Last Updated 1 year 15 weeks ago
Ads by Google
22
Friday
September 2017

ഇന്തോനീഷ്യയിലെ രാമായണത്തിന്റെ സ്വാധീനം

ദക്ഷിണപൂര്‍വേഷ്യയിലെ ഇന്ത്യന്‍ സംസ്‌കാരത്തിന്റെ സ്വാധീനം ചരിത്രപരമായി ഇന്ത്യയും ദക്ഷിണ പൂര്‍വേഷ്യയുമായുള്ള ബന്ധത്തിന്റെ തിരുശേഷിപ്പുകളാണ്‌. മതം, സാഹിത്യം, കല, രാഷ്‌ട്രീയം തുടങ്ങി നിത്യജീവിതത്തിലെ എല്ലാ മേഖലയിലും ഇന്ത്യന്‍ സാംസ്‌കാരിക ശൈലിയുടെ സ്വാധീനം ഒരു സാധാരണ സന്ദര്‍ശകനുപോലും അനുഭവിച്ചറിയാവുന്നതാണ്‌. ഇവയ്‌ക്കെല്ലാം പുറമേ ഇന്ത്യന്‍ ഇതിഹാസ കൃതികളിലൊന്നായ രാമായണത്തിന്റെ സ്വാധീനം ഒരു മുസ്ലിം ഭൂരിപക്ഷരാജ്യമായ ഇന്തോനീഷ്യയിലെമ്പാടും പ്രചരിച്ചിരിക്കുന്നതുതന്നെ ആരിലും അത്ഭുതമുളവാക്കുന്ന വസ്‌തുതയാണ്‌. ഇത്തരം സാംസ്‌കാരികമായ ഇഴയടുപ്പം ഇരു രാജ്യങ്ങള്‍ക്കുടമിടയിലുള്ള ബന്ധത്തില്‍ നിര്‍ണായകമായ സ്വാധീനം ചെലുത്തുന്നുമുണ്ട്‌.

രാമായണം ഇന്ത്യയുടെ മാത്രമല്ല ഇന്തോനീഷ്യയുടെയും ദേശീയ ഇതിഹാസമാണ്‌. രാമായണത്തിന്റെ സ്വാധീനം ഇന്തോനീഷ്യയിലെ കലാ-സാഹിത്യ രംഗത്ത്‌ ഇപ്പോഴും നിര്‍ണായകമായ സ്വാധീനം ചെലുത്തിവരുന്നു. രാമന്റെയും സീതയുടെയും ജീവിതകഥയെ ആസ്‌പദമാക്കി ആയിരക്കണക്കിനു വ്യത്യസ്‌തമായ ആഖ്യാനങ്ങളോടുകൂടിയ കലാസാഹിത്യ സൃഷ്‌ടികള്‍ ഇന്തോനീഷ്യന്‍ ദ്വീപ്‌ സമൂഹത്തിലെമ്പാടും പ്രചരിച്ചുവരുന്നു. രാമായണത്തിന്റെ സ്വാധീനം ഇത്രയേറെ ആഴത്തില്‍ വേരോടിയിട്ടുള്ള മറ്റൊരു രാജ്യമുണ്ടോ എന്ന്‌ സംശയമാണ്‌. ഇതിഹാസകാവ്യത്തില്‍ ബ്രഹ്‌മാവ്‌ വാല്‍മീകിക്കു കൊടുക്കുന്ന ഉറപ്പ്‌ ഇപ്രകാരമാണ്‌ അല്ലയോ മഹാമുനീ ഇവിടെ മലകള്‍ ഉള്ളിടത്തോളം കാലവും പുഴകള്‍ ഒഴുകുന്നിടത്തോളം കാലവും രാമന്റെ കഥ ഭൂമിയില്‍ പാടിപ്പുകഴ്‌ത്തിക്കൊണ്ടിരിക്കും. ഈ ഉറപ്പ്‌ ഇന്തോനീഷ്യയിലെ രാമായണത്തിന്റെ സ്വാധീനവുമായി തട്ടിച്ചുനോക്കിയാല്‍ അത്ഭുതകരമായ കൗതുകം ഉള്ളിലുളവാക്കും. ഇന്തോനീഷ്യയിലെ കലാ-സാംസ്‌കാരിക-സാഹിത്യ സൃഷ്‌ടികളിലെ രാമായണത്തിന്റെ സ്വാധീനവും ആദ്ധ്യാത്മികവും ദാര്‍ശിനികവുമായ ജീവിതശൈലിയില്‍ അവയുണ്ടാക്കിയിട്ടുള്ള മാറ്റവും അവിടുത്തെ മുന്‍ ഇന്ത്യന്‍ അംബാസഡറായിരുന്ന കെ.എം. കണ്ണമ്പള്ളി സൂചിപ്പിക്കുകയുണ്ടായി. രാമായണത്തിന്റെ വൈജ്‌ഞാനികവും ധൈഷണികവുമായ പാരമ്പര്യത്തെ ലോകസമക്ഷം എത്തിക്കുന്നതില്‍ ഇന്തോനീഷ്യ നിര്‍ണായകമായ പങ്കുവഹിച്ചിട്ടുണ്ട്‌്.

ഇന്തോനീഷ്യന്‍ വാര്‍ത്താവിതരണ- സാംസ്‌കാരിക വകുപ്പ്‌ 1971ല്‍ ആദ്യമായി രാജ്യാന്തര രാമായണ സമ്മേളനം ജക്കാര്‍ത്തയില്‍ സംഘടിപ്പിച്ചത്‌ ഇതിനുദാഹരണമണ്‌. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും പ്രത്യേകിച്ച്‌ ഇന്ത്യ, ഇന്തോനീഷ്യ, ശ്രീലങ്ക, ബര്‍മ, നേപ്പാള്‍, വിയറ്റ്‌നാം, കമ്പോഡിയ, ലാവോസ്‌ തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ള പണ്ഡിതര്‍ ഈ സമ്മേളനത്തില്‍ പങ്കെടുക്കുകയുണ്ടായി. ഈ രാജ്യങ്ങള്‍ക്കിടയിലുള്ള സാംസ്‌കാരികമായ ബന്ധം ഊട്ടിയുറപ്പിക്കുക എന്നതായിരുന്നു സമ്മേളനത്തിന്റെ മുഖ്യ ഉദ്ദേശ്യം. ഇതിന്റെ ചുവടുപിടിച്ച്‌ നാലുവര്‍ഷങ്ങള്‍ക്കുശേഷം 1975ല്‍ കേന്ദ്ര സാഹിത്യ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ തുളസീദാസിന്റെ രാമചരിത മാനസത്തിന്റെ 400-ാം വാര്‍ഷികത്തിന്റെ ഭാഗമായി ഏഷ്യയിലെ രാമായണത്തിന്റെ സ്വാധീനത്തെപ്പറ്റി മറ്റൊരു അന്താരാഷ്‌ട്ര സമ്മേളനം ന്യൂഡല്‍ഹിയിലും സംഘടിപ്പിച്ചു. 1981ലും സാഹിത്യ അക്കാദമിയുടെതന്നെ ആഭിമുഖ്യത്തില്‍ ഏഷ്യയിലെ രാമായണത്തിന്റെ വിവിധ ആഖ്യാനങ്ങളെ സംബന്ധിച്ച്‌ മറ്റൊരു സമ്മേളനംകൂടി നടത്തി. ഈ സമ്മേളനങ്ങളെല്ലാംതന്നെ വിവിധ ദേശങ്ങളിലെ രാമായണത്തിന്റെ ആഖ്യാനത്തെക്കുറിച്ചും അതിന്റെ ചരിത്രപരവും സാംസ്‌കാരികവുമായ പശ്‌ചാത്തലത്തെപ്പറ്റിയും ആഴത്തില്‍ അപഗ്രഥിക്കുന്നതിനു വഴിതെളിച്ചിട്ടുണ്ട്‌.
ഇന്തോനീഷ്യയില്‍ ഏറ്റവും ജനപ്രീതിയുള്ള ഒരു കലാരൂപമാണ്‌ വയാംഗ്‌ കൂലിത്‌ (നിഴല്‍ നാടകം). ഇതു ജനപ്രിയ കലാരൂപമെന്നതിനു പുറമേ ഇന്തോനീഷ്യന്‍ സാംസ്‌കാരിക ജീവിതത്തിലെ ഒഴിച്ചുകൂടാനാവാത്ത കലാരൂപംകൂടിയാണ്‌. രാമായണത്തിനു പുറമേ മഹാഭാരത കഥയും ഇതിന്റെ ഇതിവൃത്തമാണ്‌. ഭൗതികവും ദാര്‍ശനികവുമായ കഥാതന്തുക്കളും ഒടുവില്‍ തിന്മയുടെ മേല്‍ നന്മയുടെ വിജയം ഘോഷിക്കപ്പെടുന്നതുമാണു വയാങ്‌ കൂലിത്‌. സാധാരണ വിളവെടുപ്പുകാലത്തു തുടങ്ങി കാലവര്‍ഷത്തോടുകൂടി സമാപിക്കുന്നതാണ്‌ ഈ കലാരൂപത്തിന്റെ അവതരണകാലം. കഥാനുസൃതമായി ശബ്‌ദവും ചലനങ്ങളും താളവാദ്യങ്ങളും ക്രമീകരിച്ച്‌ ആകര്‍ഷകമായി കഥയവതരിപ്പിക്കുന്നത്‌ അവതാരകനെ താരപരിവേഷമുള്ളയാളാക്കി മാറ്റുന്നു. ഒരു ഇന്തോനീഷ്യന്‍ പണ്ഡിതന്റെ അഭിപ്രായത്തില്‍ രാമായണത്തെ ആസ്‌പദമാക്കി കഥയവതരിപ്പിക്കുന്ന കഥാകാരന്‌ ഇന്നും ഒരു ഹോളിവുഡ്‌ നടനേക്കാള്‍ ആരാധക വൃന്ദത്തെ സൃഷ്‌ടിക്കാന്‍ കഴിയുമെന്നാണ്‌.

ഇന്തോനീഷ്യന്‍ ക്ഷേത്രങ്ങളിലെ രാമായണത്തിന്റെ സ്വാധീനവും വ്യത്യസ്‌തമല്ല. എ.ഡി. 9-ാം നൂറ്റാണ്ടില്‍ പണികഴിപ്പിച്ച ജക്കാര്‍ത്തയിലെ ലാറാ ജോങ്‌ ഗ്രാങ്‌ ക്ഷേത്രം ഇതിനൊരുദാഹരണമാണ്‌. രാമായണത്തിലെ ബാലകാണ്ഡം മുതല്‍ രാവണനെ പരാജയപ്പെടുത്തി അയോധ്യയിലേക്കു തിരികെയെത്തുന്ന രാമന്റെ ജീവിത്തിലെ വിവിധ സംഭവങ്ങള്‍ തന്മയത്വത്തോടെ ചിത്രീകരിച്ചിരിക്കുന്നത്‌ ഈ ശൈവക്ഷേത്രത്തിന്റെ പ്രത്യേകതയാണ്‌. ഈ കലാവിരുത്‌ ഇന്തോ-ജാവാ കലാ നിപുണതയ്‌ക്കു മികച്ച ഒരു ഉദാഹരണമാണ്‌. ഈ ക്ഷേത്രത്തില്‍ ഇപ്പോള്‍ ഇന്തോനീഷ്യന്‍ സര്‍ക്കാരിന്റെ സഹായത്തോടെ നൃത്ത പ്രദര്‍ശനവും നടന്നുവരുന്നു.

ഇങ്ങനെ രാമായണ കഥ ലോകത്തിലെ വിവിധ ദേശങ്ങളിലുള്ള ജനങ്ങള്‍ക്ക്‌ ആവേശവും സ്വാധീനവും ഉണ്ടാക്കിയിട്ടുണ്ട്‌. പ്രശസ്‌ത ഇന്‍ഡോളജിസ്‌റ്റ്‌ ഡോ. രാഘവന്‍ അഭിപ്രായപ്പെട്ടതുപോലെ രാമായണത്തിന്റെ വിവിധ തരത്തിലുള്ള ആഖ്യാനങ്ങള്‍ ലോകത്തെമ്പാടും പ്രചരിക്കപ്പെട്ടിട്ടുണ്ട്‌. പ്രത്യേകിച്ച ദക്ഷിണ പൂര്‍വേഷ്യയില്‍. ഇവയിലെല്ലാംതന്നെ വാല്‍മീകിയുടെ രാമനില്‍നിന്നും വ്യത്യസ്‌തനായ രാമനെ കാണുവാന്‍ കഴിയുമെങ്കിലും എല്ലാ കഥകളിലും തിന്മയുടെ മേല്‍ നന്മയുടെ വിജയം കൈവരിക്കുന്ന രാമനാണു കേന്ദ്ര കഥാപാത്രം. ഇങ്ങനെ മതപരമായ വൈവിധ്യത്തിനുമേല്‍ സാംസ്‌കാരികമായ ഏകത്വം നിലനിര്‍ത്തിക്കൊണ്ടു പോകുന്നതില്‍ ഇന്തോനീഷ്യ എന്നും മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണു നടത്തിവരുന്നത്‌.

ഡോ. വി. സൂര്യനാരായണന്‍

വിവര്‍ത്തനം: എം.എസ്‌. സുദീപ്‌

(ഡോ. വി. സൂര്യനാരായണന്‍ മഹാത്മാഗാന്ധി സര്‍വകലാശാലയിലെ നെല്‍സണ്‍ മണ്ടേല ചെയര്‍ പ്രഫസറാണ്‌)

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top