Last Updated 1 year 7 weeks ago
Ads by Google
28
Friday
July 2017

അമ്മ തമിഴ്‌മക്കള്‍ക്കു പൊന്ന്‌

mangalam malayalam online newspaper

കഴിഞ്ഞ ഡിസംബറില്‍ മധുരയിലെ താമുക്കും മൈതാനത്ത്‌ തടിച്ചുകൂടിയ അനേകായിരങ്ങളുടെ കണ്ണ്‌ നിറഞ്ഞു. 3,820 യുവതികള്‍ക്കാണ്‌ അന്ന്‌ ജയലളിത സര്‍ക്കാര്‍ സ്വര്‍ണ നാണയവും ഇരുപത്തയ്യായിരവും അമ്പതിനായിരവുമൊക്കെ ധനസഹായവും നല്‍കിയത്‌. നിര്‍ധന കുടുംബത്തിലെ പെണ്‍കുട്ടികളെ വിവാഹം കഴിപ്പിച്ചുവിടാനുള്ള "താലിക്കു തങ്കം" പദ്ധതിയിലൂടെ സര്‍ക്കാരും ജയലളിതയും പാവങ്ങളുടെ മനസില്‍ ശരിക്കും പൊന്നാകുകയായിരുന്നു.
മൂന്നു ദശാബ്‌ദങ്ങള്‍ക്കു മുമ്പ്‌ അന്നത്തെ എം.ജി.ആര്‍. സര്‍ക്കാര്‍ ഉച്ചഭക്ഷണ പദ്ധതിയിലൂടെയാണ്‌ തമിഴകത്തെ കൈയിലെടുത്തത്‌. ഇക്കുറി വീട്ടമ്മമാര്‍ക്ക്‌ മിക്‌സിയും ഗ്രൈന്‍ഡറും നല്‍കിയാണ്‌ തമിഴകത്തിന്റെ അമ്മ അവരെ കൈയിലെടുത്തത്‌. കറവപ്പശുക്കളെ നല്‍കി ഇടത്തരം കുടുംബങ്ങളെ കൂടെക്കൂട്ടി.
ഒരുകാലത്ത്‌ മധുരയും തിരുനല്‍വേലിയും തൂത്തുക്കുടിയും അടക്കമുള്ള തമിഴ്‌നാടിന്റെ തെക്കന്‍ ജില്ലകള്‍ കോണ്‍ഗ്രസിന്റെ കൈപ്പത്തിക്കുള്ളിലായിരുന്നു. ഡി.എം.കെയുടെ വരവിനു മുമ്പ്‌ ഫോര്‍വേഡ്‌ ബ്ലോക്കിനു സ്വാധീനമുള്ള മണ്ഡലങ്ങളും ഇവിടെയുണ്ടായിരുന്നു. എന്നാല്‍, എം.ജി.ആര്‍ എ.ഐ.എ.ഡി.എം.കെ കെട്ടിപ്പടുത്തിയതോടെ മേഖലയിലെ ഭൂരിപക്ഷം മണ്ഡലങ്ങളും അവര്‍ക്കൊപ്പം നിന്നു.
1996 ലും 2006 ലും ഒഴികെ. ഈ രണ്ടു തവണയും ഭരണവിരുദ്ധ വികാരമാണ്‌ ജയലളിത സര്‍ക്കാരിനെ തൂത്തെറിഞ്ഞത്‌. ഇന്നിപ്പോള്‍ ജാതിസംഘര്‍ഷങ്ങളും വ്യാവസായിക തളര്‍ച്ചയുമൊക്കെ പ്രതിപക്ഷം ജയലളിത സര്‍ക്കാരിനെതിരേ ആയുധമാക്കുന്നുണ്ടെങ്കിലും ഭരണവിരുദ്ധ വികാരം ഗ്രാമീണ മേഖലയില്‍ അത്രയ്‌ക്കില്ല. അതിനൊരു കാരണം ജയലളിതയുടെ വാഗ്‌ദാന കടാക്ഷം തന്നെ. തിരുനല്‍വേലിയില്‍ മാത്രം വിവിധ ക്ഷേമപദ്ധതികളുടെ ഗുണഭോക്‌താക്കളായുള്ളത്‌ എട്ടു ലക്ഷം പേരാണ്‌.
മുല്ലപ്പെരിയാര്‍ ജലനിരപ്പ്‌ 136 ല്‍ നിന്നു 142 അടിയിലേക്ക്‌ ഉയര്‍ത്തിയതോടെ ഒട്ടുമിക്ക കര്‍ഷക സംഘടനകളും ഈ വിഷയത്തില്‍ മുഖ്യമന്ത്രിയെ പിന്തുണച്ചു. പക്ഷേ, വ്യാവസായിക നേട്ടങ്ങളുടെ കാര്യത്തില്‍ എ.ഐ.എ.ഡി.എം.കെ. സര്‍ക്കാരിനു കാര്യമായ നേട്ടങ്ങളൊന്നും ചൂണ്ടിക്കാട്ടാനില്ല.
ദ്രാവിഡ പാര്‍ട്ടിയുടെ പ്രോല്‍സാഹനവും തൂത്തുക്കുടി പോലൊരു തുറമുഖവുമൊക്കെ ഉണ്ടായിട്ടും കാര്യമായ മുന്നേറ്റമില്ലെന്നതാണ്‌ എതിരാളികളുടെ പ്രധാന വിമര്‍ശനം. മധുര- തൂത്തുക്കുടി വ്യവസായ ഇടനാഴിയെന്ന എ.ഐ.എ.ഡി.എം.കെ. വാഗ്‌ദാനം ഇനിയുമകലെ. ഡി.എം.കെയും ഡി.എം.ഡി.കെയും തമിഴ്‌ മാനില കോണ്‍ഗ്രസുമൊക്കെ വാഗ്‌ദാനങ്ങളുടെ ഒരു നീണ്ട പട്ടിക ഇറക്കിയപ്പോള്‍ എല്ലാ കണ്ണുകളും എ.ഐ.എ.ഡി.എം.കെയുടെ നയരേഖയിലേക്കായി.
പ്രകടനപത്രിക വൈകിയപ്പോഴും അധികാരത്തില്‍ വരുന്നപക്ഷം ഘട്ടം ഘട്ടമായി മദ്യനിരോധനം നടപ്പാക്കുമെന്ന ജയലളിതയുടെ വാക്ക്‌ മറ്റു പാര്‍ട്ടികളെയടക്കം പിടിച്ചുകുലുക്കി. പ്രകടനപത്രികയില്‍ മദ്യനിരോധനം ഉള്‍പ്പെടുത്താതെ രക്ഷയില്ലെന്നായി ഒടുവില്‍ മറ്റു പാര്‍ട്ടികള്‍ക്കും.

ജയിക്കാനായി ജനിച്ച കെലെഞ്‌ജര്‍

തൊണ്ണൂറ്റി മൂന്ന്‌ കരുണാനിധിക്ക്‌ ഒരു പ്രായമേയല്ല. തെരഞ്ഞെടുപ്പ്‌ അടുത്തതോടെ ഡി.എം.കെയുടെ കൊടിയിലെന്നപോലെ കരുണാനിധിയിലും ഉദയസൂര്യന്റെ പ്രഭാവം. ആ പ്രഭാവമാണ്‌ ഇറങ്ങിയ കളികളിലൊക്കെ കലൈഞ്‌ജറെ ജയിപ്പിച്ചത്‌. പാര്‍ട്ടി തോറ്റപ്പോഴും കരുണാനിധി ജയിച്ചുകൊണ്ടേയിരുന്നു.
1957 ല്‍ കുളിത്തലൈയില്‍ കരുണാനിധി തെരഞ്ഞെടുപ്പ്‌ അങ്കത്തിനിറങ്ങുമ്പോള്‍ ജവാഹര്‍ലാല്‍ നെഹ്‌റുവായിരുന്നു പ്രധാനമന്ത്രി. ഇന്നിപ്പോള്‍ നെഹ്‌റു കുടുംബത്തിന്റെ നാലാം തലമുറക്കാര്‍ രാഷ്‌ട്രീയം പയറ്റുമ്പോഴും കരുണാനിധി അങ്കത്തട്ടില്‍ സജീവം. ഇക്കുറി കോണ്‍ഗ്രസുമായി ചേര്‍ന്നാണ്‌ കലൈഞ്‌ജര്‍ എ.ഐ.എ.ഡി.എം.കെയെയും വിജയകാന്ത്‌ നയിക്കുന്ന ജനക്ഷേമ മുന്നണിയെയും നേരിടുന്നത്‌.
ഡി.എം.ഡി.കെയുമായി ചങ്ങാത്തമുണ്ടാക്കാനുള്ള നീക്കം പൊളിഞ്ഞെങ്കിലും ക്യാപ്‌റ്റന്‍ വിജയകാന്തിന്റെ വിശ്വസ്‌തനായ വി.സി. ചന്ദ്രകുമാറും മൂന്ന്‌ ഡി.എം.ഡി.കെ എം.എല്‍.എമാരും ഒടുവില്‍ തങ്ങളുടെ പാളയത്തിലെത്തിയത്‌ കരുണാനിധിക്കും കൂട്ടര്‍ക്കും തെല്ല്‌ ആശ്വാസമാണ്‌. ദളിത്‌ വോട്ടില്‍ കണ്ണുവച്ച്‌, നാലു സീറ്റ്‌ നല്‍കി പുതിയ തമിഴകം എന്ന ദളിത്‌ പാര്‍ട്ടിയെയും കരുണാനിധി കൂടെക്കൂട്ടിയിട്ടുണ്ട്‌.
സ്‌ത്രീകളെ കൈയിലെടുക്കാന്‍ സമ്പൂര്‍ണ മദ്യനിരോധനം, ദരിദ്ര കുടുംബങ്ങള്‍ക്കു സ്‌മാര്‍ട്ട്‌ ഫോണ്‍, വിദ്യാര്‍ഥികള്‍ക്കു ടാബ്‌ലറ്റ്‌, സൗജന്യ ഇന്റര്‍നെറ്റ്‌ എന്നിങ്ങനെ എല്ലാവിഭാഗങ്ങള്‍ക്കും ഒരുപിടി വാഗ്‌ദാനങ്ങളാണു തെരഞ്ഞെടുപ്പ്‌ പത്രികയില്‍. ലോകായുക്‌ത, സേവനാവകാശ നിയമം, പ്രത്യേക കാര്‍ഷിക ബജറ്റ്‌, വിദ്യാഭ്യാസ വായ്‌പാ ഇളവ്‌ എന്നുവേണ്ട തെരഞ്ഞെടുപ്പ്‌ വിപണിക്കുവേണ്ട ഓഫറുകളൊക്കെ പത്രികയിലുണ്ട്‌. ഇനിയതൊക്കെ "അമ്മ ബ്രാന്‍ഡിങ്ങിനെ" അതിജീവിക്കുമോയെന്നേ അറിയേണ്ടൂ.
വിജയകാന്തിനെ കൂടെക്കൂട്ടാക്കാന്‍ കഴിയാതിരുന്നതിനൊപ്പം കലൈഞ്‌ജറുടെ മൂത്ത മകനായ അഴഗിരിയെ മെരുക്കാന്‍ കഴിയാതിരുന്നതും ഡി.എം.കെയെ വലയ്‌ക്കുന്നുണ്ട്‌.
കോണ്‍ഗ്രസ്‌ സഖ്യമുള്ളപ്പോഴും അതിന്റെ ട്രേഡ്‌ യൂണിയനായ ഐ.എന്‍.ടി.യു.സി. ഇടഞ്ഞ്‌ മറുകണ്ടത്തേക്ക്‌ കാല്‍ നീട്ടിയിരിക്കുന്നു. ഇതിനൊപ്പം ഭരണവിരുദ്ധ വികാരം ഏശാത്തതും ഡി.എം.കെ. ക്യാമ്പിനു വെല്ലുവിളിയാണ്‌.
മഹാറാണിയേപ്പോലെ വിലസുന്ന മുഖ്യമന്ത്രി ജയലളിത പ്രളയം വന്നപ്പോള്‍ പോലും ജനങ്ങളെ കാണാതെ ഹെലികോപട്‌റില്‍ പറന്നെന്നു സെയ്‌ദാപെട്ടിലും കടല്ലൂരിലുമൊക്കെ കലൈഞ്‌ജര്‍ വാക്‌ശരം തൊടുത്തതിന്റെ പ്രസക്‌തി ഇവിടെയാണ്‌.
സെയ്‌ദാപെട്ടില്‍ ആലന്തൂര്‍ റോഡിലെ റോഡിലെ അഞ്ചുവിളക്കിലായിരുന്നു ഇക്കുറി കരുണാനിധിയുടെ കന്നി പ്രചാരണം. ഡി.എം.കെയ്‌ക്കു രാശിയുള്ള മണ്ണ്‌. ഇവിടെ കലൈഞ്‌ജര്‍ പ്രചാരണം തുടങ്ങിയപ്പോഴൊക്കെ ഡി.എം.കെ. അധികാരത്തിലെത്തിയെന്നു പ്രവര്‍ത്തകര്‍. മല്‍സരിച്ച 12 തവണയും കരുണാനിധി വിജയം കണ്ടെങ്കിലും പക്ഷേ, അതില്‍ അഞ്ചുതവണ പാര്‍ട്ടി പരാജയമറിഞ്ഞെന്നതു യാഥാര്‍ഥ്യം.

ബിനോയ്‌ തോമസ്‌

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top