Last Updated 1 year 10 weeks ago
Ads by Google
23
Wednesday
August 2017

നായും നരനും- ഒരു വീണ്ടുവിചാരം

mangalam malayalam online newspaper

നായാണോ നരനാണോ ശ്രേഷ്‌ഠജീവി എന്ന ചോദ്യമാണെന്നു തോന്നുന്നു പ്രബുദ്ധ കേരളത്തിന്റെ ഇപ്പോഴത്തെ മുഖ്യ ധാര്‍മികസമസ്യ. മുറ്റത്തു കളിച്ചുകൊണ്ടു നില്‍ക്കുന്ന പിഞ്ചു കുഞ്ഞുങ്ങളെയും സ്വന്തം ഉമ്മറത്തു വെറുതെയിരിക്കുന്ന വൃദ്ധജനങ്ങളെയും തെരുവുനായ്‌ക്കള്‍ കടിച്ചുകീറുന്നു. എങ്കിലും ഭരണകര്‍ത്താക്കള്‍ എന്തെങ്കിലും നടപടിയെടുക്കാന്‍ അറച്ചുനില്‍ക്കുന്നു; യുദ്ധഭൂമിയില്‍ അര്‍ജുനനെപ്പോലെ, ഗുരുജനങ്ങളെയും ബന്ധുക്കളെയും ഹിംസിക്കാനുള്ള മടിയും ഭയവുംകൊണ്ട്‌.
എങ്കിലും ദോഷം പറയരുതല്ലോ. നമ്മുടെ ലോകത്തില്‍ എല്ലാറ്റിനുമെന്നപോലെ ഇതിനുമുണ്ട്‌ രണ്ടു വശങ്ങള്‍. നായോളം നന്ദിയും കൂറും നരവംശത്തില്‍പ്പിറന്ന ഒരു കുഞ്ഞിനുമില്ല എന്ന സനാതനസത്യം നമ്മുടെ രാഷ്‌ട്രീയ- മതനേതാക്കള്‍ക്കെല്ലാം നല്ലവണ്ണമറിയാം. (അതുകൊണ്ടാണല്ലോ കൂറുമാറ്റനിയമംപോലെയൊന്ന്‌ ഈ ആര്‍ഷഭൂമിയിലുണ്ടായത്‌). മതങ്ങളുടെയും രാഷ്‌ട്രീയത്തിന്റെയും ചരിത്രം ഒരളവില്‍ കൂറുമാറ്റത്തിന്റെയും കുതികാല്‍വെട്ടിന്റെയും ചരിത്രംകൂടിയാണ്‌. അതുകൊണ്ട്‌ അപൂര്‍വ മനുഷ്യഗുണങ്ങളില്‍ ഒന്നായ വിശ്വസ്‌തതയ്‌ക്ക്‌ മാതൃക തേടുന്നവര്‍ വാനര-ശ്വാനാദികളിലേക്ക്‌ തിരിയുന്നതില്‍ അത്ഭുതപ്പെടേണ്ട.
നാല്‍ക്കാലിയായ നായും ഇരുകാലിയായ മനുഷ്യനും തമ്മില്‍ സൗഹൃദം തുടങ്ങിയിട്ടു സഹസ്രാബ്‌ദങ്ങളായെന്നാണ്‌ അറിവുള്ളവര്‍ പറയുന്നത്‌. 26000 വര്‍ഷമെങ്കിലും പഴക്കമുള്ള ചില പാദമുദ്രകളില്‍നിന്ന്‌, മനുഷ്യന്റെ ഏറ്റവും അടുത്ത സഹചരനും കൂട്ടാളിയുമായി അന്നേ കൂടിയതാണ്‌ പട്ടി എന്നു ചിലര്‍ നിഗമനത്തിലെത്തുമ്പോള്‍ ഒന്നും ഒന്നരയും ലക്ഷം വര്‍ഷങ്ങള്‍ വരെ വീണ്ടും പുറകോട്ടു പോകുന്ന ശ്വാനപ്രേമികളുണ്ട്‌. ചുരുക്കത്തില്‍ പരിണാമത്തിന്റെ ഒരു ദശാസന്ധിയില്‍, നാല്‍ക്കാലിയായിരുന്ന മനുഷ്യന്‍ മുന്‍കാലു മാറ്റി ഇരുകാലില്‍ എഴുന്നേറ്റു നടക്കാന്‍ തുടങ്ങിയ കാലം മുതല്‍ പട്ടി കൂട്ടുണ്ട്‌. പക്ഷേ, പരിണാമ സിദ്ധാന്തമൊന്നും പഠിക്കാന്‍ പട്ടികള്‍ പോയില്ല. അവര്‍ അന്നും ഇന്നും നാല്‍ക്കാലിതന്നെ. കാലു മാറാത്തവര്‍!
മനുഷ്യന്റെ ഏറ്റവും കുഴപ്പംപിടിച്ച കുറ്റാന്വേഷണങ്ങളില്‍ പോലീസ്‌ പട്ടികള്‍ നല്‍കുന്ന സേവനം നാം മറന്നുകൂടാ. മനുഷ്യന്റെ ഘ്രാണശേഷിയുടെ പതിനായിരം മുതല്‍ ഒരു ലക്ഷം വരെ മടങ്ങാണ്‌ പട്ടികള്‍ക്ക്‌ മണത്തറിയാനുള്ള കഴിവ്‌. അധികം പുറത്തറിയാത്ത മറ്റൊരു വാര്‍ത്തയുമുണ്ട്‌. ഇതുവരെ കാര്യമായ കാരണവും പ്രതിവിധിയും കണ്ടെത്താത്ത കാന്‍സര്‍ രോഗം മണത്തറിയാന്‍ ചില പട്ടികള്‍ക്ക്‌ കഴിയുമത്രേ. സ്‌തനാര്‍ബുദവും ശ്വാസകോശ കാന്‍സറും വൈദ്യശാസ്‌ത്രം തിരിച്ചറിയുന്നതിന്‌ വളരെ മുന്‍പേ, പട്ടികള്‍ മനുഷ്യരുടെ ശ്വാസവും മൂത്രവും മണത്ത്‌ കണ്ടെത്തുമെന്ന്‌ പറയുന്നു. മനുഷ്യന്റെ ഏതെങ്കിലുമൊരു ശരീരകോശത്തിന്‌ അസാധാരണമായ മാറ്റം വരുമ്പോള്‍ ശരീരത്തിനാകെ സംഭവിക്കുന്ന അതീവ സൂക്ഷ്‌മമായ മാറ്റം പരിശീലനം ലഭിച്ച പട്ടികള്‍ തിരിച്ചറിയുമത്രേ. ഒളിമ്പിക്‌സ്‌ തലത്തിലുള്ള നാലു വലിയ നീന്തല്‍ക്കുളങ്ങളിലെ വെള്ളം ശേഖരിച്ച്‌ അതില്‍ ഒരു തുള്ളി മനുഷ്യരക്‌തം കലര്‍ത്തിയാല്‍ അതുപോലും പട്ടി തിരിച്ചറിയുമെന്നു വന്നാല്‍ എന്താണ്‌ കഥ?
കുറ്റാന്വേഷണവും രോഗനിര്‍ണയവും നായ്‌ക്കള്‍ ഏറ്റെടുക്കുന്നത്‌ അധികാരികള്‍ ശ്രദ്ധിച്ചുകൊണ്ടിരിക്കണം. ഒരുപക്ഷേ അവറ്റകള്‍ ജഡ്‌ജിയും ഡോക്‌ടറുമാകുന്ന അവസ്‌ഥ വന്നേക്കാം. നാമിരിക്കേണ്ട സ്‌ഥാനത്ത്‌ നാമിരുന്നില്ലെങ്കില്‍ അവിടെ നായിരിക്കും എന്ന ആപ്‌തവാക്യവും മറന്നുകൂടാ.
ശ്വാനാവകാശത്തിന്‌ പിന്തുണയുമായി ഡീപ്പ്‌ ഇക്കോളജി എന്നറിയപ്പെടുന്ന ഗാഢപരിസ്‌ഥിതിവാദവുമുണ്ട്‌. ഇന്ത്യാക്കാരോടും ഗാന്ധിജിയോടും വളരെ മമതയുള്ള ആര്‍നെ നെസ്‌ എന്ന നോര്‍വേക്കാരനാണ്‌ ഇതിന്റെ പ്രണേതാവ്‌. അതിന്റെ തത്വമനുസരിച്ച്‌, ഉയര്‍ന്ന ജീവി, താണ ജീവി തുടങ്ങിയ ശ്രേണി ചിന്ത പാടില്ല. ഓരോ ജീവിക്കും അതിന്റേതായ തനിമയും അവകാശവും വ്യക്‌തിത്വവുമുണ്ട്‌. മനുഷ്യന്‌ നേരിട്ടു പ്രയോജനപ്പെടുന്നതാണെങ്കിലും അല്ലെങ്കിലും ഓരോന്നിനും അതാതിന്റെ പാരിസ്‌ഥിതികമായ സ്‌ഥാനവും ബന്ധവുമുണ്ട്‌. സൂക്ഷ്‌മജീവികള്‍ മുതല്‍ കൂറ്റന്‍ തിമിംഗലങ്ങള്‍ വരെ ഓരോന്നിനുമുള്ള തനതു മൂല്യമാണ്‌ ഗാഢപരിസ്‌ഥിതിവാദക്കാര്‍ ഗൗരവമായി പരിഗണിക്കുന്നത്‌, അല്ലാതെ, സ്വാര്‍ഥമോഹിയായ മനുഷ്യന്‍ ജീവികള്‍ക്കിടയില്‍ സൃഷ്‌ടിക്കുന്ന മുന്‍ഗണനാ ക്രമങ്ങളും ലാഭനഷ്‌ടക്കണക്കുകളും അല്ല.
ഈയിടെ നാഗ്‌പൂരിനടുത്ത്‌ ശ്രീ സതി അനസൂയമാതാ ക്ഷേത്രത്തില്‍ പോകാനിടയായി. കുറെ വര്‍ഷങ്ങള്‍ക്കുമുമ്പ്‌ ദിവംഗതയായ അനസൂയമാതാ അപൂര്‍വ സിദ്ധികളുള്ള പുണ്യസ്‌ത്രീയായിരുന്നു. വസ്‌ത്രവിരക്‌തിയോളമെത്തിയ സമ്പൂര്‍ണ നിസംഗതയില്‍ കഴിഞ്ഞ അവര്‍ മനുഷ്യര്‍ക്കും മൃഗങ്ങള്‍ക്കും ഒരുപോലെ കാരുണ്യം ചൊരിഞ്ഞുകൊടുത്ത കഥകള്‍ നിരവധിയാണ്‌. പട്ടികളോട്‌ പ്രത്യേകം സ്‌നേഹം കാണിച്ചിരുന്നതുകൊണ്ടാവാം, സന്ദര്‍ശകരെ അനുഗമിക്കാന്‍ ഗൈഡുകളെപ്പോലെ പട്ടികളുണ്ടാവും. ക്ഷേത്രത്തിന്റെ എല്ലാ ഭാഗത്തും നായ്‌ക്കള്‍ക്ക്‌ പ്രവേശനമുണ്ട്‌. പുറത്തിരുന്ന്‌ ഭിക്ഷയാചിക്കുന്ന മനുഷ്യരായ പാവങ്ങളെ കാണുമ്പോള്‍ നരജന്മമോ നായ്‌ജന്മമോ ഏതാണ്‌ ശ്രേഷ്‌ഠതരം എന്ന സംശയവും നമുക്കുണ്ടായിക്കൂടെന്നില്ല.
ശ്വാനപ്പെരുമയെ എത്രയൊക്കെ പെരുപ്പിച്ചു പറഞ്ഞാലും ഒരു കാര്യം നാം ശ്രദ്ധിക്കണം. കാട്ടില്‍കഴിയുന്ന ചെന്നായും നമ്മുടെ വെറും നായും കുടുംബമൊന്നാണ്‌. മാത്രവുമല്ല നായുടെയും ചെന്നായുടെയും ജനിതകമുദ്രയായ ഡി.എന്‍.എ. 99.6 ശതമാനം ഒന്നുതന്നെയാണെന്ന്‌ അറിയുന്നതും നന്ന്‌. കടിച്ചുകീറാനും രക്‌തം നക്കാനും നായ്‌ക്ക്‌ ജന്മവാസനയുണ്ട്‌. മനുഷ്യന്റെ അടിമത്തം അവ എപ്പോഴും സ്വീകരിച്ചുകൊള്ളണമെന്നില്ല.
ആനയെ ചങ്ങലയിട്ടും മറ്റു നാല്‍ക്കാലികളെ കഴുത്തിലും മൂക്കിലുമൊക്കെ കയറിട്ടും നാം നിയന്ത്രണത്തിലാണ്‌ നിര്‍ത്തുന്നത്‌. എന്നിട്ടും എന്തെന്തു ദുരന്ത കഥകളാണ്‌ കൂടെക്കൂടെ കേള്‍ക്കുന്നത്‌? ചുരുക്കത്തില്‍ പട്ടിക്കും തുടലും കോളറും മേല്‍വിലാസവും ആവശ്യമാണ്‌. വളര്‍ത്തുപട്ടിയെന്ന നിലയിലേ ശ്വാനസങ്കല്‍പവും ശ്വാനസമ്പര്‍ക്കവും പാടുള്ളൂ എന്ന നിലവരണം. തെരുവുപട്ടി എന്ന ആശയംതന്നെ അസംബന്ധമാണ്‌. ഒന്നുകില്‍ വനത്തില്‍ അല്ലെങ്കില്‍ വീട്ടില്‍.
പരിഷ്‌കൃതരായ പടിഞ്ഞാറുകാര്‍ നമ്മേക്കാള്‍ പട്ടി പ്രേമികളാണ്‌. പക്ഷേ, കോളറും ഉടയവനുമില്ലാത്ത ഒരു പട്ടിയേയും തെരുവിലെങ്ങും കാണാനാവുകയില്ല. വീട്ടില്‍ പട്ടിയെ വളര്‍ത്താന്‍ രജിസ്‌ട്രേഷനും ലൈസന്‍സും അവിടെ ആവശ്യമാണ്‌.
നാട്ടിലെങ്ങാനും ഒരു മൂര്‍ഖനെയോ ഉടുമ്പിനെയോ ജീവനോടെ കിട്ടിയാല്‍ വനം വകുപ്പുകാര്‍ അവയെ കൈയോടെ പിടിച്ചു വനത്തില്‍ കൊണ്ടുവിടുമല്ലോ. ഉടയവരില്ലാതെ അലയുന്ന പട്ടികള്‍ക്കും മാന്യമായ ഈ വീട്ടുമടക്കം നല്‍കാന്‍ വനം വകുപ്പ്‌ ശ്രദ്ധിച്ചിരുന്നെങ്കില്‍ നന്നായിരുന്നു. തെരുവു പട്ടികള്‍ക്ക്‌ വന്ധീകരണമെന്നൊക്കെ പറയുന്നത്‌ കേള്‍ക്കാം. കൊതുകുകള്‍ക്ക്‌ വന്ധീകരണം നടപ്പില്‍വരുത്തും എന്നു പറയുന്നതുപോലെയെ ഉള്ളൂ അത്‌.
നരജന്മം ഏറ്റം ശ്രേഷ്‌ഠമായ ജന്മമാണെന്ന്‌ എല്ലാ മതങ്ങളും ഉദ്‌ഘോഷിക്കും. അതേ ശ്വാസത്തില്‍, എല്ലാ ജീവജാലങ്ങളോടും കരുണകാണിക്കണമെന്നും പറയും. ഇവ തമ്മില്‍ സമുചിതമായ സന്തുലിതക്രമം സ്‌ഥാപിച്ച്‌ വേണ്ട നടപടി അടിയന്തരമായെടുത്താല്‍, നമ്മുടെ ധാര്‍മിക പ്രതിസന്ധിക്ക്‌ പരിഹാരമാവും.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top