Last Updated 1 year 15 weeks ago
Ads by Google
22
Friday
September 2017

ഇതു സമത്വത്തിന്റെ ജനാധിപത്യകഭാഷയല്ല

ഫാ. ഡോ. പോള്‍ തേലക്കാട്ട്‌

mangalam malayalam online newspaper

വെള്ളാപ്പള്ളി നടേശന്റെ നേതൃത്വത്തിലുള്ള സമത്വയാത്ര കേരളത്തില്‍ നടക്കുകയാണല്ലോ. അദ്ദേഹം ക്രൈസ്‌തവസഭയുടെ ഘടനകളെ വളരെ താല്‍പര്യപൂര്‍വം അനുകരിക്കുന്ന വ്യക്‌തിയാണ്‌. അത്‌ എസ്‌.എന്‍.ഡി.പി. സംഘടനയ്‌ക്കു ഉപകാരപ്രദമാകുന്നതില്‍ സന്തോഷമുണ്ട്‌. പക്ഷേ, നമ്മുടെ കമ്പോള സംസ്‌കാരത്തിന്റെ പ്രത്യേകതകൊണ്ടായിരിക്കാം അദ്ദേഹം അതികഠിനമായ അനുകരണാജന്യമായ സ്‌പര്‍ധയുടെ പിടിയിലാണ്‌. അതുകൊണ്ട്‌ ക്രൈസ്‌തവസഭയോടു വെറുപ്പും വിദ്വേഷവും ഒളിഞ്ഞും തെളിഞ്ഞും പ്രകടിപ്പിക്കുന്നു. അദ്ദേഹത്തിന്റെ സമത്വയാത്രയുടെ ലക്ഷ്യം കേരളത്തിലെ ഹിന്ദുക്കളുടെ ഐക്യമാണെന്നു പറയുന്നു. ഹിന്ദു സംസ്‌കാരത്തിന്റെ സത്തയറിയാതെ അതിന്റെ ഐക്യത്തിനുവേണ്ടി ഇറങ്ങിത്തിരിക്കുന്നു, ചിന്തിച്ചുപോയി.
കാരണം ഹിന്ദുഐക്യം ഹൈന്ദവമല്ല തന്നെ. അങ്ങനെ ഒരു ഐക്യത്തിന്റെ സ്വപ്‌നമോ ദര്‍ശനമോ അതിലില്ല. ഹിന്ദുത്വവാദികള്‍ അതു പറയുന്നതു രാഷ്‌ട്രീയ അധികാരത്തിനു വേണ്ടിയാണ്‌. കാരണം ആ സംസ്‌കാരത്തിന്റെ ഉറവിടങ്ങളില്‍ ഐക്യത്തിന്റെയോ സംഭ്രാതൃത്വത്തിന്റെയോ ഒന്നുമില്ല. അപ്പന്‍ ശരിയല്ലെങ്കിലും സഹോദരങ്ങള്‍ ഐക്യപ്പെടും. കാരണം അവര്‍ ഒരു അച്‌ഛന്റെ മക്കളാണ്‌. ഐക്യം സാധ്യമാകുന്ന ഒന്നും ഹിന്ദുത്വത്തിലില്ല. അങ്ങനെ ഒരു പൊതു പിതാവില്‍ അവര്‍ വിശ്വസിക്കുന്നുമില്ല. ദൈവങ്ങള്‍ പോലും ഭിന്നമാണ്‌. സാഹോദര്യം, സമത്വം ഇവയ്‌ക്ക്‌ ഒരു പൊതു പൈതൃകം വേണം. ഫ്രഞ്ച്‌ വിപ്ലവമൂല്യങ്ങളായ സമത്വം, സാഹോദര്യം, സ്വാതന്ത്ര്യം ഇവയുടെ പിന്നില്‍ ഒരു പൊതു പൈതൃകവും ഒരു ദൈവവുമുണ്ട്‌. ഇതു മുസ്ലിം മതത്തിലുമുണ്ട്‌. ഐക്യപ്പെടുത്തുന്ന പൈതൃക സങ്കല്‍പങ്ങളില്ല. മാത്രമല്ല ഐക്യപ്പെടാന്‍ കഴിയാത്തവിധം ശരീരം വിഭജിതമാണ്‌. ബ്രഹ്‌മാവില്‍നിന്നുള്ള ജനനത്തില്‍ പോലും ഉച്ചനീചത്വങ്ങളാണ്‌.
വെള്ളാപ്പള്ളി കൊണ്ടുനടക്കുന്ന ആദര്‍ശങ്ങള്‍ അയല്‍ക്കാരില്‍നിന്നു കടമെടുത്തതാണ്‌. ആ സമത്വം അസാധ്യമായവരെ ഒന്നിപ്പിക്കുമ്പോള്‍ ഒരു പഴയ കഥ ആവര്‍ത്തിക്കുന്നതുപോലെ തോന്നുന്നു - വെള്ളം കലക്കിയ ആട്ടിന്‍കുട്ടിയോടു കോപിക്കുന്ന കുറുക്കന്റെ കഥ. കോപം കൊന്നുതിന്നാനുള്ള കൊതിയാണ്‌. ഈഴവരെ സമന്മാരായി നായന്മാര്‍ പരിഗണിച്ചില്ല; അമ്പലത്തില്‍ കയറ്റിയില്ല. അതുകൊണ്ട്‌ അവര്‍ ഈഴവ അമ്പലങ്ങള്‍ ഉണ്ടാക്കി. അതില്‍ പുലയനും പറയനും പ്രവേശനം കിട്ടിയില്ല. അതിന്‌ ക്രിസ്‌ത്യാനികളും മുസ്ലിംകളും കുറ്റക്കാരായ പോലെയാണ്‌ വെള്ളാപ്പള്ളി ഇപ്പോള്‍ സമത്വയാത്ര നടത്തുന്നത്‌.
ചോദിച്ചേക്കാം; ഈഴവര്‍ ഹിന്ദുക്കളാണോ? ഇ. മാധവന്റെ സ്വാതന്ത്ര്യ സമുദായത്തില്‍ അര്‍ഥശങ്കയില്ലാതെ പറയുന്നു ഈഴവര്‍ ബുദ്ധമതക്കാരാണ്‌, അവര്‍ ശ്രീലങ്കയില്‍ നിന്നുവന്നവരാണ്‌ എന്ന്‌. ഇതു കുമാരനാശാനേയും ശ്രീനാരായണ ഗുരുവിനേയും വായിച്ചാല്‍ വ്യക്‌തവുമാണ്‌. കേരളത്തില്‍ ബൗദ്ധ പാരമ്പര്യമുള്ളവരാണു സുറിയാനി ക്രിസ്‌ത്യാനികളും. അവരുടെ പള്ളി, അപ്പന്‍, മുത്തപ്പന്‍ തുടങ്ങിയ പദങ്ങളും സ്‌ത്രീകളുടെ ചട്ടയും മുണ്ടും ബൗദ്ധ സ്വാധീനത്തിന്റെ സൂചനകളാണ്‌. ബൗദ്ധപാരമ്പര്യം സംഘബോധത്തിന്റെയും സംഭ്രാതൃത്വത്തിന്റെയുമാണ്‌.
വെള്ളാപ്പള്ളി ഐക്യത്തില്‍നിന്നു പുറത്താക്കുന്നതു ക്രിസ്‌ത്യാനികളെയും മുസ്ലിംകളെയുമാണ്‌. ബ്രാഹ്‌മണാധിപത്യത്തിനു കീഴില്‍ ഭൂമി ബ്രഹ്‌മസ്വവും ദേവസ്വവുമായിരുന്നു. പാട്ടം, കാണം, വാരം എന്നിങ്ങനെ എടുത്തു കേരളത്തില്‍ കാര്‍ഷികവൃത്തിയില്‍ മാത്രം ആശ്രയിച്ച്‌ ജീവിച്ചുപോന്ന മൂന്നു സമുദായങ്ങളാണ്‌ ഈഴവരും, ക്രിസ്‌ത്യാനികളും, മുസ്ലിംകളും. സര്‍ക്കാര്‍ ജോലികളും ഭൂമിയും ആഢ്യവര്‍ഗത്തിന്റേതായിരുന്നു. അപ്പോള്‍ അവശതയില്‍ ജീവിച്ചവരാണ്‌ എന്നതു മറക്കാം.
പക്ഷേ, ഈ മൂന്നു കൂട്ടര്‍ക്കും കൃഷിഭൂമി സ്വന്തമായി ലഭിച്ചതു കമ്യൂണിസ്‌റ്റായ ഇ.എം.എസ്‌. നമ്പൂതിരിപ്പാടിന്റെ ഭൂനിയമങ്ങളെ തുടര്‍ന്നാണ്‌. ഈ വിപ്ലവവും കേരളത്തില്‍ സൃഷ്‌ടിക്കപ്പെട്ടതിന്റെ ആധാരവും വൈദേശീയമാണ്‌. സ്വാതന്ത്ര്യസമരത്തില്‍ നെഹ്‌റുവിനെപ്പോലുള്ളവര്‍ ഇന്ത്യ കണ്ടെത്തിയതു നവോത്ഥാന മാനവീകതയിലാണ്‌; അതു പാശ്‌ചാത്യമായിരുന്നു. മാത്രമല്ല അബ്രാഹത്തിന്റെ വിശ്വാസത്തിലൂന്നിയ യഹൂദ-ക്രൈസ്‌തവ-ഇസ്ലാമിക മതപാരമ്പര്യത്തിലെ ഏക ദൈവവിശ്വാസവും ഏക മാതാപിതാക്കളും സൃഷ്‌ടിക്കുന്ന സാഹോദര്യം. ഈഴവരുടെ നവോത്ഥാനത്തിനിടയാക്കിയതും ആ പൊതു പൈതൃകത്തില്‍ നിന്നുതന്നെയുള്ള കമ്യൂണിസവുമായി ബന്ധപ്പെട്ടതാണ്‌.
ഈഴവ സമൂഹം ക്രൈസ്‌തവസഭയില്‍ ചേരുന്നതിനെക്കുറിച്ച്‌ ഒരിക്കല്‍ ആലോചിച്ചിട്ടുണ്ട്‌. പിന്നീട്‌ അവരില്‍ പലരും കമ്യൂണിസത്തിന്റെ കുടക്കീഴിലായി. ഇതൊന്നും അവര്‍ ഹൈന്ദവ മൂല്യങ്ങളില്‍നിന്നുണ്ടായ നവോത്ഥാനമായിരുന്നില്ല. ചാവറയച്ചനും മദര്‍ തെരേസയും ഭാരതീയ സമൂഹത്തില്‍ അത്ഭുതങ്ങള്‍ സൃഷ്‌ടിച്ചെങ്കില്‍ അതു ക്രൈസ്‌തവ മാനവികതയുടെ ഫലമാണ്‌.
മലയപ്പുലയനു വാഴക്കുലയ്‌ക്ക്‌ അവകാശം ഉണ്ടാക്കിയതും തോട്ടിയുടെ മകനു മനുഷ്യത്വം ഉണ്ടാക്കിയതും കമ്യൂണിസ്‌റ്റ്‌ മാനവദര്‍ശനം ചങ്ങമ്പുഴയും തകഴിയും ഉള്‍ക്കൊണ്ടതു കൊണ്ടാണ്‌. ഇതൊന്നും ഹിന്ദുത്വതയുടെ ഘര്‍ വാപസികൊണ്ട്‌ ഉണ്ടാകുന്നതല്ല.
സ്വതന്ത്ര ഇന്ത്യയില്‍ നവോത്ഥാന കാഴ്‌ചപ്പാടില്‍ ഈഴവരും ക്രൈസ്‌തവരും മുസ്ലിംകളും വളര്‍ന്നു. ക്രൈസ്‌തവ വിദ്യാഭ്യാസ സ്‌ഥാപനങ്ങള്‍ ഉണ്ടായി. ചാവറയച്ചന്‍ തുടങ്ങിയ പള്ളിയോടു കൂടിയുള്ള പള്ളിക്കൂടങ്ങള്‍ ക്രിസ്‌ത്യാനികളെ മാത്രം പഠിപ്പിക്കാനായിരുന്നില്ല. അവയില്‍ പഠിച്ചു ഹിന്ദുക്കളും ക്രിസ്‌ത്യാനികളും മുസ്ലിംകളും വളര്‍ന്നു. മുസ്ലിംകള്‍ ഇപ്പോഴാണ്‌ വിദ്യാഭ്യാസത്തില്‍ കൂടുതല്‍ തല്‍പരരായത്‌.
അടുത്ത കാലത്താണ്‌ ക്രൈസ്‌തവര്‍ പ്രത്യേകിച്ചു കത്തോലിക്കാ സഭ തൊഴിലധിഷ്‌ഠിത ഉന്നത വിദ്യാഭ്യാസ സ്‌ഥാപനങ്ങളില്‍ താല്‍പര്യം കാണിച്ചത്‌. സ്വാശ്രയ സ്‌ഥാപനങ്ങള്‍ കേരളത്തിന്റെ വികസനത്തിന്റെ നിര്‍ണായക കാല്‍വയ്‌പായിരുന്നു. സഭ സ്വാശ്രയ സ്‌ഥാപനങ്ങള്‍ തുടങ്ങിയതു പണത്തിന്റെ കൊഴുപ്പു കൊണ്ടല്ല, ഒരു സാമൂഹിക ആവശ്യം നിറവേറ്റുകയായിരുന്നു. അതുകൊണ്ട്‌ കച്ചവടം നടത്തിയെന്നും ന്യൂനപക്ഷാവകാശങ്ങള്‍ പണമുണ്ടാക്കാന്‍ ഉപയോഗിച്ചു എന്നുമുള്ള ആരോപണങ്ങള്‍ കടുത്ത സ്‌പര്‍ധയുടെ മാത്രമാണ്‌.
ഈ രംഗത്തേക്കു സഭ കടന്നു വന്നപ്പോള്‍ ടണ്‍ കണക്കിനു സ്വര്‍ണവും സമ്പത്തും കാക്കുന്ന ക്ഷേത്രങ്ങളൊന്നും ചെറുവിരല്‍ അനക്കാതെ ഭൂതം പൊന്നു കാക്കുന്നതുപോലെ കഴിയുകയായിരുന്നു. പണം മാത്രമുണ്ടായാല്‍ പോരാ, മനുഷ്യ നന്മയ്‌ക്കുപകരിക്കുന്ന കാഴ്‌ചപ്പാടുകള്‍ വേണം. കേരളത്തിന്റെ ഉപഭോഗ കമ്പോളത്തില്‍ ഈഴവര്‍ തീരെ ദരിദ്ര നാരായണന്മാരൊന്നുമല്ല. താഴേക്കു നോക്കാനും പഠിക്കണം. ഈഴവരെക്കാള്‍ അവശര്‍ കേരളത്തിലുണ്ട്‌. അവരില്‍ ക്രൈസ്‌തവരുമുണ്ട്‌. ദാരിദ്ര്യത്തിനും അവശതയ്‌ക്കും മതമില്ല. എല്ലാവരുടെയും പുരോഗതി പ്രത്യേകിച്ചു അവശരുടെ പുരോഗതിക്ക്‌ എല്ലാവരും പ്രാമുഖ്യം കൊടുക്കണം. അതു നീതിയുടെ പ്രശ്‌നമാണ്‌.
നാം പിന്നോട്ടല്ല പോകേണ്ടത്‌, മുന്നോട്ടാണ്‌. സമത്വം വരാനിരിക്കുന്ന ആദര്‍ശമാണ്‌, അതിലേക്കാണ്‌ നാം ഇനിയും യാത്ര ചെയ്യേണ്ടത്‌. അതിനു പിന്നോട്ടുപോയി ചാതുര്‍വര്‍ണ്യത്തില്‍ കുടിയിരിക്കാനല്ല ശ്രമിക്കേണ്ടത്‌. ഹിന്ദു ഐക്യത്തിന്റെ ഭാഷ സമത്വത്തിന്റെയോ ജനാധിപത്യത്തിന്റെയോ അല്ല. അവര്‍ വരുത്താന്‍ പോകുന്ന ഭരണം ജനാധിപത്യത്തിന്റെയായിരിക്കും എന്ന്‌ ഒരു ഉറപ്പുമില്ല. ക്രിസ്‌ത്യാനികളെയും മുസ്ലിംകളെയും അറബിക്കടലില്‍ താഴ്‌ത്തിയാണോ ഇവിടെ സമത്വം ഉണ്ടാക്കാന്‍ പോകുന്നത്‌? ജനാധിപത്യം ഒരു പ്രാര്‍ഥനയും ആഗ്രഹവുമാണ്‌. സകല മനുഷ്യരുടെയും സ്വാതന്ത്ര്യത്തിന്റെയും യുക്‌തിയുടേയും ബലത്തിലൂടെ സംജാതമാകുന്ന ജനാധിപത്യം. അതു സാധ്യമാകണമെങ്കില്‍ വെള്ളാപ്പള്ളിയെപ്പോലുള്ളവര്‍ ജനാധിപത്യത്തിന്റെ ഭാഷ സംസാരിക്കണം. അതു പ്രകൃതി തീര്‍ക്കുന്ന തലവിധിയുടെ ക്രമമല്ല. മനുഷ്യര്‍ക്കെല്ലാവര്‍ക്കും സാധിക്കുന്ന സാമാന്യബുദ്ധിയുടെയും സാംസ്‌കാരിക ഭാഷണത്തിന്റെയും പരസ്‌പര ആദരവിന്റെയും ജീവിതക്രമം.
ഖേദത്തോടെ എഴുതട്ടെ വെള്ളാപ്പള്ളിയുടെ ഭാഷ ഈ ജനാധിപത്യ സംസ്‌കാരത്തിന്റെയല്ല. ഭാഷയില്‍ സമത്വവും സാഹോദര്യവും കടന്നുവരട്ടെ. മതവും ജാതിയും നോക്കി സാഹോദര്യം നിര്‍വചിക്കാനല്ല ക്രൈ സ്‌തവനായ ഞാന്‍ പഠിച്ചിട്ടുള്ളത്‌. അതുകൊണ്ടാണ്‌ സാഹോദര്യത്തോടെ ഈ കുറിപ്പ്‌ എഴുതുന്നതും.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top