Last Updated 1 year 14 weeks ago
Ads by Google
20
Wednesday
September 2017

തുമ്മിയാല്‍ തെറിക്കാത്ത ഇസ്ലാമികത

ജഹാംഗീര്‍ റസാഖ്‌ പലേരി

mangalam malayalam online newspaper

(കഴിഞ്ഞ ലക്കം തുടര്‍ച്ച)

3) സംഗീതം

ആധുനിക നാഗരികതയുടെ ആസ്വാദനമാധ്യമമാണ്‌ സംഗീതം. സംഗീതം ഇസ്‌ലാമില്‍ ഹറാമാണെന്ന കാഴ്‌ചപ്പാട്‌ മുഹമ്മദുല്‍ ഗസാലിക്കില്ല. നല്ല അര്‍ത്ഥങ്ങള്‍ ഉള്‍ക്കൊള്ളുന്ന, നിഷിദ്ധങ്ങളെ പ്രോത്സാഹിപ്പിക്കുന്ന യാതൊന്നും ഇല്ലാത്ത സംഗീതം ഹലാലാണെന്നാണ്‌ അദ്ദേഹത്തിന്റെ വീക്ഷണം. അദ്ദേഹം പറയുന്നു. വൃത്തികേടുകളും അശ്ലീലതയും പരത്തുന്ന ഗാനങ്ങളെയേ ഇസ്‌ലാം വിലക്കുന്നുള്ളൂ. പാട്ടിനെ നിരുപാധികം വിലക്കുന്നതായ ഒരു ഹദീസും വന്നിട്ടില്ല. തിരുമേനി തന്നെയും ഒരിക്കല്‍ അബൂമൂസല്‍ അശ്‌അരിയെ അദ്ദേഹത്തിന്റെ സംഗീത സാന്ദ്രമായ ഖുര്‍ആന്‍ പാരായണം കേട്ട്‌ പ്രശംസിക്കുകയുണ്ടായി. അദ്ദേഹത്തിന്റെ ശ്രവണമധുരമായ ഖുര്‍ആന്‍ പാരായണം കേട്ടപ്പോഴാണ്‌ തിരുമേനി അദ്ദേഹത്തിന്റെ സ്വരമാധുരിയെ പ്രശംസിച്ചത്‌. ദാവൂദ്‌ നബിയുടെ കുടുംബത്തിനു കിട്ടിയതു പോലുള്ള സംഗീതോപകരണം നിനക്കും ലഭിച്ചിട്ടുണ്ടല്ലോ എന്നായിരുന്നു തിരുമേനിയുടെ പ്രശംസ. ഹദീസില്‍ മിസ്‌മാര്‍ എന്ന പദത്തിനര്‍ത്ഥം കാറ്റുമൂലം പ്രവര്‍ത്തിക്കുന്ന ഇന്നത്തെ ബ്യൂഗിളിന്റേതു പോലുള്ള ഒരു സംഗീത ഉപകരണമെന്നാണ്‌. അബൂ മുസല്‍ അശ്‌അരിയുടെ ഒരു നന്‍മയെ എടുത്തുപറയുകയാണ്‌ തിരുമേനി. ആ സംഗീത ഉപകരണം മോശമോ ഇസ്‌ലാം വിലക്കിയതോ ആയിരുന്നുവെങ്കില്‍ അബൂ മൂസല്‍ അശ്‌അരിയുടെ ശബ്‌ദത്തെ തിരുമേനി ഒരിക്കലും അതിനോടുപമിക്കുമായിരുന്നില്ല.

മാത്രമല്ല ആധുനിക ലോകത്തിന്റെ രാഷ്‌ട്രീയവും സാമൂഹികവുമായ ജീവിതം സംവേദിക്കപ്പെടുന്ന ഒരു മാധ്യമം എന്ന നിലയില്‍ മുസ്ലിങ്ങള്‍ക്ക്‌ മാത്രമായി സിനിമയെ മാറ്റി നിര്‍ത്തുവാന്‍ സാധിക്കില്ല എന്നതാണ്‌ യാഥാര്‍ത്ഥ്യം. മുനവ്വറലി തങ്ങള്‍ തീര്‍ച്ചയായും ഇത്‌ മനസിലാക്കിയാണ്‌ പ്രതികരിച്ചത്‌ എന്നാണു മനസിലാക്കുന്നത്‌.

4) ബഹുസ്വര സമൂഹത്തിലെ ഓണവും ക്രിസ്‌മസും

പള്ളിയിലെ മൗലവി മൈക്ക്‌ ഓഫാക്കി പള്ളിയില്‍ ഇരിക്കുന്ന ആളുകള്‍ക്ക്‌ മാത്രമായി കേള്‍ക്കുവാന്‍ പാകത്തില്‍, ഓണത്തിനും ക്രിസ്‌മസിനും, അയല്‍പക്കവീട്ടില്‍ അല്ലെങ്കില്‍ ഒരു അന്യമത സഹോദര സുഹൃത്തിന്റെ ആഘോഷത്തില്‍ പങ്കെടുക്കുന്നത്‌ വിലക്കിക്കൊണ്ട്‌ സംസാരിക്കുന്ന അശ്ലീലത ധാരാളം തവണ കേട്ടിട്ടുണ്ട്‌. ഒരു ബഹുസ്വര സമൂഹത്തില്‍ ജീവിക്കുമ്പോള്‍ ഇത്‌ കേവലം അസംബന്ധം മാത്രമാണ്‌. ഒരു യഥാര്‍ത്ഥ വിശ്വാസിയായ മുസ്ലിം ഒരു ബഹുസ്വര സമൂഹത്തില്‍ എങ്ങനെയാണ്‌ മറ്റു മതസ്‌ഥരുടെയും പ്രത്യയശാസ്‌ത്രങ്ങളുടെയും സംസ്‌കാരത്തെയും ആഘോഷങ്ങളെയും ചടങ്ങുകളെയും നോക്കിക്കാണേണ്ടത്‌ എന്നത്‌ സംബന്ധിച്ച്‌ ഒരു പ്രത്യയശാസ്‌ത്രം എന്ന നിലയില്‍ ഇസ്ലാമില്‍ വ്യക്‌തതയുണ്ട്‌ എന്ന്‌ തന്നെയാണ്‌ എന്റെ പരിമിതമായ അറിവ്‌. മാനവികതയും, സഹജീവിസ്‌നേഹവും ഇസ്ലാമിന്റെ അടിസ്‌ഥാനമാണ്‌ എന്നതില്‍ തര്‍ക്കമുണ്ടാവില്ല. പക്ഷേ പ്രായോഗികതയില്‍ പലപ്പോഴും, ഇസ്ലാമിന്റെ പേരില്‍ എങ്കിലും, അസഹിഷ്‌ണുതയും, മറ്റുള്ളവരുടെ സംസ്‌കാരത്തെ ബഹുമാനിക്കാത്ത സ്‌ഥിതിയും വളരെ ന്യൂനപക്ഷമായ മുസ്ലിങ്ങള്‍ക്കിടയില്‍ ഉണ്ട്‌ എന്നുള്ളത്‌ അംഗീകരിക്കേണ്ടതുണ്ട്‌ . നമ്മുടെ വിദ്യാഭ്യാസമന്ത്രി വീടിന്റെ പേര്‌ മാറ്റിയതും, അദ്ദേഹം തന്നെ ഒരു ചടങ്ങില്‍ നിലവിളക്ക്‌ കത്തിക്കാന്‍ വിസമ്മതിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങളും ഒടുവില്‍ ചില മുസ്ലിം ലീഗ്‌ മന്ത്രിമാര്‍ നവമാധ്യമങ്ങളില്‍ക്കൂടി ദീപാവലി ആശംസകള്‍ നേര്‍ന്നപ്പോള്‍ മുസ്ലിം സമുദായത്തില്‍ നിന്ന്‌ തന്നെ ഉണ്ടായ പരിഹാസങ്ങളും വിമര്‍ശനങ്ങളും മുസ്ലിങ്ങളില്‍ പലരും ഇന്ത്യ പോലുള്ള ഒരു ബഹുമത ബഹുസ്വര സമൂഹത്തില്‍ വളരെ ശ്വാസംമുട്ടിയാണ്‌ ജീവിക്കുന്നത്‌ എന്ന്‌ തെളിയിക്കുന്നു.

കൃത്യമായ ഇസ്ലാമിക ഭരണമുള്ള, ഇസ്ലാമിക സംസ്‌കാരം അനുസരിച്ച്‌ മാത്രം ജീവിക്കാന്‍ കഴിയുന്ന രാഷ്‌ട്രങ്ങള്‍ ലോകത്ത്‌ തന്നെ അപൂര്‍വമാണ്‌. ചില അറബ്‌ രാജ്യങ്ങളില്‍ പോലും പന്നിമാംസവും മദ്യവും ഉള്‍പ്പെടെയുള്ള അനിസ്ലാമികമായ വസ്‌തുക്കള്‍ ലഭ്യമാകുന്ന സ്‌ഥിതിയുണ്ട്‌ എന്ന്‌ എല്ലാവര്‍ക്കും അറിയാം. ചുരുക്കത്തില്‍ ഇസ്ലാമികേതരമായ സംസ്‌കാരങ്ങളെയും ജീവിതരീതികളെയും സ്വന്തം ജീവിതത്തില്‍ പകര്‍ത്താനാവില്ലെങ്കിലും, അവയെ ബഹുമാനിച്ചും, അവയോടു സഹിഷ്‌ണുത പുലര്‍ത്തിയും ജീവിക്കാന്‍ മുസ്ലിങ്ങള്‍ക്ക്‌ ബാധ്യതയുണ്ട്‌ എന്നത്‌ തന്നെയാണ്‌ ലോകത്ത്‌ നിന്നുള്ള വിവിധ ഉദാഹരണങ്ങള്‍ നമ്മോട്‌ പറയുന്നത്‌; അല്ലെങ്കില്‍ നമ്മുടെ ലോകക്രമം അങ്ങനെയാണ്‌. അക്കൂട്ടത്തില്‍ ഏറ്റവും പ്രധാനപ്പെട്ട രാജ്യം നമ്മുടേത്‌ തന്നെയാണെന്ന്‌ തോന്നുന്നു . മതപരവും സംസ്‌കാരപരവും ഭാഷാപരവും ആഘോഷ ആചാരപരവുമൊക്കെയായ ഇത്രയേറെ വൈവിധ്യങ്ങളെ ഉള്‍ക്കൊള്ളുന്ന ഒരു രാജ്യം ലോകത്ത്‌ തന്നെ വേറെയില്ല എന്നുറപ്പാണ്‌ . അതിലുമുപരി നമ്മുടെ ഭരണഘടന എല്ലാ മനുഷ്യരെയും അവരവരുടെ മതപരവും , വിശ്വാസപരവുമായ സ്വത്വം നിലനിര്‍ത്താന്‍ അനുവദിക്കുന്നു, അതിന്‌ സ്വാതന്ത്ര്യം നല്‍കുന്നു എന്നത്‌ മഹത്തരമാണ്‌. മാത്രമല്ല നൂറ്റാണ്ടുകളായി നമ്മുടെ രാജ്യത്തെ വിവിധ മതസ്‌ഥര്‍ ഐക്യത്തോടെയും സ്‌നേഹാദരവുകളോടെയും ആഘോഷ ആചാരങ്ങളില്‍ പരസ്‌പരം സഹകരിച്ചും ആശംസകള്‍ നേര്‍ന്നും തന്നെയാണ്‌ ജീവിക്കുന്നത്‌ എന്നതില്‍ സംശയമില്ല . അങ്ങനെയല്ലെങ്കില്‍ ഇന്ത്യ പോലെയൊരു വൈവിധ്യങ്ങളുടെ രാജ്യത്ത്‌ ജീവിതം നരകതുല്യമായിരിക്കും എന്നത്‌ നിസ്‌തര്‍ക്കമാണ്‌.

ജൂതനായ സന്ദര്‍ശകനു പ്രാര്‍ഥിക്കാന്‍ പള്ളിയില്‍ സൗകര്യം ചെയ്‌തു കൊടുത്ത മുഹമ്മദ്‌ നബിയെക്കുറിച്ച്‌ ഇസ്ലാമിക ചരിത്രത്തില്‍ തന്നെ കാണാം. ഇസ്ലാം ഉദ്‌ഘോഷിക്കുന്ന മാനവസ്‌നേഹത്തെക്കുറിച്ചു ഒറ്റ വാചകം കൊണ്ട്‌ മനസിലാക്കാം. അയല്‍വാസി വിശന്നിരിക്കുമ്പോള്‍ വയര്‍ നിറയ്‌ക്കുന്നവന്‍ നമ്മില്‍ പെട്ടവനല്ല എന്ന്‌ പഠിപ്പിച്ച ഒരു പ്രത്യയശാസ്‌ത്രമാണ്‌ തീര്‍ച്ചയായും ഇസ്ലാം. ആ അയല്‍വാസി മുസ്ലിമോ, അമുസ്ലിമോ ആകാം. ദളിതനോ, ബ്രാഹ്‌മണനോ ആകാം. അവിടുത്തെ പ്രസക്‌തമായ കാര്യം ജാതി മത വംശ ഭേദമന്ന്യേ സകല മനുഷ്യര്‍ക്കും അനുഭവിക്കേണ്ടി വരുന്ന വിശപ്പ്‌ എന്ന അവസ്‌ഥയെ ഇസ്ലാം എങ്ങനെ അഭിസംബോധന ചെയ്യുന്നു എന്നതും, ഒരു വ്യക്‌തിയുടെ വിശപ്പിനെ എങ്ങനെ ഒരു സാമൂഹ്യ ഉത്തരവാദിത്വമായി കാണുന്നു എന്നതുമാണ്‌. മറ്റു മതസ്‌ഥരുടെ ആഘോഷങ്ങളെ, ആചാരങ്ങളെ ബഹുമാനിക്കാനും ഇസ്ലാം മതം ഉദ്‌ബോധിപ്പിക്കുന്നുണ്ട്‌; പക്ഷേ അവയെ അനുകരിക്കരുത്‌ എന്നത്‌ മാത്രമാണ്‌ ഇസ്ലാമിക ശാസനയെന്നു തോന്നുന്നു.

കേരളത്തിന്റെ രാഷ്‌ട്രീയ സാംസ്‌കാരിക പരിസരത്തേക്ക്‌ വന്നാല്‍, മറ്റുമതസ്‌ഥരുടെയും വോട്ടുകൊണ്ട്‌ ജനാധിപത്യ ക്രമത്തില്‍ തെരഞ്ഞെടുക്കപ്പെട്ട മുസ്ലിങ്ങളായ ഭരണാധികാരികള്‍ ഹൈന്ദവ സംസ്‌കാരമനുസരിച്ച്‌ ഒരു ചടങ്ങില്‍ വിളക്ക്‌ തെളിയിച്ചു കൊണ്ട്‌ ഉദ്‌ഘാടനം നിര്‍വഹിക്കാമോ? അന്യമതസ്‌ഥരുടെ ആഘോഷാവസരങ്ങളില്‍ അവര്‍ക്ക്‌ ആശംസകള്‍ നേരാമോ ? അവരുടെ കൂടെ ആഘോഷങ്ങളില്‍ പങ്കെടുക്കാമോ..? തുടങ്ങിയ ചോദ്യങ്ങള്‍ പ്രസക്‌തമാകുന്നുണ്ട്‌. വിശാലമായി ചിന്തിക്കുന്ന വിദ്യാസംസ്‌കാര സമ്പന്നരും മതേതരമായി ചിന്തിക്കുന്നവരുമായ മുസ്ലിം ലീഗ്‌ മന്ത്രിമാര്‍, പൊട്ടന്‍ ആനയെ കണ്ടതുപോലെ ഇസ്ലാമിനെ മനസിലാക്കുന്ന സ്വന്തം അണികളെയും, ചില സമുദായ സംഘടനകളെയും ഈ വിഷയത്തില്‍ ഭയക്കുന്നുണ്ട്‌ എന്ന്‌ തന്നെയാണ്‌ മനസിലാക്കേണ്ടത്‌.

കുറച്ചുകൂടി വിശദമായി പറഞ്ഞാല്‍ സ്വസമുദായത്തിലെ വോട്ടു ബാങ്കായ ചില വിവരംകെട്ടവരെയും സമസ്‌ത, മുജാഹിദ്‌ വിഭാഗക്കാരായ ചില സംഘടനകളെയും പണ്ഡിതന്മാരെയും മുസ്ലിം ലീഗ്‌ നേതൃത്വം ഭയക്കുന്നു എന്നതല്ലാതെ ബഹുഭൂരിപക്ഷം ലീഗ്‌ നേതാക്കളും, മന്ത്രിമാരും ഒരു അമുസ്ലിം സുഹൃത്തിന്റെ വീട്ടില്‍ പോയി അവരുടെ ആഘോഷസദ്യയുണ്ണുമ്പോഴോ, ഒരു വിളക്ക്‌ കത്തിക്കുമ്പോഴോ, ഒരു ദീപാവലി, ഓണം, വിഷു, ക്രിസ്‌മസ്‌ ആശംസ അര്‍പ്പിക്കുമ്പോഴോ തെറിച്ചു പോകുന്ന ഒരു മൂക്കാണ്‌ ഇസ്ലാം എന്ന്‌ വിശ്വസിക്കുന്നുണ്ടെന്നു കരുതാനാവില്ല .
പക്ഷേ വോട്ട്‌ ബാങ്കിലും മൗലികവാദികളായ ഭക്‌തരിലും ഉള്ള ഭയം തന്നെയാവാം മുനവ്വറലി തങ്ങള്‍ എന്റെ വാക്കുകള്‍ വളച്ചൊടിച്ചു എന്നക്ല ീഷേ വിശദീകരണവുമായി മുന്നോട്ട്‌ വരാന്‍ കാരണം..!

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top