Last Updated 1 year 10 weeks ago
Ads by Google
19
Saturday
August 2017

ജയലളിത കേസ്‌ നല്‍കുന്ന പാഠം

കേവിയെസ്‌

mangalam malayalam online newspaper

ജയലളിതയുടെ അഴിമതിക്കേസിലെ വിധി ഒരു ചരിത്ര സംഭവം തന്നെ. അതുണ്ടാക്കിയ ചലനങ്ങള്‍ തീര്‍ച്ചയായും ഈ സമൂഹത്തിന്‌ ഗുണകരമാണ്‌. അഴിമതിയും വെട്ടിപ്പും നടത്തി പോക്കറ്റ്‌ വീര്‍പ്പിക്കുന്ന രാഷ്‌ട്രീയക്കാര്‍ക്കും പൊതുപ്രവര്‍ത്തകര്‍ക്കും ഉദ്യോഗസ്‌ഥര്‍ക്കുമൊക്കെ ഇത്‌ ശക്‌തമായ മുന്നറിയിപ്പാണ്‌. ജയിലില്‍ കിടക്കേണ്ടിവരിക മാത്രമല്ല അഴിമതി നടത്തിയതായി പറയുന്ന തുക, അല്ലെങ്കില്‍ അതിലേറെ, പിഴയായി ഒടുക്കേണ്ടിവരികയും ചെയ്യുന്നു. അഴിമതി നടത്തി ആര്‍ജ്‌ജിച്ചതായി പറയുന്ന സ്വത്ത്‌ കണ്ടുകെട്ടാനും കഴിയും. ജയലളിത കേസില്‍ ജുഡീഷ്യറി ഒരു കീഴ്‌വഴക്കം സൃഷ്‌ടിച്ചിരിക്കുകയാണ്‌. സ്വതവേ അഴിമതി വിരുദ്ധ നിയമങ്ങള്‍ പരിഷ്‌ക്കരിക്കപ്പെട്ടുവരുന്ന ഇക്കാലത്ത്‌ നാളെകളില്‍ രാജ്യത്തെ മറ്റ്‌ കോടതികള്‍ക്കും ഈ വിധി കാണാതെ പോകാനാവില്ല. അഴിമതിക്കേസില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍ക്ക്‌ മനഃസമാധാനം നഷ്‌ടമാകാന്‍ ഇത്‌ വേണ്ടതിലധികമാണ്‌. ഭാവിയില്‍ അഴിമതി തടയുന്നതിനും അത്‌ കുറച്ചെങ്കിലും സഹായകരമായേക്കും.

അഴിമതിക്കെതിരെ നാം ഉറഞ്ഞുതുള്ളാന്‍ തുടങ്ങിയിട്ട്‌ കാലമേറെയായി. പക്ഷെ, ജനങ്ങള്‍ വിഡ്‌ഢികളായി തുടരുകയും അഴിമതി നിര്‍ബാധം വളരുകയുമാണ്‌. ഇക്കഴിഞ്ഞ പത്തുവര്‍ഷം ഇന്ത്യയെ സംബന്ധിച്ചിടത്തോളം അഴിമതിയുടെ ദശാബ്‌ദമായിരുന്നു. ടു-ജി തട്ടിപ്പ്‌, കോമണ്‍വെല്‍ത്ത്‌ അഴിമതി, കല്‍ക്കരി കുംഭകോണം.. അങ്ങനെ എന്തെല്ലാം. മേല്‍ സൂചിപ്പിച്ചത്‌ കോണ്‍ഗ്രസിനെയും സഖ്യകക്ഷികളെയും ചുറ്റിപ്പറ്റിയുള്ള തട്ടിപ്പുകളായിരുന്നു. മറ്റ്‌ കക്ഷികളുടെ കാര്യത്തിലും അത്തരം ആക്ഷേപങ്ങള്‍ ഉയര്‍ന്ന്‌ വന്നത്‌ മറന്നുകൂട. കര്‍ണാടകത്തില്‍ ബി.ജെ.പി. മുഖ്യമന്ത്രിയായിരുന്ന ബി.എസ്‌. യദിയൂരപ്പയ്‌ക്ക്‌ കസേര നഷ്‌ടമായത്‌ അഴിമതിയുടെ പേരിലാണ്‌. യദിയൂരപ്പയുടെ മന്ത്രിസഭയില്‍ അംഗമായിരുന്ന ബെല്ലാരി രാജാവ്‌ ജി. ജനാര്‍ദ്ദനറെഡ്‌ഡി ഇന്നും ജയിലിലാണ്‌. ആന്ധ്രപ്രദേശില്‍ കോണ്‍ഗ്രസുകാരനായിരുന്ന കിരണ്‍ റെഡ്‌ഡിക്ക്‌ മാസങ്ങളോളം ജയിലില്‍ കഴിയേണ്ടിവന്നതും അഴിമതിക്കേസില്‍ പിടികൂടപ്പെട്ടതിനാലാണ്‌. കോമണ്‍വെല്‍ത്ത്‌ തട്ടിപ്പില്‍ സുരേഷ്‌ കല്‍മാഡി അടക്കം പലരും ജയില്‍ ജീവിതത്തിന്റെ സുഖം അറിഞ്ഞുകഴിഞ്ഞു. അഴിമതിക്കേസ്‌ എന്ന്‌ പറയുമ്പോള്‍ സാധാരണനിലയ്‌ക്ക്‌ ആദ്യം മനസില്‍ ഓടിയെത്തുന്ന ഒരു പേര്‌ ലാലുപ്രസാദ്‌ യാദവിന്റേതാണ്‌. കാലിത്തീറ്റ തട്ടിപ്പുകേസില്‍ പെട്ട അദ്ദേഹത്തെ ശിക്ഷിച്ചുകഴിഞ്ഞു. സുപ്രീം കോടതി അനുവദിച്ച ജാമ്യത്തിന്റെ തണലിലാണ്‌ അദ്ദേഹമിന്ന്‌ ബീഹാറില്‍ സംശുദ്ധഭരണത്തിനായി കാമ്പെയിന്‍ നടത്തുന്നത്‌. ഹരിയാന മുഖ്യമന്ത്രിയായിരുന്ന ഓംപ്രകാശ്‌ ചൗത്താല ഇപ്പോള്‍ ജയിലിലാണ്‌. 3206 ജൂനിയര്‍ അധ്യാപകരുടെ നിയമനവുമായി ബന്ധപ്പെട്ട കേസിലാണ്‌ അദ്ദേഹം പിടിക്കപ്പെട്ടത്‌. ഈ ലിസ്‌റ്റ്‌ അപൂര്‍ണമാവാം, അഴിമതിക്കേസില്‍ പിടികൂടപ്പെട്ട്‌ ശിക്ഷിക്കപ്പെട്ട രാഷ്‌ട്രീയക്കാര്‍ ഇനിയുമുണ്ടാവാം. പക്ഷെ, നമ്മുടെ നാട്ടില്‍ നടക്കുന്ന അഴിമതിയും സ്വജനപക്ഷപാതവുമൊക്കെ തിരിച്ചറിയുന്ന ഒരാള്‍ക്ക്‌ ഇവിടത്തെ അന്വേഷണ- നീതിനിര്‍വഹണ സംവിധാനത്തില്‍ തൃപ്‌തിയുണ്ടാവുക പ്രയാസമാണ്‌.

അഴിമതിക്കാരില്‍ ഒരു ചെറിയ ശതമാനം മാത്രമാണ്‌ പിടികൂടപ്പെടുന്നത്‌. അവരില്‍ തന്നെ ബഹുഭൂരിപക്ഷവും പലവിധേനയും രക്ഷപ്പെടുകയും ചെയ്യും. പിടികൂടിയാല്‍ മാത്രം പോരാ, അഴിമതി നടത്തുന്നവര്‍ക്കെതിരായ ആക്ഷേപങ്ങള്‍ നീതിപീഠത്തെ വ്യക്‌തമായും കൃത്യമായും ബോധ്യപ്പെടുത്തുകയും വേണം എന്ന കാര്യത്തില്‍ പരാജയം സംഭവിക്കുന്നുണ്ട്‌. ആരോപണവിധേയര്‍ രാഷ്‌ട്രീയ മേലാളന്മാരാവുമ്പോള്‍ അന്വേഷണ ഉദ്യോഗസ്‌ഥര്‍ക്ക്‌ നിവര്‍ന്നുനില്‍ക്കാന്‍ കഴിയാതെ വരുന്നുണ്ട്‌. ബീഹാറിലെ കാലിത്തീറ്റ കുംഭകോണ കേസ്‌ അന്വേഷിച്ച സി.ബി.ഐ. ഉദ്യോഗസ്‌ഥന്‍ യു.എന്‍. ബിശ്വാസ്‌ പറഞ്ഞതോര്‍ക്കുന്നു. ജീവന്‍ പണയം വെച്ചാണ്‌ അന്വേഷണം നടത്തിയത്‌. എല്ലാവിധ സമ്മര്‍ദ്ദവും ഉണ്ടായിരുന്നു. ജീവന്‍ തിരിച്ചുകിട്ടുമെന്നു കരുതാന്‍ വയ്യാത്ത ദിവസങ്ങള്‍. ലാലുപ്രസാദ്‌ യാദവിന്റെ ഭരണത്തില്‍ അദ്ദേഹത്തിനെതിരെ, അതും ബീഹാറില്‍, ഒരു കേസ്‌ അന്വേഷിക്കുക അത്രമാത്രം പ്രയാസമുള്ള കാര്യമായിരുന്നു. എന്നാല്‍ കോടതിയുടെ ഇടപെടലും നിരീക്ഷണവും കൊണ്ടാണ്‌ ആ കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞത്‌. സി.ബി.ഐ. ഡയറക്‌ടര്‍ (ഈസ്‌റ്റ്‌) ആയിരുന്നു അന്ന്‌ യു.എന്‍. ബിശ്വാസ്‌ ലാലുവിനെ അറസ്‌റ്റ്‌ ചെയ്യാന്‍ പട്ടാളത്തിന്റെ സഹായം തേടാനാണ്‌ കോടതി അദ്ദേഹത്തിന്‌ നിര്‍ദ്ദേശം നല്‍കിയത്‌. അത്രമാത്രം സമ്മര്‍ദ്ദങ്ങളെ അതിജീവിക്കാന്‍ ബിശ്വാസിന്‌ കഴിഞ്ഞു. അങ്ങനെയുള്ള ഉദ്യോഗസ്‌ഥര്‍ ഇന്ന്‌ കുറവാണ്‌ എന്നതും പ്രധാനമാണ്‌. കര്‍ണാടകത്തില്‍ ബി.എസ്‌. യദിയൂരപ്പ കുടുങ്ങിയത്‌ നീതിബോധമുള്ള ഒരു ന്യായാധിപന്‍, ജസ്‌റ്റിസ്‌ സന്തോഷ്‌ ഹെഗ്‌ഡെ, ലോകായുക്‌ത ആയിരുന്നതിനാലാണ്‌. അടിയന്തിരാവസ്‌ഥ കാലത്ത്‌ സീനിയോറിറ്റി മറികടന്നതിന്റെ പേരില്‍ സുപ്രീംകോടതി ജഡ്‌ജി പദം വലിച്ചെറിഞ്ഞ ജസ്‌റ്റിസ്‌ കെ.എസ്‌. ഹെഗ്‌ഡെയുടെ മകനാണ്‌ ജസ്‌റ്റിസ്‌ സന്തോഷ്‌ ഹെഗ്‌ഡെ. ജസ്‌റ്റിസ്‌ കെ.എസ്‌. ഹെഗ്‌ഡെ 1977 ല്‍ ജനതാ പാര്‍ട്ടിയിലും 1980 ല്‍ ബി.ജെ.പി. യിലും ചേര്‍ന്നിരുന്നു. ബി.ജെ.പി. ദേശീയ വൈസ്‌ പ്രസിഡന്റായിരുന്നു അദ്ദേഹം. ആ വ്യക്‌തിയുടെ മകന്‍ ജസ്‌റ്റിസ്‌ സന്തോഷ്‌ ഹെഗ്‌ഡെ ലോകായുക്‌ത എന്ന നിലയ്‌ക്ക്‌ ഒരു ബി.ജെ.പി. മുഖ്യമന്ത്രിയെ പ്രതിക്കൂട്ടിലാക്കുകയായിരുന്നു. ആ ന്യായാധിപന്‍ എത്രമാത്രം സ്വതന്ത്രമായാണ്‌ പ്രവര്‍ത്തിച്ചതെന്ന്‌ അത്‌ വ്യക്‌തമാക്കുന്നു. അത്രമാത്രം കരുത്തരായ ന്യായാധിപരും ഇന്ന്‌ വിരളമാണ്‌.

ജയലളിതയുടെ കേസില്‍ വിധിയുണ്ടാവാന്‍ നീണ്ട 18 വര്‍ഷങ്ങള്‍ വേണ്ടിവന്നു. കാരണങ്ങള്‍ അനവധിയുണ്ടാവാം. എന്നാല്‍, തീര്‍ച്ചയായും, അത്‌ നമ്മുടെ നീതിനിര്‍വഹണ-അഴിമതി നിരോധന സംവിധാനത്തിന്റെ പോരായ്‌മയാണ്‌. അഴിമതി നിര്‍മ്മാര്‍ജ്‌ജനത്തിന്റെ ഭാഗമായി ഇന്ന്‌ കടുത്ത ചില നടപടികള്‍ക്ക്‌ കേന്ദ്രസര്‍ക്കാര്‍ ശ്രമമാരംഭിച്ചിട്ടുണ്ട്‌. തന്റെ മന്ത്രിസഭാ രൂപീകരണം മുതല്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി സ്വീകരിച്ച ശൈലി ശ്രദ്ധിക്കപ്പെട്ടിരുന്നു. പേഴ്‌സണല്‍ സ്‌റ്റാഫ്‌ അംഗമായി നിയമിക്കപ്പെടുന്നവരെക്കുറിച്ച്‌ പോലും ഗൗരവതരമായ അന്വേഷണങ്ങള്‍ നടന്നു. സ്വന്തക്കാരെയും ബന്ധുക്കളെയുമൊക്കെ സ്വന്തം ഓഫീസില്‍ തിരുകിക്കയറ്റി കുഴപ്പങ്ങളുണ്ടാക്കിയ മന്ത്രിമാരെ കുറിച്ച്‌

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top