കുവേണ്ടി എന്നതല്ല, ഉദ്യോഗസ്‌ഥര്‍ സര്‍ക്കാര്‍ സംവിധാനത്തിനുവേണ്ടി എന്നതാണു ശരി. ഖജനാവിലേക്കുള്ള വരുമാനത്തിന്റെ സിംഹഭാഗവും ശമ്പളം-പെന്‍ഷന്‍ കാര്യങ്ങള്‍ക്കായി കാലങ്ങളായി ചെലവിടുന്നതുകൊണ്ടാകണം, ജീവനക്കാര്‍ക്കുവേണ്ടി നടത്തപ്പെടുന്ന സംവിധാനമാണു സര്‍ക്കാര്‍ എന്ന മനോഭാവം ബലപ്പെട്ടിട്ടുണ്ട്‌. അതു മാറണം, സേവനം പ്രതീക്ഷിച്ചുവരുന്ന സാധാരണക്കാരെ ആദരിക്കുന്ന മനോഭാവം വരണം. അവരുണ്ടെങ്കിലേ തങ്ങളുള്ളൂവെന്ന ചിന്തയുണ്ടാകണം.
സെക്രട്ടേറിയറ്റില്‍ ജീവനക്കാര്‍ക്കു പരമപ്രാധാന്യംതന്നെയാണുള്ളത്‌. ഭരണത്തിന്റെ സിരാകേന്ദ്രമാണു സെക്രട്ടേറിയറ്റ്‌. ഏതെങ്കിലുമൊരു സിരയുടെ ഏതെങ്കിലുമൊരു ഭാഗത്തു തടസമുണ്ടായാല്‍ സംവിധാനമാകെ തളരും. അതു സര്‍ക്കാരിനറിയാം. അര്‍പ്പണബോധത്തോടെ സെക്രട്ടേറിയറ്റ്‌ ജീവനക്കാര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും സമൂഹത്തില്‍ പൊതുവേ കാണുന്ന അഴിമതിയടക്കമുള്ള ദുഷിപ്പുകളില്‍നിന്നു പ്രായേണ മുക്‌തമാണു സെക്രട്ടേറിയറ്റ്‌ സ്‌റ്റാഫ്‌ എന്നും അറിയാം.
ഇന്ത്യയിലെ ഇതര സെക്രട്ടേറിയറ്റുകളെ അപേക്ഷിച്ച്‌ നമ്മുടെ സെക്രട്ടേറിയറ്റിന്‌ ഒരുപാടു പ്രത്യേകതകളുണ്ട്‌. ഇവിടേക്ക്‌ ആര്‍ക്കും ഒരു സങ്കോചവുമില്ലാതെ കടന്നുവന്ന്‌ മുഖ്യമന്ത്രിയേയോ മറ്റു മന്ത്രിമാരെയോ കണ്ട്‌ ആവലാതികള്‍ ബോധിപ്പിക്കാം. ഈ സംവിധാനമുണ്ടായത്‌ കേരളത്തിന്റെ ആദ്യമന്ത്രിസഭ രൂപപ്പെടുത്തിയ അടുക്കും ചിട്ടയും കൊണ്ടാണ്‌. അതോടൊപ്പം അതുണ്ടാക്കിയ ജനകീയമനോഭാവം കൊണ്ടുകൂടിയാണ്‌. ആ ജനകീയമുഖം നിലനില്‍ക്കണം. അതുകൊണ്ടുതന്നെ സിവില്‍ സര്‍വീസിലെ അഴിമതി ഈ സര്‍ക്കാര്‍ ഒരുവിധത്തിലും വച്ചുപൊറുപ്പിക്കില്ല. അഴിമതി നടത്തുന്നവര്‍ക്ക്‌ ഒരുവിധത്തിലുള്ള സംരക്ഷണവുമുണ്ടാകില്ല. ഫയലുകള്‍ വച്ചുതാമസിപ്പിക്കുന്നത്‌ ഒരുകാരണവശാലും അംഗീകരിക്കാനാവില്ല. കാലതാമസം വരുത്തുന്നവര്‍ അതിനു മറുപടി നല്‍കേണ്ടിവരും. ഉത്തരവാദിത്വത്തില്‍നിന്ന്‌ ഒഴിഞ്ഞുമാറാനുള്ള പ്രവണത ആശാസ്യമല്ല. അണ്ടര്‍ സെക്രട്ടറി തലത്തില്‍ തീര്‍പ്പാക്കേണ്ട വിഷയം അവിടെത്തന്നെ തീരുമാനമാകേണ്ടതാണ്‌. മുകളിലേക്കു ഫയല്‍ തട്ടിവിടുന്ന രീതി ശരിയല്ല. അതു നിരുത്സാഹപ്പെടുത്തേണ്ടതാണ്‌.
ഈ കുഴപ്പങ്ങള്‍ക്കെല്ലാം ഉത്തരവാദിത്വം ജീവനക്കാര്‍ക്കാണെന്ന അഭിപ്രായവും സര്‍ക്കാരിനില്ല. നമ്മുടെ സംവിധാനത്തെയാകെ ബാധിച്ചിട്ടുള്ള അലസതയും ദുര്‍മേദസും ഒരുപരിധിവരെ ഇതിനെല്ലാം കാരണമാണ്‌. സെക്രട്ടേറിയറ്റ്‌ മാനുവല്‍, ബിസിനസ്‌ റൂള്‍, ഇന്‍സ്‌ട്രക്‌ഷന്‍ എന്നിവയുടെ അടിസ്‌ഥാനത്തിലാണു സെക്രട്ടേറിയറ്റ്‌ ഭരണം നടക്കുന്നതെന്നാണു ഞാന്‍ മനസിലാക്കുന്നത്‌. എന്നാല്‍ ഇവയില്‍ അനുശാസിക്കുന്ന നടപടിക്രമങ്ങളും നിബന്ധനകളും യഥാര്‍ഥ രൂപത്തില്‍ നടപ്പാകുന്നില്ല. അതുകൊണ്ടാണു സെക്രട്ടേറിയറ്റ്‌ ഭരണം പലപ്പോഴും മന്ദഗതിയിലാകുന്നത്‌.
ഉന്നത ഉദ്യോഗസ്‌ഥതലത്തിലുണ്ടാകുന്ന ഉത്തരവാദിത്വരാഹിത്യവും മേല്‍നോട്ടമില്ലായ്‌മയും സര്‍ക്കാര്‍ ചെറുതായി കാണുന്നില്ല. പഴ്‌സണല്‍ രജിസ്‌റ്റര്‍ പരിശോധിക്കാത്ത ഗവണ്‍മെന്റ്‌ സെക്രട്ടറിമാരും സ്‌റ്റാഫ്‌ മീറ്റിങ്‌ വിളിച്ചുകൂട്ടി കുടിശികജോലികള്‍ സമയബന്ധിതമായി തീര്‍പ്പാക്കാന്‍ ശ്രമിക്കാത്ത വകുപ്പ്‌ സെക്രട്ടറിമാരും കുറ്റകരമായ അലംഭാവമാണു കാട്ടുന്നത്‌. സെക്രട്ടറിമാര്‍ ഓഫീസിലുണ്ടെങ്കില്‍ ജീവനക്കാരും ഓഫീസിലുണ്ടാകും. ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ കര്‍ശന മേല്‍നോട്ടമുണ്ടാകും.
ആധുനിക സാങ്കേതികവിദ്യയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തി സിവില്‍ സര്‍വീസ്‌ നവീകരിക്കുന്നതിനു സര്‍ക്കാര്‍ പ്രാധാന്യം നല്‍കും. ഇ- ഗവേണന്‍സ്‌, ഇ-ഫയലിങ്‌ മുതലായവയുടെ പോരായ്‌മകള്‍ പരിഹരിച്ച്‌ കുറ്റമറ്റതാക്കാന്‍ ശ്രമിക്കും. കാലഹരണപ്പെട്ട ചട്ടങ്ങളും നിയമങ്ങളും ഒഴിവാക്കാനും കാലോചിതമായി പരിഷ്‌കരിക്കാനും ശ്രമമുണ്ടാകും. ലഘുവായ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന ഓഫീസുകള്‍ ഇ-ഫയലിങ്ങിലൂടെ കടലാസ്‌ രഹിതമാക്കുന്നുണ്ട്‌. എന്നാല്‍, ബൃഹത്തായ ഫയലുകള്‍ കൈകാര്യം ചെയ്യുന്ന സെക്രട്ടേറിയറ്റ്‌ സര്‍വീസ്‌ അത്തരത്തില്‍ മാറ്റാന്‍ കഴിയില്ലെന്ന ആശങ്ക ചിലര്‍ക്കെങ്കിലുമുണ്ട്‌. സര്‍ക്കാര്‍ ഇതു പരിശോധിച്ച്‌ ബദല്‍മാര്‍ഗങ്ങള്‍ തേടും. ജീവനക്കാരോടു യാതൊരു പ്രതികാരനടപടിയും സര്‍ക്കാര്‍ സ്വീകരിക്കുകയില്ല. ജീവനക്കാരോടുള്ള സമീപനത്തില്‍ രാഷ്‌ട്രീയമുണ്ടാകില്ല. സംഘടനാപ്രവര്‍ത്തനത്തിന്റെ പേരില്‍ ജീവനക്കാരെ പിരിച്ചുവിട്ട ചരിത്രം കേരളത്തിലുണ്ട്‌. പക്ഷേ ഈ സര്‍ക്കാര്‍ അത്തരം സമീപനം സ്വീകരിക്കില്ല. എന്നാല്‍ ഫയല്‍ താമസിപ്പിക്കുന്നവരെയും അകാരണമായ കാലതാമസത്തിലൂടെ ജനങ്ങളെ ദ്രോഹിക്കുന്നവരെയും സര്‍ക്കാര്‍ സഹായിക്കില്ല.
മറ്റൊരു പ്രധാനകാര്യം സെക്രട്ടേറിയറ്റിലെ സന്ദര്‍ശനസമയമാണ്‌. ഇപ്പോള്‍ പൊതുജനങ്ങള്‍ക്കു പ്രവേശനമനുവദിച്ചിരിക്കുന്നതു മൂന്നുമണിക്കു ശേഷമാണ്‌. വടക്കന്‍ജില്ലകളില്‍നിന്നു വരുന്ന നിരവധിപ്പേര്‍ക്ക്‌ ഇതുമൂലം പ്രയാസങ്ങളുണ്ടാകുന്നു. ഇതുമായി ബന്ധപ്പെട്ട പ്രായോഗികപ്രശ്‌നങ്ങള്‍ പരിശോധിച്ചശേഷം സന്ദര്‍ശനസമയം പുനഃക്രമീകരിക്കുന്നതിനെക്കുറിച്ച്‌ സര്‍ക്കാര്‍ ആലോചിക്കും. സന്ദര്‍ശനസമയത്ത്‌ ഔദ്യോഗികചര്‍ച്ചകളും യോഗങ്ങളും പരമാവധി ഒഴിവാക്കാന്‍ ഉന്നതോദ്യോഗസ്‌ഥരും ശ്രദ്ധിക്കണം.
അഴിമതിരഹിതവും സുതാര്യവുമായ ഒരു നവകേരളം കെട്ടിപ്പടുക്കാന്‍ നിങ്ങളുടെയെല്ലാം കലവറയില്ലാത്ത പിന്തുണ സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു. ഔദ്യോഗികജോലിയുമായി ബന്ധപ്പെട്ടു നിങ്ങള്‍ക്കുണ്ടാകുന്ന പ്രയാസങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ എപ്പോഴും സന്നദ്ധമാണെന്നുകൂടി പറയട്ടെ.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top