Last Updated 1 year 15 weeks ago
Ads by Google
23
Saturday
September 2017

സ്വകാര്യ സര്‍വകലാശാല എന്തിന്‌ ? എങ്ങനെ ?

ജിജി ജോണ്‍ തോമസ്‌

mangalam malayalam online newspaper

കേരള ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ സംസ്‌ഥാനത്ത്‌ സ്വകാര്യ സര്‍വകലാശാലകള്‍ ആരംഭിക്കാവുന്നതാണെന്ന്‌ ഇതു സംബന്ധിച്ച്‌ പഠനം നടത്തി നിര്‍ദ്ദേശം സമര്‍പ്പിച്ചിരിക്കുകയാണ്‌. പ്രധാനമായും രണ്ടു കാര്യങ്ങളാണ്‌ സ്വകാര്യ സര്‍വകലാശാലകള്‍ ആരംഭിക്കുന്നതിനു ന്യായമായി നിരത്തുന്നത്‌. ഒന്നാമത്തേത്‌ സാമ്പത്തികം, രണ്ടാമത്തേത്‌ ഗുണനിലവാരം.
സമൂഹത്തിന്റെ വര്‍ധിച്ചു വന്ന ഉന്നത വിദ്യാഭ്യാസ ആവശ്യങ്ങള്‍ കണക്കാക്കുമ്പോള്‍ കൂടുതല്‍ കോളജുകളും സര്‍വകലാശാലകളും ഒഴിച്ചു കൂടാനാവാത്തതു തന്നെയാണ്‌. അടുത്ത രണ്ടു പതിറ്റാണ്ടില്‍ ഉന്നത വിദ്യാഭ്യാസ രംഗത്തെ ആവശ്യങ്ങള്‍ നിറവേറ്റപ്പെടാന്‍ രാജ്യത്ത്‌ ഇപ്പോഴുള്ളതിന്റെ മൂന്നിരട്ടി കോളജുകളും സര്‍വകലാശാലകളും പുതുതായി ആരംഭിക്കേണ്ടിവരും എന്നു കണക്കാക്കപ്പെടുന്നു. അവ പൊതുമേഖലയില്‍തന്നെ തുടങ്ങാനാവുമെങ്കില്‍ അതാണ്‌ അഭിലഷണീയം എന്നാണ്‌ ഒരു പക്ഷം. അത്തരം ഒരു വാദഗതിയുമായി സ്വാശ്രയ വിദ്യാഭ്യാസത്തെ നമ്മള്‍ ഏറെക്കാലം എതിര്‍ത്തതാണ്‌. സര്‍ക്കാരിന്‌ വിദ്യാഭ്യാസ മേഖലയില്‍ വമ്പന്‍ നിക്ഷേപങ്ങള്‍ നടത്തുന്നതിന്‌ പരിമിതികളുണ്ടെന്നത്‌ ഇന്ന്‌ പരക്കെ അംഗീകരിക്കപ്പെട്ട വസ്‌തുതയാണ്‌.
രണ്ടു പതിറ്റാണ്ടു മുന്‍പ്‌, സര്‍ക്കാര്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പരിമിതമായ കുറച്ചു മെഡിക്കല്‍- എഞ്ചിനീയറിങ്‌ കോളജുകളും, ബി.എഡ്‌ - എം.എഡ്‌. കോളജുകളും മാത്രമായിരുന്നു നമുക്കുണ്ടായിരുന്നത്‌. ഫലത്തില്‍ മിടുക്കരായ കുട്ടികള്‍ക്കുപോലും ഉന്നത വിദ്യാഭ്യാസത്തിന്‌ സംസ്‌ഥാനത്തു വേണ്ടത്ര അവസരമുണ്ടായിരുന്നില്ല.

അതിസമ്പന്നരുടെ കുട്ടികള്‍ അന്യസംസ്‌ഥാനത്തു പോയി ഉന്നത വിദ്യാഭ്യാസം നേടി. ഇന്നിപ്പോള്‍ നമ്മുടെ കുട്ടികള്‍ക്ക്‌ അന്യസംസ്‌ഥാനത്തു പോയി പഠിക്കുന്നതിലും വളരെക്കുറഞ്ഞ ചിലവില്‍ മെഡിക്കല്‍- എഞ്ചിനീയറിങ്‌ ഉന്നത വിദ്യാഭ്യാസം നേടാന്‍ സംസ്‌ഥാനത്തു തന്നെ അവസരമൊരുങ്ങിയത്‌ സ്വാശ്രയ സ്‌ഥാപനങ്ങളുടെ പങ്കാളിത്തത്തിലൂടെയാണ്‌. പക്ഷേ, അതിനിടയിലും സ്വാശ്രയ മേഖലയില്‍ ചുരുക്കം ചില സ്‌ഥാപനങ്ങള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ വേണ്ടത്ര ഗുണനിലവാരം ഉറപ്പിക്കാനായിട്ടില്ല എന്ന വിമര്‍ശനം അവഗണിക്കാവുന്നതല്ല.

ഗുണനിലവാരം ഉയര്‍ത്തുകയാണ്‌ സ്വകാര്യ സര്‍വകലാശാലയിലൂടെ ലക്ഷ്യമിടുന്നതെങ്കില്‍, അതു നിലവില്‍ പൊതുമേഖലയില്‍ പ്രവര്‍ത്തിക്കുന്ന സര്‍വകലാശാലകളിലൂടെ സാധിതമാകില്ലേ എന്നതാണ്‌ മറ്റൊരു ചോദ്യം. രാഷ്‌ട്രീയാതിപ്രസരവും അവകാശ സംരക്ഷണവും ഒരു പരിധിവരെ സാമൂഹിക നീതിനിര്‍വഹണം എന്ന കടപ്പാടും അതിന്‌ പരിമിതികള്‍ സൃഷ്‌ടിക്കുന്നു എന്നതാണ്‌ വാസ്‌തവം. സ്വകാര്യ സര്‍വകലാശാലകളില്‍ തങ്ങളുടെ രാഷ്‌ട്രീയ പ്രവര്‍ത്തനത്തിന്‌ പരിമിതികളുണ്ടെന്ന ബോദ്ധ്യമാണ്‌ കക്ഷിരാഷ്‌ട്രീയ ഭേദമന്യേ വിദ്യാര്‍ഥി സംഘടനകളെല്ലാം സ്വകാര്യ സര്‍വകലാശാലകളോടു പുറംതിരിഞ്ഞു നില്‍ക്കാന്‍ പ്രധാന കാരണം. സാമൂഹിക നീതിയൊക്കെ അവര്‍ മേമ്പൊടിയായി പറഞ്ഞു കൊണ്ടിരിക്കുമെന്നു മാത്രം. ജോലിഭാരം വര്‍ധിക്കുമെന്നത്‌ ഭൂരിപക്ഷം അധ്യാപകര്‍ക്കും, സ്വയംഭരണ കോളജുകള്‍ എന്നപോലെ, സ്വകാര്യ സര്‍വകലാശാല അസ്വീകാര്യമാണ്‌.

സംസ്‌ഥാനത്ത്‌ സ്വകാര്യ സര്‍വകലാശാലകള്‍ ആരംഭിക്കുന്നപക്ഷം അതു ഏതുരീതിയില്‍ ആകണമെന്നതു നിശ്‌ചയിക്കുന്നതിനും വ്യക്‌തമായ കൂടി യാലോചനകള്‍ ആവശ്യമാണ്‌. വിദ്യാഭ്യാസ നടത്തിപ്പ്‌ സ്വകാര്യ മേഖലയ്‌ക്ക്്‌ തുറന്നു കൊടുത്തതില്‍ രണ്ടു വിഭിന്ന മാതൃകകള്‍ നമുക്കു മുന്‍പിലുണ്ട്‌. ഒന്നാമത്തേത്‌ സ്‌കൂള്‍ തലത്തില്‍ അനുവദിക്കപ്പെട്ട സി.ബി.എസ്‌.ഇ., ഐ.സി.എസ്‌.ഇ. സ്വകാര്യ സ്‌കൂളുകള്‍. അതതു കേന്ദ്ര ബോര്‍ഡുകളുടേതല്ലാതെ സംസ്‌ഥാനത്തിന്റേതായി കാര്യമായ നിയന്ത്രണങ്ങളുമില്ലാതെയാണ്‌ ഇവ അനുവദിക്കപ്പെട്ടത്‌. മികച്ചനിലയില്‍ പ്രവര്‍ത്തിച്ച്‌ വന്നിരുന്ന സര്‍ക്കാര്‍ - എയിഡഡ്‌ സ്‌കൂളുകള്‍ക്കൊപ്പം നിലവില്‍വന്ന ഇവയ്‌ക്ക്, വിദ്യാര്‍ഥികളെ കിട്ടുവാന്‍ ഉന്നതനിലവാരം പുലര്‍ത്തിയേ തീരൂ എന്നതായി സാഹചര്യം. മികച്ച അദ്ധ്യയന നിലവാരവും പഠന സാഹചര്യങ്ങളും ഉറപ്പുവരുത്തുന്നതില്‍ അവര്‍ വിജയം വരിച്ചു എന്നതു ചരിത്രം.
ഉന്നത വിദ്യാഭ്യാസ രംഗത്തെ സ്വാശ്രയ സ്‌ഥാപനങ്ങളാണ്‌ സ്വകാര്യ മേഖലയിലാരംഭിച്ച രണ്ടാമതു ഗണത്തിലെ സ്‌ഥാപനങ്ങള്‍. ഉന്നത വിദ്യാഭ്യാസ രംഗത്ത്‌ സംസ്‌ഥാനത്ത്‌ മതിയായ അവസരം സര്‍ക്കാര്‍ തലത്തില്‍ ഇല്ലാതിരുന്ന സാഹചര്യത്തിലാണ്‌, സര്‍വകലാശാല അഫിലിയേഷനോടുകൂടി സ്വാശ്രയസ്‌ഥാപനങ്ങള്‍ സ്‌ഥാപിതമാവുന്നത്‌. മുന്‍പ്‌ നിലവിലുണ്ടായിന്ന പാരലല്‍ കോളജ്‌ മാതൃകയില്‍ നിന്ന്‌ വിഭിന്നമായി റെഗുലര്‍ കുട്ടികളെന്ന പദവിയില്‍ തന്നെ സ്വാശ്രയ വിദ്യാഭ്യാസ സ്‌ഥാപനങ്ങള്‍ക്ക്‌ കോഴ്‌സുകള്‍ നടത്താനവസരം കൈവന്നത്‌ അവയ്‌്ക്ക്‌ വിദ്യാര്‍ഥികള്‍ക്കിടയില്‍ സ്വീകാര്യത നേടിക്കൊടുത്തു. സര്‍ക്കാരിന്റേതായ നിയന്ത്രണങ്ങള്‍ പലതുമുണ്ടായെങ്കിലും കടുത്ത മത്സര സാഹചര്യം ഇല്ലാതിരുന്നതിനാല്‍, സി.ബി.എസ്‌.ഇ., ഐ.സി.എസ്‌.ഇ. സ്‌കൂളുകള്‍ സംസ്‌ഥാനത്തു മികച്ച നിലവാരമുള്ള സ്‌ഥാപനങ്ങള്‍ക്ക്‌ അവസരമൊരുക്കിയതുപോലുള്ള, മാറ്റങ്ങള്‍ക്ക്‌ സ്വാശ്രയ വിദ്യാഭ്യാസ സ്‌ഥാപനങ്ങള്‍ വഴിയൊരുക്കിയില്ല.

ഒട്ടനവധി സ്വാശ്രയ വിദ്യാഭ്യാസ സ്‌ഥാപനങ്ങള്‍ ഗുണനിലവാരത്തിലും, അടിസ്‌ഥാന സൗകര്യങ്ങളിലും, യു.ജി.സി. നിഷ്‌ക്കര്‍ഷിക്കുന്ന യോഗ്യതയുള്ള അധ്യാപകരെ നിയമിക്കുന്നതില്‍ പോലും വീഴ്‌ച വരുത്തുമ്പോള്‍, പൊതുമേഖലയില്‍ ഇന്ന്‌ കാണുന്ന സര്‍വകലാശാലകളെക്കാള്‍ വളരെയേറെ ഉയര്‍ന്ന നിലവാരം കൈവരിക്കുക കൂടിയാണ്‌ സ്വകാര്യ സര്‍വകലാശാലകള്‍ സ്‌ഥാപിക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്‌ എന്നത്‌ പ്രത്യക്ഷത്തില്‍ വൈരുധ്യമായി തോന്നാം. അപൂര്‍വമായെങ്കിലും, സ്വാശ്രയ മേഖലയിലെ ചില സ്‌ഥാപനങ്ങള്‍ പൊതുമേഖലയിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങളെ ഗുണമേന്മയില്‍ പിന്തള്ളിയപോലെ, ചില സ്വകാര്യ സര്‍വകലാശാലകളെങ്കിലും മുന്‍ നിരയിലേക്കു വന്നേക്കാം.

താരതമ്യേന ഉയര്‍ന്ന ഫീസ്‌ ചുമത്തപ്പെട്ടേക്കുമെന്നും, ഇക്കാരണത്താല്‍ തന്നെ സാമ്പത്തികമായി വളരെ മുന്നില്‍ നില്‍ക്കുന്നവര്‍ക്കേ സ്വകാര്യ സര്‍വകലാശാലകള്‍ കൊണ്ടു പ്രയോജനമുണ്ടാകൂ എന്നതുമാണ്‌് അവ എതിര്‍ക്കപ്പെടാനുള്ള മറ്റൊരു കാരണം. ഇവിടെ ആദ്യം പരിശോധിക്കപ്പെടേണ്ടത്‌, സ്വകാര്യ സര്‍വകലാശാലകള്‍ സ്‌ഥാപിക്കപ്പെടുന്നതിലൂടെ സാധാരണക്കാര്‍ക്ക്‌ ഇന്ന്‌ പൊതു മേഖലയിലെ സര്‍വകലാശാലകളില്‍ നിന്ന്‌ ലഭിക്കുന്ന സേവനങ്ങള്‍ക്ക്‌ ഏതെങ്കിലും, എന്നെങ്കിലും തടസമുണ്ടാകുമോ എന്നതാണ്‌. പൊതുമേഖലയിലെ സര്‍വകലാശാലയിലെ സേവനങ്ങള്‍ സാധാരണക്കാര്‍ക്ക്‌ അഭംഗുരം സ്വകാര്യ സര്‍വകലാശാലയുടെ വരവിനു ശേഷവും ലഭ്യമാകും എന്ന്‌ ഉറപ്പാണെങ്കില്‍, നിലവില്‍ സ്വകാര്യ സര്‍വകലാശാല ഒരുപക്ഷേ, വരേണ്യ വര്‍ഗത്തിന്‌ മാത്രമേ ഉപകരിക്കുള്ളൂ എന്നാകില്‍പ്പോലും ആ ഒരൊറ്റ കാരണത്തിന്റെ പേരില്‍ എതിര്‍ക്കപ്പെടേണ്ടതില്ല. സ്വാശ്രയ വിദ്യാഭ്യാസ സ്‌ഥാപനങ്ങള്‍ ആരംഭിക്കാനൊരുമ്പെട്ട വേളയില്‍ ഈവിധം അവ അന്യസംസ്‌ഥാനത്തു പോയി വര്‍ധിച്ച ഫീസ്‌ നല്‍കി പഠിക്കുന്ന വമ്പന്‍മാര്‍ മാത്രമേ ഉപകരിക്കൂ എന്ന വാദം ഉയര്‍ന്നതാണ്‌. അതു ശരിയായിരുന്നില്ലെന്ന്‌ കാലം തെളിയിച്ചു.

സ്വകാര്യ സര്‍വകലാശാലകളുടെ കടന്നുവരവ്‌ സാമൂഹിക നീതിക്കു വിഘാതമാകുമോ എന്നതാണ്‌ മറ്റൊരു സംശയം. ഇവിടെ ശ്രദ്ധിക്കേണ്ട ഒരു വസ്‌തുത, സ്വകാര്യ സര്‍വകലാശാല പൊതുമേഖലയിലെ സര്‍വകലാശാലകള്‍ക്ക്‌ പകരം വരേണ്ട ഒരു സംവിധാനമല്ല, അവയ്‌ക്കൊപ്പം നിലകൊള്ളേണ്ടവയാണവ. സര്‍ക്കാര്‍ - എയിഡഡ്‌ സ്‌കൂളുകള്‍ക്കൊപ്പം സ്വകാര്യ സി.ബി.എസ്‌.ഇ, ഐ.സി.എസ്‌.ഇ. സ്‌കൂളുകള്‍ക്ക്‌ അവസരമൊരുക്കിയതുമായി ഈ സാഹചര്യത്തെ താരതമ്യപ്പെടുത്താം. സ്വകാര്യ സി.ബി.എസ്‌.ഇ, ഐ.സി.എസ്‌.ഇ. സ്‌കൂളുകളുടെ കടന്നു വരവിനൊപ്പം സര്‍ക്കാര്‍ സ്‌കൂളുകളുടെ സേവനം അഭംഗുരം നിലനിര്‍ത്തിയതു വഴി സര്‍ക്കാര്‍ സാമൂഹിക നീതി ഇക്കാലമത്രയും പരിരക്ഷിച്ചു പോന്നു. മാത്രമല്ല, സി.ബി.എസ്‌.ഇ, ഐ.സി.എസ്‌.ഇ. സ്‌കൂളുകളിലേക്ക്‌ സമ്പന്ന വര്‍ഗം ചുവടുമാറ്റിയപ്പോള്‍ സര്‍ക്കാര്‍ - എയിഡഡ്‌ സ്‌കൂളുകള്‍ സാധാരണക്കാര്‍ക്ക്‌ പ്രാപ്യമാവുകയും ചെയ്‌തു. സി.ബി.എസ്‌.ഇ, ഐ.സി.എസ്‌.ഇ. സ്‌കൂളുകള്‍ ഇത്രയേറെ പ്രചരിക്കുന്നതിന്‌ മുന്‍പുള്ള - എഴുപതുകളിലും എണ്‍പതുകളിലും താഴേത്തട്ടിലുള്ളവര്‍ക്ക്‌ വിദ്യാഭ്യാസം അചിന്തിതമായി. സി.ബി.എസ്‌.ഇ, ഐ.സി.എസ്‌.ഇ. സ്‌കൂളുകളുടേതുപോലെ തനതു നിലയില്‍ സ്വകാര്യ സര്‍വകലാശാലകള്‍ പ്രവര്‍ത്തിക്കുന്നത്‌, പൊതുമേഖലയിലെ സര്‍വകലാശാലകള്‍ നിര്‍ബാധം സേവനം തുടരുന്നിടത്തോളം സാമൂഹിക നീതിക്കു പ്രശ്‌നം സൃഷ്‌ടിക്കില്ല.

നിലവിലെ സര്‍വകലാശാലകളേയും കോളജുകളേയും സ്വകാര്യ സര്‍വകലാശാലകളുടെ കടന്നു വരവ്‌ ഏതു വിധമായിരിക്കും സ്വാധീനിക്കുക എന്നതാണ്‌ മറ്റൊരു ചോദ്യം. സര്‍ക്കാരിന്റെ സാമ്പത്തിക സഹായം പൊതുമേഖലയിലെ സര്‍വകലാശാലകള്‍ക്ക്‌ തുടരുന്നിടത്തോളം, സ്വകാര്യ സര്‍വകലാശാലകള്‍ അവയെ ബാധിക്കേണ്ടതില്ല. ഒപ്പം പൊതുമേഖലകളില്‍ നിലവിലുള്ള സര്‍വകലാശാലകളുടെ അക്കാദമിക നിലവാരം ഉയര്‍ത്താന്‍ സ്വകാര്യ സര്‍വകലാശാലകളുടെ വരവ്‌ പ്രേരണയാന്നെങ്കില്‍ അതു നല്ലതുമാണ്‌.

ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ആവശ്യമായ അവസരങ്ങള്‍ സര്‍ക്കാര്‍ മേഖലയില്‍ കരഗതമാകും മുന്‍പു സ്വാശ്രയ മേഖലയില്‍ വിദ്യാഭ്യാസ സ്‌ഥാപനങ്ങള്‍ അനുവദിക്കപ്പെട്ടത്‌ മത്സരമില്ലാതെ തന്നെ അവര്‍ക്ക്‌ കുട്ടികളെ ലഭിക്കുമെന്ന സാഹചര്യം ഒരുക്കി. ഇത്‌ ഗുണനിലവാരം ഉറപ്പാക്കുന്നത്‌ അവയുടെ നിലനില്‍പ്പിന്‌ അത്യന്താപേക്ഷിതമല്ലാതാക്കി. മറിച്ച്‌, സി.ബി.എസ്‌.ഇ. ഐ.സി.എസ്‌.ഇ. വിദ്യാലയങ്ങളാകട്ടെ സര്‍ക്കാര്‍ മേഖലയില്‍ മികച്ച സ്‌കൂളുകള്‍ ഉണ്ടായിരിക്കേയാണ്‌ അനുവദിക്കപ്പെട്ടത്‌. ഇത്‌ ഉന്നത ഗുണനിലവാരം ഉറപ്പാക്കുന്നതിലൂടെ മാത്രമേ അവര്‍ക്ക്‌ വിദ്യാര്‍ഥികളെ ലഭിക്കൂ എന്ന മത്സരസാഹചര്യം സൃഷ്‌ടിച്ചു. അവിടങ്ങളില്‍ ഗുണനിലവാരം ഉയരാന്‍ ഇതു സഹായകമാവുകയും ചെയ്‌തു. ഇതേപോലെ മത്സര സാഹചര്യത്തിലൂടെ ഉന്നത നിലവാരം പുലര്‍ത്തുന്ന സര്‍വകലാശാലകളുടെ പിറവിയാണ്‌ സ്വകാര്യ സര്‍വകലാശാലകളിലൂടെ നാം ലക്ഷ്യം വക്കേണ്ടത്‌.
നിബന്ധനകളെല്ലാം ബഹുഭൂരിപക്ഷം സ്വാശ്രയ വിദ്യാഭ്യാസ സ്‌ഥാപനങ്ങളിലും പാലിക്കപ്പെട്ടിട്ടില്ല എന്നതിനാല്‍ തന്നെ ശക്‌തമായ നിയന്ത്രണങ്ങളിലൂടെ സ്വകാര്യ സര്‍വകലാശാലകളുടെ ഉന്നത ഗുണനിലവാരം ഉറപ്പിക്കാം എന്ന വാദമൊന്നും മുഖവിലയ്‌ക്കെടുക്കാനാവില്ല. അതു കൊണ്ടു തന്നെ സി.ബി.എസ്‌.ഇ, ഐ.സി.എസ്‌.ഇ. സ്‌ഥാപനങ്ങള്‍ തുടങ്ങാന്‍ അനുമതി നല്‍കിയതുപോലെ പൂര്‍ണ പ്രവര്‍ത്തന സ്വാതന്ത്ര്യം നല്‍കി സ്വകാര്യ സര്‍വകലാശാലകള്‍ ആരംഭിക്കുക ആയിരിക്കില്ലേ ഗുണകരം എന്നതു ചര്‍ച്ച ചെയ്യപ്പെടേണ്ടതു തന്നെയാണ്‌. സാമൂഹികനീതി ഉറപ്പിക്കാന്‍ പൊതുമേഖലയിലെ സര്‍വകലാശാലകള്‍ വഴിയുള്ള സേവനങ്ങള്‍ സാധാരണക്കാര്‍ നിര്‍ബാധം തുടരുമെന്നുറപ്പിക്കുക; പൂര്‍ണ സ്വാതന്ത്ര്യത്തോടെ സ്വകാര്യ സര്‍വകലാശാലകളെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുക. അതായിരിക്കും അഭികാമ്യം.

എഞ്ചിനീയറിങ്ങും പോളിടെക്‌നിക്കും ബി.എഡും ബിരുദാനന്തര കോഴ്‌സുകള്‍ക്കുമെല്ലാം നിരവധി സീറ്റുകള്‍ ഒഴിഞ്ഞു കിടന്നതു കണ്ടു ശീലമായ പുതുതലമുറയ്‌ക്ക്, പ്രീഡിഗ്രിക്കു പോലും പ്രവേശനം കിട്ടാന്‍ ബുദ്ധിമുട്ടിയിരുന്ന ഒരു കാലഘട്ടം ഉണ്ടായിരുന്നുവെന്നത്‌ മനസിലാവണമെന്നില്ല. എഞ്ചിനീയറിങ്ങ്‌ വിദ്യാഭ്യാസം, ചെറിയതോതിലെങ്കിലും മെഡിക്കല്‍ വിദ്യാഭ്യാസവും, നമ്മുടെ സംസ്‌ഥാനത്ത്‌ ഇത്രയേറെ സാര്‍വത്രികമാകുമെന്നത്‌ മൂന്നു പതിറ്റാണ്ട്‌ മുന്‍പ്‌ അചിന്തിതമായി.
ഗവേഷണ പഠനത്തിനുള്ള (പി.എച്ച്‌.ഡി) അവസരങ്ങള്‍ നമുക്ക്‌ ഇന്നും വളരെ പരിമിതമാണ്‌. ഇത്‌ വിഭാവന ചെയ്യാനാവുന്നതിനപ്പുറം ഗുണമേന്മയാര്‍ന്ന സര്‍വകലാശാലകള്‍ നമ്മുടെ സംസ്‌ഥാനത്ത്‌ സാര്‍വത്രികമാകാന്‍ സ്വകാര്യ സര്‍വകലാശാലകളുടെ കടന്നു വരവിലൂടെ വിദൂര സാദ്ധ്യതയെങ്കിലുമുണ്ടെങ്കില്‍, ഒപ്പം കൂടുതല്‍ ഗവേഷണ പഠനങ്ങള്‍ക്ക്‌ അവ ഉറപ്പായും അവസരമൊരുക്കാം എന്നിരിക്കേ, അത്തരമൊരു സാഹചര്യത്തിന്‌ നമ്മള്‍ വാതില്‍ തുറന്നു കൊടുക്കുക തന്നെ വേണം.
പക്ഷേ, അപ്പോഴും നമ്മള്‍ ഉറപ്പാക്കേണ്ട മറ്റൊരു കാര്യമുണ്ട്‌. സ്വകാര്യ സര്‍വകലാശാലകള്‍ അനുവദിക്കാം എന്നു തീമാനിക്കുന്നതിന്റെ വെളിച്ചത്തില്‍ ഇനി സംസ്‌ഥാനത്ത്‌ പുതുതായി ആരംഭിക്കുന്ന എല്ലാ സര്‍വകലാശാലകളും സ്വകാര്യ മേഖലയില്‍ മാത്രം എന്ന നിലയിലേക്ക്‌ കാര്യങ്ങള്‍ ഒരു കാരണവശാലും മാറിക്കൂടാ എന്നതും പൊതുമേഖലയില്‍ നിലവിലുള്ള സര്‍വകലാശാലകള്‍ക്ക്‌ സര്‍ക്കാരിന്റെ കൈത്താങ്ങ്‌ അഭംഗുരം തുടരും എന്നതും.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top