Last Updated 1 year 10 weeks ago
Ads by Google
19
Saturday
August 2017

വിശ്വരൂപം: ഒരു സ്വാതന്ത്ര്യ പ്രഖ്യാപനം

  1. Swamy Gururathnam njanathapaswi
  2. Viswaroopam
1360059388_1360059388_guru-njanathapasi.jpg

ആനുകാലികം

സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി

മതാതീത ആത്മീയതയുടെയും മതേതരത്വത്തിന്റെയും വക്താവായി അറിയപ്പെടുന്ന സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി ശാന്തിഗിരി ആശ്രമത്തിന്റെ ആഗോളവ്യാപകമായ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന വ്യക്തിത്വമാണ്‌ ആത്മീയനേതാവ്, പ്രഭാഷകന്‍, എഴുത്തുകാരന്‍, മികച്ച സംഘാടകന്‍ എന്നീ നിലകളിലെല്ലാം തിളങ്ങുന്ന സ്വാമി, ശാന്തിഗിരി ആശ്രമം ഓര്‍ഗനൈസിംഗ് സെക്രട്ടറി എന്ന നിലയില്‍ രാജ്യത്തുടനീളം ഒട്ടനവധി ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിവരുന്നു.
View Comments
mangalam malayalam online newspaper

കമല്‍ഹാസന്‍ തമിഴില്‍ മാത്രമല്ല, മലയാളത്തിലും നിറഞ്ഞുനിന്ന കലാകാരനാണ്, ആരാധ്യപുരുഷനാണ്. നടിക്കുക മാത്രമല്ല സിനിമയില്‍ അദ്ദേഹം ചെയ്തത്. സമൂഹത്തോട് സംവദിക്കുക, പ്രതികരിക്കുക എന്നീ ലക്ഷ്യങ്ങളും അദ്ദേഹത്തിന്റെ സിനിമകള്‍ക്കുണ്ട്. ഇന്ത്യന്‍, ദശാവതാരം എന്നീ സിനിമകളിലെന്നപോലെ വിശ്വരൂപത്തിലും ദന്തഗോപുരവാസിയല്ലാത്ത ഒരു ചലച്ചിത്രകാരനെയാണ് നാം കണ്ടുമുട്ടുക. ഈ സിനിമയെടുക്കാന്‍ സ്വന്തം വീട് പോലും പണയപ്പെടുത്തി എന്ന് ഗദ്ഗദകണ്ഠനായി അദ്ദേഹം പറയുന്നു. തന്റേതെല്ലാം അര്‍പ്പിച്ച് രൂപപ്പെടുത്തിയ സിനിമയുടെ പ്രദര്‍ശനാനുമതി തമിഴ്‌നാട് സര്‍ക്കാര്‍ തടഞ്ഞിരിക്കുകയായിരുന്നു. മുസ്‌ലീംകളെ പ്രകോപിപ്പിക്കുന്നവിധത്തില്‍ സിനിമയില്‍ ചില രംഗങ്ങളുണ്ടെന്നും രാജ്യത്ത് വര്‍ഗ്ഗീയപ്രക്ഷോഭം ഉണ്ടാകാതിരിക്കാനാണ് അങ്ങനെ ചെയ്തതെന്നുമാണ് തമിഴ്‌നാട് സര്‍ക്കാരിന്റെ ന്യായീകരണം. യഥാര്‍ത്ഥ മുസ്‌ലിംകളെ വേദനിപ്പിക്കുന്നതോ പ്രകോപിപ്പിക്കുന്നതോ ആയ ഒന്നുംതന്നെ സിനിമയിലില്ലെന്നും ജനജീവിതം ദു:സഹമാക്കുന്ന തീവ്രവാദികള്‍ക്കെതിരാണ് സിനിമയെന്നും കമല്‍ ഹാസന്‍ ആണയിടുന്നു. ഒടുവില്‍ ചില ഉപാധികളോടെ സിനിമ പ്രദര്‍ശിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ അനുവദിച്ചിരിക്കുകയാണ്.

ഭരിക്കുന്ന സര്‍ക്കാരുകള്‍ ഓലപ്പാമ്പുകള്‍ കണ്ട് വിരണ്ടുപോകരുത്. ഓരോ വിഭാഗത്തിന്റെയും ഭീഷണികള്‍ക്ക് വഴങ്ങിക്കൊടുക്കേണ്ടി വരുമ്പോള്‍ നാട്ടില്‍ നീതി, സത്യം, മാനവികത തുടങ്ങിയ മൂല്യങ്ങളുടെ കാര്യം പരുങ്ങലിലാകും. നാട് ചില കറുത്ത കുത്തകശക്തികളുടെ കരങ്ങളില്‍ അകപ്പെട്ടുപോകും. സാധാരണക്കാരായ ഭൂരിപക്ഷത്തിന്റെ സുരക്ഷ, സുഭിക്ഷ, നീതി എന്നിവയ്ക്കാണ് സര്‍ക്കാര്‍ മുന്‍തൂക്കം നല്‍കേണ്ടത്. അതിന് എതിര് നില്ക്കുന്ന ദുഷ്ടശക്തിയ്ക്ക് വഴങ്ങുകയല്ല അതിനെ അടിച്ചമര്‍ത്തുകയാണ് ഭരണാധികാരികള്‍ ചെയ്യേണ്ടത്. പൂര്‍വ്വാശ്രമം സിനിമാ ലോകത്തിലായിരുന്ന, കലാകാരിയായിരുന്ന, നിഷ്പക്ഷവും സ്വതന്ത്രവുമായി ഭരിക്കാന്‍ എല്ലാ സാഹചര്യങ്ങളുമുളള തമിഴ്‌നാട് മുഖ്യമന്ത്രി കുറെക്കൂടി കാലുറപ്പോടെ മുന്നോട്ട് നീങ്ങുമെന്ന് പ്രതീക്ഷിക്കട്ടെ.

കലയാണ് മനുഷ്യനെ ജന്തുതയില്‍ നിന്നും യാന്ത്രികതയില്‍ നിന്നും മാനവികതയിലേക്ക് ഉയര്‍ത്തുന്നത്. സമൂഹത്തില്‍ മനുഷ്യത്വം മരവിച്ച് പോകുമ്പോള്‍ നമ്മുടെ മന:സാക്ഷിയെ കുത്തിയുണര്‍ത്തുന്നതും കലയാണ്. കല എപ്പോഴും നന്മയുടെയും ധര്‍മ്മത്തിന്റെയും പക്ഷത്ത് നിലയുറപ്പിക്കുന്ന ദൈവീകപ്രസാദമാണ്. കലാകാരന്മാരും അപ്രകാരം തന്നെ. വ്യക്തി എന്ന നിലയില്‍ അവര്‍ക്ക് ദൗര്‍ബല്യങ്ങളുണ്ടാകാം. എന്നാല്‍ കലാകാരന്‍ എന്ന നിലയില്‍ അവര്‍ ദൈവം പ്രത്യേകമായി തെരഞ്ഞെടുത്തവനും നിയോഗിക്കപ്പെട്ടവനുമായിരിക്കും. ചിലപ്പോള്‍ അവരുടെ വ്യക്തിജീവിതത്തിന്റെ അപ്പാടെയുളള ബലിയര്‍പ്പണമായിരിക്കും കലാസൃഷ്ടി. മഹാനായ വിക്ടര്‍ യൂഗോ തന്നെ ഉദാഹരണം. 'പാവങ്ങള്‍' എന്ന ലോകം കണ്ടതില്‍ വച്ച് ഏറ്റവും മഹത്തരമായ കൃതിയ്ക്ക് വേണ്ടി അദ്ദേഹത്തിന് ഭാര്യ കുടുംബം ജീവിതസൗകര്യങ്ങള്‍ എല്ലാം ഉപേക്ഷിക്കേണ്ടി വന്നു. മഹിതാശയനായ ടോള്‍ഡസ്റ്റോയ് അനുഭവങ്ങളുടെ ആത്മാര്‍ത്ഥത കലയുടെ അനിവാര്യമൂല്യമാക്കിയതുകൊണ്ട് യാതന നിറഞ്ഞ അനുഭവങ്ങള്‍ക്കായി സ്വയം എറിഞ്ഞുടയ്ക്കുകയായിരുന്നു. പ്രചോദനത്തിന്റെ അതിതീവ്രതയില്‍ അപസ്മാരമിളകി സ്വയം പൊട്ടിപ്പിളര്‍ന്നുകൊണ്ടാണ് ദസ്തയേവ്‌സ്‌കി 'കരമസോവ് സഹോദരന്മാര്‍' അടക്കമുളള കൃതികള്‍ക്ക് ജന്മമേകിയത്. സ്വകാര്യ കവിതകള്‍ എഴുതുകയും ഭരണകൂടത്തെ സ്തുതിയ്ക്കാതിരിക്കുകയും ചെയ്തതിന്റെ പേരില്‍ സ്റ്റാലിന്റെ റഷ്യയില്‍ നിന്ന് അന്ന മഹ് ത്തോവ എന്ന കവയിത്രി നിഷ്‌കാസിതയാക്കപ്പെട്ടു. ലോകസാഹിത്യത്തില്‍ ഇത്തരം ഉദാഹരണങ്ങള്‍ സമൃദ്ധമാണ്.

നമ്മുടെ കൊച്ചുമലയാളത്തില്‍ ചങ്ങമ്പുഴ, കുഞ്ഞിരാമന്‍ നായര്‍, ഇടപ്പളളി രാഘവന്‍ പിളള, രാജലക്ഷ്മി, നന്തനാര്‍, ഒ.വി വിജയന്‍, മാധവിക്കുട്ടി തുടങ്ങിയ എഴുത്തുകാര്‍ ജീവിതത്തെ എഴുത്തിനു മുന്നില്‍ നടതളളി. 'കെട്ടജീവിത'ത്തില്‍ നിന്ന് 'ഉണ്ടെനിക്കൊരു കാവ്യജീവിതം' എന്ന സ്വപ്നത്തില്‍ അവര്‍ സ്വയം കൊരുത്തിട്ടു.
'മൃതനെന്നാലതിധന്യന്‍ ഞാന്‍
അരമാത്രയിലമൃതത്തിലെരിഞ്ഞേന്‍
അമരത്വത്തെയറിഞ്ഞേന്‍ '
എന്ന് എഴുത്ത് മുഹൂര്‍ത്തത്തില്‍ സ്വയം വിലയംകൊളളാന്‍ വെമ്പല്‍ കൊണ്ടു. “ ഹേ വിഹാരി എനിക്ക് വേണ്ടിയൊരു ചിതയൊരുക്കുക; ചിതാഭസ്മം നെറുകയില്‍ തൂവുക' എന്നിങ്ങനെ അവര്‍ സ്വയം ഹോമത്തിനുളള സന്നദ്ധത പ്രകടിപ്പിച്ചു.

കലാകാരന്റെ ഹൃദയം ലോകത്തിന്റെ ദുരിതങ്ങളപ്പാടെ കടത്തിവിടുന്ന പ്രതലമാണ്. അദ്ദേഹം തന്റെ സ്വകാര്യതയില്‍ ഭജനമിരിക്കുമ്പോഴും ലോകമപ്പാടെ അദൃശ്യമായി ആഏകാന്തതയിലേക്ക് ഇരമ്പിക്കയറും. പ്രചോദനത്തിന്റെ ഉജ്ജ്വലനിമിഷത്തില്‍ ഹൃദയത്തിന്റെ ദര്‍ശനങ്ങള്‍ പകര്‍ത്തുമ്പോള്‍ അത് ഈ ഭൂമിയിലെ കളങ്കങ്ങള്‍ കഴുകിക്കളയലാകും. അതിനുപയോഗിക്കുന്ന തീര്‍ത്ഥജലത്തെ വഹിക്കുന്നത് ഹൃദയത്തില്‍ വിടര്‍ന്ന സ്‌നേഹപുഷ്പത്തിന്റെ നീഹാരനീരാണ്. ലോകം നൈരാശ്യത്തിന്റെ വരള്‍ച്ചയിരുകുമ്പോള്‍ കലാകാരന്‍ പ്രത്യാശയുടെ വസന്തം തീര്‍ക്കും. ലോകം സുഖാലസ്യത്തിന്റെ മന്ദതയില്‍ വീഴുമ്പോഴാകട്ടെ കലാകാരന്‍ ജാഗ്രത്തിന്റെയും ധ്യാനത്തിന്റെയും സന്ദേശവാഹകനാകും. ലോകത്തുണ്ടായ മഹത്തായ വിപ്‌ളവങ്ങളും വിമോചന സമരങ്ങളുമെല്ലാം ഊതിയുണര്‍ത്തിയത് കലാകാരന്റെ അശാന്തഹൃദയത്തിലാണ്. ഏത് രാഷ്ട്രത്തിന്റെയും സംസ്‌കാരങ്ങളും മൂല്യങ്ങളും രൂപപ്പെടുത്തിയത് കലാകാരന്റെ സ്വപ്നങ്ങളാണ്.
ആ കലാകാരനെ നാം ഒറ്റപ്പെടുത്തുകയും വേട്ടയാടുകയും ചെയ്യരുത്; ഒരു ചുവന്ന പുറങ്കുപ്പായം നല്കി കുരിശിലേക്ക് ഒറ്റിക്കൊടുക്കരുത്. സിനിമ ഇന്ന് ഏറ്റവും ജനകീയത അവശ്യപ്പെടാവുന്ന കലയാണ്. സമൂഹത്തെ രൂപപ്പെടുത്തുന്നതിനും തിന്മയോട് പ്രതികരിക്കുന്നതിനും അതില്‍ ഒട്ടേറെ സാധ്യതകളുണ്ട്. കലാകാരന്‍ ഭയന്നും വിറച്ചും അനുനയിക്കപ്പെട്ടും ആര്‍ക്കൊക്കെയോ വേണ്ടി വളഞ്ഞും പുളഞ്ഞും നിര്‍മ്മിക്കുന്നത് കലയായിരിക്കുകയില്ല. അദ്ദേഹം സ്വാതന്ത്ര്യത്തോടെ കലയില്‍ വ്യാപരിക്കട്ടെ. കല കലാകാരന്റെയും അദ്ദേഹത്തിന്റെ സമൂഹത്തിന്റെയും സ്വാതന്ത്ര്യപ്രഖ്യാപനമാകട്ടെ.

കാലമിത്രയും കടന്നുപോയിട്ടും തമിഴക സമൂഹം കാട്ടുന്ന സങ്കുചിതത്വമോര്‍ക്കുമ്പോള്‍ ഖേദം തോന്നും. അറുപതുകളിള്‍ മലയാളം പ്രകടിപ്പിച്ച പ്രബുദ്ധതയോര്‍ത്ത് അവര്‍ ലജ്ജിക്കട്ടെ. എം.ടിയുടെ ദേശീയ ബഹുമതി നേടിയ നിര്‍മാല്യം എന്ന ചിത്രത്തില്‍ ഒരു രംഗമുണ്ട്. സ്വയം മറന്ന് വീടിനെ മറന്ന് എല്ലാം മറന്ന് ദേവിയില്‍ അര്‍പ്പിക്കപ്പെട്ട ഒരു വെളിച്ചപ്പാടിന്റെ ദുരന്തകഥയായിരുന്നുവല്ലോ നിര്‍മ്മാല്യം. പി.ജെ ആന്റണി അ കഥാപാത്രത്തെ ശക്തമായി അവതരിപ്പിച്ചു. ഒടുവില്‍ ദേവി രക്ഷകയാകാതെ എല്ലാം നഷ്ടപ്പെട്ട് ജീവിതം നഷ്ടപ്പെട്ട് ആ കഥാപാത്രം ദേവീവിഗ്രഹത്തിലേക്ക് വെറുപ്പോടെ തുപ്പുന്ന ഒരു രംഗമുണ്ട്. ആ കഥാപാത്രത്തിന്റെ സങ്കടങ്ങളുടെ കരകാണാക്കടലാണ് അന്ന് പ്രേക്ഷകന്‍ ആ രംഗത്തിലൂടെ അനുഭവിച്ചത്. അതിനെ എം.ടിയുടെ നാസ്തികതയായോ പി.ജെ ആന്റണിയുടെ ഹിന്ദുവിരോധമായോ വര്‍ഗ്ഗീയതയായോ ആരും വ്യാഖ്യാനിച്ചില്ല. എവിടെയും വിദ്വേഷാഗ്നി പുകഞ്ഞില്ല. അതേ എം.ടി ഇന്നാണ് ആ സിനിമ എടുത്തതെങ്കില്‍ ഒരു ക്രിസ്ത്യാനി നടനാണ് അങ്ങനെ ചെയ്തതെങ്കില്‍ എന്താകുമായിരുന്നു അവസ്ഥ?

നാം ചരിത്രത്തില്‍ പിറകോട്ട് നടക്കുന്ന ഒരു ജനതയാകരുത്. സംസ്‌കാരത്തിന്റെ മുന്നോട്ടുളള പടവുകള്‍ നാം കയറണം. കൂനന്‍ കുത്തിയാല്‍ മറിയുന്ന ഗോപുരമാകരുത് നമ്മുടെ മഹത്തായ മതേതരമൂല്യം.

Ads by Google

* പംക്തികളിലുള്ളതു ലേഖകരുടെ വ്യക്തിപരമായ അഭിപ്രായങ്ങളാണ്. പത്രത്തിന്റെ നയങ്ങളുമായി ലേഖനങ്ങളിലെ അഭിപ്രായങ്ങള്‍ക്കു ബന്ധമില്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top