Last Updated 1 year 14 weeks ago
Ads by Google
19
Tuesday
September 2017

മനുഷ്യാവകാശ പ്രശ്‌നങ്ങള്‍ : വിദേശത്ത്‌ മോഡിയുടെ സ്‌ഥിരം തലവേദന

mangalam malayalam online newspaper

പ്രധാനമന്ത്രി നരേന്ദ്ര മോഡി നാലാം തവണയും അമേരിക്കന്‍ സന്ദര്‍ശനത്തിനെത്തും മുന്‍പ്‌ ഇന്ത്യയുടെ മനുഷ്യാവകാശ സംരക്ഷണ ചരിത്രത്തെ ചൊല്ലി അമേരിക്കന്‍ കോണ്‍ഗ്രസ്‌ അംഗങ്ങള്‍ നിശിത വിമര്‍ശനമുയര്‍ത്തുകയുണ്ടായി. സ്‌ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍, സര്‍ക്കാരിലെ അഴിമതി, മനുഷ്യക്കടത്ത്‌, മതപരിവര്‍ത്തനത്തിനെതിരായ നിയമങ്ങള്‍ എന്നിവയ്‌ക്കെതിരേ ഡെമോക്രാറ്റിക്‌ സെനറ്ററായ ബെഞ്ചമിന്‍ എല്‍. കാര്‍ഡിന്‍ രംഗത്തു വന്നത്‌ ന്യൂഡല്‍ഹിയില്‍ നടത്തിയ ഒരു പ്രസംഗത്തിലാണ്‌. സെനറ്റിന്റെ ഫോറിന്‍ റിലേഷന്‍സ്‌ കമ്മിറ്റി അംഗമാണ്‌ ബെഞ്ചമിന്‍. " ഈ കാര്യങ്ങളെ സംബന്ധിച്ച്‌ രാജ്യം പ്രതികരിക്കേണ്ടിയിരിക്കുന്നു"വെന്നാണ്‌ അദ്ദേഹം പറഞ്ഞത്‌.

മോഡി ഓരോ തവണ അമേരിക്കയില്‍ വന്നപ്പോഴും ഏതെങ്കിലും സംഘടനകള്‍ ഇക്കാര്യം പറഞ്ഞ്‌ പ്രകടനം നടത്തിയിട്ടുണ്ട്‌. മനുഷ്യാവകാശ റെക്കോഡ്‌ മോശമായതിനാല്‍ മുന്‍പ്‌ അമേരിക്കയിലേക്ക്‌ പ്രവേശനം നിഷേധിക്കപ്പെട്ട നേതാവാണ്‌ മോഡി. അദ്ദേഹം അമേരിക്കന്‍ കോണ്‍ഗ്രസിന്റെ സംയുക്‌തസമ്മേളനത്തില്‍ പ്രസംഗിക്കുന്നതിനു തൊട്ടു മുന്‍പ്‌ പോലും അമേരിക്കയിലെ പ്രധാന കോണ്‍ഗ്രസ്‌ അംഗങ്ങള്‍ എതിര്‍ ശബ്‌ദം ഉയര്‍ത്തുന്നത്‌ അവര്‍ക്ക്‌ അദ്ദേഹത്തോട്‌ സൗഹാര്‍ദപരമായ നയമല്ല ഉള്ളത്‌ എന്നു തെളിയിക്കുന്നു.
അടുത്തിടെ കോണ്‍ഗ്രസിന്റെ ഒരു തെളിവെടുപ്പ്‌ നടക്കുന്ന വേളയില്‍ ഫോറിന്‍ റിലേഷന്‍സ്‌ കമ്മിറ്റി ചെയര്‍മാനും റിപ്പബ്ലിക്കന്‍ അംഗവുമായ ബോബ്‌ കോര്‍ക്കറും ഡെമോക്രാറ്റിക്‌ അംഗം തിമോത്തി എം. കെയിനും ഇന്ത്യക്കെതിരേ രംഗത്തെത്തിയിരുന്നു. വിദേശ ഫണ്ട്‌ സ്വീകരിക്കുന്ന സന്നദ്ധ സംഘടനകളായ ഗ്രീന്‍പീസ്‌, ഫോര്‍ഡ്‌ ഫൗണ്ടേഷന്‍ എന്നിവയ്‌ക്കെതിരേയുള്ള നടപടികളും രാജ്യാന്തര മത സ്വാതന്ത്ര്യം സംബന്ധിച്ച അമേരിക്കന്‍ കമ്മിഷന്റെ അംഗങ്ങള്‍ക്ക്‌ വിസ നിഷേധിച്ചതുമാണ്‌ അവരെ ചൊടിപ്പിച്ചത്‌.
ഇന്ത്യയും അമേരിക്കയും തമ്മില്‍ കഴിഞ്ഞ പതിറ്റാണ്ടില്‍ വളര്‍ന്നു വന്ന മികച്ച ബന്ധം തുടരണമെന്നും അതു ദൃഢമാകണമെന്നും അമേരിക്കയിലെ ഇന്ത്യന്‍ സമൂഹം ആഗ്രഹിക്കുന്നുണ്ട്‌. എന്നാല്‍, തന്ത്രപ്രധാനമായ ബന്ധം എന്നത്‌ ദീര്‍ഘനാളത്തെ പരസ്‌പര വിശ്വാസത്തിലൂടെ ഉരുത്തിരിഞ്ഞു വരുന്നതാണ്‌. പുതിയ ലോകക്രമത്തില്‍ ഈ രണ്ടു രാജ്യങ്ങള്‍ക്കും പരസ്‌പരബന്ധം ആവശ്യമാണ്‌. അത്തരമൊരു പ്രതിജ്‌ഞാബദ്ധതയോടെ രണ്ടു രാജ്യങ്ങളും മുന്നോട്ടു നീങ്ങുമോ എന്നത്‌ സുപ്രധാന ചോദ്യമാണ്‌.
ഈയൊരു വീക്ഷണത്തില്‍ നിന്നു വേണം നരേന്ദ്രമോഡിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തെ കാണാന്‍. രണ്ടു രാജ്യങ്ങള്‍ക്കും നേട്ടമുണ്ടാക്കുക എന്നതാണ്‌ സഹകരണ ബന്ധത്തിന്റെ ലക്ഷ്യമെങ്കില്‍ രണ്ടു രാജ്യങ്ങളുടെയും അടിസ്‌ഥാന തത്വങ്ങളായ സ്വാതന്ത്ര്യം, നീതി എന്നിവ സംബന്ധിച്ച ഒരു അമേരിക്കന്‍ സംഘത്തിന്‌ വിസ നിഷേധിച്ചുകൊണ്ട്‌ ആ തലത്തിലേക്ക്‌ എങ്ങനെ മുന്നേറാന്‍ കഴിയും? ഈ ലക്ഷ്യം നേടി ബന്ധം ദൃഢമാക്കാന്‍ ഇരു രാജ്യങ്ങളെയും പരസ്‌പരം സഹായിക്കുന്ന നടപടിയാണ്‌ വേണ്ടത്‌.
അമേരിക്ക അടുത്തിടെ "ഫ്രാങ്ക്‌ വോള്‍ഫ്‌ ഇന്റര്‍നാഷണല്‍ റിലീജിയസ്‌ ഫ്രീഡം ആക്‌ട്‌" കുറേക്കൂടി ബലപ്പെടുത്തിയിരുന്നു. മതസ്വാതന്ത്ര്യം സംബന്ധിച്ച സംരക്ഷണം ആഗ്രഹിക്കുന്നവര്‍ക്ക്‌ ആവേശമേകുന്ന നടപടിയായിരുന്നു അത്‌. അമേരിക്കന്‍ ഭരണകൂടത്തിനും വിദേശകാര്യ വകുപ്പിനും നിരീക്ഷണപ്പട്ടികയുണ്ടാക്കി പ്രവര്‍ത്തിക്കാന്‍ കഴിയുന്ന ഒരു രാഷ്‌ട്രീയ ഉപകരണം കൂടിയായിരുന്നു ഈ നീക്കം. ഇതുവഴി ഇതിന്റെ മേധാവിക്ക്‌ അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറിക്ക്‌ നേരിട്ട്‌ റിപ്പോര്‍ട്ട്‌ നല്‍കാവുന്ന വ്യവസ്‌ഥയുണ്ടാക്കി. മതപ്രവര്‍ത്തനത്തിന്‌ നിയന്ത്രണം കൊണ്ടുവരുന്നവര്‍ക്കെതിരേ ഉപരോധമേര്‍പെടുത്താന്‍ അമേരിക്കന്‍ പ്രസിഡന്റിന്‌ ഉപദേശം നല്‍കാന്‍ വരെ ഈ മേധാവിക്ക്‌ കഴിയും. അമേരിക്കയുമായി വിവിധ രാജ്യങ്ങള്‍ ഇനി ഏതുതരം കരാര്‍ ഉണ്ടാക്കുമ്പോഴും ഈ നിയമങ്ങളുടെ സ്വാധീനം അനുഭവപ്പെടുമെന്നത്‌ ഉറപ്പാണ്‌.

പ്രസിഡന്റ്‌ ബരാക്ക്‌ ഒബാമ കഴിഞ്ഞ ഇന്ത്യാ സന്ദര്‍ശനത്തിനു ശേഷം തിരിച്ചു പോകുന്നതിനു മുന്‍പ്‌ ന്യൂഡല്‍ഹിയില്‍ നടത്തിയ പ്രസംഗം നരേന്ദ്ര മോഡിക്ക്‌ അലോസരമുണ്ടാക്കുന്നതായിരുന്നു. ആധുനിക ഇന്ത്യയുടെ ബഹുമത പൈതൃകം സംരക്ഷിക്കുന്നവിധത്തില്‍ മോഡി സര്‍ക്കാരിന്റെ പ്രവര്‍ത്തനം മാറ്റണമെന്നതായിരുന്നു ഒബായുടെ പ്രസംഗത്തിന്റെ പൊരുള്‍. പുറമെയുള്ള ഭാവം എന്തുമായിക്കൊള്ളട്ടെ, രണ്ടു രീതിയില്‍ ചിന്തിക്കുന്ന ഈ രണ്ടു നേതാക്കള്‍ക്കുമിടയിലെ അകല്‍ച്ച വ്യക്‌തമാണ്‌.
അടുത്തിടെ വാഷിങ്ങ്‌ടണില്‍ നടന്ന ഒരു വിരുന്നിലെ സംഭവം എന്നോട്‌ ഒരാള്‍ പറഞ്ഞു. ഒരു മുന്‍ ഉദ്യോഗസ്‌ഥന്‍ പ്രസിഡന്റ്‌ ഒബാമയുമായി സംസാരിക്കാന്‍ അവസരം കിട്ടിയപ്പോള്‍ ന്യൂഡല്‍ഹിയില്‍ നടത്തിയ പ്രസംഗത്തിന്റെ പേരില്‍ അദ്ദേഹത്തെ അഭിനന്ദിച്ചു. ഒന്നു ചിരിച്ച്‌ അടുത്തയാളെ ശ്രദ്ധിക്കാന്‍ പോയ ഒബാമ പെട്ടെന്ന്‌ പുനര്‍ചിന്തയിലെന്നവണ്ണം മുന്നോട്ടാഞ്ഞ്‌ ഉദ്യോഗസ്‌ഥന്റെ തോളില്‍ പിടിച്ചിട്ട്‌ പറഞ്ഞു, "പ്രസംഗത്തിലെ എല്ലാ വാക്കും മന:പ്പൂര്‍വമായിരുന്നു". അമേരിക്കന്‍ ഭരണകൂടത്തിന്റെയും വൈറ്റ്‌ ഹൗസിന്റെയും ചിന്ത എന്തെന്നു വ്യക്‌തമാക്കുന്ന വാക്കുകളായിരുന്നു അവ.

വളരുന്ന സാമ്പത്തിക ശക്‌തി എന്ന നിലയിലും ആഗോള ശക്‌തി എന്നനിലയിലും ഇന്ത്യ ശ്രദ്ധ നേടുന്നതിനാല്‍ ഒരു വ്യത്യസ്‌ത ഇന്ത്യയെയാണ്‌ അമേരിക്കയ്‌ക്ക്‌ കൈകാര്യം ചെയ്യേണ്ടി വരുന്നത്‌. ഇന്ത്യയെ അവര്‍ക്ക്‌ ബഹുമാനിക്കുകയും താലോലിക്കുകയും ചെയ്യേണ്ടതുണ്ട്‌. അമേരിക്കയെ സംബന്ധിച്ചിടത്തോളം ഏഷയിലെ മാറുന്ന അവസ്‌ഥകള്‍ മൂലം പുതിയ ബന്ധങ്ങളും വിശ്വസനീയ കൂട്ടുകെട്ടുകളും വളര്‍ത്തേണ്ടതുണ്ട്‌. വളരുന്ന ചൈന അമേരിക്കയ്‌ക്ക്‌ ഭീഷണിയാണ്‌. ഇന്തോ-യു.എസ്‌. സിവില്‍ ആണവ കരാര്‍ അവരുടെ ആഗോള ഇടപെടല്‍ ശക്‌തി പരിപോഷിപ്പിക്കാനുള്ള തന്ത്രത്തിന്റെ സൂചനയാണ്‌. മാത്രവുമല്ല, 40 ലക്ഷം വരുന്ന ഇന്ത്യന്‍ കുടിയേറ്റക്കാരെയും പരിഗണിക്കേണ്ടതുണ്ട്‌. രണ്ടു രാജ്യങ്ങളുടെയും ബന്ധത്തിന്‌ ഇവരുടെ പിന്തുണയുണ്ട്‌. സെനറ്റര്‍മാരെയും കോണ്‍ഗ്രസ്‌ അംഗങ്ങളെയും സ്വാധീനിക്കാന്‍തക്ക ശക്‌തിയും ഇന്ത്യന്‍ കുടിയേറ്റക്കാര്‍ക്കുണ്ട്‌.

ഈ മുന്‍തൂക്കങ്ങളെല്ലാം ഉണ്ടെങ്കിലും മോഡിയുടെ സന്ദര്‍ശനത്തെ "ഔദ്യോഗിക"മാക്കാനും അമേരിക്കന്‍ കോണ്‍ഗ്രസിന്റെ സംയുക്‌തസമ്മേളനത്തെ അഭിസംബോധന ചെയ്യാനും ഇന്ത്യക്ക്‌ ഏറെ പണിപ്പെടേണ്ടിവന്നു. ഡോ. മന്‍മോഹന്‍ സിങ്ങിന്‌ നല്‍കിയ അതേ പരിഗണന മോഡിക്ക്‌ നല്‍കിയില്ലെങ്കില്‍ പ്രതിരോധ കരാറുകളൊക്കെ വേറെ ഏതെങ്കിലും രാജ്യത്തിന്‌ കൊടുക്കുമെന്ന്‌ ഇന്ത്യ മുന്നറിയിപ്പ്‌ നല്‍കിയതായി സ്‌ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്‌. ലോകത്തെ ഏതു തലസ്‌ഥാനത്തുമെന്നപോലെ വാഷിങ്ങ്‌ടണിലും പണത്തിന്റെ കാര്യം പറഞ്ഞ്‌ ഭീഷണിപ്പെടുത്തുക വളരെ എളുപ്പമുള്ള കാര്യമാണ്‌. മോഡിയെ സംബന്ധിച്ചിടത്തോളം ഒരിക്കല്‍ തനിക്ക്‌ വിസ നിഷേധിച്ചവര്‍ക്ക്‌ തക്ക മറുപടി നല്‍കാനുള്ള അവസരം കൂടിയായി ഇത്‌.

എന്നിരുന്നാലും, യഥാര്‍ഥ ബഹുമാനം നേടാനും കരുത്തോടെയും തികഞ്ഞ ധാര്‍മിക വ്യക്‌തതയോടെയും പ്രവര്‍ത്തിക്കാനും അമേരിക്കന്‍ കോണ്‍ഗ്രസ്‌ അംഗങ്ങള്‍ ചൂണ്ടിക്കാണിച്ച കാര്യങ്ങളില്‍ ഇന്ത്യ നിലപാട്‌ വ്യക്‌തമാക്കേണ്ടതുണ്ട്‌. കഴിഞ്ഞ രണ്ടുവര്‍ഷം രാജ്യം വിവിധ തരത്തിലുള്ള അസഹിഷ്‌ണുതയ്‌ക്ക്‌ സാക്ഷ്യം വഹിച്ചു. ന്യൂനപക്ഷങ്ങളുടെ ആരാധനാലയങ്ങള്‍ ആക്രമിക്കപ്പെടുകയും മതേതര ചിന്തകര്‍ കൊല്ലപ്പെടുകയും ചെയ്‌തു. ബീഫ്‌ തിന്നുന്നതടക്കമുള്ള തങ്ങളുടെ ആഹാര രീതികള്‍ മൂലം ജീവന്‍ തന്നെ നഷ്‌ടപ്പെടുമെന്ന്‌ ജനങ്ങള്‍ ഭയക്കേണ്ട അവസഥ സംജാതമായി. കാമ്പസുകളില്‍ ഹിന്ദുത്വ ആശയസംഹിത പ്രചരിപ്പിക്കുന്ന ഒരു ഉപാധിയായി മാനവ വിഭവശേഷി വികസന മന്ത്രാലയത്തെ മാറ്റി. ദളിത്‌ വിദ്യാര്‍ഥി സംഘടനകളെ നിരോധിക്കുകയും മുദ്രാവാക്യം വിളിച്ചതിന്റെ പേരില്‍ വിദ്യാര്‍ഥികള്‍ക്കുമേല്‍ രാജ്യദ്രോഹക്കുറ്റം ചുമത്തുകയും ചെയ്‌തു.ദേശീയതയെ നിര്‍വചിക്കുന്നതില്‍ തങ്ങള്‍ക്ക്‌ കുത്തകയുണ്ടെന്ന്‌ ബി.ജെ.പിയും അതിന്റെ അണികളും വിശ്വസിക്കുന്നതായി തോന്നുന്നു. ഇത്‌ പല കാമ്പസുകളിലും ആശയക്കുഴപ്പത്തിനും സംഘട്ടനത്തിനും കാരണമായി. കടുത്ത ദേശീയത എന്നത്‌ അധീശത്വ ചിന്തയില്‍ നിന്നുണ്ടാകുന്നതാണെന്നും മറ്റുള്ളവര്‍ക്കും മറ്റു രാജ്യങ്ങള്‍ക്കുമെതിരായ കടന്നുകയറ്റമാണെന്നുമാണ്‌ ചരിത്രം പഠിപ്പിക്കുന്നത്‌. അത്‌ യുദ്ധവും സാമ്രാജ്യത്വചിന്തയുമായി ബന്ധപ്പെട്ടുകിടക്കുന്നു. അതുകൊണ്ടിപ്പോഴത്തെ ദേശീയതാ വാദം ഒരു ബഹുസ്വര രാജ്യമെന്ന നിലയില്‍ ഇന്ത്യയുടെ മുന്നോട്ടുള്ള പ്രയാണത്തെ കുഴപ്പത്തിലാക്കും. രാജ്യത്തിന്‌ യോജിച്ച കാഴ്‌ചപ്പാട്‌ നല്‍കുന്നതില്‍ പ്രധാനമന്ത്രിക്ക്‌ വലിയ ഉത്തരവാദിത്വമുണ്ട്‌.

വിവിധ മേഖലകള്‍, സംസ്‌കാരങ്ങള്‍, ഭാഷകള്‍, വിശ്വാസങ്ങള്‍ എന്നിവയെ പ്രതിനിധീകരിക്കുന്നവരാണ്‌ അമേരിക്കയിലെ ഇന്ത്യന്‍ സമൂഹം. ഏറ്റവും പുതിയ കണക്കനുസരിച്ച്‌ ഇതില്‍ 51 ശതമാനം ഹിന്ദുക്കളും ബാക്കി മുസ്ലിം, സിഖ്‌, ക്രിസ്‌ത്യന്‍, ബുദ്ധ വിഭാഗക്കാരും മറ്റുള്ളവരുമാണ്‌. ഇവിടത്തെ ഇന്ത്യന്‍ സമൂഹം സാംസ്‌കാരിക സവിശേഷതയാല്‍ ഹിന്ദു സമൂഹമായി മാറിക്കൊണ്ടിരിക്കുന്നു. മറ്റു വിശ്വാസക്കാരകട്ടെ ഇതൊരു പ്രായോഗിക കാര്യമെന്ന നിലയില്‍ അംഗീകരിക്കുകയും ചെയ്യുന്നു. അതേസമയം ഹിന്ദു സ്വയം സേവക സംഘം (ഇന്ത്യക്കു പുറത്തെ ആര്‍.എസ്‌.എസ്‌. ശാഖകള്‍) അടിയുറച്ച രാജ്യസ്‌നേഹവും ഹിന്ദു സംസ്‌കാരത്തിന്റെ സംരക്ഷണവും വേണമെന്നത്‌ നിശിതമായി ആവശ്യപ്പെട്ടു വരികയാണ്‌. അമേരിക്കന്‍ സമൂഹത്തിനു മുന്നില്‍ ഇന്ത്യന്‍ സമൂഹത്തിന്‌ ഏകശിലാസ്‌തംഭമായ വിലാസം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടുള്ള പ്രവര്‍ത്തനങ്ങള്‍ അവര്‍ തുടരുകയും ചെയ്യുന്നു. സമൂഹത്തിലെ പല സംഘടനകളും ചാരിറ്റി, വികസനം എന്ന പേരുകളില്‍ പണപ്പിരിവ്‌ നടത്തുന്നതായും ആ പണം ഇന്ത്യയിലെ മതന്യൂനപക്ഷങ്ങള്‍ക്കെതിരേ ആക്രമണം നടത്താന്‍ ആര്‍.എസ്‌.എസിനും പോഷക സംഘടനകള്‍ക്കും നല്‍കുന്നതായും ആരോപണമുണ്ട്‌.

മോഡിയുടെ വിദേശ സന്ദര്‍ശനങ്ങളില്‍, പ്രത്യേകിച്ച്‌ ഇന്ത്യന്‍ സമൂഹം ശക്‌തമായ ഇടങ്ങളില്‍, ആര്‍.എസ്‌.എസ്‌. പ്രവര്‍ത്തകര്‍ നിര്‍ണായക പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്‌. മാതൃരാജ്യത്തിന്റെ പ്രധാനമന്ത്രി തങ്ങള്‍ വസിക്കുന്ന രാജ്യം കാണാന്‍ എത്തുമ്പോള്‍ പ്രവാസി സമൂഹം ആഘോഷിക്കുന്നത്‌ അഭിനന്ദനാര്‍ഹമാണ്‌. എന്നാല്‍, അതേ സമൂഹത്തെ തന്നെ രാഷ്‌ട്രീയകരുക്കളാക്കുന്നത്‌ ഗുരുതരമായ കാര്യമാണ്‌. അവരെ പ്രധാനമന്ത്രിയുടെ സന്ദര്‍ശനസമയത്ത്‌ എന്തെങ്കിലും തരത്തിലുള്ള ആവലാതി ബോധിപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരേ ആയുധങ്ങളാക്കി മാറ്റുന്നത്‌ സദുദ്ദേശ്യപരമല്ല. ഇത്‌ ഒരു സമുഹത്തെ മറ്റൊന്നിന്‌ എതിരാക്കുന്നതിനു തുല്യമാണ്‌. അവരുടെ മാതൃരാജ്യത്തെ ധ്രൂവീകരണം ഇവിടെ ആവര്‍ത്തിക്കുന്നു.

മോഡിയുടെ ഇപ്പോഴത്തെ സന്ദര്‍ശന വേളയില്‍ കോണ്‍ഗ്രസിന്റെ സംയുക്‌ത സമ്മേളനത്തെ അഭിസംബോധന ചെയ്യുന്ന കാപ്പിറ്റോള്‍ ഹില്ലിന്റെ പരിസരത്തുള്ള 25 മൈതാനങ്ങള്‍ സംഘപരിവാര്‍ സംഘടനകള്‍ ബുക്ക്‌ ചെയ്‌തത്‌ ഇതിനൊരുദാഹരണം മാത്രം. ഈ "ബുദ്ധിപരമായ നീക്കം" മൂലം മറ്റേതെങ്കിലും സംഘടനയ്‌ക്ക്‌ എന്തെങ്കിലും തരത്തിലുള്ള എതിരഭിപ്രായം രേഖപ്പെടുത്താനുള്ള വേദി ഇല്ലാതാക്കാനായി. എതിരഭിപ്രായം രേഖപ്പെടുത്തുന്നത്‌ അമേരിക്കയില്‍ ഭരണഘടനാപരമായി അനുവദനീയമാണെന്നോര്‍ക്കണം.

വിമര്‍ശനവും എതിരഭിപ്രായവും ഉയരുന്നത്‌ മുളയിലേ നുള്ളാനാണ്‌ ഈ നടപടിയെന്ന്‌ ഏത്‌ സ്വതന്ത്ര നിരീക്ഷകനും മനസിലാകും. ജനാധിപത്യത്തിന്റെ അന്തസത്തയെ തകര്‍ക്കുന്ന ഈ നടപടി അമേരിക്കയില്‍ തന്നെയുണ്ടായി എന്നത്‌ തികച്ചും ഞെട്ടിക്കുന്നതാണ്‌.

നാട്ടിലും വിദേശത്തും ഇത്തരം പ്രശ്‌നങ്ങള്‍ നേരിടുന്നതില്‍ പ്രധാനമന്ത്രി ഉറച്ച നടപടികളെടുക്കേണ്ട സമയം ആഗതമായിരിക്കുകയാണ്‌. ഇന്ത്യയില്‍ മനുഷ്യാവകാശങ്ങള്‍ ലംഘിക്കപ്പെടുമ്പോള്‍ അതിനെതിരേ അദ്ദേഹം ശക്‌തമായി രംഗത്തു വരേണ്ടിയിരിക്കുന്നു. വിദേശ രാജ്യങ്ങളില്‍ നടത്തുന്ന ഉത്തുംഗമായ പ്രസ്‌താവനകള്‍ക്കൊപ്പം തന്റെ പാര്‍ട്ടിക്കാരുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ നരേന്ദ്ര മോഡിക്ക്‌ ഇനിയും വിദേശ യാത്രകളില്‍, പ്രത്യേകിച്ച്‌ അമേരിക്കന്‍ യാത്രയില്‍, മനുഷ്യാവകാശ പ്രശ്‌നങ്ങളുടെ നിഴലില്‍ കഴിയേണ്ടി വരും. ആല്‍ഫ്രെഡ്‌ വിറ്റ്‌നീ ഗ്രിസ്വോള്‍ദ്‌ ഒരിക്കല്‍ പറഞ്ഞു, "പുസ്‌തകങ്ങള്‍ എക്കാലവും നിരോധിക്കപ്പെടുകയില്ല, അവ അഗ്നിക്കിരയാവില്ല, ആശയങ്ങള്‍ ജയിലില്‍ പോവില്ല. ചരിത്രത്തിന്റെ നീണ്ടയാത്രയില്‍ നിരോധന അധികാരികളും മതവിചാരകന്മാരുമാണ്‌ എക്കാലവും തോല്‍വിയടഞ്ഞിട്ടുള്ളത്‌. മോശം ആശയങ്ങള്‍ക്കെതിരായ ആയുധങ്ങള്‍ എല്ലായ്‌പോഴും മികച്ച ആശയങ്ങള്‍ തന്നെയാണ്‌."- സ്വാതന്ത്ര്യം വിരാജിക്കട്ടെ.

ജോര്‍ജ്‌ ഏബ്രഹാം

(ഐക്യ രാഷ്‌ട്ര സംഘടനയുടെ മുന്‍ ചീഫ്‌ ടെക്‌നോളജി ഓഫീസറും അമേരിക്കയിലെ ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ്‌ കോണ്‍ഗ്രസ്‌ ചെയര്‍മാനുമാണ്‌ ലേഖകന്‍)

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top