Last Updated 1 year 10 weeks ago
Ads by Google
23
Wednesday
August 2017

എളിമയുടെ ഇന്ദ്രജാലം

എം.എച്ച്.അനുരാജ്

  1. Indrans
  2. Indrans Family
Indrans

1984ലെ ഒരു ദിവസം. സുരേന്ദ്രന്‍ എന്ന കൃശഗാത്രനായ ചെറുപ്പക്കാരന്‍ തന്റെ അമ്മയുടെ നിര്‍ബന്ധം സഹിക്കവയ്യാതെ പെണ്ണുകാണാന്‍ ഇറങ്ങുന്നു. അച്ഛന്റെ കൂട്ടുകാരനായ ദല്ലാളുമൊത്ത് തിരുവനന്തപുരം ജില്ലയുടെ നാട്ടുമ്പുറങ്ങള്‍ തോറും അവര്‍ വധുവിനെത്തേടി അലഞ്ഞു. ചെറുപ്പക്കാരന്റെ മെലിഞ്ഞുണങ്ങിയ ശരീരം കണ്ട് കല്യാണപ്രായമായിട്ടില്ലെന്ന് എല്ലാവരും വിധിയെഴുതി. അങ്ങനെ അവര്‍ ആറ്റിങ്ങലിനടുത്ത് കിഴുവിലം എന്ന പ്രദേശത്തും എത്തി. അവിടെ തുണി നെയ്ത്തുള്ള ഒരു വീടുണ്ട്. അതിനു ചുറ്റുവട്ടത്തുള്ള ഒട്ടുമിക്ക വീട്ടിലും പെണ്ണുകാണാന്‍ കയറിയിറങ്ങി. പോകുംവഴി ഉള്ളിലെ തുന്നല്‍ക്കാരന്‍ ആരാധനയോടെ നെയ്ത്തുപുരയിലേക്ക് പാളിനോക്കും. പുരയുടെ ഓലച്ചായ്പ്പ് താഴ്ന്നിട്ടാണ്. അകത്തുള്ളവരുടെ മുഖം കാണാനാവില്ല. തറിയില്‍ ജോലിചെയ്യുന്ന കുറേ കൊലുസിട്ട കാലുകള്‍ മാത്രം കാണാം. തക്കിളി നൂല്‍ക്കുന്ന ശബ്ദത്തിന് ഇമ്പം പകര്‍ന്ന് വളകിലുക്കം. കുറച്ചുദിവസങ്ങളായി അതുവഴി നടക്കുന്ന രണ്ടുപേരെ നെയ്ത്തുപുരയില്‍ ഉണ്ടായിരുന്നവരും ശ്രദ്ധിക്കുന്നുണ്ടായിരുന്നു. സംഗതി പെണ്ണുകാണലാണെന്നും മനസിലായി. എന്നാല്‍ ദല്ലാളാണു വരനെന്നും കൂടെയുള്ളത് കൂട്ടിനുവന്ന ബാലന്മാര്‍ ആരോ ആണെന്നുമാണ് അവര്‍ ധരിച്ചത്.

വീടുകയറി മടുത്ത് പെണ്ണന്വേഷണം അവസാനിപ്പിക്കാന്‍ തീരുമാനിച്ച ചെറുപ്പക്കാരനോട് കൂടെയുള്ള ആള്‍ പറഞ്ഞു. 'നമുക്കാ നെയ്ത്തുള്ള വീട്ടില്‍ക്കൂടി ഒന്നു കയറിനോക്കാം'. അവിടെ ആ ചെറുപ്പക്കാരനുള്ള കൂട്ടുകാരിയെ ദൈവം കാത്തുവച്ചിട്ടുണ്ടായിരുന്നു. പേര് ശാന്തകുമാരി. പെണ്ണിന്റെ അച്ഛന്‍ ആ ചെറുപ്പക്കാരനെക്കുറിച്ചു വിശദമായി അന്വേഷിച്ചു. മിടുക്കനും അധ്വാനിയുമാണ്. സ്വന്തമായി തുന്നല്‍ക്കടയുണ്ട്. ദുശ്ശീലങ്ങള്‍ ഇല്ല. അല്‍പ്പം കലയുടെ ഉപദ്രവമുണ്ട്. നാടകങ്ങളില്‍ ഇടക്കു വേഷം കെട്ടും. അടുത്തിടെയായി സിനിമയില്‍ വസ്ത്രാലങ്കാര സഹായിയായി പോകുന്നുണ്ട്. സിനിമ എന്നു കേട്ടപ്പോള്‍ പക്ഷേ പെണ്ണിനു പേടിയായി. സിനിമാക്കാര്‍ അത്ര ശരിയല്ലെന്നാണ് കേഴ്‌വി. ഭയം അമ്മയോടു പറഞ്ഞു. പക്ഷേ അച്ഛന്‍ ആ ചെറുപ്പക്കാരനെത്തന്നെ തന്റെ മകളുടെ വരനായി തെരഞ്ഞെടുത്തുകഴിഞ്ഞിരുന്നു. അങ്ങനെ 1985 ഫെബ്രുവരി 23നു സുരേന്ദ്രനെന്ന തുന്നല്‍ക്കാരെന്റയും ശാന്തകുമാരിയെന്ന നെയ്ത്തുകാരിയുടേയും ജീവിതം ഇഴചേര്‍ന്നു.

തയ്യലായിരുന്നുസുരേന്ദ്രന്റെ ജീവിതമാര്‍ഗ്ഗം. തുന്നല്‍ക്കടയുടെ പേര് ഇന്ദ്രന്‍സ്. അമച്വര്‍ നാടകങ്ങളില്‍ ചെറുവേഷങ്ങള്‍ അഭിനയിച്ചും ബാക്കി സമയത്ത് തുന്നല്‍ ജോലിചെയ്തും കഴിഞ്ഞിരുന്ന അയാള്‍ക്ക് സിനിമയില്‍ വസ്ത്രാലങ്കാരം ചെയ്യാന്‍ അവസരം കിട്ടി. ബോണസായി ചെറിയ വേഷങ്ങളും. തയ്യല്‍ക്കടയുടെ പേരില്‍തന്നെ ആയിരുന്നു വസ്ത്രാലങ്കാരം. അങ്ങനെ ഇന്ദ്രന്‍സ് എന്ന തുന്നല്‍ക്കടയുടെ പേരില്‍ ഒരു സിനിമാക്കാരനുണ്ടായി. ആ കഥ ഇന്ദ്രന്‍സിന്റെ വാക്കുകളില്‍......

സുരേന്ദ്രന്‍ തുന്നല്‍ക്കാരനാവുന്നു

അച്ഛനു കൂലിപ്പണിയായിരുന്നു. ഞങ്ങള്‍ ഏഴു മക്കള്‍. അന്നു ഞങ്ങള്‍ അനുഭവിച്ചതാണ് പട്ടിണിയും പരിവട്ടവുമെന്ന് ഇപ്പോഴാണ് തിരിച്ചറിയുന്നത്. അന്നതൊന്നും ഒരു പ്രശ്‌നമായിരുന്നില്ല. ആഹാരത്തിനു കുറവുണ്ടായിരുന്നെങ്കിലും സന്തോഷം സമൃദ്ധം. ഞാന്‍ നാലാം ക്ലാസ് വരെ പഠിച്ചു. അപ്പോഴേക്കും കൂടെ പഠിച്ചിരുന്നവരൊക്കെ ട്രൗസര്‍ മാറ്റി മുണ്ടുടുത്തു പണിക്കുപോയിത്തുടങ്ങി. അമ്മാവന് അന്നു തുന്നല്‍ക്കടയുണ്ട്. അദ്ദേഹമായിരുന്നു അന്നെന്റെ ഹീറോ. തയ്യല്‍ മെഷീന്റെ ശബ്ദം കേള്‍ക്കുന്നതുതന്നെ ഹരമായിരുന്നു. അങ്ങനെ അമ്മാവെന്റ കൂടെക്കൂടി തുന്നല്‍ പഠിച്ചു.

തുന്നല്‍ക്കാരന്‍ നടനാവുന്നു

ചെറുതിലേ തന്നെ അഭിനയത്തില്‍ കമ്പമുണ്ടായിരുന്നു. അക്കാലത്ത് നാട്ടില്‍ ഒരുപാട് അമച്വര്‍ നാടക സംഘങ്ങള്‍ സജീവമായിരുന്നു. അവരുടെ കൂടെക്കൂടി ചെറിയ വേഷങ്ങള്‍ ചെയ്യുമായിരുന്നു. പക്ഷേ സിനിമയില്‍ വരുമെന്നു സ്വപ്നം പോലും കണ്ടിരുന്നില്ല. വസ്ത്രാലങ്കാര സഹായി ആയാണ് സിനിമയില്‍ വരുന്നത്. അക്കാലത്ത് അത്തരം ജോലികളെല്ലാം തമിഴന്‍മാരായിരുന്നു ചെയ്തിരുന്നത്. തയ്യല്‍ക്കടയില്‍ വരുമായിരുന്ന ഒരാള്‍ വഴിയാണ് സി.എസ്. ലക്ഷ്മണന്‍ എന്നയാള്‍ക്ക് സഹായിയെ വേണമെന്ന് അറിയുന്നത്. അദ്ദേഹത്തിന്റെ കൂടെ 'ചൂതാട്ടം' എന്ന ചിത്രത്തില്‍ പ്രവര്‍ത്തിച്ചു. ആ സിനിമയില്‍ ചെറിയൊരു വേഷവും കിട്ടി. പിന്നീട് വേലായുധന്‍ കീഴില്ലത്തിന്റെ സഹായിയായി.

സിനിമയുടെ പിറകേ പോയപ്പോള്‍ തുന്നല്‍ക്കട രണ്ടെണ്ണം പൊളിഞ്ഞു. ഇനി സിനിമയിലേക്ക് പോകില്ലെന്ന് അമ്മയോടു സത്യം ചെയ്തിട്ടാണ് 'ഇന്ദ്രന്‍സ്' എന്ന പേരില്‍ മൂന്നാമത്തെ കട തുടങ്ങിയത്. അങ്ങനെ മര്യാദക്കാരനായി കഴിയുമ്പോഴാണ് 'സമ്മേളനം' എന്ന സിനിമയില്‍ സ്വതന്ത്രമായി വസ്ത്രാലങ്കാരം ചെയ്യാന്‍ അവസരം കിട്ടുന്നത്. തുടര്‍ന്നുചെയ്ത 'പ്രിന്‍സിപ്പല്‍ ഒളിവില്‍' എന്ന ചിത്രത്തിലെ വസ്ത്രാലങ്കരം കണ്ട് പത്മരാജന്‍ സാര്‍ 'നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍' എന്ന പടത്തിലേക്കു വിളിച്ചു. ആ സമയത്ത് സഹായിയായി അച്ഛന്റെ സഹോദരീ പുത്രന്‍ ജയന്‍ ഉണ്ടായിരുന്നതുകൊണ്ട് കട പൊളിഞ്ഞില്ല. ആ ജയനാണ് ഇപ്പോള്‍ വസ്ത്രാലങ്കാരത്തിന് ദേശീയ അവാര്‍ഡു വാങ്ങിയത്.

ഭാഗ്യത്തിന്റെ പേര് ഇന്ദ്രന്‍സ്

ഇന്ദ്രന്‍സ് എന്ന പേരാണ് ഭാഗ്യം കൊണ്ടുവന്നതെന്നു തന്നെ കരുതുന്നു. ആദ്യം എനിക്ക് ആക്കുളം എന്ന സ്ഥലത്ത് ഒരു തയ്യല്‍ക്കട ഉണ്ടായിരുന്നു. പേര് 'കെല്‍വിന്‍'. കട തുറന്നിട്ട് നാടകം കളിക്കാന്‍ പോയതുകൊണ്ട് അതു തുറന്നതിലും സ്പീഡില്‍ പൂട്ടി. രണ്ടാമത് ഒരു കട സിറ്റിയില്‍ പേരില്ലാതെ തുടങ്ങി. അതും പൂട്ടി. പിന്നീടാണ് 'ഇന്ദ്രന്‍സ്' എന്നപേരില്‍ ഒന്നു തുടങ്ങുന്നത്. അതിന്റെ ബോര്‍ഡെഴുതാനും സഹായിക്കാനും വന്ന ജയനാണ് 'ഇന്ദ്രന്‍സ്' എന്നു കടയ്ക്കു പേരിടുന്നത്. അവിടുന്നിങ്ങോട്ട് നല്ല കാലം തുടങ്ങി. പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നില്ല..

വസ്ത്രാലങ്കാരത്തില്‍ ഉറച്ചു നില്‍ക്കുന്നു

പത്മരാജന്‍ സാറിന്റെ കൂടെ പ്രവര്‍ത്തിച്ചപ്പോഴാണ് സിനിമ എന്താണെന്നു മനസിലാവുന്നത്. വസ്ത്രാലങ്കാരം ഒരു ഗൗരവമുള്ള ജോലിയാണെന്ന് അതുവരെ തോന്നിയിരുന്നില്ല. നാട്ടറിവും കേട്ടറിവുമൊക്കെവെച്ചായിരുന്നു വസ്ത്രാലങ്കാരം ചെയ്തിരുന്നത്.
പത്മരാജന്‍ സാറിന്റെ കൂടെ പ്രവര്‍ത്തിച്ചു കഴിഞ്ഞപ്പോള്‍ നല്ല അവസരങ്ങള്‍ തേടിവരാന്‍ തുടങ്ങി. വേണു നാഗവള്ളി, കെ. മധു അങ്ങനെ വലിയ സംവിധായകരൊക്കെ വിളിക്കാന്‍ തുടങ്ങി. നല്ല പ്രതിഫലവും കിട്ടി. സിനിമയില്‍ ചെറിയ വേഷങ്ങളും കിട്ടുമായിരുന്നു. വസ്ത്രാലങ്കാരത്തില്‍ തിരക്കേറിയതോടെ തല്‍ക്കാലത്തേക്ക് അഭിനയം വിട്ടു.

വീണ്ടും അഭിനയരംഗത്ത്

ഇടയ്ക്കു ചില ടിവി സീരിയലുകള്‍ ചെയ്തിരുന്നു. സംവിധായകന്‍ രാജസേനനുമായി നല്ല അടുപ്പമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ സി.ഐ.ഡി ഉണ്ണികൃഷ്ണന്‍ എന്ന സിനിമയിലാണ് പിന്നീട് നല്ലൊരു വേഷം അഭിനയിക്കുന്നത്. തുടര്‍ന്നിങ്ങോട്ട് അവസരങ്ങളുടെ ഘോഷയാത്രയായിരുന്നു. ദൈവാനുഗ്രഹം വേണം, പക്ഷേ ഇത്ര വേണ്ടിയിരുന്നില്ല എന്നു തോന്നിപ്പോയി. അതില്‍പ്പിന്നെ എനിക്ക് വസ്ത്രാലങ്കാരം ചെയ്യാന്‍ പറ്റിയിട്ടില്ല. അതെല്ലാം ജയനെ ഏല്‍പ്പിച്ചു. വസ്ത്രാലങ്കാരം ചെയ്യുന്ന സമയത്ത് നല്ല സ്വാതന്ത്ര്യമുണ്ടായിരുന്നു. സെറ്റില്‍നിന്ന് സാധനം വാങ്ങാനാണെന്ന പേരില്‍ മുങ്ങി അത്യാവശ്യത്തിനു വീട്ടില്‍ വരാമായിരുന്നു. നടനായപ്പോള്‍ ആ പരിപാടി നടക്കാതായി. ആഴ്ചകളോളം വീടു വിട്ടു നില്‍ക്കാനൊക്കെ ആദ്യം വലിയ ബുദ്ധിമുട്ടായിരുന്നു.

അമ്മാവനെന്നെ കമ്യൂണിസ്റ്റാക്കി

നാലാം ക്ലാസില്‍ പഠനം അവസാനിപ്പിച്ചു തുന്നല്‍ പഠിക്കാന്‍ അമ്മാവന്റെയൊപ്പം കൂടി. അമ്മാവന്‍ നല്ല ഒന്നാം തരം കമ്യൂണിസ്റ്റ്. ഒരു മിനി പാര്‍ട്ടിയാപ്പീസാണ് തയ്യല്‍ക്കട. തയ്പ്പിക്കാന്‍ വരുന്നവരിലും കൂടുതല്‍ രാഷ്ട്രീയം പറയാന്‍ വരുന്നവരായിരുന്നു. സാഹിത്യവും രാഷ്ട്രീയവും പത്രം വായനയും ആകെ ബഹളമയം. അങ്ങനെ തുന്നല്‍ക്കാരനാവുന്നതിനൊപ്പം കമ്യൂണിസ്റ്റുമായി. പക്ഷേ പാര്‍ട്ടിയുടെ ഇപ്പോഴത്തെ അവസ്ഥ കാണുമ്പോള്‍ വിഷമമാണ്. ഇപ്പോള്‍ അങ്ങനെ രാഷ്ട്രീയമൊന്നുമില്ല. എല്ലാ പാര്‍ട്ടിക്കാരും സുഹൃത്തുക്കളാണ്. തുന്നല്‍ക്കടപോലെതന്നെയായിരുന്നു നാട്ടിലെ വായനശാല. അന്നത്തെ ജീവിതത്തിന്റെ ബാക്കിയാണ് പുസ്തകം വായന. കാണുന്ന പുസ്തകമൊക്കെ വാങ്ങും. വായന പലപ്പോഴും നടക്കാറില്ല. ബാറ്റണ്‍ ബോസുമുതല്‍ സക്കറിയവരെ. കൊച്ചുവാവമുതല്‍ സുസ്‌മേഷ് വരെ എല്ലാവരേയും ഇഷ്ടം.

ശരീരം എന്ന ഞാന്‍

നടനായി ഞാന്‍ തിരിച്ചറിയപ്പെടാന്‍ കാരണം എന്റെ ശരീരമാണ്. മെലിഞ്ഞുണങ്ങിയ ശരീരമൊന്നു പുഷ്ടിപ്പെടുത്താന്‍ പണ്ട് ഒരുപാടു പണിപ്പെട്ടിട്ടുണ്ട്. ജിംനേഷ്യത്തിലൊക്കെപോയി വിയര്‍പ്പൊഴുക്കി. ദൈവം ഇങ്ങനെ ഒരു ശരീരം തന്നതില്‍ അന്നൊക്കെ വിഷമം തോന്നിയിരുന്നു. പണ്ട് നാട്ടില്‍ നാടക മത്സരത്തില്‍ പങ്കെടുത്ത കാലത്ത് വിധികര്‍ത്താക്കള്‍ എന്റെ കഥാപാത്രത്തെ തെരഞ്ഞുപിടിച്ചു വിമര്‍ശിക്കുമായിരുന്നു. ഒരു നാടകത്തില്‍ പോലീസുകാരന്റെ വേഷമിട്ടു. പോലീസുകാരന്റെ വേഷം ചെയ്യാന്‍ എനിക്ക് യാതൊരു യോഗ്യതയുമില്ലെന്നു വിമര്‍ശിച്ചു.
പലപ്പോഴും ഞാന്‍ അവതരിപ്പിച്ച കഥാപാത്രത്തിനു യോജിച്ച നടനെ കണ്ടെത്തുന്നതില്‍ സംവിധായകന്‍ പരാജയപ്പെട്ടു എന്നു വിധികര്‍ത്താക്കള്‍ പറഞ്ഞിട്ടുണ്ട്. അന്നൊക്കെ ഞാന്‍ വേദനയോടെ പ്രാര്‍ത്ഥിച്ചതിെന്റ ഫലമാവാം പിന്നീട് എനിക്കുണ്ടായ നേട്ടങ്ങള്‍. ഈ ശരീരമാണ് നടനായി എനിക്ക് അവസരങ്ങള്‍ നേടിത്തന്നത്. എനിക്കു യോജിച്ച വേഷങ്ങളേ ഇതുവരെ ചെയ്തിട്ടുള്ളൂ. കഥാപാത്രത്തിന്റെ വലുപ്പച്ചെറുപ്പം നോക്കിയിട്ടില്ല.

നത്തോലി ഒരു ചെറിയ മീനല്ല

മാംസാഹാരം കഴിക്കില്ല. മുട്ടയും മുട്ടന്‍ മീനും ഇഷ്ടമല്ല. നത്തോലിപോലെ ചെറിയ മീന്‍മാത്രം കഴിക്കും. പച്ചക്കറിയാണ് ഇഷ്ടം. ഭാര്യ പറയുന്നു'പിന്നെങ്ങനെ ശരീരം നന്നാവും?'. പണ്ടു കാവടിയാട്ടം എന്ന സിനിമയുടെ വസ്ത്രാലങ്കാരത്തിനു സാധനം വാങ്ങാന്‍ കൊച്ചിയില്‍ പോയി. വണ്ടിയിറങ്ങി നോക്കുമ്പോള്‍ കാണുന്നത് ഉത്സവമേളം എന്ന സിനിമയുടെ വലിയ പോസ്റ്റര്‍. ജഗതിച്ചേട്ടന്‍ ഉള്‍പ്പെടെയുള്ളവര്‍ ഈര്‍ക്കില്‍ പരുവത്തിലുള്ള എന്നെ തോളില്‍ ചുമന്നുകൊണ്ടുപോകുന്നതാണു പടം. ആദ്യമായാണ് എന്റെ പടം പോസ്റ്ററില്‍ വരുന്നത്. കരയണോ ചിരിക്കണോ എന്ന അവസ്ഥയിലായിരുന്നു ഞാന്‍.

ഇന്ദ്രലോകം

മകള്‍ മഹിത ബി.ഡി.എസ് കഴിഞ്ഞു വിവാഹിതയായി. മരുമകന്‍ ശ്രീരാജ് അദ്ധ്യാപകനാണ്. പേരക്കുട്ടി ശ്രീഹരി. മകന്‍ മഹേന്ദ്രന്‍ എം.ബി.എ ചെയ്യുന്നു. അഭിനയം കഴിഞ്ഞുകിട്ടുന്ന സമയം തിരുവനന്തപുരം കുമാരപുരത്തെ വീട്ടില്‍ സ്വസ്ഥം.
-
ഫോട്ടോ: അരുണ്‍ കല്ലറ

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Related News

Ads by Google
Back to Top