Last Updated 45 weeks 5 days ago
Ads by Google
25
Tuesday
April 2017

പുണ്യറമദാന്‍, ഇസ്ലാമിന്റെ പഞ്ചസ്‌തംഭങ്ങളിലൊന്ന്‌

ഹാഫിസ്‌ പി.എച്ച്‌. അബ്‌ദുള്‍ ഗഫാര്‍ മൗലവി

വിശ്വാസികള്‍ക്ക്‌ ആത്മസായൂജ്യത്തിന്റെയും ആത്മീയോത്‌കര്‍ഷത്തിന്റെയും അനര്‍ഘനിമിഷങ്ങള്‍ സമ്മാനിച്ച്‌ പുണ്യറമദാന്‍ വീണ്ടും സമാഗതമായി. കഴിഞ്ഞ രണ്ടുമാസമായി വിശുദ്ധമാസത്തെ വരവേല്‍ക്കാനുള്ള തയാറെടുപ്പിലായിരുന്നു വിശ്വാസികള്‍. പള്ളിയും വീടും വിരിയും കിടക്കയുമെല്ലാം വെടിപ്പാക്കി എല്ലാ നിലയിലുമുള്ള തയാറെടുപ്പ്‌. വിശുദ്ധറമദാന്റെ ചന്ദ്രക്കല പടിഞ്ഞാറ്‌ ദൃശ്യമായപ്പോള്‍ അവര്‍ അതിരറ്റു സന്തോഷിച്ച്‌ അള്ളാഹുവിനെ പ്രകീര്‍ത്തിച്ചു. വിശ്വാസികള്‍ പുണ്യറമദാനെ ഒരു ഭാരമായോ ബാധ്യതയായോ എടങ്ങേറായോ അല്ല കാണുന്നത്‌. മറിച്ച്‌, പെരുന്നാളുപോലെ ആഹ്‌ളാദപൂര്‍വമാണ്‌ അവര്‍ റമദാനെയും വരവേല്‍ക്കുന്നത്‌.
ഇസ്ലാം പഞ്ചസ്‌തംഭങ്ങളില്‍ പടുത്തുയര്‍ത്തപ്പെട്ട മഹാസൗധമാണ്‌. ഏകദൈവവിശ്വാസമാണ്‌ അതിന്റെ മൂലശില. അഖിലപ്രപഞ്ചവും സൃഷ്‌ടിച്ച്‌ സംരക്ഷിക്കുകയും അവസാനം സംഹരിക്കുകയും ചെയ്യുന്നത്‌ ഏകനായ അള്ളാഹുവാണെന്ന കറകളഞ്ഞ വിശ്വാസമാണതിന്റെ കാതല്‍. ദിനവും അഞ്ചുനേരം കൃത്യമായി നമസ്‌കരിക്കുക എന്നതാണു രണ്ടാമത്തെ സ്‌തംഭം. അത്യത്ഭുതകരമായി മനുഷ്യനെ പടച്ച തമ്പുരാന്‌ ശരീരം കൊണ്ടു ചെയ്യാവുന്ന ഏറ്റവും വലിയ വിനയ പ്രകടനമാണു നമസ്‌കാരം.
സമ്പത്തിന്റെ ഒരുഭാഗം അശരണര്‍ക്കും അഗതികള്‍ക്കും നല്‍കുന്ന സക്കാത്താണു മൂന്നാമത്തേത്‌. സമ്പത്തുതന്ന നാഥനോട്‌ നന്ദിപ്രകടിപ്പിക്കുകയാണ്‌, അതിലൊരു വിഹിതം പാവങ്ങള്‍ക്കു നല്‍കുകയാണു വിശ്വാസികള്‍ ചെയ്യുന്നത്‌. വര്‍ഷത്തില്‍ ഒരുമാസം പകല്‍ ഭക്ഷണപാനീയങ്ങളും ശാരീരികവികാരങ്ങളും പൂര്‍ണമായി നിയന്ത്രിച്ച്‌ പരിപൂര്‍ണമായ അകലം പാലിക്കലാണു നാലാമത്തെ വ്രതാനുഷ്‌ഠാനം. മനുഷ്യനെ ആത്മീയതയുടെ അത്യുന്നതയിലെത്തിക്കുന്ന കര്‍മമാണത്‌. സ്രഷ്‌ടാവും സൃഷ്‌ടിയും തമ്മിലുള്ള ഇടപാടാണത്‌. ഒരാള്‍ക്കു നോമ്പുണ്ടോയെന്ന്‌ അള്ളാഹുവിനല്ലാതെ മറ്റാര്‍ക്കും ഉറപ്പിക്കാനാകില്ല. ആരുമറിയാതെ ഒരിറക്കു വെള്ളം നുകരാന്‍ ആര്‍ക്കും കഴിയും. എന്നാല്‍, നോമ്പുകാരന്‍ തന്റെ ഉമിനീര്‍പോലും നിയന്ത്രിച്ച്‌ സ്രഷ്‌ടാവിനോടുള്ള സമ്പൂര്‍ണ അനുസരണം നടപ്പാക്കുകയാണ്‌.
ഇന്നു ഭൂമിയിലുള്ള 650 കോടി ജനങ്ങളില്‍ കഷ്‌ടിച്ച്‌ 1000 പേര്‍ മാത്രമാണു കോടീശ്വരന്മാര്‍. 400 കോടി ജനങ്ങള്‍ പാര്‍പ്പിടമില്ലാത്തവരാണ്‌. വിശപ്പും ദാരിദ്ര്യവും മൂലം ആളുകള്‍ കഷ്‌ടപ്പെടുന്ന ഈ ലോകത്തുതന്നെയാണു ടണ്‍ കണക്കിനു ഭക്ഷണപദാര്‍ത്ഥങ്ങള്‍ നാം പാഴാക്കുന്നത്‌. നോമ്പ്‌ വിശന്നവന്റെ വിശപ്പിനെ ഓര്‍മിപ്പിക്കുന്നു. അവരോടുള്ള കടമ പാലിക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്നു.
നോമ്പിന്‌ ഒരുപാടു ശാരീരികനേട്ടങ്ങളുണ്ട്‌. എന്നാല്‍ ആത്മീയവശമാണ്‌ ഏറെ ഉത്തമം. മനുഷ്യശരീരത്തിലെ അവയവങ്ങളെ ഒന്നടങ്കം അതു നിയന്ത്രിക്കുന്നു. നോമ്പുകാലത്ത്‌ അന്യസ്‌ത്രീകളെയും അശ്ലീലകാര്യങ്ങളെയും നോക്കുന്നതു നോമ്പിന്റെ പ്രതിഫലം ഇല്ലാതാക്കുമെന്നു പ്രവാചകതിരുമേനി അരുള്‍ ചെയ്‌തിരിക്കുന്നു. കളവ്‌, ഏഷണി, പരദൂഷണം, കള്ളസത്യം അനാവശ്യസംസാരം ഇതൊക്കെ നോമ്പിനു വിരുദ്ധമാണ്‌. തെറ്റായ കാര്യങ്ങളിലേക്കു നടക്കുന്നതു നോമ്പിന്റെ പ്രതിഫലത്തെ സാരമായി ബാധിക്കും. വ്രതം ഒരു പരിചയാണെന്നു നബി തിരുമേനി അരുള്‍ ചെയ്‌തു. ആയുധത്തലപ്പുകളെ യുദ്ധവേളയില്‍ പരിച തടയുന്നതുപോലെ പിശാചിന്റെ കാമനകളെയും പാപങ്ങളെയും നോമ്പ്‌ തടയും. പ്രവാചകന്‍ അരുള്‍ചെയ്‌തു: എത്രയോ നോമ്പുകാരുണ്ട്‌. വിശപ്പും ദാഹവും മാത്രമാണവര്‍ക്കു ബാക്കി.
ഇസ്ലാമിലെ അഞ്ചാം സ്‌തംഭം വിശുദ്ധഹജ്‌ജാണ്‌. ജനലക്ഷങ്ങളുമായി ഇഴുകിച്ചേര്‍ന്ന്‌ ദേശ, ഭാഷ, വംശ വൈവിധ്യങ്ങളില്ലാതായി, സാമൂഹികപ്രതിബദ്ധത പൂര്‍ണമായി പ്രകടിപ്പിക്കുന്ന കര്‍മമാണത്‌. വിശുദ്ധ ഇസ്ലാമാകുന്ന സൗധത്തില്‍ അഭയം പ്രാപിക്കുന്നവര്‍ക്ക്‌ ഈ അഞ്ചുകാര്യങ്ങള്‍ പരലോകമോക്ഷത്തിനുള്ള കവാടമായി മാറുന്നു.
വിശുദ്ധഖുര്‍ആന്‍ അവതരിപ്പിക്കപ്പെട്ട മാസമാണു പുണ്യറമദാന്‍. നോമ്പിലൂടെ വിശുദ്ധരാകുന്ന വിശ്വാസികള്‍ മുഖേന സമൂഹത്തിന്‌ എത്രയോ നേട്ടങ്ങളാണ്‌ ആത്മീയ, ധാര്‍മികരംഗത്തു കൈവരുന്നതെന്നും നാം മാനിക്കണം. എല്ലാവര്‍ക്കും ഹൃദ്യമായ റമദാന്‍ ആശംസകള്‍.

(ഇമാം, തിരുവനന്തപുരം വലിയപള്ളി)

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top