Last Updated 1 year 15 weeks ago
Ads by Google
23
Saturday
September 2017

മേയ്‌ദിനാശംസകള്‍ , ആശങ്കകളും

ബി. ഉണ്ണിക്യഷ്‌ണന്‍

mangalam malayalam online newspaper

ഇന്ന്‌ മേയ്‌ ഒന്ന്‌, അഖിലലോക തൊഴിലാളിദിനം. ഇന്നു പതിവുപോലെ മേയ്‌ദിന റാലികളും തൊഴിലാളിസംഗമങ്ങളും അവകാശപ്രഖ്യാപനങ്ങളും തൊഴിലാളിപ്രസ്‌ഥാനങ്ങള്‍ നേരിടുന്ന പ്രതിസന്ധികളെക്കുറിച്ചുള്ള ചര്‍ച്ചകളും സെമിനാറുകളും നടക്കും. പക്ഷേ, മേയ്‌ദിനാചരണത്തില്‍ പങ്കെടുക്കുന്ന യാഥാര്‍ഥ്യബോധമുള്ള ഓരോ തൊഴിലാളിക്കുമറിയാം താന്‍ നേരിടുന്ന സ്വത്വ പ്രതിസന്ധിയെക്കുറിച്ച്‌. ഇന്ന്‌ ആഗോളതലത്തില്‍ ഏറ്റവുമധികം ഇല്ലായ്‌മ ചെയ്യപ്പെടുന്ന ഒരു ഐഡന്റിറ്റിയാണു തൊഴിലാളി.
മുതല്‍മുടക്കുന്നവന്‌, മുതലാളിക്ക്‌, അനുകൂലമായി എല്ലാ തൊഴില്‍നിയമങ്ങളും പൊളിച്ചെഴുതപ്പെടുന്ന ഒരു കാലഘട്ടത്തിലൂടെയാണു നമ്മള്‍ കടന്നുപോകുന്നത്‌. കൃത്യമായ കാരണം കാണിച്ച്‌ മിനിമം കാലാവധി നല്‍കാതെ തൊഴിലുടമയ്‌ക്ക്‌ തൊഴിലാളിയെ പിരിച്ചുവിടാനുള്ള അധികാരാവകാശങ്ങള്‍ നല്‍കുംവിധം തൊഴില്‍നിയമങ്ങള്‍ മാറ്റിയെഴുതപ്പെടുന്നു. ഇതുവരെ, ജോലിചെയ്യുന്നവന്റെ ഏറ്റവും വലിയ കരുതല്‍ധനമായി നമ്മുടെ രാജ്യത്തു കണക്കാക്കപ്പെട്ടിരുന്നത്‌ പ്രോവിഡന്റ്‌ ഫണ്ട്‌ ആണല്ലോ. ആ നീക്കിയിരുപ്പില്‍വരെ സര്‍ക്കാര്‍ കൈവച്ചു തുടങ്ങി. ഫാക്‌ടറിയുടെ നിര്‍വചനം തൊഴിലുടമയ്‌ക്ക്‌ അനുകൂലമായി തിരുത്തിയെഴുതപ്പെട്ടു. അധ്വാനസമയം കൂട്ടാനുള്ള കുത്സിതശ്രമങ്ങള്‍ക്കു പച്ചക്കൊടി ഉയരുന്നു. തൊഴില്‍ തര്‍ക്കങ്ങളും തൊഴിലവകാശങ്ങളും നിയമപരമായി മൂല്യനിര്‍ണയം ചെയ്യുന്നതിനും തീര്‍പ്പുകല്‍പ്പിക്കുന്നതിനും ലേബര്‍ കമ്മിഷണര്‍, അപ്പലേറ്റ്‌ അഥോറിറ്റികളായ ലേബര്‍ കോടതികള്‍ തുടങ്ങിയ സ്‌ഥാപനങ്ങളുണ്ടെന്നു നമുക്കറിയാം. കുത്തകവത്‌കരണം ഇല്ലാതാക്കി, വാണിജ്യസ്‌ഥാപനങ്ങള്‍ തമ്മിലുള്ള ആരോഗ്യപരമായ മല്‍സരം സാധ്യമാക്കി അതിന്റെ പ്രയോജനം ഉപഭോക്‌താവിലേക്കെത്തിക്കുക എന്ന ലക്ഷ്യത്തോടെ നിലവില്‍ വന്ന സ്‌ഥാപനമാണ്‌ കോമ്പറ്റിഷന്‍ കമ്മിഷന്‍. മത്സരിക്കുക എന്നത്‌ ഏതൊരു വാണിജ്യ-വ്യവസായ സ്‌ഥാപനത്തിന്റെയും അടിസ്‌ഥാനാവകാശമായി കണക്കാക്കിക്കൊണ്ട്‌ മത്സരത്തെ തടസപ്പെടുത്തുന്ന ഏതൊരു നടപടിക്കെതിരേയും നിയമപരമായി ഇടപെടുക എന്നതാണ്‌ കോമ്പിറ്റിഷന്‍ കമ്മിഷന്റെ വ്യവസ്‌ഥാപിതലക്ഷ്യം. എന്നാല്‍, ഈയടുത്ത കാലത്തായി കോമ്പറ്റിഷന്‍ കമ്മിഷന്‍ ഇടപെട്ട ചില കേസുകള്‍ ചൂണ്ടിക്കാണിക്കുന്നതു തൊഴിലവകാശങ്ങളെയും പ്രക്ഷോഭങ്ങളെയും കമ്പോളമത്സര ത്തെ തടസപ്പെടുത്തുന്ന സംഗതികളായി കാണാനും തൊഴിലാളിപ്രസ്‌ഥാനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ തടയിടാന്‍ കോമ്പറ്റിഷനുമായി ബന്ധപ്പെട്ട നിയമവ്യവസ്‌ഥകളെ ഉപയോഗിക്കാനും തൊഴിലുടമകള്‍ സംഘടിതശ്രമം നടത്തുന്നു എന്നതാണ്‌. അധ്വാനത്തെ ഉല്‍പ്പന്നമായി കണക്കാക്കാനുള്ള നവമുതലാളിത്തത്തിന്റെ ഏറ്റവും ഹീനമായ പരിശ്രമമാണ്‌ ഇതിലൂടെ വ്യക്‌തമാകുന്നത്‌. ഈ നവമുതലാളിത്തം ഉയര്‍ത്തുന്ന ഇത്തരം സങ്കീര്‍ണമായ വെല്ലുവിളികളെ നേരിടാന്‍, തൊഴിലാളി പ്രസ്‌ഥാനങ്ങള്‍ക്ക്‌ പഴയ സിദ്ധാന്തങ്ങളും സമരരീതികളും മതിയാവില്ല. ആദ്യമേതന്നെ തൊഴിലാളി എന്ന പരികല്‍പ്പനതയെത്തന്നെ വിപ്ലവകരമായി വികസിപ്പിച്ചെടുക്കേണ്ടതുണ്ട്‌. എവിടെയെല്ലാം ശാരീരികമോ ബൗദ്ധികമോ ആയ അധ്വാനം വേതനത്തിനായി വിനിമയം ചെയ്യപ്പെടുന്നുണ്ടോ അവിടെയെല്ലാം തൊഴിലാളി നിലനില്‍ക്കുന്നു എന്ന ബോധ്യത്തിലേക്കു തൊഴിലാളിവര്‍ഗ രാഷ്‌ട്രീയം വികസിക്കേണ്ടതുണ്ട്‌.
കൊച്ചിയിലെ ഇന്‍ഫോ പാര്‍ക്കില്‍ ഈയിടെ നടന്ന കൂട്ടപ്പിരിച്ചുവിടലും അതിനെതിരേ ഉയര്‍ന്ന താല്‍ക്കാലിക പ്രതിരോധവും ഇത്തരമൊരു പുതിയ തൊഴിലാളിവര്‍ഗ രാഷ്‌ട്രീയത്തിന്റെ അനിവാര്യതയെക്കുറിച്ചുള്ള വ്യക്‌തമായ സൂചനകളാണു തരുന്നത്‌.
തുണിശാലയില്‍ ഇരിക്കാനുള്ള അവകാശത്തിനായി തൊഴിലാളികള്‍ നടത്തിയ സമരത്തെ നമ്മുടെ മുഖ്യധാരാ മാധ്യമങ്ങളും (പരസ്യത്തിനു മുകളില്‍ പരുന്തും പറക്കില്ല) തൊഴിലാളിപ്രസ്‌ഥാനങ്ങളും അവഗണിച്ചത്‌ ഈ സന്ദര്‍ഭത്തില്‍ ഓര്‍ക്കുക. തികച്ചും സാങ്കേതികവും യാന്ത്രികവുമായി നടപ്പാക്കുന്ന സാമ്പ്രദായിക സമരമാര്‍ഗങ്ങളെ ഇന്ന്‌ പൊതുബോധം ഒരു ശല്യമായാണു കണക്കാക്കുന്നത്‌. നവമുതലാളിത്തം പുതിയ സംജ്‌ഞകളും നിയമങ്ങളുമായി കടന്നുവരുമ്പോള്‍ അതിനെ നേരിടേണ്ടതു വിപ്ലവകരമായി പുനര്‍നിര്‍വചിക്കപ്പെട്ട തൊഴിലാളിവര്‍ഗ രാഷ്‌ട്രീയംകൊണ്ടാണ്‌. നമ്മുടെ തൊഴിലാളി രാഷ്‌ട്രീയം ഇന്നും നോക്കുകൂലി പോലെയുള്ള പരതാപകരമാം വിധം കാലഹരണപ്പെട്ട ട്രേഡ്‌ യൂണിയന്‍ മുഷ്‌കിന്റെ ആശയപരിസരവും സ്വന്തം ചരക്ക്‌, വാഹനത്തില്‍നിന്നു സ്വയമിറക്കുന്ന മുതലാളിയെ താരമായി വാഴ്‌ത്തുന്ന മുഖ്യധാരാബോധവും തമ്മില്‍ കൊമ്പുകോര്‍ക്കുമ്പോള്‍ ശബ്‌ദകോലാഹലങ്ങളല്ലാതെ വിശേഷിച്ച്‌ ഒന്നും സംഭവിക്കുന്നില്ല. ഇത്തരം നിസാരവത്‌കരണങ്ങള്‍ക്ക്‌ ഏറെ അപ്പുറം സഞ്ചരിക്കുന്ന അര്‍ഥവത്തായ സംവാദങ്ങളിലേക്കും പ്രയോഗസാധ്യതകളിലേക്കും തൊഴിലാളിവര്‍ഗ രാഷ്‌ട്രീയം സംക്രമിക്കുന്നതാണ്‌ ഒരു ട്രേഡ്‌ യൂണിയന്‍ ആക്‌ടിവിസ്‌റ്റെന്ന നിലയില്‍ ഈ മേയ്‌ദിനത്തില്‍ ഞാന്‍ കാണുന്ന സ്വപ്‌നം.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top