Last Updated 1 year 14 weeks ago
Ads by Google
21
Thursday
September 2017

ഫ്രീ ബേസിക്‌സ് അത്ര ഫ്രീയായ കാര്യമല്ല

വി.കെ. ആദര്‍ശ്

VOTE
Vote up!
2
mangalam malayalam online newspaper

ഉദാഹരണം പറഞ്ഞ് കൊണ്ട് കാര്യം അവതരിപ്പിക്കാം.

ഒന്നാം ഭാഗം :
രാജ്യത്ത് കോടിക്കണക്കിനാളുകള്‍ക്ക് കുടി/ശുദ്ധ വെള്ള ലഭ്യത ഇല്ല. ഇതിനു പല കാരണങ്ങള്‍ ഉണ്ട്. അതെന്തായാലും ജനങ്ങള്‍ക്ക് ശുദ്ധവെള്ളം ഉറപ്പാക്കേണ്ടത് അനിവാര്യം ആണ് എന്ന ബോധം പല തരത്തില്‍ ജനങ്ങളില്‍ അവതരിപ്പിക്കുന്നു. താമസിയാതെ നാട്ടിലെ പേരുകേട്ട ശുദ്ധവെള്ള ഉപകരണ കമ്പനി എന്നുവച്ചാല്‍ അക്വാഗാര്‍ഡ് പോലെ ഒന്ന് വന്ന് പറയുന്നു. എല്ലാവര്‍ക്കും ഇപ്പോഴുള്ള സര്‍ക്കാര്‍ ജലസേചന കുഴല്‍ വഴി ഞങ്ങള്‍ കുറഞ്ഞ അളവില്‍ വെള്ളം തരാം. നോട്ട് ദ് പോയിന്റ്. ഇപ്പോഴുള്ള കുഴല്‍ വഴി അവരുടെ കമ്പനി/സഹായ കൂട്ടുകച്ചവട വെള്ളം മാത്രം!! കുടിവെള്ളം അല്ലെ നല്‍കുന്നത് അതില്‍ എന്തിനെല്ലാരും എതിര്‍ക്കുന്നു എന്ന് സാമാന്യജനത്തിന്റെ സാമാന്യബോധം അങ്ങ് മുതലെടുക്കുന്ന മുതലാളി ശുദ്ധവെള്ള നിര്‍വചനവും നടത്തുന്നു.
ഈ വെള്ളം കിട്ടുന്ന ആം ആദ്മിക്ക് സ്വന്തം ഇഷ്ടപ്രകാരം ഉപയോഗിക്കാന്‍ അനുവാദമില്ല എന്ന് കൂടി അറിയുമ്പോഴാണ് കലക്കവെള്ളത്തിലെ കളിയുടെ ഗുട്ടന്‍സ്!! അവര്‍ പറയുന്ന ആവശ്യത്തിനു മാത്രം ഉപയോഗിക്കാം. മാഗിയുമായി നേരത്തെ ഭായി ഭായി കരാര്‍ ആക്കിയതിനാല്‍ എത്ര വേണേലും മാഗി ന്യൂഡില്‍സ് ഈ വെള്ളത്തില്‍ തിളപ്പിക്കാം. എന്നാല്‍ നാടന്‍ നൂലപ്പം ഉണ്ടാക്കാന്‍ ഈ വെള്ളം ഉപയോഗിക്കണമെങ്കില്‍ കമ്പനി കനിയണമെന്ന് മാത്രമല്ല, കാശുകൊടുത്ത് ഇതേ വെള്ളം വേറെ വാങ്ങുകയും വേണമെന്ന് പറഞ്ഞാലോ.

ആ വെള്ളം അങ്ങ് വാങ്ങിയേക്ക് എന്ന് ചിലരെങ്കിലും പറയുന്നതില്‍ കാര്യമില്ല എന്നും കമ്പനി മുന്‍കൂറായി പത്രപരസ്യത്തിലൂടെ മാലോകരെ അറിയിക്കുന്നു. നാട്ടുകാര്‍ക്ക് മെച്ചപ്പെട്ട വെള്ളം എത്തിക്കാന്‍ ആണെങ്കില്‍ ആദ്യം ചെയ്യേണ്ടത്. ഇപ്പോഴുള്ള അടിസ്ഥാന സൗകര്യം വികസിപ്പിക്കുന്നതില്‍ പണമിറക്കുക ആണ്. എന്നുവച്ചാല്‍ കൂടുതല്‍ ഇടങ്ങളിലേക്ക് നല്ല പൈപ്പുകള്‍ ഇടാന്‍ വാട്ടര്‍ അഥോറിറ്റിയെ സഹായിക്കുക, നിലവിലുള്ള പൊട്ടിയ പൈപ്പില്‍ അറ്റകുറ്റപ്പണി നടത്തുക, വെള്ളം നാരുപോലെ നേര്‍ത്ത് വരുന്ന ഇടങ്ങളില്‍ നല്ല വണ്ണമുള്ള പൈപ്പുകള്‍ ഇടുക.

ഇപ്പോള്‍ ഫേസ്ബുക്ക് വഴി വോട്ട് തേടുന്ന കുറുക്ക് വഴി തിണ്ണമിടുക്ക് മാത്രം. അതിനുള്ള പരസ്യകോലാഹലത്തെ ചോദ്യം ചെയ്യുന്നില്ല.
(ഈ ഉദാഹരണം കേവലം ഉദാഹരണം മാത്രം "objects in (the) mirror are closer than they appear" എന്ന് പിന്‍ഭാഗകാഴ്ചാ കണ്ണാടി പോലെ കാര്യങ്ങള്‍ ഗൗരവം)

രണ്ടാം ഭാഗം :
ദാ ഈ ഫ്രീ ബേസിക്‌സ് വരുന്നത് ഏതെങ്കിലും ഒരു ടെലകോം സേവനദാതാവ് വഴി ആകുമല്ലോ. ഒരു വാദത്തിനു വേണ്ടി (വാദത്തിനു വേണ്ടി മാത്രം) നിങ്ങളുടെ മനസിലിരുപ്പ് അങ്ങ് നടന്നു എന്നു വയ്ക്കുക. ഫ്രീ ബേസിക്‌സ് കിട്ടാന്‍ ഉപയോക്താവ് ഇപ്പോഴുള്ള മൊബൈല്‍ കണക്ഷന്‍ ഉപേക്ഷിക്കുകയോ അല്ലെങ്കില്‍ പോര്‍ട്ട് ചെയ്ത് സാങ്കേതികവാണിജ്യ സഹകരണം ഇവരുമായി ഉറപ്പാക്കിയ ടെലകോം കമ്പനിയിലേക്ക് മാറുകയോ വേണം. ഇവിടെ ടെലികോം കമ്പനികള്‍ തമ്മില്‍ അനാരോഗ്യ മത്സരത്തിനു വഴിയൊരുക്കും എന്നത് ടെലകോമുകാര്‍ തമ്മിലുള്ള കശപിശ എന്ന് വയ്ക്കാം. പക്ഷെ ആം ആദ്മി ആയ നമ്മള്‍ ഒരു മൊബൈല്‍ കണക്ഷന്‍ എടുക്കാന്‍ ഉള്ള മുഖ്യകാരണങ്ങള്‍

1) സുതാര്യമായ ബില്ലിംഗ്, 2) വീട്ടിനടുത്തും പിന്നെ ഓഫീസിലും മെച്ചപ്പെട്ട തരംഗശേഷി 3) BSNL/MTNL പോലെയുള്ള പൊതുമേഖലാ സ്‌നേഹം മറ്റ് ചിലര്‍ക്ക് പ്രാദേശിക വികാരവും ആകാം എന്ന് വച്ചാല്‍ എയര്‍ടെല്‍ പഞ്ചാബുകാര്‍ക്ക് സ്വന്തം എന്ന പോലെ 4) ഇന്റര്‍നെറ്റ് താരിഫ് ..... ഇതൊക്കെ ഒറ്റയടിക്ക് റദ്ദ് ചെയ്ത് ഈ ഫ്രീ ബേസിക്‌സ് പങ്കാളിയിലേക്ക് കൂടുമാറി എത്തണം. ഇനി അഥവാ എല്ലാ ടെലകോം കമ്പനികളും ഇവരുമായി മച്ചാമച്ചാ ആയി എന്നുവച്ചാല്‍ പോലും പൊതുമേഖലാ കമ്പനികള്‍ക്ക് ഈ പരിപാടിയില്‍ കരാറാകാന്‍ അത്ര എളുപ്പമാകില്ല. അങ്ങനെയെങ്കില്‍ ഇനി ഇന്റര്‍നെറ്റിലേക്ക് എത്താനുള്ള പരശതം ആളുകളിലേക്ക് പടര്‍ന്നിറങ്ങാന്‍ ഫ്രീ ബേസിക്‌സുമായി തോളില്‍ കയ്യിട്ട മൊബൈല്‍ സേവനദാതാക്കള്‍ക്ക് എളുപ്പമാകും.

വിരാമതിലകം : സോപ്പിനൊപ്പം ചീപ്പ് ഫ്രീ എന്ന് പറയുന്ന പൊലെ ലളിതമല്ല കാര്യങ്ങള്‍. പൗരന്മാര്‍ക്ക് ശുചിത്വബോധം ഉണ്ടാക്കാനായി ഭക്ഷണം കഴിക്കും മുന്നെ കൈ സോപ്പ് ഉപയോഗിച്ച് കഴുകണം, ദിവസവും സോപ്പ് ഉപയോഗിച്ച് കുളിക്കണം എന്ന് പറയുന്നത് ഒകെ, എന്നാല്‍ ചന്ദ്രിക സോപ്പ് ഉപയോഗിച്ച് കുളിക്കണം എന്നത് അത്ര നല്ല കാര്യമല്ലല്ലോ.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top