Last Updated 1 year 14 weeks ago
Ads by Google
20
Wednesday
September 2017

എന്റെ കുടുംബം തകര്‍ത്തത് അദ്ദേഹത്തിന്റെ രണ്ടാംഭാര്യ

  1. Malayalam actor thilakan
  2. Soniya thilakan
mangalam malayalam online newspaper

നല്ലൊരു കുടുംബജീവിതം നയിക്കുമ്പോഴാണ് സോണിയയുടെ അമ്മ അദ്ദേഹത്തിന്റെ ജീവിതത്തിലേക്ക് കയറിവന്നത്. അതോടെ എന്റെ കുടുംബം തകര്‍ന്നടിഞ്ഞു. എന്നിട്ടും ഞങ്ങള്‍ക്കുനേരെയാണ് അവരുടെ ആക്രമണം -തിലകന്റെ ആദ്യഭാര്യ യഥാര്‍ഥസംഭവം ഓര്‍മ്മിച്ചെടുക്കുന്നു.

കാളിദാസ കലാകേന്ദ്രത്തിന്റെ നാടകത്തില്‍ അദ്ദേഹം (തിലകന്‍) അഭിനയിക്കുന്ന കാലം. സംഗീതസംവിധായകനായ ദേവരാജന്‍ മാഷാണ് അക്കാലത്ത് ട്രൂപ്പുടമ. ഒ.മാധവേട്ടനും ഭാര്യ വിജയകുമാരിയമ്മയുമൊക്കെ അഭിനയിക്കുന്നുണ്ട്. ഒരു ദിവസം അദ്ദേഹത്തെ ട്രൂപ്പില്‍ നിന്നു പുറത്താക്കി. അന്നു നാടകം മാത്രമാണ് കുടുംബത്തിന്റെ ഏക ഉപജീവനമാര്‍ഗം. ആ സീസണില്‍ നാടകമില്ലാതെ വന്നാല്‍ വീട് പട്ടിണിയാവും. വേറെ ട്രൂപ്പിലേക്ക് വിളിക്കുകയുമില്ല. ഷാജിക്ക് പത്തും ഷമ്മിക്ക് ഏഴും വയസാണന്ന്. ട്രൂപ്പില്‍ നിന്നു പുറത്താക്കിയ ദിവസം വീട്ടില്‍വന്നപ്പോള്‍ എന്നെ അടുത്തേക്കുവിളിച്ചു.

''എന്നെ നാടകത്തില്‍ നിന്നു പുറത്താക്കി. ശാന്ത പോയി ദേവരാജന്‍ മാഷെ കണ്ട് തിരിച്ചെടുക്കാന്‍ പറയണം.''
ഞാന്‍ ചോദിച്ചെങ്കിലും പുറത്താക്കാനുള്ള കാരണം പറഞ്ഞില്ല. പിറ്റേന്ന് നാടകം അരങ്ങേറുന്ന പത്തനാപുരത്തേക്കു ചെന്ന് മാഷെ കണ്ടു. അപ്പോഴാണ് കാര്യമറിയുന്നത്. ട്രൂപ്പിലെ മറ്റൊരംഗമായ സ്ത്രീയുമായുള്ള വഴിവിട്ട ബന്ധം കാരണമാണ് അദ്ദേഹത്തെയും ആ സ്ത്രീയെയും പുറത്താക്കിയത്.

''തിലകന്‍ മഹാനായ നടനാണ്. പക്ഷേ ഇത്തരം കാര്യങ്ങള്‍ ഇവിടെ പറ്റില്ല. വേണമെങ്കില്‍ തിലകനെ തിരിച്ചെടുക്കാം. പക്ഷേ ആ സ്ത്രീയെ ഒരു കാരണവശാലും തിരിച്ചെടുക്കില്ല.''

ദേവരാജന്‍ മാഷ് പറഞ്ഞതുപോലെ തന്നെ ചെയ്തു. അദ്ദേഹത്തെ തിരിച്ചെടുത്തതിനാല്‍ കുടുംബം പട്ടിണിയായില്ല.
ട്രൂപ്പില്‍ നിന്നും പുറത്തായിട്ടും ആ ബന്ധം ഉപേക്ഷിക്കാന്‍ അദ്ദേഹം തയാറായില്ല. ഇക്കാര്യം പലരും അറിയിച്ചെങ്കിലും ഞാന്‍ വിശ്വസിച്ചില്ല. കാരണം എനിക്ക് അദ്ദേഹത്തെ അത്രയ്ക്കിഷ്ടമായിരുന്നു. ഷമ്മിക്ക് ശേഷം ഞാനൊരു പെണ്‍കുഞ്ഞിനെ പ്രസവിച്ചെങ്കിലും മരിച്ചു. പിന്നീടാണ് ഷോബിക്കു ജന്മംനല്‍കിയത്. ആ സമയത്താണ് ഞെട്ടിപ്പിക്കുന്ന വാര്‍ത്തയറിഞ്ഞത്. അദ്ദേഹവുമായി ബന്ധം പുലര്‍ത്തിയ നാടകനടിയായ ആ സ്ത്രീ അഞ്ചുമാസം ഗര്‍ഭിണിയാണ്. ഞാന്‍ അദ്ദേഹത്തെ ചോദ്യംചെയ്തു. ആദ്യമൊന്നും സമ്മതിച്ചില്ല. പക്ഷേ ഒടുവില്‍ ആ കുഞ്ഞിന്റെ അച്ഛന്‍ താനാണെന്ന് അദ്ദേഹത്തിന് അംഗീകരിക്കേണ്ടിവന്നു. ശരിക്കും തകര്‍ന്നുപോയ നിമിഷം. അതോടെയാണ് ഞങ്ങള്‍ തമ്മില്‍ അകല്‍ച്ചയുണ്ടായത്. അല്ലാതെ ഞാന്‍ അദ്ദേഹത്തെ സ്‌നേഹിക്കാത്തതുകൊണ്ടല്ല. നാലുമക്കളുടെ അച്ഛനെ ഞാന്‍ സ്‌നേഹിച്ചില്ലെന്നു പറഞ്ഞാല്‍ അതു ദൈവം പോലും പൊറുക്കില്ല. ഞാന്‍ പ്രസവിച്ച് നാലുമാസത്തിനുശേഷമാണ് ആ സ്ത്രീ ഒരാണ്‍കുഞ്ഞിനു ജന്മംനല്‍കിയത്. ഷിബു. ഷോബിയേക്കാള്‍ നാലുമാസം ഇളയതാണ് ഷിബു. എന്നേക്കാളും മൂന്നുവയസ് അധികമുള്ള ആ സ്ത്രീക്കൊപ്പമായി പിന്നീടദ്ദേഹം. അതോടെ മുപ്പതുവയസുകാരിയായ ഞാനും മൂന്നുമക്കളും വഴിയാധാരമായി. ഞാന്‍ തൃപ്പൂണിത്തുറയ്ക്കടുത്തുള്ള ഉദയംപേരൂരിലെ സ്വന്തം വീട്ടിലേക്കുപോയി. ദരിദ്രകുടുംബമായിരുന്നു എന്റേത്. അതുകൊണ്ടുതന്നെ ജീവിക്കാന്‍ നന്നേ ബുദ്ധിമുട്ടി. മൂത്തമകന്‍ ഷാജിയുടെ പഠനം അതോടെ നിലച്ചു. ഇതറിഞ്ഞിട്ടാവണം, ഒരു ദിവസം അദ്ദേഹം വന്ന് മൂന്നു കുട്ടികളെയും വീട്ടിലേക്കു കൊണ്ടുപോയി. ആറുവര്‍ഷമാണ് ആ സ്ത്രീക്കും മക്കള്‍ക്കുമൊപ്പം ഒരുപാടു പീഡനങ്ങള്‍ സഹിച്ച് എന്റെ മക്കള്‍ കഴിഞ്ഞത്. ആ സ്ത്രീ വീണ്ടും രണ്ടു പെണ്‍കുട്ടികളെക്കൂടി പ്രസവിച്ചു. സോണിയയും സോഫിയയും. അദ്ദേഹത്തെ പിന്നീട് കാണാറേയില്ല. നിയമപ്രകാരം രണ്ടു വിവാഹങ്ങളും അദ്ദേഹം റജിസ്റ്റര്‍ ചെയ്തിരുന്നില്ല. വിവാഹത്തിനു മുമ്പ് ഞാനും ചെറിയ ചെറിയ ട്രൂപ്പുകളില്‍ അഭിനയിച്ചിരുന്നു. ആ സമയത്താണ് അദ്ദേഹത്തെ കണ്ടതും വിവാഹം കഴിച്ചതും. അതിനുശേഷം അഭിനയം നിര്‍ത്തുകയായിരുന്നു.

മുപ്പതാംവയസില്‍ ഒറ്റപ്പെട്ടുപോയ എനിക്ക് എന്തുചെയ്യണമെന്നറിയില്ലായിരുന്നു. ഒരു തുണയുണ്ടായിരുന്നെങ്കില്‍ എന്നാഗ്രഹിച്ചുപോയ നിമിഷമായിരുന്നു അത്. മറ്റ് ഉപജീവനമാര്‍ഗങ്ങള്‍ ഇല്ലാതെ വന്നപ്പോള്‍ വീണ്ടും ഞാന്‍ അഭിനയരംഗത്തേക്കെത്തി.
സമൂഹത്തില്‍ ഒറ്റയ്ക്കു ജീവിക്കാന്‍ കഴിയാതെ വന്നപ്പോള്‍ ഞാനും നാടകരചയിതാവും നടനുമായ ഒരാളെ പ്രണയിച്ചു. അയാളെത്തന്നെ വിവാഹം കഴിച്ചു. പക്ഷേ ഞാന്‍ പ്രണയിച്ചതും വിവാഹം കഴിച്ചതും മറ്റൊരു സ്ത്രീയുടെ ഭര്‍ത്താവിനെ ആയിരുന്നില്ല. ആ ബന്ധത്തില്‍ ഒരു പെണ്‍കുട്ടിയുണ്ടായി. അതിനിടയ്ക്ക് അച്ഛനോടുള്ള വാശിക്ക് ഷാജി നാടുവിട്ടു. ഉത്തരേന്ത്യയില്‍ മിക്കയിടങ്ങളിലും ജോലി ചെയ്തു. തിരിച്ചുനാട്ടില്‍ വന്നശേഷം ഷാജി ഒരു ദിവസം എന്നെത്തേടി പാലായിലെ വീട്ടിലെത്തി. എന്റെ ഭര്‍ത്താവിനെക്കണ്ട് സംസാരിച്ചു.
''പറയുന്നത് ശരിയാണോ എന്നറിയില്ല. ഞങ്ങള്‍ക്ക് ഞങ്ങളുടെ അമ്മയെ തിരിച്ചുവേണം. താങ്കള്‍ക്കു വേണമെങ്കില്‍ മറ്റൊരു വിവാഹം കഴിക്കാം. പക്ഷേ ഞങ്ങള്‍ക്ക് മറ്റൊരമ്മയെ കിട്ടില്ല. അതുകൊണ്ട് വിട്ടുതരണം.''

ആദ്യം അദ്ദേഹം സമ്മതിച്ചില്ല. പക്ഷേ ഷാജിയുടെ ഭാഷ ഭീഷണിയിലേക്കു വഴിമാറിയപ്പോള്‍ സമ്മതിക്കേണ്ടിവന്നു. ഞാന്‍ പ്രസവിച്ച മൂന്നുവയസുകാരിയായ മകളുടെ കാര്യം പറഞ്ഞപ്പോള്‍ അവളെയും കൊണ്ടുപോകാമെന്ന് ഷാജി ഉറപ്പുകൊടുത്തു.
''അമ്മയില്ലാതെ ജീവിച്ച മക്കളുടെ അവസ്ഥ ഞങ്ങള്‍ അനുഭവിച്ചതാണ്. ഈ കുട്ടിക്ക് ഞങ്ങളുടെ ഗതി വരരുത്.''
അവളും ഞാനും ഷാജിക്കൊപ്പം ചാലക്കുടിയിലെ വീട്ടിലേക്കു പോയി. ഞാന്‍ ആ വീട്ടിലെത്തിയതറിഞ്ഞപ്പോള്‍ അദ്ദേഹം ഷാജിയെ വിളിച്ച് ദേഷ്യപ്പെട്ടു. വീട്ടില്‍ നിന്നിറക്കിവിടാന്‍ പറഞ്ഞു. പക്ഷേ ഷാജി ഒരു വാക്കേ അദ്ദേഹത്തോടു പറഞ്ഞുള്ളൂ.
''അമ്മയെ ഒറ്റയ്ക്ക് ഒരിടത്തേക്കും വിടില്ല. ഇറങ്ങുകയാണെങ്കില്‍ എല്ലാവരും ഒന്നിച്ചിറങ്ങും. അതു കാണണോ അച്ഛന്?''
ഷാജിയുടെ ദൃഢനിശ്ചയത്തിനു മുമ്പില്‍ അദ്ദേഹമൊന്നും പറഞ്ഞില്ല. മക്കളെ അത്രയ്ക്കിഷ്ടമായിരുന്നു അദ്ദേഹത്തിന്. ഷാജിയുടെ ഭാര്യയ്ക്കും മകള്‍ക്കുമൊപ്പം സന്തോഷത്തോടെ എന്റെ മകളും വളര്‍ന്നു. അവളുടെ വിവാഹം എല്ലാവരും ചേര്‍ന്നാണ് നടത്തിക്കൊടുത്തത്. ഇപ്പോള്‍ ഗള്‍ഫില്‍ ഭര്‍ത്താവിനൊപ്പം സുഖമായി ജീവിക്കുന്നു.

എന്റെ മകന് അവന്റെ അച്ഛന്‍ നല്‍കിയ വീടാണിത്. ഇവിടെ ഞാന്‍ ജീവിക്കുന്നത് സോണിയയ്ക്ക് സഹിക്കുന്നില്ല. ഞാന്‍ എന്റെ മകനൊപ്പം ജീവിക്കുന്നത് തെറ്റാണോ? അമ്മ മക്കള്‍ക്കൊപ്പമല്ലേ വേണ്ടത്?

ജീവിച്ചിരുന്ന കാലത്ത് എനിക്കു ദുഃഖങ്ങളേ അദ്ദേഹം നല്‍കിയിട്ടുള്ളൂ. സങ്കടം വരുമ്പോള്‍ ആരോടും പരാതി പറയാതെ ഒരു മൂലയ്ക്കിരുന്ന് രാമായണം വായിക്കും. അതൊക്കെയും ഞാന്‍ സഹിച്ചത് അദ്ദേഹത്തിന്റെ നാലുമക്കളെ പ്രസവിച്ചതുകൊണ്ടാണ്. ജീവിതത്തിലെ ആദ്യത്തെ പുരുഷനാണ് അദ്ദേഹം. ഒരു കുടുംബപ്രശ്‌നത്തിലും ഇടപെടാതെ മാറിനിന്ന എന്നെ ഫ്‌ളാറ്റിന്റെ കേസില്‍ പ്രതിയാക്കിയത് സോണിയയാണ്.
ന്യൂമോണിയ പൂര്‍ണമായും ഭേദമായിട്ടാണ് ഞാന്‍ അദ്ദേഹത്തെ കാണാന്‍ ആശുപത്രിയില്‍ പോയത്. അതും വിദഗ്ധരായ ഡോക്ടര്‍മാരുടെ സമ്മതം വാങ്ങിച്ച്. പുറമെ നിന്ന് വരുന്ന രോഗാണുക്കളല്ല ഇന്‍ഫക്ഷനു കാരണമെന്ന് ഡോക്ടര്‍മാര്‍ വരെ പറഞ്ഞിട്ടുണ്ട്. ഇതൊക്കെ അറിയാമായിരുന്നിട്ടും ഡോക്ടറായ അവള്‍ എന്നെ ഈ സംഭവത്തിലേക്കു വലിച്ചിഴച്ചത് എന്തിനാണ്?
ഒരു കാര്യം എനിക്ക് സോണിയയുടെ അമ്മയോടും പറയാനുണ്ട്. ഭാര്യയും മക്കളുമുള്ള കുടുംബത്തിലേക്ക് ഒരിക്കലും മറ്റൊരാള്‍ നുഴഞ്ഞുകയറരുത്. ഇനി അങ്ങനെ സംഭവിച്ചാല്‍ത്തന്നെ കുട്ടികളെ രണ്ടാനമ്മയോടൊപ്പം വിടരുത്. എന്റെ മക്കള്‍ക്ക് സംഭവിച്ചതും കട്ടപ്പനയിലെ കുട്ടികള്‍ക്കു സംഭവിച്ചതും ഒന്നാണ്. കുട്ടികളെ അവരുടെ വഴിക്കുവിടുക.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top