Last Updated 1 year 14 weeks ago
Ads by Google
21
Thursday
September 2017

ബിഹാറിലെ പ്രതിരോധനിര

അഡ്വ: ജി. സുഗുണന്‍

mangalam malayalam online newspaper

ബി.ജെ.പിയും കേന്ദ്രസര്‍ക്കാരും രാജ്യത്തെ മതേതര പ്രസ്‌ഥാനങ്ങള്‍ക്കും ഇടതു പാര്‍ട്ടികള്‍ അടക്കമുള്ള മറ്റു പ്രതിപക്ഷ പ്രസ്‌ഥാനങ്ങള്‍ക്കും കനത്ത ഭീഷണി ഉയര്‍ത്തുകയാണ്‌. ഇതിനെ അതിജീവിക്കാന്‍ ശക്‌തവും വിപുലവുമായ പ്രതിപക്ഷ മുന്നണി കെട്ടിപ്പടുത്തേ മതിയാവൂ. ആ ദിശയിലേക്കുള്ള ആദ്യത്തെ ചുവടുവയ്‌പാണ്‌ ജനതാ പരിവാര്‍ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ ബിഹാറില്‍ നടന്നത്‌. ബി.ജെ.പിയെ ഭരണത്തില്‍ നിന്ന്‌ അകറ്റുക എന്ന ലക്ഷ്യത്തോടെ ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ സഖ്യമായി മത്സരിക്കാന്‍ ജെ.ഡി.യു, ആര്‍.ജെ.ഡി., കോണ്‍ഗ്രസ്‌ പാര്‍ട്ടികള്‍ തീരൂമാനിച്ചു.

ജെ.ഡി.യുവും ആര്‍.ജെ.ഡി യും നൂറുവീതം സീറ്റുകളില്‍ മത്സരിക്കും. 40 സീറ്റുകളാണ്‌ കോണ്‍ഗ്രസിന്‌. 243 അംഗ നിയമസഭയില്‍ അവശേഷിക്കുന്ന മൂന്നു സീറ്റുകള്‍ ശരദ്‌പവാറിന്റെ എന്‍.സി.പിക്കു നല്‍കിയേക്കും.
ഒറ്റയ്‌ക്കു ബിഹാര്‍ ഭരിച്ചിട്ടുള്ള ആര്‍.ജെ.ഡി. ഈ മുന്നണിയില്‍ 100 സീറ്റില്‍ മത്സരിക്കുന്നത്‌ വലിയ ലക്ഷ്യത്തിനുവേണ്ടിയുള്ള വിട്ടുവീഴ്‌ചയാണെന്നാണ്‌ ലാലു പ്രസാദിന്റെ വിശദീകരണം.

മുഖ്യമന്ത്രിസ്‌ഥാനം നിതീഷ്‌കുമാറിനു നല്‍കിക്കൊണ്ടാണ്‌ ലാലു സഖ്യം യാഥാര്‍ഥ്യമാക്കിയത്‌. ജെ.ഡി.യുവുമായി തെറ്റിനിന്ന ലാലുപ്രസാദിന്റെ ആര്‍.ജെ.ഡി. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി. വന്‍ മുന്നേറ്റമുണ്ടാക്കിയ ശേഷമാണ്‌ ഒന്നിച്ചത്‌. ബി.ജെ.പി. എന്ന പൊതുശത്രുവിനെതിരെയുള്ള പോരാട്ടത്തില്‍ കോണ്‍ഗ്രസും അവരോടൊപ്പം അണിനിരന്നു.

എന്‍.ഡി.എ. ഘടകകക്ഷിയായിരുന്ന ജെ.ഡി.യു. നരേന്ദ്രമോഡിയെ പ്രധാനമന്ത്രി സ്‌ഥാനാര്‍ഥിയാക്കാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ചായിരുന്നു മുന്നണി വിട്ടത്‌. 2010 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജെ.ഡി.യു. 141 സീറ്റിലും ബി.ജെ.പി. 102 സീറ്റിലും മത്സരിച്ചു. 115 ല്‍ ജെ.ഡി.യുവും 91 ല്‍ ബി.ജെ.പിയും ജയിച്ചു.
1970 കളില്‍ ബിഹാറിലെ പ്രമുഖ സോഷ്യലിസ്‌റ്റായിരുന്ന ജയപ്രകാശ്‌ നാരായണ്‍ ഇന്ദിരാഗാന്ധിയുടേയും, കോണ്‍ഗ്രസിന്റെയും ജനവിരുദ്ധ ഭരണത്തിനെതിരായി വന്‍ ജനകീയ പ്രക്ഷോഭത്തിന്‌ തുടക്കമിട്ടത്‌.

ബിഹാറില്‍ നികുതിനിഷേധ പ്രസ്‌ഥാനത്തിന്‌ അദ്ദേഹം ആഹ്വാനം ചെയ്‌തിരുന്നു. തുടര്‍ന്നുണ്ടായ അടിയന്തരാവസ്‌ഥയും അതിനെതിരായ ജയപ്രകാശ്‌ നാരായണന്റെ നേതൃത്വത്തില്‍ നടന്ന പ്രക്ഷോഭങ്ങളും, അതിന്റെ വിജയകരമായ സമാപ്‌തിയുമൊക്കെ രാജ്യത്തിന്റെ ആവേശകരമായ ചരിത്രമാണ്‌.

ഇതരപാര്‍ട്ടികളുടെ ഭിന്നിപ്പില്‍നിന്നാണ്‌ കഴിഞ്ഞ പാര്‍ലമെന്റ്‌ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി. നേട്ടം കൊയ്‌തതെന്നതാണ്‌ വസ്‌തുത. കേന്ദ്രത്തിലെ ബി.ജെ.പി.യുടെ ജനവിരുദ്ധ സര്‍ക്കാരിനെതിരായി രാജ്യത്തെ സോഷ്യലിസ്‌റ്റ്‌ പാര്‍ട്ടികള്‍ (ജനതാ പരിവാര്‍ പാര്‍ട്ടികള്‍) ഒന്നിക്കണമെന്നാണ്‌ നിതീഷും, ലാലുവും ആവശ്യപ്പെടുന്നത്‌. കോണ്‍ഗ്രസ്‌ ഇവരുമായി സഹകരിക്കാന്‍ തീരുമാനിച്ചതോടെ സഖ്യം പൂര്‍ണമായി.

കഴിഞ്ഞ പാര്‍ലമെന്റ്‌ തെരഞ്ഞെടുപ്പില്‍ ആകെയുള്ള 40 സീറ്റില്‍ ബി.ജെ.പി. നേടിയത്‌ 31 സീറ്റാണ്‌. ബിഹാറില്‍ ബി.ജെ.പി.യെ തടയാന്‍ ജനതാപാര്‍ട്ടികളും, കോണ്‍ഗ്രസും ഒന്നിച്ചെങ്കിലും ഇടതുപക്ഷം ഇപ്പോഴും സഖ്യത്തിനു വെളിയിലായത്‌ പോരായ്‌മയായി. ബി.ജെ.പിയെ ചെറുക്കാന്‍ മതേതര - ഇടതുപക്ഷ ഐക്യം അനിവാര്യമാണെന്നും, ഈ ചേരിയിലെ ഭിന്നിപ്പ്‌ ബി.ജെ.പിക്ക്‌ മാത്രമേ ഗുണം ചെയ്യുകയുള്ളു എന്നുമുള്ള യാഥാര്‍ഥ്യം ഈ വൈകിയ വേളയിലെങ്കിലും ബിഹാറിലെ ഇടതു പാര്‍ട്ടികള്‍ മനസിലാക്കേണ്ടതുണ്ട്‌.

സാമുദായി വോട്ടുകളാണ്‌ ബിഹാര്‍ രാഷ്‌ട്രീയം നിയന്ത്രിക്കുന്നത്‌. 16 ശതമാനമാണ്‌ മുസ്ലിം വോട്ട്‌. യാദവ്‌ വോട്ടും, നിതീഷിന്റെ കുര്‍മി വോട്ടു ബാങ്കും, മുസ്ലിം വോട്ടിനോടൊപ്പം ചേര്‍ത്താലെ വിജയം ഉറപ്പാക്കാന്‍ കഴിയൂ. മോഡി സര്‍ക്കാര്‍ അധികാരമേറ്റതിന്‌ പിന്നാലെയാണ്‌ കഴിഞ്ഞ ഓഗസ്‌റ്റില്‍ ബിഹാറിലെ 10 നിയമസഭാ സീറ്റുകളിലേക്ക്‌ ഉപതെരഞ്ഞെടുപ്പ്‌ നടന്നത്‌.

ലാലുവിന്റെ ആര്‍.ജെ.ഡി.യും, നിതീഷിന്റെ ജെ.ഡി.യു വും കോണ്‍ഗ്രസുമായി സഖ്യത്തിലായിരുന്നു. 6 സീറ്റുകള്‍ ഇവര്‍ പിടിച്ചെടുക്കുകയും ചെയ്‌തു. ബി.ജെ.പി. വന്‍ നേട്ടമുണ്ടാക്കിയ കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എയ്‌ക്കു കിട്ടിയത്‌ 38.8 ശതമാനം വോട്ടുകള്‍. ലാലുവിനും നിതീഷിനും കൂടി ലഭിച്ച വോട്ടാകട്ടെ 44.3 ശതമാനവും, ബി.ജെ.പി. ഇതര വോട്ടുകള്‍ ഭിന്നിച്ചില്ലെങ്കില്‍ ബിഹാറിന്റെ സീറ്റുകള്‍ അടിമുടി മാറുമായിരുന്നു. ഇതും സഖ്യത്തിനു പ്രചോദനമായി.

1990 ല്‍ അന്നത്തെ പ്രധാനമന്ത്രി വി.പി. സിങ്‌ മണ്ഡല്‍ കമ്മിഷന്‍ റിപ്പോര്‍ട്ട്‌ നടപ്പിലാക്കിയതിന്റെ പ്രതിഫലനമാണ്‌ അവിടത്തെ ജനതാപാര്‍ട്ടികളുടെ ശക്‌തിപ്പെടല്‍. പിന്നോക്ക വിഭാഗങ്ങളുടെ ശക്‌തമായ പിന്തുണയോടെ ആണ്‌ നിതീഷ്‌കുമാറിന്റെയും ലാലുപ്രസാദിന്റെയും ജനതാപാര്‍ട്ടികളും ഈ നേതാക്കളും ശക്‌തി സമാഹരിച്ചത്‌. മണ്ഡല്‍ റിപ്പോര്‍ട്ടിന്റെ അടിസ്‌ഥാനത്തില്‍ പിന്നോക്ക സംവരണം നടപ്പാക്കിയതിന്റെ പേരിലാണ്‌ ജനതാ പരിവാര്‍ പാര്‍ട്ടികള്‍ക്ക്‌ ബിഹാറിലെ പിന്നോക്ക വിഭാഗങ്ങളുടെ പിന്തുണ ഇപ്പോഴും ലഭ്യമാകുന്നതും.

2014 ല്‍ ജനതാ പരിവാര്‍ പാര്‍ട്ടികള്‍ പാടെ പരാജയപ്പെട്ട തെരഞ്ഞെടുപ്പിലും ലാലുവിന്റെ പാര്‍ട്ടിക്ക്‌ 21 ശതമാനം വോട്ടും നിതീഷ്‌കുമാറിന്റെ പാര്‍ട്ടിക്ക്‌ 15 ശതമാനം വോട്ടും ലഭിച്ചിരുന്നു. ബിഹാര്‍ രാഷ്‌ട്രീയത്തില്‍ പിന്നോക്ക വിഭാഗങ്ങളുടെ ശക്‌തി ഇപ്പോഴും ക്ഷയിച്ചിട്ടില്ലെന്ന്‌ ഇതു കാട്ടിത്തരുന്നു.

ജനതാ പരിവാര്‍ ഐക്യം ഇക്കുറി ബി.ജെ.പിയെ തോല്‍പിച്ചാല്‍ 2017-ലെ യു.പി. അസംബ്ലി തെരഞ്ഞെടുപ്പിനേയും സ്വാധീനിക്കും. മുലായംസിങ്‌ യാദവിന്റെ നേതൃത്വത്തില്‍ ജനതാപരിവാറും കോണ്‍ഗ്രസും ചേര്‍ന്നുള്ള സഖ്യം അവിടെയും പ്രതീക്ഷിക്കാം. ബി.ജെ.പി. ക്കെതിരേ വിശാലപ്രതിപക്ഷ മുന്നണിക്കുള്ള സാധ്യതകള്‍ തെളിഞ്ഞുവരും. രാജ്യത്തൊട്ടാകെ ഇതിന്റെ പ്രതിഫലനം ഉണ്ടാവുകയും ചെയ്യും.

ജനതാപരിവാര്‍ പാര്‍ട്ടികള്‍ ഓരോന്നും നിസാരകാര്യങ്ങള്‍ക്കായി ഭിന്നിച്ചുപോയവരാണ്‌. ഒരിക്കല്‍ യോജിക്കുന്ന ജനതാ പരിവാര്‍ പാര്‍ട്ടികള്‍ പെട്ടെന്നു തന്നെ ഭിന്നിക്കുന്നതും ചരിത്രം. മോഡിയോടും ബി.ജെ.പിയോടുമുള്ള എതിര്‍പ്പുകൊണ്ടു മാത്രം ജനതാ പരിവാര്‍ പാര്‍ട്ടികള്‍ക്കു ജനകീയ അംഗീകാരം നേടാനാകില്ല. ബി.ജെ.പിയുടെ പരിപാടികള്‍ക്ക്‌ പകരമായി ഏവരും അംഗീകരിക്കുന്നതും ജനങ്ങള്‍ക്കും സംസ്‌ഥാനത്തിനും വേണ്ടിയുള്ളതുമായ വിശാലമായ ജനകീയ വികസനപരിപാടികളും ശരിയായ വികസന അജന്‍ഡകളുമെല്ലാം ഈ പാര്‍ട്ടികള്‍ക്ക്‌ ഉണ്ടാകേണ്ടതുണ്ട്‌. എങ്കില്‍ മാത്രമേ ജനതാ പരിവാറിന്‌ ശക്‌തിപ്പെടാന്‍ സാധിക്കുകയുള്ളു.

അഡ്വ: ജി. സുഗുണന്‍

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top