Last Updated 1 year 14 weeks ago
Ads by Google
21
Thursday
September 2017

നിഴല്‍പ്പാവക്കൂത്ത്‌

  1. Kalabhavan Mani
mangalam malayalam online newspaper

കലാഭവന്‍ മണിയുടെ അനുഭവക്കുറിപ്പുകള്‍ ...

അച്‌ഛന്‍ നന്നായി പാടും. പാടുന്നതു നല്ല കാര്യങ്ങള്‍ മാത്രം. ഇന്നേവരെ ഒരാളെ ചീത്ത പറയുകയോ, വഴക്ക്‌ കൂടുകയോ അനാവശ്യം വിളിച്ചു പറയുകയോ ചെയ്‌തിട്ടില്ല. അങ്ങനെയുള്ള ഒരച്‌ഛന്റെ മകനായിരുന്നു ഞാന്‍. ആ അച്‌ഛന്റെ മകനായ ഞാന്‍ കുറച്ച്‌ കുസൃതികളൊക്കെ കാണിച്ചിട്ടുണ്ട്‌.

സ്വന്തം മക്കളെ സ്‌നേഹിക്കണമെന്നാഗ്രഹിക്കുന്ന മാതാപിതാക്കള്‍ക്ക്‌ എന്റെ അച്‌ഛന്‍ ഒരു പാഠപുസ്‌തകമാണ്‌. എന്റെ അച്‌ഛനേയും അമ്മയേയും ഞാന്‍ ചിലപ്പോള്‍ താരതമ്യപ്പെടുത്തി നോക്കാറുണ്ട്‌. മാതൃദുഃഖത്തിലും തീക്ഷ്‌ണമാണ്‌ പിതൃദുഃഖമെന്ന്‌ എനിക്ക്‌ പലപ്പോഴും തോന്നിയിട്ടുണ്ട്‌.

അമ്മമാര്‍ സാധാരണ പെട്ടെന്ന്‌ കരയും. ഒന്ന്‌ കരഞ്ഞ്‌ കലങ്ങിത്തെളിയുമ്പോള്‍ മനസിന്‌ തെല്ല്‌ ആശ്വാസവും കിട്ടും. വര്‍ത്തമാനത്തിനിടയ്‌ക്കുതന്നെ അവരുടെ കണ്ണുകള്‍ ഈറനണിയും.

എന്നാല്‍ പല പുരുഷന്മാരും അത്തരക്കാരല്ല. അവരുടെ കണ്ണില്‍നിന്നും വരുന്ന ഓരോ തുള്ളിക്കണ്ണീരും തീക്കട്ടയോളം ചൂടുള്ളതായിരിക്കും. പിതൃദുഃഖത്തിന്റെ ആഴങ്ങള്‍ പലതും പുറത്തറിയിക്കാതെ ഉള്ളില്‍ ആര്‍ത്തലയ്‌ക്കുന്ന കടലുകള്‍പോലെയാണ്‌.

ഒരോണത്തിന്‌ അച്‌ഛന്‍ തന്ന ഓണക്കോടി ഒരു നീലട്രൗസറും വെള്ളമുറിക്കയ്യുള്ള ബനിയനുമാണ്‌. പൂ പറിക്കാനും പൂക്കളമിടാനും അമ്പലത്തില്‍പോകാനുമൊക്കെ എന്തൊരുത്സാഹമായിരുന്നു പുതിയ കുപ്പായമിട്ട്‌.

ഓണത്തിന്‌ അച്‌ഛനുണ്ടാക്കുന്ന ഒരു നാരങ്ങാക്കറിയുണ്ടായിരുന്നു. അത്‌ പറയുമ്പോള്‍തന്നെ വായില്‍ വെള്ളമൂറും. അച്‌ഛന്റെ കൈകൊണ്ടുണ്ടാക്കുന്ന ആ വടുകപ്പുളി അച്ചാറിന്റെ രുചിയില്‍ ഏത്‌ പാചകറാണിമാരുടെ കൈപ്പുണ്യം ചേര്‍ത്തുണ്ടാക്കുന്ന വിഭവങ്ങളും തോറ്റുപോകും.

അതുണ്ടാക്കി ഒരു മണ്‍കലത്തിലാക്കി ഒരു വാഴയിലകൊണ്ട്‌ 'വാകെട്ടി' കുറച്ചുദിവസം അടച്ചുവയ്‌ക്കും. ഓണദിവസം തുറക്കും. എന്നിട്ട്‌ ഒരു ചെറിയ തവി കൊണ്ടിളക്കി, ആദ്യം ചീഫ്‌ കുക്കായ അച്‌ഛന്‍തന്നെ കുറച്ച്‌ ഉള്ളം കൈയിലിട്ട്‌ ഒരു നക്ക്‌ നക്കി അച്‌ഛന്റെ ഒരു ആക്‌്ഷനും ഡയലോഗുമുണ്ട്‌.

''ശ്ശൂ...എരമ്പീണ്ട്‌...ന്താരു ചൊടി'' അപ്പൊ ഞങ്ങളൊക്കെ കൊച്ചു കൈകള്‍ നീട്ടി അമ്പലത്തില്‍ പ്രസാദം വാങ്ങാന്‍ നില്‍ക്കുന്നതുപോലെ നില്‍ക്കും. കുറച്ച്‌ കുറച്ച്‌ ആ കൊച്ചുകൈകളിലും തരും.

പണ്ടൊക്കെ എന്നും അച്‌ഛന്‍ ഊണ്‌ കഴിക്കുമ്പോള്‍ ഞങ്ങള്‍ക്കൊക്കെ ഓരോ ഉരുള വായില്‍ വച്ച്‌ തരും. അത്‌ കിട്ടാന്‍ ഞങ്ങള്‍ 'ക്യൂ' നില്‍ക്കും. അച്‌ഛന്‌ തികഞ്ഞില്ലെങ്കിലും ഞങ്ങള്‍ക്കായുരുട്ടുന്ന ഉരുളകളോരോന്നും ആ ഉരുള തരുന്ന കയ്യ്‌ വളരെ വലുതാണെന്ന്‌ വിളിച്ചുപറയുന്നുണ്ടാകും.

'അത്രേംണ്ടാവും ഓരോ ഉരുളയും' ഞങ്ങളുടേതുപോലെ ഒരു ഉരുളയുടെ അവകാശവും ആഗ്രഹവും അമ്മയ്‌ക്കുമുണ്ട്‌. അമ്മ അത്‌ ആരും കാണാതെ വാങ്ങിക്കഴിക്കും.

ഓരോ ഉരുള വാങ്ങാന്‍ ഞങ്ങളൊക്കെ വാതുറക്കുമ്പോള്‍ പാവം അച്‌ഛന്റെ മനസും ഹൃദയവുമെല്ലാം സ്‌നേഹംകൊണ്ടും വാത്സല്യംകൊണ്ടും നിറഞ്ഞ്‌ കവിയും. അതൊക്കെ ഒരുകാലം.

'ചാണകനീര്‍തൂകി, ചാരത്ത്‌ കുടിവച്ച്‌
വളഞ്ഞൊരുവാള്‍
വീശിക്കളിപ്പതിനൊരുകാലം
നിലവറക്കുണ്ടിലെ ചെമ്പുകുടത്തിലും
മന്ത്രാക്ഷരക്കൂട്ടില്‍
കണ്ണീരില്‍ക്കരപറ്റി
കഴിപ്പതിനൊരുകാലം.''
-മച്ചിലെ ഭഗോതി

ശേഷം അടുത്തപേജില്‍ വായിക്കുക...

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top