Last Updated 1 year 15 weeks ago
Ads by Google
22
Friday
September 2017

മാത്യു കുഴല്‍നാടന്റെ ഫെയ്‌സ്ബുക്ക്‌ പോസ്‌റ്റ് : കോണ്‍ഗ്രസിനെ രക്ഷിക്കാന്‍ പ്രവാചകന്‍ വരില്ല

നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന്റെ പശ്‌ചാത്തലത്തില്‍ കോണ്‍ഗ്രസില്‍ വിഴുപ്പലക്കും ചെളിവാരിയെറിയലും പുരോഗമിക്കവേ യൂത്ത്‌ കോണ്‍ഗ്രസ്‌ ദേശീയ സെക്രട്ടറിയും കെ.പി.സി.സി. നിര്‍വാഹകസമിതി അംഗവുമായ മാത്യു കുഴല്‍നാടന്‍ ഫെയ്‌സ്‌ബുക്കില്‍ എഴുതി: "കാലാകാലങ്ങളിലെ കെ.എസ്‌.യു, യൂത്ത്‌ കോണ്‍ഗ്രസ്‌ നേതൃത്വങ്ങളെ തങ്ങളുടെ ചൊല്‍പടിയില്‍ നിര്‍ത്തി തലമുറകളുടെ ശബ്‌ദം ഈ പാര്‍ട്ടിയില്‍ ഇല്ലാതാക്കിയ നേതാക്കള്‍തന്നെയാണ്‌ ഈ രണ്ട്‌ സംഘടനകളെയും ഇന്നത്തെ നിലയില്‍ മൃതപ്രായം ആക്കിയത്‌.
അങ്ങനെ എതിര്‍പ്പിന്റെയും തിരുത്തലിന്റെയും ശബ്‌ദം ഇല്ലാതാക്കി അവര്‍ സൗകര്യപൂര്‍വം അധികാരസ്‌ഥാനങ്ങളില്‍ തുടര്‍ന്നത്‌ ഒന്നും രണ്ടും വര്‍ഷമല്ല മൂന്ന്‌, നാല്‌ ദശാബ്‌ദങ്ങളാണ്‌. ഇവരെ ക്രൂഷ്‌ചേവിനോട്‌ ഉപമിച്ചത്‌ മഹാപാപമാന്നെങ്കില്‍ ആ പാപം ഞാന്‍ ഏറ്റെടുക്കാന്‍ തയാറാണ്‌".
തുറന്നടിച്ച്‌ അദ്ദേഹം കുറിച്ച

ഫെയ്‌സ്‌ബുക്ക്‌ പോസ്‌റ്റിന്റെ പൂര്‍ണരൂപം ചുവടെ:
കഴിഞ്ഞ ദിവസം കോണ്‍ഗ്രസില്‍ തലമുറ മാറ്റം അനിവാര്യമോ എന്ന വിഷയത്തില്‍ മാതൃഭൂമി ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത്‌ സംസാരിച്ചതിനെ അനുകൂലിച്ചും പിന്തുണ അറിയിച്ചും നിരവധി പേര്‍ വിളിക്കുകയും അഭിനന്ദിക്കുകയും ഉണ്ടായി. എന്നാല്‍, ചില കോണുകളില്‍നിന്നു വിമര്‍ശനങ്ങളും കുറ്റപ്പെടുത്തലുകളും വന്നു എന്നതു കൊണ്ടാണ്‌ ഇത്‌ എഴുതുന്നത്‌.
വിമര്‍ശനങ്ങളോട്‌ അസഹിഷ്‌ണുത ഉള്ളതു കൊണ്ടല്ല. എന്നെ വ്യക്‌തിപരമായി ഇകഴ്‌ത്തി കാണിക്കുന്നതിലെ അസ്വസ്‌ഥത കൊണ്ടുമല്ല. ഞാന്‍ ചര്‍ച്ചയില്‍ പറഞ്ഞ കാര്യങ്ങള്‍ എന്റെ മാത്രം കാഴ്‌ചപ്പാടാണ്‌ എന്ന്‌ ആരും ധരിക്കരുത്‌ എന്നതു കൊണ്ടാണ്‌ ഈ കുറിപ്പ്‌. ഞാന്‍ മുതിര്‍ന്ന നേതാക്കളെ ക്രൂഷ്‌ചേവ്‌ എന്ന്‌ വിളിച്ചത്‌ ശരിയായില്ല എന്നും തലമുറമാറ്റം എന്ന ആവശ്യം ഉന്നയിക്കാനുള്ള ധാര്‍മിക അവകാശവുമൊക്കെയാണ്‌ കെ.എസ്‌.യു, യൂത്ത്‌ കോണ്‍ഗ്രസിലൂടെ കടന്നു വന്ന ചില സമകാലികരായ സുഹൃത്തുക്കള്‍ വിമര്‍ശനത്തിന്‌ വിധേയമാക്കിയത്‌.
എന്നാല്‍ ഞാന്‍ പറഞ്ഞതിലും എത്രയോ രൂക്ഷമായ ഭാഷയില്‍ നമ്മള്‍ ഒന്നിച്ച്‌ കെ.എസ്‌.യു, യൂത്ത്‌ കോണ്‍ഗ്രസ്‌ പ്രമേയങ്ങളില്‍ പറഞ്ഞിരിക്കുന്നു.
ബഗന്‍മാരെന്നും എക്‌സ്‌പയറി ഡേറ്റ്‌ കഴിഞ്ഞവരെന്നും ക്രുഷ്‌ചേവ്‌മാരെന്നും ഒക്കെ നമ്മള്‍ ഒന്നിച്ച്‌ പാസാക്കിയ പഴയ പ്രമേയങ്ങള്‍ ഒന്നെടുത്ത്‌ നോക്കിയാല്‍ കാണാം. എന്നാല്‍, ഇതൊന്നും തങ്ങളെ ബാധിക്കില്ല എന്ന നിലയില്‍ യാതൊരു ഉളുപ്പുമില്ലാതെ കടിച്ചുതൂങ്ങുന്ന ഈ നേതാക്കന്മാര്‍ പാര്‍ട്ടിയെ ഈ ഗതിയില്‍ എത്തിച്ചിട്ടും പ്രതികരിക്കാതിരുന്നാല്‍ നമ്മള്‍ ഈ പാര്‍ട്ടിയോട്‌ ചെയ്യുന്ന തെറ്റായിരിക്കും എന്നതാണ്‌ എന്റെ പക്ഷം.
കാലാകാലങ്ങളിലെ കെ.എസ്‌.യു, യൂത്ത്‌ കോണ്‍ഗ്രസ്‌ നേതൃത്വങ്ങളെ തങ്ങളുടെ ചൊല്‍പടിയില്‍ നിര്‍ത്തി തലമുറകളുടെ ശബ്‌ദം ഈ പാര്‍ട്ടിയില്‍ ഇല്ലാണ്ടാക്കിയ ഈ നേതാക്കള്‍ തന്നെയാണ്‌ ഈ രണ്ട്‌ സംഘടനകളെയും ഇന്നത്തെ നിലയില്‍ മൃതപ്രായം ആക്കിയത്‌. അങ്ങനെ എതിര്‍പ്പിന്റെയും തിരുത്തലിന്റെയും ശബ്‌ദം ഇല്ലാതാക്കി അവര്‍ സൗകര്യപൂര്‍വം അധികാരസ്‌ഥാനങ്ങളില്‍ തുടര്‍ന്നത്‌ ഒന്നും രണ്ടും വര്‍ഷമല്ല മൂന്ന്‌, നാല്‌ ദശാബ്‌ദങ്ങളാണ്‌. ഇവരെ ക്രൂഷ്‌ചേവിനോട്‌ ഉപമിച്ചത്‌ മഹാപാപമാന്നെങ്കില്‍ ആ പാപം ഞാന്‍ ഏറ്റെടുക്കാന്‍ തയാറാണ്‌.
ഒരു പക്ഷേ, നമ്മളേക്കാള്‍ ഈ ക്രൂരതയുടെ ഇരയായത്‌ നമ്മുക്ക്‌ മുമ്പ്‌ കടന്നു പോയ ഒരു തലമുറയാണ്‌. ഈ ഘട്ടത്തില്‍ എനിക്ക്‌ ഓര്‍മ്മ വരുന്നത്‌ ഞാന്‍ എന്റെ ജീവിതത്തില്‍ ആദ്യമായി അടുത്ത്‌ കണ്ടതും നേരിട്ട്‌ ഇടപെട്ടതുമായ കെ.എസ്‌.യു. പ്രസിഡന്റായിരുന്ന ജെ. ജോസഫിനെയാണ്‌. പൊതുവേ ശാന്തനും സ്വാതികനുമായിരുന്ന ആ നേതാവിനെ ഞാന്‍ ആദ്യമായി കാണുന്നത്‌ ങഘഅ ഝൃെേ ലെ 47 ആം നമ്പര്‍ മുറിയില്‍ വച്ചാണ്‌. പിന്നീട്‌ സെക്രട്ടേറിയറ്റ്‌ മാര്‍ച്ചില്‍ പോലീസ്‌ ലാത്തിച്ചാര്‍ജില്‍ എന്റെ കൈ ഒടിഞ്ഞപ്പോള്‍ സ്‌േനഹത്തോടും വാത്സല്യത്തോടും ഞങ്ങളോടൊപ്പം നിന്ന ആ നേതാവ്‌ ഇന്ന്‌ പ്രവാസിയാണ്‌. ഇന്നത്തെ പല നേതാക്കളേക്കാള്‍ എത്രയോ മടങ്ങ്‌ നല്ലവനായിരുന്ന ആ നേതാവിനെ ഈ പാര്‍ട്ടിക്ക്‌ നഷ്‌ടപ്പെടുത്തി. ആ തലമുറയില്‍ കരുത്തരായ ഒരു പിടി കെ.എസ്‌.യു. നേതാക്കള്‍ ഉണ്ടായിരുന്നു.
ചെമ്പഴന്തി അനില്‍, എം. മണികണ്‌ഠന്‍, എം.എം. നസീര്‍, സക്കീര്‍ ഹുസൈന്‍, ഓമ്‌നി ഈപ്പന്‍, ജെയ്‌സണ്‍ ജോസഫ്‌, ഗോപിദാസ്‌, സുധീര്‍ ജേക്കബ്‌, ജെര്‍മിയാസ്‌, പഴകുളം മധു തുടങ്ങിയവര്‍ (ഇവിടെ പരാമര്‍ശിക്കാത്ത മറ്റ്‌ പല പേരുകളും ഉണ്ട്‌ എന്ന്‌ കൂടി പറയട്ടെ ). ഇവര്‍ക്കൊന്നും പിന്നീട്‌ യൂത്ത്‌ കോണ്‍ഗ്രസ്‌ ഭാരവാഹികള്‍ പോലും ആകാന്‍ കഴിയാതെ വന്നത്‌ ഈ നേതാക്കള്‍ കെ.എസ്‌.യുവിന്റയും യൂത്ത്‌ കോണ്‍ഗ്രസിന്റെയും പുനഃസംഘടന നീട്ടികൊണ്ടുപോയത്‌ 12 കൊല്ലമാണ്‌ എന്നതു കൊണ്ടാണ്‌. ഇതേ സ്‌ഥിതി അന്നത്തെ യൂത്ത്‌ കോണ്‍ഗ്രസ്‌ നേതാക്കള്‍ക്കും ഉണ്ടായി.
തിരുവനന്തപുരം ഗവ: ലോ കോളജിലെ ഗടഡ പ്രവര്‍ത്തകരായിരിക്കുമ്പോള്‍ ഇവരില്‍ പലരുമായിരുന്നു ഞങ്ങളുടെ (വിഷ്‌ണുവിന്റെയും ലിജുവിന്റെയും എന്റെയും) ഒക്കെ റോള്‍ മോഡല്‍സ്‌. അവരേപ്പോലെ ആകാനാണ്‌ അന്ന്‌ ഞങ്ങള്‍ ആഗ്രഹിച്ചത്‌.
ഒരു തലമുറയെ പ്രചോദിപ്പിച്ചവര്‍, അവരുടെ കൗമാരവും യൗവനവും ഈ പാര്‍ട്ടിക്ക്‌ വേണ്ടി സമര്‍പ്പിച്ചവര്‍. രാഷ്‌ട്രീയപ്രവര്‍ത്തനം കൊണ്ടു ജീവിക്കാന്‍ മറന്നവര്‍, ജീവിതം പ്രതിസന്ധിയില്‍ ആയവര്‍. ഇവരോടൊന്നും ഒരു കരുണയും ഈ കൂട്ടര്‍ കാട്ടിയില്ല എന്ന്‌ മാത്രമല്ല തങ്ങളുടെ അധികാരവും അപ്രമാദിത്വവും ഉറപ്പിക്കാന്‍ ഗ്രൂപ്പിന്റെ പേരില്‍ കുട്ടിക്കുരങ്ങുകളെക്കൊണ്ട്‌ ചുടു ചോറ്‌ വാരിക്കുന്നതു പോലെ ഉപയോഗിക്കാന്‍ ഒരു മടിയും കാട്ടിയിട്ടില്ല. ഇവരെ എങ്ങനെയാണ്‌ വിമര്‍ശിക്കേണ്ടത്‌? ഏത്‌ ഭാഷയാണ്‌ ഉപയോഗിക്കേണ്ടത്‌? ഇതൊന്നും ഇവര്‍ക്ക്‌ അറിയാഞ്ഞിട്ടല്ല. മറിച്ച്‌ തങ്ങളെ ചോദ്യംചെയ്യാനുള്ള കരുത്ത്‌ യുവതലമുറയ്‌ക്ക്‌ ഇല്ല എന്ന ധാരണ കൊണ്ടാണ്‌.
കോണ്‍ഗ്രസ്‌ അതിന്റെ ചരിത്രത്തിലെ വലിയ പരാജയം ചര്‍ച്ച ചെയ്യുമ്പോള്‍ കെ.എസ്‌.യുവിന്റെയോ യൂത്ത്‌ കോണ്‍ഗ്രസിന്റെയോ ഒരഭിപ്രായവും വന്നില്ല എന്നത്‌ എന്നെ ഏറേ വേദനിപ്പിച്ചു. കഴിഞ്ഞ കാലങ്ങളില്‍ പാര്‍ട്ടിയിലെ തിരുത്തല്‍ ശക്‌തിയായിനിന്നിരുന്ന ഈ സംഘടനകള്‍ക്ക്‌ എന്താണ്‌ സംഭവിച്ചത്‌? ആരെയാണ്‌ ഇവര്‍ ഭയപ്പെടുന്നത്‌?
കോണ്‍ഗ്രസിനെ രക്ഷിക്കാന്‍ ഒരു പ്രവാചകന്‍ വരുമെന്ന്‌ കരുതി നമ്മള്‍ കാത്തിരിക്കേണ്ട. അത്‌ നമ്മളില്‍നിന്നുതന്നെ ഉണ്ടാകണം. പുതിയ തലമുറയ്‌ക്ക്‌ കോണ്‍ഗ്രസ്‌ ഇല്ലാതാകാതിരിക്കാന്‍, വരുന്ന നാളേക്കു വഴി കാട്ടാന്‍ ഈ പാര്‍ട്ടി ഉണ്ടാകണമെങ്കില്‍, കോണ്‍ഗ്രസില്‍ ഒരു തലമുറ മാറ്റം ആവശ്യമല്ല, അനിവാര്യമാണ്‌ എന്ന്‌ ഞാന്‍ ആത്മാര്‍ഥമായി വിശ്വസിക്കുന്നു.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top