Last Updated 1 year 14 weeks ago
Ads by Google
19
Tuesday
September 2017

ഭാര്യമാര്‍ എന്തുകൊണ്ട് ഒളിച്ചോടുന്നു?

  1. Family issues
mangalam malayalam online newspaper

''കേരളത്തിലെ പ്രശസ്തനായ ഒരു അഭിഭാഷകന്‍. നിരവധി ചെറുപ്പക്കാര്‍ അദ്ദേഹത്തിന്റെ കീഴില്‍ പ്രാക്ടീസ് ചെയ്യുന്നുണ്ടായിരുന്നു. തിരക്കുകള്‍ കാരണം വേണ്ടവിധം കുടുംബത്തെ ശ്രദ്ധിക്കാനോ അവരുടെ ഒപ്പം സമയം ചെലവിടാനോ അദ്ദേഹത്തിന് സാധിച്ചില്ല. അദ്ദേഹത്തിന്റെ ഭാര്യയ്ക്ക് പ്രതീക്ഷിച്ചതുപോലെ എപ്പോഴും ഭര്‍ത്താവിന്റെ സാമീപ്യവും സ്‌നേഹവും ലഭിച്ചിരുന്നില്ല.
ഒരു ദിവസം നാല്പത്തഞ്ചു വയസ്സുള്ള വക്കീലിന്റെ ഭാര്യ മുപ്പത്തഞ്ചു വയസ്സുള്ള അദ്ദേഹത്തിന്റെ ജൂനിയര്‍ വക്കീലിന്റെ ഒപ്പം നാടുവിട്ടു. സംഭവം കാട്ടുതീപോലെ പടര്‍ന്നു. പ്രശസ്തിയുടെ കൊടുമുടിയില്‍ നിന്ന വക്കീലിനു വീടിനു പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയായി. ഒടുവില്‍ സുഹൃത്തുക്കള്‍ വക്കീലിനെ എന്റെ അടുത്തെത്തിക്കുമ്പോള്‍ അയാള്‍ വിഷാദ രോഗിയായിരുന്നു.''

സൈക്കോളജിസ്റ്റ് ഡോ. യു.വിവേക് തന്റെ കേസ് ഡയറി തുറക്കുന്നു.
''ഇവിടെ ആരാണ് തെറ്റുചെയ്തത്?. ഭാര്യയ്ക്ക് അവര്‍ ആഗ്രഹിച്ചിരുന്ന പരിഗണനയും സ്‌നേഹവും നല്‍കിയിരുന്നെങ്കില്‍ അവര്‍ മറ്റൊരാളുടെ ഒപ്പം പോകുമായിരുന്നോ? ജോലിക്ക് അമിതപ്രാധാന്യം നല്‍കുന്നവര്‍ പലപ്പോഴും ഒഴിവാക്കി നിര്‍ത്തുന്നത് കുടുംബത്തെയാണ്. ഓഫീസിലെ ടെന്‍ഷനുമായാണ് പലരും വീട്ടിലെത്തുന്നത്. പിന്നെ എങ്ങനെ മനസ്സുതുറന്നു പരസ്പരം സംസാരിക്കാന്‍ കഴിയും? സ്‌നേഹം എങ്ങനെ പ്രകടിപ്പിക്കണം എന്നു പോലും അവര്‍ക്കറിയാതെ പോകുന്നു. അവരുടെ മനസ്സിനെ മദിക്കുന്നത് ജോലിയിലെ ടെന്‍ഷനാണ്. ലൈംഗികബന്ധം പോലും ഇവരുടെ ഇടയില്‍ ഇല്ലാതെയാകുന്നു. ഓഫീസിലെ ടെന്‍ഷനുകള്‍ ഗേറ്റിനു പുറത്തു കളഞ്ഞിട്ട് ഒരു പുഞ്ചിരിയോടെ അകത്തേക്ക് ചെന്നാല്‍ അവര്‍ക്ക് എന്തു സന്തോഷമാകും. അവര്‍ക്ക് പറയാനുള്ളത് കേള്‍ക്കാനുള്ള ക്ഷമ ഉണ്ടാകണം. ഭാര്യയുമായും കുട്ടികളുമായും ചെലവഴിക്കേണ്ട സമയം അവര്‍ക്കായി മാത്രം നല്‍കണം.''

മദ്യപാനം, പുകവലി... പിന്നെ നീലച്ചിത്രവും

ജാനകിയമ്മയ്ക്ക് 75 വയസ്സുണ്ട്. മക്കളെല്ലാം വിവാഹിതരാണ്. ജാനകിയമ്മയും ഭര്‍ത്താവ് രാഘവന്‍ നായരും മാത്രമാണ് താമസം. മക്കള്‍ വല്ലപ്പോഴുമാണ് കാണാനെത്തിയിരുന്നത്. ആത്മഹത്യയ്ക്ക് ശ്രമിച്ച് അമ്മ ആശുപത്രിയിലാണെന്നറിഞ്ഞ മക്കള്‍ ഞെട്ടി. അപ്പോഴാണ് അച്ഛന്റെ അമിത മദ്യപാനവും നാല്പതു വര്‍ഷമായി അമ്മ അനുഭവിച്ചിരുന്ന മാനസിക ശാരീരിക പീഡനവും മക്കള്‍ അറിയുന്നത്. ഒടുവില്‍ മക്കള്‍ ഇടപെട്ട് അച്ഛനെ ഡീ അഡിക്ഷന്‍ സെന്ററില്‍ കൊണ്ടു പോയി. കൗണ്‍സിലിംഗിനും ചികിത്സയ്ക്കും ശേഷമാണ് ജാനകിയമ്മ ജീവിതത്തിലേക്ക് തിരികെ വന്നത്.

ജാനകിയമ്മയുടെ സഹനശക്തി എല്ലാവരിലും ഉണ്ടാകണമെന്നില്ല. മദ്യപിച്ചെത്തുന്ന ഭര്‍ത്താവില്‍ നിന്ന് ഭാര്യയ്ക്ക് കിട്ടുന്നതോ ചവിട്ടും തൊഴിയും അസഭ്യവാക്കുകളും മാത്രമാണ്. മാത്രമല്ല കുടുംബത്തിന്റെയും കുട്ടികളുടെ പഠനചെലവും ചുമതല ഇവര്‍ ഭാര്യമാര്‍ക്ക് വിട്ടുകൊടുക്കുന്നു.
നാല്പത്തഞ്ചു വയസ്സുള്ള കല്‍പണിക്കാരനാണ് രവി. ആദ്യമൊക്കെ രവി കുടിക്കുമ്പോള്‍ ഭാര്യ ഗീത എതിര്‍ത്തിരുന്നില്ല. അദ്ധ്വാനിക്കുന്ന ഭര്‍ത്താവല്ലേ അല്‍പം കുടിച്ചോട്ടെ എന്നു കരുതും. ഒടുവില്‍ ജോലിക്കു പോലും പോകാതെ കുടി തുടങ്ങി. മറ്റു വീടുകളില്‍ വീട്ടുജോലി ചെയ്തു കുടുംബം നോക്കേണ്ട അവസ്ഥയായി. മാത്രമല്ല ജോലിക്കു പോകുന്ന വീട്ടിലെ പുരുഷന്മാരുമായി അവിഹിത ബന്ധമുണ്ടെന്നു പറഞ്ഞു ശാരീരികമായി ഉപദ്രവിക്കാന്‍ തുടങ്ങി. ഒടുവില്‍ ഗീതയ്ക്ക് ജോലിക്കു പോകാന്‍ കഴിയാത്ത സ്ഥിതിയായി. സംശയരോഗത്തിനടിമയായ ഭര്‍ത്താവിനെയും കൊണ്ട് എന്നെ കാണാന്‍ എത്തിയ ആ വീട്ടമ്മ എന്റെ മുന്‍പില്‍ ഇരുന്ന് പൊട്ടിക്കരഞ്ഞു.

മദ്യപിക്കുന്ന ഭര്‍ത്താക്കന്മാരുള്ള വീടുകളില്‍ പലപ്പോഴും വീട്ടുകാര്യങ്ങള്‍ നോക്കി നടത്തുന്നത് ഭാര്യയായിരിക്കും. വീട്ടുകാര്യങ്ങളും കുട്ടികളുടെ പഠനച്ചെലവും തനിയെ വഹിക്കേണ്ട അവസ്ഥ. ഇങ്ങനെ ഭാരങ്ങള്‍ ഒറ്റയ്ക്കു ചുമലിലേറ്റേണ്ടതുണ്ടോ? ഇത്തരം സാഹചര്യങ്ങളില്‍ നരകയാതന അനുഭവിക്കുന്ന എത്രയോ സ്ത്രീജന്മങ്ങളാണ് നമ്മുടെ സമൂഹത്തിലുള്ളത്. ഇവരെ സംരക്ഷിക്കാന്‍ നിരവധി നിയമങ്ങള്‍ നമ്മുടെ നാട്ടില്‍ നിലവിലുണ്ട്. ഇവര്‍ നിയമ സഹായം തേടാന്‍ മടിക്കുന്നത് എന്തിനാണ്? പല സ്ത്രീകളും ഇന്ന് കുടുംബവും കുട്ടികളെയും ഉപേക്ഷിച്ച് ഒളിച്ചോടുന്നത് ഇത്തരം സാഹചര്യങ്ങളില്‍ നിന്നുള്ള രക്ഷപ്പെടലാണോ?

അത് നീയോ?

മൊബൈല്‍ ഫോണും ഇന്റെര്‍നെറ്റും സോഷ്യല്‍ നെറ്റുവര്‍ക്കുകളും ബന്ധങ്ങള്‍ തകരുന്നതിന് കാരണമാകുന്നു. ഇന്റര്‍നെറ്റ് ഉള്‍പ്പെടെയുള്ള എല്ലാ സൗകര്യങ്ങളുമുള്ള മൊബൈല്‍ ഫോണുകള്‍ വിപണിയില്‍ ലഭ്യമാണ്. അതുകൊണ്ട് വിരല്‍ത്തുമ്പില്‍ എല്ലാ സൗകര്യങ്ങളും ലഭിക്കുന്നു. നീലച്ചിത്രം കണ്ട് അതുപോലെ സെക്‌സില്‍ ഏര്‍പ്പെടാന്‍ വിസമ്മതിച്ച ഭാര്യയ്ക്ക് ലൈംഗിക ശേഷിക്കുറവാണെന്നു വിമര്‍ശിക്കുന്ന ഭര്‍ത്താക്കന്മാരാണ് നമ്മുടെ നാട്ടിലുള്ളത്. നീലച്ചിത്രങ്ങളില്‍ അഭിനയിക്കുന്നവര്‍ സ്വബോധത്തോടെയായിരിക്കില്ല പലതും ചെയ്യുന്നത്. പങ്കാളികള്‍ക്ക് ആസ്വാദ്യമാകുന്ന വിധം സെക്‌സില്‍ ഏര്‍പ്പെട്ടാല്‍ മാത്രമേ അത് പൂര്‍ണതയില്‍ എത്തൂ.

സ്ഥിരമായി നീലച്ചിത്രം കാണുന്നയാളായിരുന്നു ഗോപന്‍. ആ ദൂശീലം അയാളുടെ ജീവിതത്തെ തകര്‍ത്തു. അവസാനം മാനസിക രോഗിയായി മാറുകയും ചെയ്തു. ഒരു ദിവസം ഗോപന്‍ കൂട്ടുകാരുമൊത്ത് മൊബൈല്‍ഫോണില്‍ നീലച്ചിത്രം കണ്ടുകൊണ്ടിരിക്കുകയായിരുന്നു. അപ്പോള്‍ ഒരാള്‍ പറഞ്ഞു.

''ഡാ ആ പെണ്ണിനെ കണ്ടാല്‍ നിന്റെ ഭാര്യയെ പോലെയില്ലേ?'' അന്നു മുതല്‍ ഗോപനു ഭാര്യയെ സംശയമായി. ആ സ്ത്രീയുമായി യാതൊരു സാമ്യവുമില്ലാത്ത പെണ്ണായിരുന്നു അതില്‍ അഭിനയിച്ചത്. ഒരു തെറ്റും ചെയ്യാത്ത അയാളുടെ ഭാര്യ ഇതിന്റെ പേരില്‍ തല്ലു കൊള്ളുന്നതു പതിവായി. ഈ സംശയം അയാളെ ഭ്രാന്തമായ അവസ്ഥയിലേക്ക് എത്തിക്കുകയായിരുന്നു.
മദ്യപാനമോ പുകവലിയോ നീലച്ചിത്രം കാണലോ ഭര്‍ത്താവ് ശീലമാക്കിയാല്‍ ഭാര്യ അതിനെ എതിര്‍ക്കണം. അദ്ധ്വാനിക്കുന്നയാളല്ലേ ഇത്തിരി കുടിച്ചോട്ടെ എന്നു ചിന്തിച്ചു എതിര്‍ക്കാതിരുന്നാല്‍ പിന്നീട് അതുമൂലം ഉണ്ടാകുന്ന ഭവിഷ്യത്തുകള്‍ വളരെ വലിയതാണ്.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top