Last Updated 50 weeks 4 days ago
Ads by Google
29
Monday
May 2017

ഹെല്‍മെറ്റ് വേട്ടയെ വേട്ടയാടുമ്പോള്‍

  1. Swamy Gururathnam njanathapaswi
1360059388_1360059388_guru-njanathapasi.jpg

ആനുകാലികം

സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി

മതാതീത ആത്മീയതയുടെയും മതേതരത്വത്തിന്റെയും വക്താവായി അറിയപ്പെടുന്ന സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി ശാന്തിഗിരി ആശ്രമത്തിന്റെ ആഗോളവ്യാപകമായ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന വ്യക്തിത്വമാണ്‌ ആത്മീയനേതാവ്, പ്രഭാഷകന്‍, എഴുത്തുകാരന്‍, മികച്ച സംഘാടകന്‍ എന്നീ നിലകളിലെല്ലാം തിളങ്ങുന്ന സ്വാമി, ശാന്തിഗിരി ആശ്രമം ഓര്‍ഗനൈസിംഗ് സെക്രട്ടറി എന്ന നിലയില്‍ രാജ്യത്തുടനീളം ഒട്ടനവധി ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിവരുന്നു.
View Comments
helmet

ഈയിടെയായി ഏറെ വാര്‍ത്താപ്രാധാന്യം സൃഷ്ടിച്ചിരിക്കുന്ന ഒന്നാണ് ഹെല്‍മെറ്റ് വേട്ട. പുതിയ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ചാര്‍ജ് എടുത്തതിന് ശേഷം പുനരാരംഭിച്ച ഈ നടപടി കേരളസമൂഹം സഹര്‍ഷം സ്വാഗതം ചെയ്യുന്നത് കാണുന്നതില്‍ സന്തോഷമുണ്ട്. എന്നാല്‍ നിയമങ്ങള്‍ കര്‍ക്കശമാക്കുന്ന സമയത്ത് എക്കാലവും ഉയര്‍ന്നുകാണുന്ന എതിര്‍പ്പുകള്‍ നിയമം നടപ്പിലാക്കാന്‍ നിയുക്തരായ ഉദ്യോഗസ്ഥരുടെ ആത്മധൈര്യത്തെ നിഷ്പ്രഭമാക്കുന്ന ഒന്നാണ്. ഹെല്‍മെറ്റില്ലാതെ യാത്ര ചെയ്തുവെട്ടിലാകുന്ന യാത്രക്കാരെപ്പോലെ പരിശോധകരും വെട്ടിലായിപ്പോകുമോ എന്ന് സംശയം തോന്നുന്ന നിലയിലാണ് കാര്യങ്ങള്‍. നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കുമ്പോള്‍ അതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ ബലിയാടുകളാകുന്ന ചരിത്രം നമുക്ക് പുത്തരിയല്ലല്ലോ. രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഹെല്‍മെറ്റ് പരിശോധനകള്‍ കേരളത്തില്‍ ശക്തമായപ്പോള്‍ നമ്മള്‍ അതിനു ചാര്‍ത്തിക്കൊടുത്ത പേരാണ് ഹെല്‍മെറ്റ് വേട്ട എന്നത്.

ഹെല്‍മെറ്റ് സംബന്ധിച്ചും അമിതവേഗത സംബന്ധിച്ചും നടത്തുന്ന പരിശോധനകളില്‍ പഴുതുകളും കുറവുകളും ഉണ്ടായേക്കാം. എന്നാല്‍ പൊതുതാല്പര്യം പരിഗണിച്ച് ജനങ്ങളുടെ ജീവന്‍ രക്ഷിക്കാനുളള ഈ ഉദ്യമത്തിന് സര്‍വ്വവിധ പിന്തുണയും നല്‌കേണ്ടിയിരിക്കുന്നു. ഗവണ്‍മെന്റും ബന്ധപ്പെട്ട സംവിധാനങ്ങളും പ്രതിപക്ഷവും മാധ്യമപ്രവര്‍ത്തകരും പൊതുജനങ്ങളും ഒന്നടങ്കം ഈ നടപടിയ്ക്ക് പിന്തുണ പ്രഖ്യാപിക്കേണ്ടുന്ന അനിവാര്യമായ ഒരു സമയമാണിത്.

റോഡപകടങ്ങളെ സംബന്ധിച്ചുളള കണക്കുകള്‍ പരിശോധിക്കുമ്പോള്‍ നമുക്ക് കിട്ടുന്നത് ദു:ഖകരമായ വസ്തുതകളാണ്. യുദ്ധങ്ങളിലും കാലാവസ്ഥാദുരന്തങ്ങളിലും ജീവന്‍ നഷ്ടപ്പെടുന്നവരേക്കാള്‍ എത്രയോ അധികമാണ് പ്രതിവര്‍ഷം റോഡില്‍ പൊലിയുന്ന ജീവിതങ്ങള്‍. കഴിഞ്ഞവര്‍ഷം ഇന്ത്യയില്‍ റോഡപകടങ്ങളിലായി 139091 പേര്‍ക്ക് മരണം സംഭവിച്ചു. കേരളത്തില്‍ ഈ വര്‍ഷം ജൂലൈ 31 വരെ മാത്രമുളള കണക്കെടുത്താല്‍ 2526 പേര്‍ റോഡപകടങ്ങളില്‍ മരണപ്പെട്ടു. 24256 പേര്‍ക്ക് പരിക്കേറ്റു. ആകെയുളള 21028 വാഹനാപകട കേസുകളില്‍ ഇരുചക്രവാഹനാപകടങ്ങള്‍ 12479 ആണ്. ബൈക്ക് യാത്രികര്‍ 1668 പേര്‍ മരിക്കുകയും 15841 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

2010-ല്‍ 3950 പേരും 2011-ല്‍ 4145 പേരും 2012 ല്‍ 4286 പേരും റോഡപകടങ്ങള്‍ മൂലം മരണപ്പെട്ടു. പരിക്കേറ്റവരുടെ സംഖ്യ ലക്ഷം കവിയും. പലരും മൃതപ്രായരായി ജീവിക്കുന്നു. ഇവരില്‍ മിക്കവരുടെയും കുടുംബങ്ങള്‍ ദാരിദ്ര്യത്തിലാണ്. ആശ്രിതരായ ഓരോ കുടുംബത്തിനും പരിക്കേല്‍ക്കുന്ന വ്യക്തികള്‍ക്കും ഉണ്ടാകുന്ന നഷ്ടം നമുക്ക് എണ്ണിത്തിട്ടപ്പെടുത്താനാവില്ല.

റോഡപകടങ്ങളില്‍ 90 ശതമാനവും നടക്കുന്നത് അവികസിത രാജ്യങ്ങളിലും വികസ്വര രാജ്യങ്ങളിലുമാണെന്ന് ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പറയുന്നു. എന്നാല്‍ ലോകത്തെ വാഹനസംഖ്യയുടെ പകുതി മാത്രമാണ് ഈ രാജ്യങ്ങളില്‍ ഉളളത്. ഇന്ത്യന്‍ നിരത്തുകളില്‍ ഓരോ മൂന്ന് മിനിറ്റിലും ഒരു വാഹനാപകടവും പത്ത് മിനിറ്റില്‍ ഒരു മരണവും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. ഈ ദശാബ്ദത്തിന്റെ അവസാനം ഇന്ത്യയില്‍ റോഡപകടങ്ങള്‍ പ്രധാന മരണകാരണമായി മാറിയിരിക്കുന്നു. നമ്മുടെ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെത്തന്നെ സാരമായി ഇത്തരം അപകടങ്ങള്‍ ബാധിക്കുന്നു.

ലോകജനസംഖ്യയുടെ 17.4 ശതമാനം ഉളള ഇന്ത്യയില്‍ 1000 ല്‍ 18 പേര്‍ക്ക് മാത്രമെ സ്വന്തം വാഹനമുളളൂ എന്ന് കണക്കാക്കപ്പെടുന്നു. അതേസമയം ലോകത്ത് വാഹനാപകടങ്ങള്‍ ഏറ്റവും കൂടുതല്‍ ഇന്ത്യയിലാണ് നടക്കുന്നത്. ലോക ജനസംഖ്യയുടെ 19.1 ശതമാനമുളള ചൈനയില്‍ 1000 ല്‍ 85 പേര്‍ക്ക് വാഹനമുണ്ടെങ്കിലും അപകട നിരക്ക് ഇന്ത്യയിലേതിന്റെ പകുതി മാത്രമാണ്. 1000 പേരില്‍ 271 പേര്‍ക്ക് വാഹനമുളള റഷ്യയില്‍ ഇന്ത്യയിലേതിന്റെ നാലിനൊന്ന് അപകടമരണങ്ങളെയുളളൂ. 1000 പേരില്‍ 797 പേര്‍ക്ക് സ്വന്തം വാഹനമുളള അമേരിക്കയിലും വാഹനാപകടത്തില്‍ മരിക്കുന്നവരുടെ സംഖ്യ ഇന്ത്യയിലേതിന്റെ നാലിനൊന്ന് മാത്രമാണ്. 1000 ല്‍ 579 പേര്‍ക്ക് വാഹനമുളള യു.കെ.യിലും തീരെക്കുറവ് മാത്രമാണ് അപകടമരണസംഖ്യ.

കേരളത്തില്‍ 1980 ല്‍ രണ്ട് ലക്ഷം വാഹനങ്ങളാണ് ഉണ്ടായിരുന്നത്. തുടര്‍ന്ന് ഓരോ വര്‍ഷവും അത് ഇരട്ടിയായി. 38000 ചതുരശ്ര കിലോമീറ്ററില്‍ മൂന്ന് കോടി ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന കേരളത്തില്‍ ഇപ്പോള്‍ 70 ലക്ഷത്തിലേറെ വാഹനങ്ങളുണ്ടെന്നാണ് കണക്കുകള്‍ കാണിക്കുന്നത്. അതില്‍ ഇരുചക്രവാഹനങ്ങളുടെ എണ്ണം 42 ലക്ഷത്തില്‍പ്പരമാണ്. ഇത് 2012 വരെയുളള കണക്കാണ്. കഴിഞ്ഞവര്‍ഷം മാത്രം 8 ലക്ഷത്തില്‍ കൂടുതല്‍ പുതിയ വാഹനങ്ങള്‍ നിരത്തിലിറങ്ങി. ഇതില്‍ 65 ശതമാനവും ഇരുചക്രവാഹനങ്ങളാണ്.

സംസ്ഥാനത്തെ റോഡപകടങ്ങളില്‍ 70 ശതമാനത്തിലും ഇരുചക്രവാഹനങ്ങളാല്‍ ഉണ്ടാകുന്നതാണ്. ഇതില്‍ 70 ശതമാനത്തിലും തലയ്ക്ക് സംഭവിക്കുന്ന പരിക്കാണ് മരണകാരണം. ബൈക്കപകടങ്ങളില്‍പെട്ട് ജീവിതം പൊലിയുന്നവരില്‍ ബഹുഭൂരിപക്ഷവും പതിനേഴ് വയസ്സിനും മുപ്പത്തിയഞ്ച് വയസ്സിനും ഇടയിലുളളവരാണ്. ഹെല്‍മെറ്റില്ലാതെ റോഡിലൂടെ അസ്ത്രവേഗത്തില്‍ പായുന്നവരെ കാണുമ്പോള്‍ ബൈക്ക് റെയ്‌സിംഗ് മത്സരങ്ങളെയാണ് നമുക്ക് ഓര്‍മ്മവരിക. സ്‌കൂളുകളില്‍ പഠിക്കുന്ന കുട്ടികളില്‍ പലര്‍ക്കും ഇരുചക്രവാഹന ലൈസന്‍സില്ല. കാല്‍നടക്കാരായ കുട്ടികളുടെ ഇടയിലൂടെ അമിതവേഗത്തില്‍ കടന്നുപോകുന്നത് പലപ്പോഴും ഫാഷനായി മാറിയിരിക്കുന്നു. പരിമിതമായ റോഡുകളും ഉളള റോഡുകള്‍ തന്നെ സഞ്ചാരയോഗ്യമല്ലാത്തതും ഒന്നും നമ്മളെ സംബന്ധിച്ച് പ്രശ്‌നമല്ല. മൂന്നും നാലും പേരെ കയറ്റിവച്ചുളള അമിതവേഗ പ്രകടനങ്ങളും ദുരന്തപര്യവസായിയായി മാറുന്ന കാഴ്ചയാണ് പലപ്പോഴും കാണുന്നത്. തിരക്കേറിയ നഗരവീഥിയില്‍പ്പോലും അമിതവേഗക്കാരുടെ അഴിഞ്ഞാട്ടമാണ്. ഇതിനെ കടിഞ്ഞാണിടേണ്ടത് അനിവാര്യമാണ്.

വിദേശരാജ്യങ്ങളിലെ കണക്കുകള്‍ പരിശോധിച്ചാല്‍, 1997 മുതല്‍ തായ്‌വാനില്‍ ഇരുചക്രവാഹനങ്ങള്‍ക്ക് ഹെല്‍മെറ്റ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. കര്‍ശനനിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ അവിടെ വാഹനാപകടങ്ങളില്‍ തലയ്ക്ക് പരിക്കേല്‍ക്കുന്നവരുടെ തോത് 33 ശതമാനം കുറഞ്ഞു. മരണനിരക്കില്‍ വന്ന കുറവ് 58 ശതമാനമാണ്. ലോകത്ത് ഇന്ന് 18 രാജ്യങ്ങളില്‍ ഹെല്‍മെറ്റ് നിര്‍ബന്ധമാക്കിയിട്ടുണ്ട്.

ഹെല്‍മെറ്റ് ധരിച്ചാലും അപകടത്തിലുണ്ടാകുന്ന പരിക്ക് പൂര്‍ണമായി ഒഴിവാക്കാന്‍ പറ്റണമെന്നില്ല. എന്നാല്‍ പരിക്കിന്റെ തോതും ആഘാതവും കുറയ്ക്കാനാകും. തലച്ചോറിനെ പരിക്കില്‍ നിന്ന് സംരക്ഷിക്കുന്നു എന്നതാണ് ഹെല്‍മെറ്റ് ധരിക്കുമ്പോഴുളള നേട്ടം. ഹെല്‍മെറ്റ് ഉണ്ടെങ്കില്‍ വീഴ്ചമൂലമുണ്ടാകുന്ന ആഘാതത്തില്‍ ചെറിയൊരംശം മാത്രമെ തലയ്ക്ക് ഏല്‍ക്കുന്നുള്ളൂ. വലിയൊരു ബഹുനില കെട്ടിടത്തില്‍ നിന്ന് വീഴുമ്പോള്‍ ഉണ്ടാകുന്ന വീഴ്ചയുടെ ആഘാതത്തേക്കാള്‍ എത്രയോ ഇരട്ടിയാണ് ബൈക്ക് അപകടത്തില്‍ സംഭവിക്കുന്നത്.

താടിഭാഗം കൂടി മറയ്ക്കുന്ന ഹെല്‍മെറ്റാണ് ഏറ്റവും ഉചിതം. കാരണം താടിഭാഗം ഇല്ലാത്ത ഹെല്‍മെറ്റുകള്‍ ആഘാതത്തില്‍ തെറിച്ചുപോകും. കഴിവതും പിന്‍സീറ്റ് യാത്രികരും ഹെല്‍മെറ്റ് ഉപയോഗിക്കണം. പിന്‍സീറ്റില്‍ ഇരിക്കുന്നവര്‍ സാധാരണ ഹെല്‍മെറ്റ് ധരിക്കാറില്ല. പക്ഷെ പിന്‍സീറ്റിലിരുന്ന് യാത്ര ചെയ്യുന്നവര്‍ക്കുണ്ടാകുന്ന അപകടങ്ങള്‍ ചെറുതല്ല. കൈക്കുഞ്ഞുങ്ങളുമായി പിന്‍സീറ്റിലിരുന്ന് യാത്ര ചെയ്യുന്ന അമ്മമാരും പലപ്പോഴും അപകടത്തില്‍പ്പെടുന്നു. കുഞ്ഞുങ്ങള്‍ ദാരുണമായി മരിക്കുന്ന കാഴ്ചയും വിരളമല്ല.

ഹെല്‍മെറ്റ് വച്ചതുകൊണ്ട് കാഴ്ചക്കുറവോ കേള്‍വിക്കുറവോ ഒന്നുംതന്നെ ഉണ്ടാകുന്നതായി തെളിയിക്കപ്പെട്ടിട്ടില്ല. ഹെല്‍മെറ്റ് വയ്ക്കുമ്പോള്‍ മുടി കൊഴിയും എന്ന ധാരണ ശരിയല്ല. കഴുത്തുവേദനയും നടുവിന് വേദനയും ചൂടുകൂടുമെന്നുളള വാദവും അസ്ഥാനത്താണ്. ഇതിനു തെളിവുകളൊന്നുമില്ല. ശാസ്ത്രീയമായി കണ്ടെത്തിയിട്ടുമില്ല. സെര്‍വൈക്കിള്‍ സ്‌പോണ്ടിലോസിസ് പോലെയുളള രോഗമുളളവര്‍ ഹെല്‍മെറ്റ് ധരിച്ചാല്‍ ചിലപ്പോള്‍ കഴുത്തിന് പ്രോബ്‌ളം ഉണ്ടായി എന്ന് വരാം. ഇങ്ങനെയുളള രോഗമുളളവര്‍ യഥാര്‍ത്ഥത്തില്‍ ബൈക്ക് ഓടിക്കാതിരിക്കുകയാണ് ചെയ്യേണ്ടത്.

കേരളത്തില്‍ നടക്കുന്ന അസ്വാഭാവിക മരണങ്ങളില്‍ റോഡ് അപകടങ്ങള്‍ക്കുളള പങ്ക് പകര്‍ച്ചവ്യാധികളേക്കാള്‍ കൂടുതലാണ്. ഇതൊരു ക്രമസമാധാനപ്രശ്‌നം എന്നതിലുപരി ഒരു സാമൂഹിക സുരക്ഷാപ്രശ്‌നമായി കാണണം. ഇക്കാര്യത്തില്‍ ബോധവത്കരണത്തിനുളള പങ്ക് വളരെ കൂടുതലാണ്. റോഡ് സുരക്ഷയെക്കുറിച്ചുളള ബോധവത്കരണം സ്വന്തം വീട്ടില്‍ നിന്ന് തന്നെ തുടങ്ങണം. നമ്മുടെ യുവജനങ്ങളെ ബോധവത്കരിക്കുന്നതിലും മരണത്തിന്റെ കരാളഹസ്തങ്ങളില്‍ നിന്ന് അവരെ രക്ഷിക്കുന്നതിനും നമുക്ക് കഴിയണം. ഹെല്‍മെറ്റില്ലാതെ ബൈക്ക് ഓടിക്കുന്നവരുടെ ലൈസന്‍സ് റദ്ദാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് നടപടിയെടുത്തു കഴിഞ്ഞു. ഇരുചക്രവാഹനങ്ങള്‍ വാങ്ങുന്ന സമയത്ത് ഹെല്‍മെറ്റ് നിര്‍ബന്ധമാക്കുന്നതും ഹെല്‍മെറ്റ് ധരിക്കാത്തവര്‍ക്ക് പെട്രോള്‍ ബങ്കുകളില്‍ നിന്ന് ഇന്ധനം നല്‍കാതിരിക്കുന്നതുമായ തീരുമാനം എത്രയും പെട്ടെന്ന് ഗവണ്‍മെന്റ് നടപ്പിലാക്കണം. ഹെല്‍മെറ്റ് ധരിച്ചാലും അമിതവേഗതയില്‍ യാത്ര ചെയ്തുണ്ടാകുന്ന അപകടങ്ങളും നിയന്ത്രിക്കേണ്ടിയിരിക്കുന്നു.

ഹെല്‍മെറ്റ് വേട്ടയെ വിവാദമാക്കുവാന്‍ ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ പലസ്ഥലത്തും ആരംഭിച്ചിട്ടുണ്ട്. പലരും കോടതികളെ സമീപിച്ച് തുടങ്ങിയിട്ടുമുണ്ട്. കര്‍ക്കശമായ പരിശോധനകള്‍ നടത്തുമ്പോള്‍ വരുന്ന ബാഹ്യമായ സമ്മര്‍ദ്ദങ്ങള്‍ ഉദ്യോഗസ്ഥന്‍മാരുടെ ആത്മവീര്യം ചോര്‍ത്തിയേക്കാം. പരിശോധനകളില്‍ നിന്നും ഇടയ്ക്കിടയ്ക്കുളള പിന്‍മാറ്റം പൊതുജനങ്ങളില്‍ പരിശോധനകളെ ലാഘവത്തോടെ കാണുവാനും ഇടയാക്കുന്നു. പലപ്പോഴും ആരംഭശൂരത്വം മുന്നില്‍കണ്ട് ജനങ്ങള്‍ പലപ്പോഴും പരിഹാസത്തോടെയാണ് ഇക്കാര്യത്തെ സമീപിക്കുന്നത്.

ഹെല്‍മെറ്റ് ഉപയോഗിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് കോടതിവരെ കര്‍ശനമായി പറയുമ്പോള്‍ ഹെല്‍മെറ്റ് കമ്പനികളുടെ കച്ചവടം കൂട്ടാനുളള ലോബിയിംഗ് ആയി അതിനെ തെറ്റിദ്ധരിപ്പിച്ച് യഥാര്‍ത്ഥവിഷയത്തെ നാം ലഘൂകരിക്കുകയോ തമസ്‌കരിക്കുകയോ ചെയ്യരുത്. ജനങ്ങളുടെ എതിര്‍പ്പിനെ തുടര്‍ന്ന് പോലീസ് പരിശോധന പലപ്പോഴും നിര്‍ത്തിവയ്ക്കാന്‍ നിര്‍ബന്ധിതരാകുന്നു. ഇപ്പോള്‍ നടക്കുന്ന ഊര്‍ജിത നടപടികള്‍ മന്ദീഭവിപ്പിച്ചാല്‍ മാരകമായ വിപത്തില്‍ നിന്നും സമൂഹത്തെ രക്ഷിക്കാന്‍ നമുക്ക് കഴിയുകയില്ല. ഗതാഗത നിയന്ത്രണ സംവിധാനങ്ങളില്‍ വേണ്ടത്ര സേനാംഗങ്ങളുടെ അഭാവവും എടുത്ത് പറയേണ്ടതാണ്. സാധാരണക്കാരായവരും ഇടത്തരക്കാരേയും കര്‍ശനമായി പരിശോധിക്കുമ്പോള്‍ മന്ത്രിമാര്‍ ഉള്‍പ്പെടെയുളള വി.ഐ.പി.കള്‍ കുതിച്ചുപായുന്നതിനെ തടയാന്‍ കഴിയുമോ എന്ന് ചോദിച്ചാല്‍ ഉദ്യോഗസ്ഥരുടെ ഉത്തരംമുട്ടിപ്പോകും.

മുമ്പെങ്ങും കാണാന്‍ കഴിയാത്തവിധം വര്‍ദ്ധിച്ച ആത്മവിശ്വാസത്തിലും ധൈര്യത്തിലുമാണ് മോട്ടോര്‍വാഹനവകുപ്പ്. ഋഷിരാജ് സിംഗിനെപ്പോലെയുളള സത്യസന്ധരായ ഉദ്യോഗസ്ഥരെ ഉപയോഗിച്ച് ഇതുവരെ ബ്രേക് ഡൗണ്‍ ആയി കിടന്ന മോട്ടോര്‍ വാഹനവകുപ്പിനെ അതിവേഗതയില്‍ മുന്നോട്ടുകൊണ്ടുപോകുവാന്‍ ബന്ധപ്പെട്ടവര്‍ക്ക് കഴിയണം. ഈ നൂറ്റാണ്ട് നേരിടുന്ന വലിയ പ്രശ്‌നങ്ങളില്‍ ഒന്നായ ഈ വിപത്തിനെ ഒരു പരിധിവരെ നിയന്ത്രണത്തില്‍ കൊണ്ടുവരണമെങ്കില്‍ ശക്തമായ നിലയില്‍ മുന്നോട്ടുപോകുവാന്‍ ഉദ്യോഗസ്ഥരെ പ്രോത്സാഹിപ്പിക്കുകയും ഈ വിഷയത്തെ സംബന്ധിച്ച് സമഗ്രമായ ബോധവത്കരണം ഉറപ്പാക്കുകയും വേണം. ഇപ്പോള്‍ നടക്കുന്ന കര്‍ക്കശമായ ഈ പരിശോധനകള്‍ കൂടി ഇല്ലാതായാല്‍ റോഡപകടങ്ങളിലൂടെ വരുന്ന ഈ മഹാവിപത്ത് നേരിടാന്‍ നമുക്ക് മുന്നില്‍ വേറെ വഴികളില്ല.

Ads by Google

* പംക്തികളിലുള്ളതു ലേഖകരുടെ വ്യക്തിപരമായ അഭിപ്രായങ്ങളാണ്. പത്രത്തിന്റെ നയങ്ങളുമായി ലേഖനങ്ങളിലെ അഭിപ്രായങ്ങള്‍ക്കു ബന്ധമില്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top