Last Updated 1 year 15 weeks ago
Ads by Google
23
Saturday
September 2017

എല്ലാവര്‍ക്കും സ്വീകരിക്കാവുന്ന മനുഷ്യ രാമായണം

ആലങ്കോട്‌ ലീലാകൃഷ്‌ണന്‍

mangalam malayalam online newspaper

കര്‍ക്കിടക മാസം എല്ലാ അര്‍ഥത്തിലും മലയാളികള്‍ക്ക്‌ ദുരിതമാസമായിരുന്നു. കര്‍ക്കിടം ദുര്‍ഘടം എന്നാണു നാട്ടുചൊല്ല്‌. ആ മാസത്തില്‍തന്നെ രാമായണം നിത്യപാരായണം ചെയ്യാന്‍ തുഞ്ചത്താചാര്യന്‍ മലയാളികളെ ഉപദേശിച്ചതിനു പിന്നില്‍ ഒരു സദു:ദ്ദേശമുണ്ടായിരുന്നെന്നിരിക്കണം.

ഈശ്വരാവതാരമായിരുന്നിട്ടുകൂടി ശ്രീരാമന്‍ അനുഭവിച്ച കൊടുംദുരിതങ്ങള്‍ സീതയും ലക്ഷ്‌മണനും ദശരഥനും കൗസല്യയും ഭരത-ശത്രുഘ്‌നന്‍മാരും, എന്തിന്‌ പക്ഷിയായ ജഡായുപോലും അനുഭവിച്ച എണ്ണമറ്റ കഷ്‌ടപ്പാടുകള്‍-ഇതൊക്കെ വായിച്ചറിയുമ്പോള്‍ നമ്മുടെ ദു:ഖമൊക്കെ എന്തുദു:ഖം എന്നുതോന്നും. ദു:ഖത്തില്‍നിന്നുള്ള മോചനത്തിനുള്ള ഒരേയൊരു വഴി ദു:ഖത്തെ സ്വീകരിക്കുകയാണെന്നാണു ബുദ്ധന്‍പറഞ്ഞത്‌.

ഒരര്‍ഥത്തില്‍ ബുദ്ധന്‍തന്നെയായ എഴുത്തച്‌ഛന്‍ അധ്യാത്മ രാമായണത്തിലൂടെ നമ്മെ ഉപദേശിക്കുന്നതും ദു:ഖത്തിലൂടെ ദു:ഖത്തെ മറികടക്കാനാണ്‌. ക്ഷണികമായ ഈ ജീവിതത്തിന്റെ അര്‍ഥശൂന്യത അദ്ദേഹം അധ്യാത്മ രാമായണത്തില്‍ വിവരിക്കുന്നുണ്ട്‌.

ഭോഗങ്ങളെല്ലാം
ക്ഷണപ്രഭാ ചഞ്ചലം
വേഗേന നഷ്‌ടമാം
അയുസ്സ്‌ ഓര്‍ക്ക നീ

ലക്ഷ്‌മണോപദേശത്തിലെ ഈഭാഗം ആവര്‍ത്തിച്ചു വായിക്കേണ്ടതാണ്‌. സ്‌ഥാനമാനങ്ങള്‍ക്കോ പ്രബുദ്ധത്തിനോ യാതൊരു അര്‍ഥുവമില്ലെന്ന്‌ ആചാര്യന്‍ സമര്‍ഥിക്കുന്നു.ജാതി നാമാധികള്‍ക്കല്ല ഗുണ ഗണം എന്ന വരികളില്‍ ജാതി-മത-വര്‍ണ-വര്‍ഗ വിഭാഗീയത തീണ്ടാത്ത മാനവികത തന്നെയാണ്‌ എഴുത്തച്‌ഛന്‍ വിളംമ്പരം ചെയ്യുന്നത്‌. 16-ാം നൂറ്റാണ്ടില്‍, വേദംകേള്‍ക്കുന്ന ശൂദ്രന്റെ ചെവില്‍ ഈയ്യമുരുക്കി ഒഴിക്കുന്ന സവര്‍ണ ശാസനകള്‍ നാടുഭരിച്ച കാലത്ത്‌ മലയാളികളെ മുഴുവന്‍ വിഭാഗീയത ഇല്ലാത്ത അറിവിന്റ വെളിച്ചത്തിലേക്ക്‌ കൈപിടിച്ചു നയിക്കാനാണു തുഞ്ചത്തെഴുത്തച്‌ഛന്‍ ആധ്യാത്മ രാമായണം പച്ചമലയാളത്തില്‍ എഴുതിയത്‌.

മുസല്‍മാനായിരുന്ന മരക്കാന്റെ കുട്ടിയെ അക്ഷരം പഠിപ്പിച്ചതിന്റെ പേരിലാണ്‌ എഴുത്തച്‌ഛനെ വധിക്കാന്‍ രാജകല്‍പനയുണ്ടായത്‌(ആഴ്‌വാഞ്ചേരി തമ്പ്രാക്കള്‍ ഇടപെട്ടാണ്‌ വധശിക്ഷ നാടുകടത്തലാക്കിയത്‌). അപ്പോള്‍ കര്‍ക്കിടക മാസത്തിലെ രാമായണ പാരായണത്തോടൊപ്പം മതാതീതമായി മനുഷ്യനെ കണ്ട എഴുത്തച്‌ഛന്റെ വെളിച്ചംകൂടി മലയാളികളുടെ മനസ്സില്‍ പ്രസരിക്കേണ്ടതുണ്ട്‌. എല്ലാവര്‍ക്കും ഉള്‍ക്കൊളളാന്‍ കഴിയുന്ന മനുഷ്യരാമായണമാണ്‌ ഇന്നത്തെ കാലഘട്ടം വീണ്ടെടുക്കേണ്ടത്‌.

ആലങ്കോട്‌ ലീലാകൃഷ്‌ണന്‍

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top