Last Updated 1 year 10 weeks ago
Ads by Google
23
Wednesday
August 2017

തന്തയില്ലായ്മ

  1. geethu lakshmi
mangalam malayalam online newspaper

മനുഷ്യന്‍ എന്ന സ്വപ്നത്തിലേയ്ക്കുള്ള യാത്രയില്‍ എത്രയോ കുറച്ചു മാത്രമേ ഹോമോസോപ്പിയന്‍ എന്ന ഈ മൃഗം സഞ്ചരിച്ചിട്ടിള്ളു.

- വൈശാഖന്‍ (ടി.ഡി. രാമകൃഷ്ണന്റെ ആള്‍ഫാ എന്ന നോവലിനെഴുതിയ ആമുഖത്തില്‍നിന്ന്)

കണ്ണൂരിലെ ഒരു ആതുരാലയത്തില്‍ ജോലിനോക്കുന്ന സമയം. നല്ല തണുപ്പുള്ള ഡിസംബര്‍ കാലം. പുതപ്പുവിട്ടു പോരാനുള്ള മടിയുണ്ടെങ്കിലും രാവിലെ ഡ്യൂട്ടിക്കെത്തി. കൂടെയുള്ളത് ഒരു സിസ്റ്ററാണ്. ചെറുപ്പക്കാരായതുകൊണ്ട് പൊതുവെ ഞങ്ങള്‍ക്ക് ജോലിഭാരം കൂടുതലാണ്. അന്ന് ഡ്യൂട്ടി ലേബര്‍ റൂമില്‍. പതിവുപോലെ രോഗികളെയൊക്കെ മുറികളില്‍ പോയി കണ്ടു. അന്ന് പ്രസവക്കേസുകള്‍ ഒന്നും ഉണ്ടായിരുന്നില്ല. അതുകൊണ്ട് മറ്റുജോലികള്‍ നോക്കിത്തുടങ്ങി.

ഒന്‍പതുമണിയോടെ 17 വയസ്സുള്ള ഒരു പെണ്‍കുട്ടിയേയുംകൊണ്ട് ഒരു അമ്മയും കുട്ടിയുടെ വല്യച്ഛനും എത്തി. അസുഖം വയറുവേദനയാണ്. കാഷ്യാലിറ്റിയില്‍ അഡ്മിറ്റ്‌ചെയ്ത് ഡോക്ടറെ ഫോണില്‍ വിളിച്ചു. മുതിര്‍ന്ന ഒരു സിസ്റ്റര്‍ വന്ന് പെണ്‍കുട്ടിയുടെ അമ്മയോട് വിവരങ്ങള്‍ ചോദിച്ചു. അവരെ പുറത്താക്കി കതകടച്ചു. പെണ്‍കുട്ടിക്ക് ഒരു ചോദ്യത്തിനും മറുപടിയില്ല. ഞങ്ങള്‍ മൂന്നുപേരെയും മാറിമാറി നോക്കുന്നുണ്ടായിരുന്നു അവള്‍. സിസ്റ്റര്‍ വയറു പരിശോധിച്ചു. ഗര്‍ഭിണിയാണ് പെണ്‍കുട്ടി. അതും പൂര്‍ണഗര്‍ഭിണി. എപ്പോള്‍ വേണമെങ്കിലും പ്രസവം നടക്കാം. അതിന്റെ വേദനയാണ്. പക്ഷേ ആ കുട്ടി ഒരു ഊമയെപ്പോലെ നിശബ്ദയായിരിക്കുന്നു. ഞങ്ങള്‍ പുറത്തിറങ്ങി ആ അമ്മയെ മാത്രം വിളിച്ചു. വിവരം പറഞ്ഞു. അവര്‍ സമ്മതിച്ചു തരുന്നില്ല ഇക്കാര്യം. തലേ ദിവസംവരെ കോളജില്‍ പോയിരുന്ന കുട്ടി. അവള്‍ക്കെങ്ങനെ.....

അംഗീകരിക്കാനാവാത്ത യാഥാര്‍ത്ഥ്യത്തെ നേരിടാന്‍ ആകാതെ, ആ അമ്മയും വല്യച്ഛനും തളര്‍ന്നു. ഇതൊന്നും തന്നെ ബാധിക്കുന്നില്ല എന്ന ഭാവത്തില്‍ വേദനയോടെ പെണ്‍കുട്ടി കിടക്കയില്‍ കിടക്കുന്നു. കരച്ചിലിനിടയില്‍ ആ അമ്മ ഒരുപാടുതവണ ചോദിച്ചു, ഇതെങ്ങനെ പറ്റി? ആരാണ് ഇതിന്റെ ഉത്തരവാദി? എങ്ങനെ ഇത് മറച്ചുപിടിച്ചു? തികച്ചും നിര്‍വികാരമായ ഒരു നോട്ടമായിരുന്നു പെണ്‍കുട്ടിയുടെ മറുപടി.

ഡോക്ടര്‍ വന്നു പരിശോധിച്ചു. സ്വകാര്യ ആശുപത്രിയായതുകൊണ്ട് ഇങ്ങനെയുള്ള കേസുകള്‍ എടുക്കില്ല. അതുകൊണ്ട് പെട്ടെന്ന് അടുത്ത സര്‍ക്കാര്‍ ആശുപത്രിയിലേയ്ക്ക് പൊയ്‌ക്കോളാന്‍ പറഞ്ഞു. തന്നെയുമല്ല ഇവിടുത്തെ ഗൈനക്കൊളജിസ്റ്റ് സ്ഥലത്തുമില്ല. അവര്‍ പോകാന്‍ സമ്മതിച്ചു. പക്ഷേ പെണ്‍കുട്ടി സമ്മതിക്കുന്നില്ല. അവസാനം ഒരു സിസ്റ്റര്‍ ബലമായി പിടിച്ച് എഴുന്നേല്‍പ്പിച്ചു. എന്നാല്‍ വാതിലിനടുത്തെത്തിയപ്പോള്‍ പെണ്‍കുട്ടി പ്രസവിച്ചു. ചുരിദാറായിരുന്നു അവള്‍ ധരിച്ചിരുന്നത്. അതുകൊണ്ട് കുട്ടിക്ക് അപകടമൊന്നും പറ്റിയില്ല. പെട്ടെന്നുതന്നെ മൈനര്‍ ഓപ്പറേഷന്‍ തിയറ്ററിലേയ്ക്ക് മാറ്റി. ബേബിയെ മാറ്റി. ഒരു മാലാഖപ്പെണ്‍കുട്ടി. പക്ഷേ എന്നെ അമ്പരപ്പിച്ചത് ആ പെണ്‍കുട്ടിയുടെ അപ്പോഴത്തെയും നിസ്സംഗതയായിരുന്നു. കുഞ്ഞിനെ ഒന്നു നോക്കാനോ പാലുകൊടുക്കാനോ അപ്പോഴും അവള്‍ തയാറല്ലായിരുന്നു. എല്ലാം കഴിഞ്ഞ് മുറിയിലേയ്ക്ക് മാറ്റി. എന്താണു വേണ്ടതെന്നറിയാതെ ആ അമ്മയും വല്യച്ഛനും പുറത്തുനില്‍ക്കുന്നു. അവരെ ആശുപത്രിയിലെത്തിച്ച ടാക്‌സിഡ്രൈവര്‍ക്ക് കാര്യം മനസിലായി. നാട്ടിലൊരു അവിഹിതഗര്‍ഭം കണ്ടെത്തിയ സന്തോഷത്തിലാകണം ഒരു അശ്‌ളീലച്ചിരി അയാളുടെ ചുണ്ടുകളിലുണ്ടായിരുന്നു.

വയറുവേദനയ്ക്ക് ഡോക്ടറെ കാണാനെത്തിയ അവരുടെ കൈയില്‍ ഒരു പ്രസവത്തിനു വേണ്ടിയുള്ള സാധനങ്ങള്‍ ഒന്നുമുണ്ടായിരുന്നില്ല. കുനിഞ്ഞ ശിരസോടെ ആ വല്യച്ഛന്‍ അതൊക്കെ എടുക്കാനായി പുറത്തേയ്ക്കു പോയി. ഞാന്‍ ആ റൂമിലേയ്ക്കു ചെന്നു. മകള്‍ക്കുണ്ടായ ഈ ദുര്‍വിധിയില്‍ തന്റെ വീഴ്ചയുണ്ട് എന്ന കുറ്റബോധം ആ അമ്മയുടെ മുഖത്തുണ്ട്. പക്ഷേ എങ്ങിനെ?.... ഉത്തരം കിട്ടാത്ത ഒരു ചോദ്യത്തിനു പിന്നാലെയായിരുന്നു ആ മാതൃഹൃദയം. പതുക്കെ അവര്‍ സംസാരിച്ചു തുടങ്ങി.

കണ്ണൂരിലെ മലയോരഗ്രാമത്തിലാണ് വീട്. അച്ഛനും അമ്മയും മൂന്നു പെണ്‍കുട്ടികളും അടങ്ങുന്ന സന്തോഷവും സമാധാനവും ഉള്ള ഒരു സാധാരണ കര്‍ഷകകുടുംബം. ഇവള്‍ മൂത്തയാളാണ്. പക്ഷേ ഈ സംഭവത്തിന് ഒരു ഉത്തരവും അവര്‍ക്ക് കണ്ടെത്താനാകുന്നില്ല. സ്വന്തം മകള്‍ ഗര്‍ഭിണിയായത് അറിയാതിരിക്കുക, അതും പൂര്‍ണഗര്‍ഭിണിയാകുംവരെ. ഗര്‍ഭകാലത്ത് എന്തെല്ലാം ശാരീരികമാറ്റങ്ങളിലൂടെ ഒരു പെണ്‍കുട്ടി കടന്നു പോകും. ഇതൊന്നും അവളെ പതിവായിക്കാണുന്ന, ഒരു വീട്ടില്‍ ഒരുമിച്ചുകഴിയുന്ന ഒരമ്മ അറിഞ്ഞിരുന്നില്ലെന്നോ? മുതിര്‍ന്ന വിദ്യാര്‍ത്ഥികളായ ഇവളുടെ അനിയത്തിമാര്‍ അറിയാതെ പോയോ? ചുരിദാര്‍ എന്ന വസ്ത്രത്തിന് ഇതെല്ലാം എന്നും മറയ്ക്കാനാകുമോ? എല്ലാ ചോദ്യങ്ങള്‍ക്കും എന്റെ പിഴ... എന്റെ പിഴ... എന്ന് ആ അമ്മയുടെ ഹൃദയം വിലപിക്കുന്നത് എനിക്കു കേള്‍ക്കാമായിരുന്നു. തന്റെ അവസ്ഥ ലോകത്ത് ഒരമ്മയ്ക്കും ഉണ്ടാകരുതെന്ന് അവര്‍ വിലപിക്കുന്നുണ്ടായിരുന്നു. നിസഹായതയുടെയും അപമാനത്തിന്റെയും കുറ്റബോധത്തിന്റെയും തീച്ചുളയില്‍ എരിയുന്ന അവരുടെ മനസ് എനിക്കു കാണാമായിരുന്നു. എത്ര ദയനീയമാണ് മനുഷ്യാവസ്ഥകള്‍.

ഡ്യൂട്ടികഴിഞ്ഞ് പോയിട്ടും എന്റെ മനസ്സിലെ മരവിപ്പ് മാറിയിരുന്നില്ല. എനിക്ക് ഒരു അനിയത്തി ഉണ്ടായിരുന്നുവെങ്കില്‍ ഈ പെണ്‍കുട്ടിയുടെ പ്രായം കാണുമായിരുന്നുവെന്നൊക്കെ ഞാനാലോചിച്ചു. എത്ര ചോദിച്ചിട്ടും എന്താണ് ഈ പെണ്‍കുട്ടി തന്റെ കുഞ്ഞിന്റെ പിതാവിനെക്കുറിച്ച് മൗനം പാലിക്കുന്നത്? പിറ്റേന്ന് പതിവുപോലെ ഡ്യൂട്ടിയ്ക്കു വരുമ്പോള്‍ മുന്നില്‍ ആ വല്യച്ഛന്‍. കണ്ണൊക്കെ നിറഞ്ഞിരിക്കുന്നു. എല്ലാം കൈവിട്ടുപോയെന്നു പറഞ്ഞു. അന്ന് കൂടെ വന്ന ടാക്‌സിഡ്രൈവര്‍ കാര്യങ്ങളൊക്കെ പൊടിപ്പും തൊങ്ങലും ചേര്‍ത്ത് നാടു മുഴുവന്‍ പാട്ടാക്കി. അവനൊരല്‍പം നന്മയുണ്ടായിരുന്നെങ്കില്‍ ആ കുടുംബത്തെ ഈ അപമാനത്തില്‍നിന്ന് രക്ഷിക്കാമായിരുന്നില്ലേ... ഇനി പറഞ്ഞിട്ടെന്തുകാര്യം.

ഉച്ചയ്ക്ക് മരുന്നുമായി അവരുടെ റൂമിലേയ്ക്ക് പോകുമ്പോള്‍ ആശുപത്രിയിലെ പ്രായമായ ഒരു സിസ്റ്റര്‍ പറഞ്ഞു. കൊച്ചേ... ഞാനും വരുന്നു. കുഞ്ഞിന് പാലുകൊടുക്കുകയായിരുന്നു അപ്പോള്‍ അവള്‍. സിസ്റ്റര്‍ പെണ്‍കുട്ടിയുടെ അമ്മയോട് പുറത്തുനില്‍ക്കുവാന്‍ പറഞ്ഞു. കതകടച്ചു. കുഞ്ഞിനെവാങ്ങി എന്റെ കൈയില്‍ തന്നു. എനിക്ക് ഒന്നും മനസ്സിലായില്ല. സിസ്റ്റര്‍ 65 വയസുള്ള ഒത്ത ശരീരമുള്ളയാളാണ്. അവര്‍ ചോദിച്ചു..

''ആരാടീ ഇതിനെ ഉണ്ടാക്കിയത്? മര്യാദയക്കു പറഞ്ഞോ.. നിന്നെക്കാളും വലിയ മുതലിനെ കണ്ടിട്ടുള്ളതാ ഞാന്‍....''

അവള്‍ മിഴിച്ചുനോക്കുന്നതല്ലാതെ ഒന്നും മിണ്ടുന്നില്ല.

വലതുകൈകൊണ്ട് സകലശക്തിയുമെടുത്ത് അവളുടെ കവളില്‍ ഒന്നു പൊട്ടിച്ചു സിസ്റ്റര്‍. കണ്ടുനിന്ന ഞാന്‍ കണ്ണടച്ചു. അവളുടെ കണ്ണില്‍നിന്ന് കണ്ണുനീര്‍ ഒഴുകിത്തുടങ്ങി. ഉത്തരം കിട്ടിയേ അടങ്ങൂ എന്ന വാശിയിലാണ് സിസ്റ്റര്‍. പറയാതെ വയ്യ എന്ന നിലയിലേയ്ക്കായി കാര്യങ്ങള്‍. ഇത്രയും നാളുകള്‍ മറച്ചുവച്ച ആ സത്യം അവളുടെ നാവിന്‍തുമ്പത്തുനിന്ന് ഇഴഞ്ഞുവീണു.

അച്ഛന്‍....

ഇതു സത്യമാണോ എന്ന ചോദ്യത്തിന് നിര്‍വികാരമായി അതെയെന്നു മറുപടി. വാതില്‍ തുറന്ന് അമ്മയേയും വല്യച്ഛനേയും വിളിച്ച് വിവരം പറഞ്ഞു. അവരത് വിശ്വസിക്കാന്‍ തയാറല്ലായിരുന്നു. കരഞ്ഞുകൊണ്ട് അവള്‍ പറഞ്ഞു...

എന്റെ സ്വന്തം അച്ഛനാണ് ഈ കുഞ്ഞിന്റെയും അച്ഛന്‍.

അപ്പോഴാണ് ഞങ്ങള്‍ അവളുടെ അച്ഛനെക്കുറിച്ച് അന്വേഷിച്ചത്. അയാള്‍ ഒരാഴ്ചയ്ക്കു മുമ്പേ എവിടെയോ ജോലിക്കുപോയതാണ്. ഇതുവരെ വീട്ടിലെത്തിയിട്ടില്ല. ഞാന്‍ പിന്നീട് അവളോട് കൂടുതല്‍ അടുത്തു സംസാരിച്ചു. പല പ്രാവശ്യം അയാള്‍ ഈ കുട്ടിയെ ഉപയോഗിച്ചിട്ടുണ്ട്. ഗര്‍ഭിണിയാണെന്ന് അറിയുകയും ചെയ്യാം. സമയം അടുത്തപ്പോള്‍ ആ നെറികെട്ടവന്‍ മുങ്ങി. ഞാന്‍ ഒരു കാര്യമേ ചോദിച്ചുള്ളു... എന്തുകൊണ്ടാണ് ഇങ്ങനെ ഒരു മോശം അനുഭവം ഉണ്ടായപ്പോള്‍ അമ്മയോട് പറഞ്ഞില്ല? ആരോടെങ്കിലും പറഞ്ഞാല്‍ അനിയത്തിമാരേക്കൂടി നശിപ്പിക്കുമെന്ന് അയാള്‍ പറഞ്ഞുപോലും. അതുകൊണ്ട് സ്വന്തം ജീവിതം നശിപ്പിച്ചുകൊണ്ട് അവള്‍ ഇതൊക്കെ മറച്ചുവച്ചു.

സംഭവിക്കാനുള്ളത് സംഭവിച്ചു. ഇനിയുള്ള പ്രശ്‌നം ഈ ചോരക്കുഞ്ഞാണ്. അടുത്തമുറിയില്‍ ഗള്‍ഫില്‍നിന്നുള്ള മക്കളില്ലാത്ത ഒരു ഫാമിലി ഉണ്ടായിരുന്നു. കഥയൊക്കെയറിഞ്ഞ അവര്‍ കുഞ്ഞിനെ അവര്‍ക്ക് കൊടുക്കാമോ എന്ന് ചോദിച്ചു. പക്ഷേ ആശുപത്രി നിയമങ്ങള്‍ അതിനനുവദിക്കാത്തതുകൊണ്ട് ഡോക്ടര്‍ അവരെ നിരുത്സാഹപ്പെടുത്തി. കന്യാസ്ത്രീകള്‍ നടത്തുന്ന ഒരു അനാഥാലയമുണ്ട് അവിടെ അടുത്ത്. ഡോക്ടര്‍ തന്നെ അവരുടെ വിലാസം കൊടുത്തു പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്ക്. നാലാം ദിവസം ഡിസ്ചാര്‍ജ് വാങ്ങി പോകുമ്പോള്‍ അവര്‍ കുഞ്ഞിനെ അവിടെയേല്‍പ്പിച്ചു. അവിടെനിന്ന് ഗള്‍ഫ് ദമ്പതികള്‍ക്ക് ആ മാലാഖക്കുഞ്ഞിനെ കിട്ടിയോ എന്നറിയില്ല. പിന്നെയും മൂന്നു പ്രാവശ്യംകൂടെ അവള്‍ ആശുപത്രിയില്‍ വന്നു. മുലപ്പാല്‍ നില്‍ക്കുവാനുള്ള കുത്തിവയ്പ്പ് എടുക്കാന്‍. പിന്നെ അവളെ കണ്ടിട്ടില്ല. ഒരിക്കലും......

മനുഷ്യജീവിതത്തിലെ ആകസ്മികതകളും നിസ്സഹായതകളും കഥകളിലും സിനിമകളിലും ധാരാളം പറഞ്ഞുകഴിഞ്ഞ ഒരു വിഷയമാണ്. അവിശ്വസനീയം ഒറ്റവാക്കില്‍ പറയാവുന്ന ഈ സംഭവത്തില്‍ എനിക്കു ചോദിക്കുവാനുള്ളത് ഇതൊക്കെയാണ്. സ്വന്തം അച്ഛന്‍ കാമക്കണ്ണുകളുമായി വന്നപ്പോള്‍ എന്തുകൊണ്ട് അത് അമ്മയോട് പറയാനുള്ള തന്റേടം ആ പെണ്‍കുട്ടിക്കില്ലതെപോയി? മകള്‍ പൂര്‍ണഗര്‍ഭിണിയായിട്ടും അത് അറിയാതെ പോയി ആ അമ്മ എന്നു പറയുന്നത് എങ്ങിനെ വിശ്വസിക്കും? പെണ്‍കുട്ടികള്‍ അമ്മയോടും ആണ്‍കുട്ടികള്‍ അച്ഛനോടും കാര്യങ്ങള്‍ തുറന്നുപറയാവുന്ന ഒരു അന്തരീക്ഷം എല്ലാവീട്ടിലും ഉണ്ടാവേണ്ടതല്ലേ? ഇതിനും നമുക്ക് ഇന്റര്‍നെറ്റിനേയും മൊബൈലിനേയും കുറ്റം പറയാന്‍ പറ്റുകയില്ലല്ലോ. സ്വന്തം മകളില്‍ കാമം തീര്‍ത്ത ആ അച്ഛനെ എന്തു പേരുചൊല്ലിയാണ് വിളിക്കുക...? താന്‍ നട്ട മരത്തിന്റെ ഫലം ആദ്യം ഭക്ഷിക്കാനുള്ള അവകാശമാണോ അയാള്‍ സ്ഥാപിച്ചെടുത്തത്?... വാല്‍സല്യത്തോടെ തന്നെ തഴുകിയ വിരലുകകളില്‍ കാമത്തിന്റെ വിഷം കിനിയുന്നത് തിരിച്ചറിയാന്‍ അവള്‍ വൈകിയതാവാം. നീചവും നികൃഷ്ടമായ ഈ തെറ്റിന്റെ ഫലം, ആ കുഞ്ഞ്- സ്‌നേഹമുള്ള ഏതെങ്കിലും മാതാപിതാക്കളോടൊപ്പം സുരക്ഷിതയായി ജീവിക്കുന്നുണ്ടാവും എന്നു കരുതട്ടെ...

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top